മൂന്നാം വർഷത്തിലേയ്ക്കു കടക്കുന്ന നരേന്ദ്ര മോഡി ഗവൺമെന്റ്്(2)
നരേന്ദ്ര മോഡി സർക്കാരിൻ്റെ രണ്ടു വർഷങ്ങളെ കുറിച്ചു കഴിഞ്ഞ ശനിയാഴ്ച ഈ പംക്തിയിൽ ഞാൻ എഴുതിയ ലേഖനത്തിനു ഒരു പ്രതികരണം പ്രസിദ്ധീ കരിച്ചു കണ്ടു. അവയിലെ പരാമർശങ്ങൾക്ക് മറുപടിയായി വീണ്ടുമൊരു വിശദീകരണം വേണ്ടി വന്നിരിക്കുന്നു.
രാഷ്ട്രീയ വിഷയങ്ങളിൽ യോജിപ്പും വിയോജിപ്പും സ്വാഭാവികമാണ്. അത് പ്രകടിപ്പിക്കുന്ന തരത്തിലെ സംവാദങ്ങൾ ജനാധിപത്യ പ്രകൃയയെ കൂടുതൽ അർഥപൂർണ്ണമാക്കണമെങ്കിൽ സംവാദങ്ങൾ ആരോഗ്യപരമാകണം. പ്രധാന മന്ത്രിയുടെ നയങ്ങളെ വിമർശിക്കുന്നതു ‘ഫോബിയ’ ആണെന്ന സമീപനത്തിൽ അടങ്ങിയിട്ടുള്ളത് വിമർശനങ്ങളോടുള്ള ‘അസഹിഷ്ണുതയാണ്’. എൻ്റെ ലേഖനങ്ങളുടെ ‘മോഡി വിരുദ്ധത’ യെ കുറിച്ചു പറയുന്നതിനിടയിൽ ‘ഹിന്ദു വിരുദ്ധത’ എന്നൊരു പ്രയോഗം കൂടി തക്കത്തിനു ചേർത്തു വെച്ചത് വിഷം പുരട്ടിയ ഒരു അന്പിന്റെ പ്രയോഗമാണ്. മോഡിയെ എതിർക്കുന്നത് ‘ഹിന്ദു വിരുദ്ധമാകുന്ന’ രാഷ്ട്രീയ പ്രത്യയ ശാസ്ത്ര ത്തിലേക്കാണു അത് വിരൽ ചൂണ്ടുന്നത്. വിഭാഗീയതയുടെ ആ പ്രത്യയ ശാസ്ത്രത്തിൻ്റെ അധികാരാരോഹണ വഴികളെയും കഴിഞ്ഞ രണ്ടു വർഷങ്ങളിലെ അധികാര നിർവ്വഹണ ശൈലിയേയുമാണ് വിമർശിച്ചത്. എതിർ ചിന്തകൾ നിരന്തരമായി എഴുതിക്കൊണ്ടിരിക്കുന്ന എൻ്റെ മനസ്സിൽ നിന്ന് അതെല്ലാം ഒരുമിച്ചു പുറത്തേയ്ക്ക് വന്നു എന്നതൊക്കെ ലേഖകൻ്റെ വീക്ഷണ പരിമിതികളെയാണു സൂചിപ്പിക്കുന്നത്.
