മൂന്നാം വർഷത്തിലേയ്ക്ക് കടക്കുന്ന നരേന്ദ്ര മോഡി ഗവൺമെന്റ്


ആഗോള സോഷ്യലിസ്റ്റ് ചേരി പ്രതാപത്തിലായിരുന്ന കാലങ്ങളിൽ സോഷ്യലിസ്റ്റ് വ്യവസ്ഥയെക്കുറിച്ച് അതിശയോക്തി കലർന്ന വർണ്ണനകളും അവയെ അങ്ങിനെ തന്നെ പരിഹസിക്കുന്ന കഥകളും പ്രചാരത്തിൽ ഉണ്ടായിരുന്നു. അതിൽ ഒന്നാണ് ചൈനയിലെ നഴ്സറി സ്കൂളിൽ ഉണ്ടായതായി ചമയ്ക്കപ്പെട്ട സംഭവാഖ്യാനം. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ പ്രത്യേകതകൾ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുന്ന അദ്ധ്യാപിക പറയുന്നു, ‘സോഷ്യലിസ്റ്റ് രാജ്യത്തിലെ കുഞ്ഞുങ്ങൾക്ക്‌ വേണ്ടത്ര ആഹാരവും വസ്ത്രവും കളിക്കോപ്പുകളും പഠന സാമഗ്രികളും എല്ലാം ഗവൺമെന്റ് നൽകും’. ക്ലാസിൽ ചില കുട്ടികൾ ചിണുങ്ങിക്കരയാൻ തുടങ്ങി. കാരണം അന്വേഷിച്ച അദ്ധ്യാപികയോടു കുട്ടികൾ പറഞ്ഞു,’ ഞങ്ങൾ ക്കും സോഷ്യലിസ്റ്റ് രാജ്യത്തിൽ പോകണം’. 

ദേശീയ ഭരണത്തിൽ രണ്ടു വർഷം തികയ്ക്കുന്ന എൻ.ഡി.എ ഗവൺമെന്റ്് മൂന്നാം വർഷത്തിലേയ്ക്ക് കടക്കുന്നതിന്റെ ആഘോഷ പരിപാടികളുടെ ദിവസങ്ങളാണ് ഇപ്പോൾ. ‘പുഞ്ചിരിക്കു’ എന്നാവശ്യപ്പെട്ടുകൊണ്ടു നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിൽ മേയ് 26നു പ്രസിദ്ധീകരിച്ച വാർത്തയിൽ ഇങ്ങിനെ പറയുന്നു, “പെണ്‍മനസ്സുകൾ‍ക്ക് അതിരില്ലാത്ത ആഹ്ലാദം, യുവജനങ്ങൾ‍ക്ക് അനന്തമായ അവസരം, സർ‍വർ‍ക്കും ഉയർ‍ച്ച, കുതിക്കുന്ന സന്പദ് രംഗം, അഴിമതിയില്ലാത്ത കാലം, കുതിക്കുന്ന വികസനം, കർ‍ഷകർ‍ക്കും പങ്കാളിത്തം എന്നിങ്ങനെ വിവിധ മേഖലകളിലെ സർ‍ക്കാർ നേട്ടങ്ങൾ രാജ്യമെന്പാടും എത്തിയ്ക്കുന്ന വന്പിച്ച പ്രചാരണ പരിപാടികൾ ഒരാഴ്ച നടത്തും” ചൈനയിലെ നഴ്സറി സ്കൂളിലെ കുട്ടികളെ പോലെ ജന്മഭൂമി വാർത്ത വായിക്കുന്ന ഇന്ത്യാക്കാർ നരേന്ദ്ര മോഡി ഭരിക്കുന്ന നാട്ടിൽ തങ്ങൾക്കും പോകണം എന്നു വാശി പിടിച്ചാൽ അത് സ്വാഭാവികം മാത്രമാണ്. പുഞ്ചിരിക്കൂ എന്ന് ആഹ്വാനം ചെയ്തില്ലെങ്കിൽ പോലും ചിരി വരുന്നതാണ് ജന്മഭൂമി വാർത്തയിലെ ആ അവകാശ വാദം. 