മതങ്ങളും ജാതികളും വംശങ്ങളും ഇടകലർന്നു ജീവിക്കേണ്ടി വരുന്ന സമൂഹങ്ങളിൽ ശാന്തിയും സമാധാനവും നില നിറുത്തുവാൻ വിവിധ മത−ജാതി−വംശങ്ങൾ ഇതര സമൂഹങ്ങളോടു സംയമനവും സൗഹാർദ്ദവും പ്രകടിപ്പിക്കേണ്ടതുണ്ട്. എന്നാൽ ആ സമൂഹങ്ങളിൽ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനുള്ള പ്രകൃയ ക്രമപ്പെടുത്തിയിരിക്കുന്നത് മത സൗഹാർദ്ദത്തിന്റെ അടിസ്ഥാനത്തിൽ അല്ല. മത കലഹം ഉണ്ടാകുന്പോൾ തകരുന്നതും മത സംയമനം ഉണ്ടാകുന്പോൾ നില നിൽക്കുന്നതുമായ ഒരു പ്രതിഭാസമാണ് നിയമ വാഴ്ചയെങ്കിൽ എപ്പോൾ വേണമെങ്കിലും ഉടലെടുത്തേക്കാവുന്ന മത−ജാതി−വംശീയ കലഹങ്ങളിൽ സമൂഹം പോരടിച്ചു തകർന്നു പോകും. മതങ്ങളുടെ സവിശേഷമായ തനതു നിയമങ്ങൾക്കും പ്രതികരണങ്ങൾക്കും മേലെ ആധുനിക േസ്റ്ററ്റ് സങ്കൽപ്പത്തിലെ ശക്തമായ നിയമ വാഴ്ചയും ക്രമ സമാധാന പാലന സംവിധാനങ്ങളുമാണ് സുഭദ്രമായ ബഹുസ്വര സമൂഹങ്ങളെയും രാജ്യങ്ങളെയും നില നിറുത്തുന്നതും പുലർത്തുന്നതും. അതുകൊണ്ടു തന്നെ പൊട്ടിപ്പുറപ്പെടുന്ന ഏതെങ്കിലും വർഗ്ഗീയ കലഹം കൂടുതൽ ഇടങ്ങളിലേയ്ക്ക് പടരുകയും ലഹളയായി നില നിൽക്കുകയും നാശ നഷ്ടങ്ങൾ സൃഷ്ടിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും അപായം വരുത്തുകയും സ്വൈര ജീവിതത്തിനു ഭംഗം വരുത്തുകയും ചെയ്യുന്നെങ്കിൽ അത് ക്രമ സമാധാന പാലനത്തിന്റെ പരാജയമാണ്. ക്രമ സമാധാനം പുലർത്തുവാൻ ഉത്തരവാദപ്പെട്ട ഭരണ നേതൃത്വത്തിൻ്റെ പരാജയമാണ്. 2002ൽ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ സംഭവിച്ചതു സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത വർഗ്ഗീയ ഉന്മൂലനമാണ്. അക്രമവും കൊലയും ഭവന ഭേദനവും ബലാത്സംഗങ്ങളും പരക്കെ നടമാടുന്പോൾ അത് അമർച്ച ചെയ്തു നിയമ വാഴ്ച പ്രബലമാക്കുവാൻ കഴിയാതിരുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നിയമ വാഴ്ച നില നിറുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന കാര്യത്തിൽ ഒരു തികഞ്ഞ പരാജയമായിരുന്നു. അതിലുമുപരി തൻ്റെ പരാജയം ജനങ്ങളോടു ഏറ്റു പറഞ്ഞു ധാർമ്മിക ഉത്തരവാദിത്വം രേഖപ്പെടുത്താതിരുന്ന അദ്ദേഹം ഭരണാധികാരികൾക്ക് അവശ്യം ഉണ്ടായിരിക്കേണ്ട രാജ നീതിയെ സംബന്ധിച്ച ബോധവും ഭരണാാധിപന്റെ നൈതികതയും തീരെ പുലർത്താത്ത ഒരു രാഷ്ട്രീയ നേതാവാണ്.
ഞാൻ വർഗ്ഗീയ സംഘട്ടനങ്ങളുടെ ‘കണക്കു പഠിച്ചില്ല’ എന്നു ലേഖകൻ പറയുന്നു. വർഗ്ഗീയ സംഘട്ടനങ്ങൾ കൂടുതൽ ഉണ്ടായി എന്ന് എൻ്റെ ലേഖനത്തിൽ പറയുന്നില്ല. പടർന്നു പിടിക്കുന്ന എല്ലാ വർഗ്ഗീയ ലഹളകൾക്കും പിന്നിൽ ക്രമസമാധാന പാലനത്തിനു ആവശ്യമായ സന്നാഹങ്ങളുടെ അപര്യാപ്തതയോ ബാധ്യത ഉള്ളവരുടെ പിടിപ്പുകേടോ അല്ലെങ്കിൽ അവരുടെ മൗന സമ്മതമോ ആണെന്നതിനു ചരിത്രത്തിൽ നിറയെ ഉദാഹരണങ്ങളാണ്. മതേതര സംസ്കാരം തത്വ ശാസ്ത്രമായ പാർട്ടികളുടെ ഭരണത്തിൽ വർഗ്ഗീയ സംഘർഷങ്ങൾ കലാപങ്ങളും ലഹളകളുമായി വളർന്നു നീണ്ടു നിൽക്കുന്നില്ല. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇടതു പക്ഷം ഭരിച്ച കാലങ്ങളിൽ ഉടലെടുത്ത വർഗ്ഗീയ അക്രമ സംഭവങ്ങളെ ‘പഠിച്ചാൽ’ അത് മനസ്സിലാകും. ഇപ്പോൾ നരേന്ദ്ര മോഡിയുടെ ഭരണത്തിലും വർഗ്ഗീയ സംഘട്ടനങ്ങൾ കുറവാണ് എന്ന ‘കണക്ക്’ ഒരു വാദമുഖമായി പറയുന്ന ലേഖകൻ ഓർക്കണം ആവശ്യമെങ്കിൽ വർഗ്ഗീയ ലഹളകൾ ഇല്ലാത്ത കാലവും നരേന്ദ്ര മോഡി ഭരണത്തിൽ ഉണ്ടാകുമെന്നും 2002 ൽ അങ്ങിനെ സംഭവിച്ചില്ലെന്നുമാണ് ആ ‘കണക്കിൻ്റെ’ അർത്ഥം. എം.പി ആയ തൻ്റെ അടുത്ത് ജീവ രക്ഷ തേടി എത്തിയ നിരപരാധികളോടൊപ്പം ‘ഗുൽബർഗ കോളനിയിൽ’ ജീവനോടെ ചുട്ടു കൊല്ലപ്പെട്ട കോൺഗ്രസ് എം.പി എഹ് സാൻ ജാഫ്രിയുടെ വിധവയും ഗുൽബർഗ ഹൗസിംഗ് സൊസൈറ്റി കൂട്ടക്കൊലയുടെ ദൃക്സാക്ഷിയുമായ സാക്കിയ ജാഫ്രി അന്നത്തെ മുഖ്യമന്ത്രിയെ കുറ്റക്കാരനാക്കണം എന്ന് കോടതിയിൽ അപേക്ഷിക്കുന്നതിന്റെ സാംഗത്യം അപ്പോഴാണു മനസ്സിലാകുക. ഗുജറാത്തിലെ വർഗ്ഗീയ ലഹളയുടെ ഭാഗമായി 2002 ഫെബ്രുവരി 28 നു 93 മനുഷ്യരെ കൂട്ടക്കൊല ചെയ്ത ‘നരോദ പാട്യ’ കൂട്ടക്കുരുതി കേസിൽ 28 വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട മായ കൊദ് നാനി സംഭവം നടക്കുന്പോൾ നരോദ മണ്ധലത്തിലെ ബി.ജെ.പിയുടെ നിയമ സഭാംഗം ആയിരുന്നുവെന്നും അവർ നരേന്ദ്രമോഡി മന്ത്രി സഭയിൽ 2007 മുതൽ മന്ത്രി ആയിരുന്നുവെന്നും കേസിൽ പ്രതി ആയതിനോടനുബന്ധിച്ചാണ് രാജി െവച്ചതെന്നും അറിയുന്നത് ‘കണക്കു പഠിക്കുന്ന’തിന്റെ തുടർ പാഠമാണ്. ഭരണാധികാരിയുടെ കുലീനതയും നൈതികതയും തകരുന്ന ചിത്രമാണത്. അങ്ങിനെ ഒരു നേതാവ് അധികാരത്തിൽ തുടരുന്നത് അനഭിലഷണീയമാണ്. അദ്ദേഹം തൻ്റെ തത്വ ശാസ്ത്രം തിരുത്തിയെന്ന് പുറം ലോകത്തെ ബോദ്ധ്യമാക്കും വരെ അതിനെ എതിർക്കുന്നത് കാര്യകാരണ സഹിതമാണ്. അത് ഫോബിയ അല്ല. ഹിന്ദു വിരുദ്ധതയുമല്ല.