ജന്മഭൂമി വാർത്ത ഇങ്ങിനെ കൂടി പറയുന്നുണ്ട്. “രാജ്യത്തെ മൂന്നിൽ രണ്ടു വിഭാഗം ജനങ്ങളും മോദിയുടെ ഭരണത്തിന്‍ സംതൃപ്തരാണെന്ന് സർ‍വ്വേ ഫലം പറയുന്നു. 64 ശമതാനം ഭരണത്തിൽ പരിപൂർ‍ണ്ണ തൃപ്തരാണ്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചെന്ന് 72 ശതമാനം പേരും സ്വച്ഛ്ഭാരത് അഭിയാൻ‍ വഴി നഗരങ്ങളിലെ മാലിന്യം കുറഞ്ഞെന്ന് 67 ശതമാനം പേരും അഭിപ്രായപ്പെട്ടു. അഴിമതി കുറഞ്ഞെന്ന് 61 ശതമാനം പേരും ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാൻ‍ സാധിച്ചെന്ന് സർ‍വേയിൽ പങ്കെടുത്ത 72 ശതമാനം പേരും അഭിപ്രായപ്പെട്ടു.” ആര് എന്തിനു നടത്തിയ സർവേ ആണെന്നോ ഏതു തലത്തിൽ ആണു ഈ അനുമാനങ്ങൾക്ക് നിദാനമായ സർവേ സംഭവിച്ചതെന്നോ ജന്മഭൂമി പറയുന്നില്ല. ഗ്രാമീണ ഇന്ത്യയിൽ നിത്യേനയെന്നോണം അക്രമ സംഭവങ്ങൾ നടക്കുന്നുവെന്നും ജാതിയുടെയും ഗോത്രത്തിന്റെയും അടിസ്ഥാനത്തിലെ സഭകൾ നടത്തുന്ന സമാന്തര നിയമ വ്യവസ്ഥ ഊരുവിലക്കും കൊലയും ബലാത്സംഗവുമുൾപ്പെടെയുള്ള ശിക്ഷാ വിധികൾ പതിവായി കൈക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്യുന്നുവെന്നു വിദേശ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വരുന്നതു ഇന്ത്യയെ കുറിച്ചു തന്നെയാണു. മേയ്‌ 9ലെ വാഷിംഗ്ടൺ പോസ്റ്റിൽ ഇന്ത്യൻ ഗ്രാമങ്ങളിലെ മനുഷ്യത്വ വിഹീനമായ ജാത്യാചാരങ്ങളെയും സമാന്തര നിയമ നടപടികളെയും വിശദീകരിക്കുന്ന റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടിരുന്നു. അവയ്ക്കു അടിയന്തിരമായി അറുതി വരുത്തുവാനായുള്ള ബോധവത്കരണ ആഹ്വാനങ്ങളും സാംസ്കാരിക ഉണർവ്വിനായുള്ള പ്രവർത്തനങ്ങളും നിയമ നടപടികളും ഭരണാധികാരികളുടെ കർത്തവ്യമാണ്. ഇന്ത്യൻ പ്രധാനമന്ത്രിയും കേന്ദ്ര ഗവൺമെന്റും അത് അറിഞ്ഞതായി അനുമാനിക്കുവാൻ തെളിവുകളൊന്നുമില്ല. അത് ചിരി വരേണ്ട വിഷയവുമല്ല. 

ജനങ്ങൾക്ക് വലിയ വാഗ്ദാനങ്ങൾ നൽകി വൻ ഭൂരി പക്ഷത്തിൻ്റെ പിന്തുണ നേടി അധികാരത്തിലെത്തിയ ഗവൺമെൻ്റ് ഭരണ നിർവ്വഹണത്തിന്റെ രണ്ടാം വർഷത്തിൻ്റെ ഒടുവിൽ തങ്ങളുടെ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടവയിൽ ഒന്നും നേടാത്തതിനു ഒരു വിശദീകരണമാണ് ഈയാഴ്ചയിൽ നൽകേണ്ടത്. യു.പി.എ ഗവൺമെന്റിന്റെ അഴിമതി ആയിരുന്നല്ലോ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട വിഷയം. അതിൽ ഒരു അഴിമതിയുടെയും യഥാർത്ഥ ചിത്രം രാജ്യം കണ്ടെത്തിയില്ല.  