പുഞ്ചിരിക്കാൻ നിർദ്ദേശിച്ചു കൊണ്ടുള്ള മേയ് 26 ലെ ജന്മഭൂമി വാർത്ത ലേഖകൻ പറയും പോലെ എന്നെ ‘ചൊടിപ്പിച്ചു’ എന്നല്ല ചിരിപ്പിച്ചു എന്നാണു ഞാൻ എഴുതിയത്. എന്നാൽ ‘കള്ളവുമില്ല ചതിയുമില്ല. എള്ളോളമില്ല പൊളി വചനം’ മട്ടിൽ വന്ന വാർത്തയിൽ പ്രതിപാദിച്ചിരുന്ന സർവ്വേ ഫലങ്ങൾ ആര് എവിടെ നടത്തിയതാണ് എന്ന ഉദ്വേഗം അങ്ങിനെ തന്നെയിരിക്കുന്നു. മോഡി സർക്കാരിൻ്റെ രണ്ടു വർഷത്തെ നേട്ടങ്ങൾ മെയ് 11 ലെ ജന്മഭൂമിയിൽ മാത്രമല്ല. ഇന്ത്യയിലെ സകല പത്ര−വാർത്താ മാധ്യമങ്ങളിലും ഉണ്ടായിരുന്നു. നമുക്കായി ലേഖകൻ ഒരു ലഘു വിവരണം നൽകിയിട്ടുമുണ്ട്. എണ്ണിയെണ്ണിപ്പറഞ്ഞ ഭരണ പരിഷ്കാരങ്ങൾ ‘ഇസ്തിരിയിട്ട പട്ടിന്റെ ഉത്തരീയങ്ങൾ പോലെ’ ഒന്നാം തരം ആർഭാഡങ്ങളായി അവിടെ ഇരിക്കുന്പോൾ തന്നെ അനുഭവ തലത്തിൽ മോഡി ഗവൺമെൻ്റിന്റെ ഭരണ നേട്ടങ്ങൾ പ്രധാനമായും രണ്ടാണ്. ഒന്ന് അവശ്യ സാധനങ്ങളുടെ വില വർദ്ധന. രണ്ട് − ആഗോള വിപണിയിൽ വില ഇടിഞ്ഞ എണ്ണയും എണ്ണ ഉത്‌പ്പന്നങ്ങളും ഇന്ത്യയിൽ മാത്രമായി, തീക്ഷ്ണമായ വറുതിയിൽ കത്തുന്ന മറാത്തവാഡയിലെ കർഷകരുടെ കാർഷിക ആവശ്യങ്ങൾക്കു പോലും ഇളവില്ലാതെ വില മേൽക്കുമേൽ ഉയരുന്ന പ്രതിഭാസം. സ്റ്റാർട്ട് അപ്, മേക് ഇൻ ഇന്ത്യ തുടങ്ങിയ ന്യൂജെൻ മുദ്രാവാക്യങ്ങൾ സാർത്ഥകമാകണമെങ്കിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന ഉത്പ്പന്നങ്ങൾ ആഗോള കന്പോളത്തിലെ വിപണി മത്സരങ്ങളിൽ മറ്റു രാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഉത്പന്നങ്ങളോടു മത്സരിച്ചു ഗുണ മേന്മയിലും വിലയിലും തോൽപ്പിക്കണം. ആഗോളവത്കരണത്തിന്റെ കഴിഞ്ഞ മൂന്നു ദശകങ്ങളായി നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ആ പ്രതിഭാസത്തിന്റെ ഗുണ ദോഷങ്ങൾ ‘മേയ്ക്ക് ഇൻ ഇന്ത്യ’ എന്ന ഒരു പുതിയ പേരു കൊണ്ടു മാത്രം മെച്ചപ്പെടുത്താവുന്നതല്ല. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ എന്തെങ്കിലും പ്രകടമായ കുതിപ്പ് എവിടെയും ദൃശ്യമല്ല. കേരള നിയമ സഭയിലെ ആദ്യ ബി.ജെ.പി അംഗമായ ഒ. രാജഗോപാലിന്റെ വിജയ യാത്ര ഉത്ഘാടനം ചെയ്തു കൊണ്ടു കുമ്മനം രാജശേഖരൻ പറഞ്ഞു “60 വർഷത്തിനു ശേഷം മണ്ണിൽ പണിയെടുക്കുന്നവന്റെ, അടിസ്ഥാന വർഗ്ഗത്തിൻ്റെ ശബ്ദം നിയമ സഭയിൽ കേൾക്കുവാൻ പോവുകയാണ്”(!). ആ അടിസ്ഥാന വർഗ്ഗത്തിൻ്റെ ജീവിത വിമോചനവുമായി ബന്ധപ്പെട്ട ഫലപ്രദമായ യാതൊന്നും ആ പട്ടികയിൽ എവിടെയും ഇല്ല. ബാങ്ക് അക്കൗണ്ട്, അപകട ഇൻഷുറൻസ് ഒന്നും അവരുടെ മുൻ ഗണനകളിൽ ആദ്യത്തേതൊ രണ്ടാമത്തേതോ മൂന്നാമത്തേതോ പോലും അല്ല. അതുകൊണ്ടാണ് അവയെല്ലാം കേവലം മുദ്രാവാക്യങ്ങൾ മാത്രം ആകുന്നത്.
ആഗോള തലത്തിൽ ഇന്ത്യയുടെ പ്രധാന മന്ത്രി ഇന്ത്യയ്ക്ക് കൊണ്ടു വന്ന മതിപ്പ് ആണ് ലേഖകൻ വിസ്തരിക്കുന്ന മറ്റൊരു കാര്യം. എണ്ണ വാങ്ങുന്നതിൻ്റെ തുകയിൽ ലോകത്തിലെ ഏറ്റവും മുന്നിൽ ഉള്ള രാജ്യത്തിൻ്റെ പ്രധാനമന്ത്രി സന്ദർശിക്കുന്പോൾ എണ്ണ ഉത്‌പാദക രാജ്യങ്ങൾ പ്രകടിപ്പിക്കുന്ന താൽപര്യത്തെ വൻ കിട ഉപഭോക്താവ് എന്ന നിലയിലൂടെ കാണണം. പ്രത്യേകിച്ചും വ്യാപാര മണ്ധലത്തിലേക്കു എംബാർഗൊ നീങ്ങിയ ഇറാൻ പുനഃപ്രവേശം ചെയ്ത ചരിത്ര സന്ധിയിൽ. മേയ് 31 ന് അഖില ഭാരതീയ തലത്തിൽ പി.ടി.ഐ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ഇങ്ങിനെയാണ്. ഓസ്ത്രേലിയ ആസ്ഥാനമാക്കിയ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഗ്രൂപ് നടത്തിയ സർവെ ഫലം പ്രകാരം ഭിക്ഷാടനം മുതൽ വ്യഭിചാരം വരെയുള്ള നിർബന്ധിക്കപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ട ആധുനിക കാല അടിമകളായി കഴിയുന്ന മനുഷ്യർ ലോകത്തിൽ ഏറ്റവും അധികമുള്ളത് ഇന്ത്യയിലാണ്, പതിനെട്ടു ദശ ലക്ഷത്തിലധികം. ആ സംഘടനയുടെ 2014 ലെ റിപ്പോർട്ടിൽ ഇന്ത്യയിൽ അത്തരക്കാരുടെ എണ്ണം പതിനാലു ദശ ലക്ഷം ആയിരുന്നു. മനുഷ്യക്കടത്തും നിർബന്ധിപ്പിക്കപ്പെട്ട തൊഴിലുകളും കുറ്റ കൃത്യങ്ങളായി നിയമ നിർമ്മാണം ചെയ്യപ്പെടുകയും അതിനെതിരെ നടപടികൾ ശക്തമാക്കുകയും ചെയ്തു കഴിഞ്ഞിട്ടാണ് ഈ അവസ്ഥയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോഡി അമേരിക്കയുടെ നിയമ നിർമ്മാണ സഭയെ അഭിസംബോധന ചെയ്യുവാൻ ജൂൺ 8 നു തീയതി നിശ്ചയിച്ചിരിക്കെ അമേരിക്കയിലെ സെനറ്റർമാർ ഇന്ത്യയെ നിശിതമായി വിമർശിക്കുന്ന പ്രസ്ഥാവനകൾ വന്നു തുടങ്ങി. സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി മെന്പർ ആയ ഡെമൊക്രാറ്റിക് പാർട്ടിയിലെ ബെഞ്ചമിൻ. എൽ.കാർഡിന്റെ ഡൽഹിയിലെ പ്രസംഗം വാഷിംഗ്ടൺ പോസ്റ്റ് പത്രം ജൂൺ 1 നു റിപ്പോർട്ട് ചെയ്തു. പ്രധാന മന്ത്രി മോഡിയുടെ സന്ദർശനം അമേരിക്ക കാത്തിരിക്കുന്ന വേളയിൽ തന്നെ നിയമത്തിനതീതമായ കൊലപാതകങ്ങൾ, മതപരമായ വിഷയങ്ങളിലെ അസഹിഷ്ണുത, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങളെ ഇന്ത്യ സംബോധന ചെയ്യേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി കഴിഞ്ഞയാഴ്ചയിൽ നടത്തിയ ഒരു ഹിയറിങ്ങിന്റെ തുടർച്ചയായിരുന്നു കാർഡിനിന്റെ ഡൽഹി പ്രസംഗം. മനുഷ്യാവകാശങ്ങൾ, മത സ്വാതന്ത്ര്യം, സിവിൽ സൊസൈറ്റിയുടെ നേർക്കുള്ള ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അഗാധമായ ഉത്ക്കണ്ഠയാണ് അമേരിക്കയിലെ മുതിർന്ന സെനറ്റർമാർ ഉൾപ്പെട്ട സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി രേഖപ്പെടുത്തിയത്. അമേരിക്കയുടെ ലോക താൽപര്യങ്ങൾക്കെതിരെ ഒരു നിലപാടും സ്വീകരിക്കാതിരിക്കുക യു.പി.എ നയമായിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അത് കൂടുതൽ പ്രകടമാവുകയും ഇന്ത്യൻ പ്രധാന മന്ത്രി അവർക്കു ഏറെ അഭിമതനാവുകയും ചെയ്ത ഈ സമയത്താണ് സമീപ ഭൂതകാലത്തെ ഏറ്റവും ശക്തിയേറിയ പ്രഹരം അമേരിക്കൻ സെനറ്റർമാരിൽ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുന്നത്. വിദേശ കാര്യങ്ങളുടെ പേരിൽ അല്ല. ആഭ്യന്തര ഭരണ രീതിയുടെ പേരിൽ ആണ് വിമർശനം. വിദേശത്തെ അംഗീകാരങ്ങളിൽ അഭിമാനം കൊണ്ട ലേഖകൻ അമേരിക്കൻ സെനറ്റർമാരുടെ കാര്യത്തിൽ ‘പുറം തിരിഞ്ഞു നിന്നു കൊഞ്ഞനം കുത്തുമോ’ അതോ അഭിമാനിക്കുമോ ?
യു.പി.എ കാലത്തെ അഴിമതികളെക്കുറിച്ചു എൻ്റെ അഭിപ്രായങ്ങളെ ലേഖകൻ വ്യാഖ്യാനിക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നു. ഞാൻ ആവർത്തിക്കാം. രണ്ടാം യു.പി.എ ഗവൺമെന്റിന്റെ രണ്ടാം പകുതിയിൽ ആണല്ലോ അഴിമതിക്കഥകൾ പുറത്ത് വന്നത്. യു.പി.എ അധികാര ഭ്രഷ്ടരാവുകയും ചെയ്തു. പിന്നീടു അധികാരത്തിൽ വന്ന എൻ.ഡി.എ ഗവൺമെൻ്റ് മുൻ സർക്കാരിൻ്റെ അഴിമതികൾ അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തി ജയിലിൽ അടയ്ക്കാൻ ആവശ്യമായ നടപടികൾ രണ്ടു വർഷം കഴിഞ്ഞിട്ടും എടുത്തിട്ടില്ല. രാജ്യത്തിൻ്റെ ഖജനാവിനു ഭീമമായ നഷ്ടങ്ങൾ വരുത്തിയ മുൻ യു.പി.എ സർക്കാരിൻ്റെ അഴിമതി നടപടികൾ അന്വേഷിച്ചു കുറ്റക്കാരെ ജയിലിൽ അടയ്ക്കുന്പോഴാണ് അഴിമതിയ്ക്കു അറുതി വരുത്തുവാൻ പ്രതിജ്ഞാ ബദ്ധരാണ് എൻ.ഡി.എ ഗവൺമെൻ്റ് എന്നു നമുക്ക് ബോദ്ധ്യപ്പെടുക. പകരം ഇന്ത്യ തേടുന്ന കുറ്റവാളിയായ ലളിത് മോഡിയ്ക്ക് പാസ് പോർട്ട് ലഭിക്കുവാൻ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജും ഒരു ബി.ജെ.പി മുഖ്യ മന്ത്രിയും ശുപാർശ ചെയ്തു എന്ന നിലയിലെ ആരോപണം പാർലമെന്റിൽ നേരിടേണ്ടി വരുന്പോൾ അല്ലെങ്കിൽ അരുൺ ജെയ്റ്റിലിയോ രാജ് നാഥ് സിങ്ങോ ആരോപണം നേരിടുന്പോൾ യു.പി.എ അഴിമതിയാണു മറുപടിയായി പറയുക. യു.പി.എ അഴിമതികളുടെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിനു പകരം അവയെല്ലാം ഇടക്കിടെ പുറത്തെടുത്തു യു.പി.എയെ നിശബ്ദരാക്കാൻ വേണ്ട ആയുധങ്ങളായി ബ്ലാക്ക് മെയിൽ സാദ്ധ്യതയായി മാത്രം സൂക്ഷിച്ചിരിക്കുന്നു.
ഞാൻ ഒരു തവണയെങ്കിലും വായിച്ചിട്ടു വിമർശിക്കണമായിരുന്നു എന്നു ലേഖകൻ ആവശ്യപ്പെട്ട അദ്ദേഹത്തിൻ്റെ ഭാഷയിൽ ‘നരേന്ദ്ര മോഡി സർക്കാർ’ പുറത്തിറക്കിയ പ്രകടന പത്രിക. ‘ബി.ജെ.പി മാനിഫെസ്റ്റൊ 2014’ ആയിട്ടാണ് എനിക്ക് പരിചയം. നടപ്പിലാക്കാത്ത വാഗ്ദാനങ്ങൾ എന്നു വിളിച്ചതിൽ ആദ്യത്തേത് തന്നെ വിലക്കയറ്റമാണ് (പേജ് 2 ), അഴിമതി നിർമ്മാർജ്ജനം (പേജ് 2&3 ), നാട്ടിലാകെ പാട്ടായ ആ കള്ളപ്പണം കൊണ്ടുവരവ് (പേജ് 3), പാവപ്പെട്ടവരെയും പ്രാന്തവത്കരിക്കപ്പെട്ടവരെയും മുഖ്യ ധാരയിൽ കൊണ്ടു വരുന്നത് (പേജ് 13&14), തുടങ്ങി പട്ടിക വളരെ നീളുന്നതാണ്. അതിൽ വളരെ പ്രധാനപ്പെട്ടതും ചെറുവിരലെങ്കിലും അനക്കിയതായി നമുക്കറിയാത്തതുമായ ഒരിനമാണ് സ്ത്രീ ശാക്തീകരണം. സ്ത്രീ −രാജ്യ നിർമ്മാണം നടത്തുന്നവൾ (പേജ് 19&20), ‘പാർലമെന്റിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്കു 33 ശതമാനം സംവരണം ഭരണ ഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കാൻ ബി.ജെ.പി പ്രതിജ്ഞാ ബദ്ധമാണ്’. ഇനി ഗംഭീരമായ ചില വാഗ്ദാന ലംഘനങ്ങൾ. സാംസ്കാരിക പൈതൃകം എന്നാണ് തലക്കെട്ട് (പേജ് 37&38), അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുവാൻ ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നു കൊണ്ടുള്ള എല്ലാ സാദ്ധ്യതകളും ആരായുമെന്നു ബി.ജെ.പി വീണ്ടും ആവർത്തിക്കുന്നു. പശുവിൻ്റെയും അതിൻ്റെ സന്തതികളുടെയും സംരക്ഷണയ്ക്കും അഭിവൃദ്ധിയ്ക്കുമായി ഡിപ്പാർട്ട്്മെന്റ് ഓഫ് അനിമൽ ഹസ്ബന്റാരിയെ ശക്തിപ്പെടുത്തുകയും അധികാരപ്പെടുത്തുകയും ചെയ്യും. ആവശ്യമായ നിയമ ഘടന സൃഷ്ടിക്കും. ഈ നിയമം ഉണ്ടായിരുന്നെങ്കിൽ പശുവിറച്ചി ഭക്ഷിച്ച ദാദ്രിയിലെ സൈനികൻ്റെ പിതാവിനു നിയമപരമായ ശിക്ഷ അനുഭവിച്ചാൽ മതിയായിരുന്നു. ആൾക്കൂട്ടം തല്ലിക്കൊല്ലുകയില്ലായിരുന്നു.
എൻ്റെ ലേഖനത്തിൻ്റെ ഒടുവിൽ ഞാൻ ആവശ്യങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്. ഉപദേശിച്ചതായി അനുഭവപ്പെട്ടതിൽ എനിക്ക് അതിശയം തോന്നുന്നു. മാനിഫെസ്റ്റൊ കമ്മിറ്റി ചെയർമാൻ ഡോക്ടർ (പ്രൊഫസർ) മുരളീ മനോഹർ ജോഷിയുടെയോ, പുറം ചട്ടയിൽ ചിത്രം ഉള്ള ലാൽ കൃഷ്ണ അദ്വാനിയുടെയോ ‘ബൗദ്ധിക സന്പത്ത് നിറഞ്ഞ’ ഉപദേശങ്ങളുടെ പോലും ആവശ്യം ഇല്ലാത്ത ഒരിടത്തേക്കു അങ്ങിനെയൊരു സാഹസത്തിനു മുതിരുകയില്ല കാരണം ‘അതിനു പാകത്തിലെ’ ബൗദ്ധിക സന്പന്നത എനിക്കില്ല തന്നെ. മാധവ സദാശിവ ഗോൾവാക്കറുടെ അനുഗ്രഹം ലഭിച്ച പണ്ധിറ്റ് ദീന ദയാൽ ഉപാദ്ധ്യായയുടെ പേരും ലേഖകൻ പറയുന്നുണ്ട്. ഇപ്പോൾ നേമത്ത് വിജയിച്ച ഒ.രാജഗോപാൽ കഴിഞ്ഞ 36 വർഷങ്ങളായി എത്രയെത്ര തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം മത്സരിച്ചിരിക്കുന്നു. കേരളത്തിൽ എല്ലാവരുടെയും രാജേട്ടൻ ആയിരുന്നിട്ടും അദ്ദേഹം ഇടതടവില്ലാതെ തോറ്റു കൊണ്ടേയിരുന്നു ചരിത്രം സൃഷ്ടിച്ചത് തൊട്ടു മുന്നേ പറഞ്ഞ പേരുകാരുമായി രാജേട്ടന് ഏതോ സൈദ്ധാന്തിക ബന്ധം ഉണ്ടെന്നു ജനങ്ങൾ കരുതിയതിനാലാണ്. പ്രിയ സ്നേഹിതാ, കറവക്കാരൻ്റെ മനസ്സുമായിട്ടാണ് അകിടിനെ സമീപിച്ചത് പക്ഷെ ചോരയിറ്റുന്നതാണ് കണ്ടത്.