മൻമോഹൻ സിംഗ് ഭരിച്ചിരുന്നപ്പോൾ അഴിമതി കുറ്റത്തിനു വലിയ നേതാക്കൾ ജയിൽ വാസം അനുഭവിച്ചിരുന്നു. നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയതിനു ശേഷം ഒരാളും അഴിമതിയ്ക്ക് ജയിലിൽ പോയില്ല. യാതൊരു അഴിമതിക്കേസും തെളിയിക്കപ്പെടുകയോ ആരെങ്കിലും ശിക്ഷിക്കപ്പെടുകയോ ഉണ്ടായില്ല. അന്നുണ്ടായതൊന്നും അഴിമതി അല്ലെന്നാണൊ അതോ പ്രതികൾ ഇല്ലെന്നാണോയെന്നു ഈ രണ്ടാം വർഷാന്ത്യത്തിൽ പ്രധാനമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. ഓരോരോ പേരുകൾ ഇടയ്ക്കിടെ പറഞ്ഞു പേടിപ്പിക്കുന്നതിനപ്പുറം അഴിമതിയുടെ കാര്യത്തിൽ യാതൊന്നും ചെയ്യുവാൻ കഴിവോ മനസ്സോ ഇല്ലാത്ത ഗവൺമെന്റ് ആണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്‌. അതായത് അക്കാര്യത്തിൽ മൻമോഹൻ സിംഗ് ഗവൺമെന്റിനേക്കാൾ പിന്നിൽ ആണെന്ന് അർത്ഥം. അഴിമതി ഇല്ലാതെയാക്കുകയല്ല എൻ.ഡി.എയുടെ ലക്ഷ്യം മറിച്ചു അധികാരത്തിൽ എത്തുവാൻ അഴിമതിയെ ഒരു ആയുധമാക്കുകയും ഇപ്പോൾ പ്രതിപക്ഷത്തിലെ നേതാക്കളെ ഭയപ്പെടുത്തി വരുതിയിൽ നിറുത്തുവാൻ അത് ഉപയോഗിക്കുകയും ചെയ്യുന്നു. കോർപ്പറേറ്റ് സംസ്കാരത്തിന്റെ ഉപോത്പ്പന്നമാണ് അഴിമതിയെന്ന് സൈദ്ധാന്തിക വ്യാഖ്യാനങ്ങൾ അനവധി ലഭ്യമാണ്. യു.പി.എയുടെ അതേ കോർപ്പറേറ്റ് സാന്പത്തിക പാത തന്നെ തുടരുന്ന നരേന്ദ്ര മോഡി ഗവൺമെന്റിന് അഴിമതി അവസാനിപ്പിക്കുന്നതിൽ ആത്മാർത്ഥത ഉണ്ടെന്നു കരുതാൻ വയ്യ. വാജ്പേയ് മന്ത്രിസഭയിൽ പ്രമുഖനായിരുന്ന, എഴുത്തുകാരനും ബി. ജെ.പി സഹയാത്രികനുമായ അരുൺ ഷൂരി അടുത്തിടെ പ്രസ്ഥാവന ചെയ്തു. നരേന്ദ്ര മോഡി ഗവൺമെന്റ് ‘യു. പി.എ അധികം പശു’ ആണെന്ന്. ആ പ്രസ്ഥാവനയുടെ അർത്ഥം മനസ്സിലായാൽ നിശ്ചയമായും ചിരി വരും.

‘പശു’ പ്രമേയമായി വന്ന വഴിയും ശ്രദ്ധേയമാണ്. ഇന്ത്യയിൽ അനവധി സംസ്ഥാനങ്ങളിൽ ഗോഹത്യ നിയമ വിരുദ്ധമാണ്. കോൺഗ്രസ് തുടങ്ങി ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്പോഴാണ് ആ നിയമ നിർമ്മാണങ്ങൾ ഉണ്ടായത്. ഇന്ത്യൻ ജനതയിൽ പശുമാംസം ഭക്ഷിക്കാത്തവർ വളരെയുണ്ട്. മറിച്ചും ആളുകളും നിയമങ്ങളും വിശ്വാസങ്ങളും ഉണ്ട്. ഈ വിശ്വാസങ്ങളുടെ സമാധാ നപരമായ സഹവർത്തിത്വമാണ് ഇന്ത്യൻ ദേശീയതയുടെ അതുല്യവും അസാധാരണവുമായ സൗന്ദര്യം. ആ സമാധാനപരമായ സഹവർത്തിത്വത്തിനു തുരങ്കം വെയ്ക്കുവാൻ ശ്രമിക്കുന്ന ശക്തികൾ എന്നും ഉണ്ടായിരുന്നു. എന്നാൽ ഭരണ നേതൃത്വവും മുഖ്യ ധാരാ സാമൂഹ്യ നേതൃത്വവും ക്രമ സമാധാന പാലകരും നിയമ വാഴ്ചയുടെ സംവിധാനങ്ങളും ഛിദ്ര ശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കുകയും ഛിദ്ര ശക്തികൾ കുറ്റ വാളികളും തിരസ്കൃതരും ആയി സമൂഹത്തിന്റെ പിന്നാം പുറങ്ങളിൽ തക്കം പാർത്തു കഴിയുകയും ആയിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉടനീളം. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മാത്രമാണു ഭരിക്കുന്ന കക്ഷിയുടെയും മുന്നണിയുടെയും വക്താക്കളും നേതാക്കളും പ്രവർത്തകരും ആയവർ മുൻപ് ഛിദ്ര ശക്തികൾ എന്നു നാം വിളിച്ചവരുടെ ഭാഷയിൽ സംസാരിക്കുകയും അവരുടെ രീതികളിൽ പ്രവർത്തിക്കുകയും ചെയ്തത്. ബഹുസ്വരതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും വിശ്വാസ സങ്കലനങ്ങളുടെയും ഇന്ത്യൻ അവസ്ഥയുടെ നേർത്ത മേലാപ്പിനെ വലിച്ചു കീറുവാൻ അവർ ശ്രമിച്ചു. പ്രതിലോമപരതയുടെയും സംഘർഷങ്ങളുടെയും ഭൂതകാലത്തിൽ നിന്നും ദേശീയ പ്രസ്ഥാനവും സ്വതന്ത്ര ഇന്ത്യയും ഏറെ പണിപ്പെട്ടു സൃഷ്ടിച്ചെടുത്ത ബഹുസ്വരതയുടെ കവചം പശുവിനെയും ഘർവാപ്പസിയും മുൻനിർത്തി അവർ തകർത്തെറിഞ്ഞു. ബി.ജെ.പിക്ക് തനിച്ചു ഭൂരിപക്ഷം ഇല്ലാതിരുന്ന വാജ്പേയി ഗവൺമെന്റിന്റെ കാലത്ത് ഈ പശു മൗലിക വാദികൾ ആരുടെയും അടുക്കള പരിശോധിച്ചിരുന്നില്ല ആരെയും ഘർവാപ്പസി നടത്തി മോക്ഷം നൽകിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് സംഭവിക്കുന്നത്‌ വിഭാഗീയതയും ജാതി മതാടിസ്ഥാനത്തിലെ വിഭജനവും ആണെന്നു മനസ്സിലാക്കി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നു വരെ സംഭവിച്ചതിനു വിപരീത ദിശയിലേക്കാണ് വിനാശകരമായ ഈ പോക്കെന്നു കണ്ടു പശുവാദികളെ നിയന്ത്രിക്കുവാൻ തക്ക നടപടി എടുക്കുന്നതിൽ നരേന്ദ്ര മോഡി ഗവൺമെന്റ് പരാജയപ്പെട്ടു.

നിയമം കയ്യിലെടുക്കുവാനും സ്വന്തമായി ശിക്ഷ വിധിച്ചു നടപ്പിലാക്കുവാനും ഇന്ത്യൻ പൗരനു അവകാശമില്ല. പൗരാവകാശങ്ങൾ റദ്ദാക്കുകയും കരി നിയമങ്ങളും പ്രത്യേക നിയമങ്ങളും കൊണ്ടു പൗര സ്വാതന്ത്ര്യത്തിനു വിലങ്ങിടുകയും ചെയ്ത അടിയന്തിരാവസ്ഥക്കാലത്ത് പോലും നിയമം നടപ്പിലാക്കിയത് പോലീസും കോടതിയും ആയിരുന്നു. ഇന്ദിരാ വിരുദ്ധനെന്നു സംശയത്തിൽ അടുത്തു നിൽക്കുന്നയാളെ  ആക്രമിക്കുക എന്ന തരത്തിലെ സംഭവങ്ങളൊന്നും അടിയന്തിരാവസ്ഥക്കാലത്ത് ഉണ്ടായില്ല. അമിതാധികാര പ്രയോഗത്തിനു നിയമപരമായ അനുമതി ലഭിച്ച പോലീസ് ആണു അടിയന്തിരാവസ്ഥാ വിരുദ്ധരെ നേരിട്ടത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മാത്രമാണു ഇന്ത്യയിൽ ഭരണപക്ഷ പൗര സംഘങ്ങൾ നിയമം നടപ്പിലാക്കിത്തുടങ്ങിയത്. ഇന്ത്യയിൽ പല ഭാഗങ്ങളിലും അത് സംഭവിച്ചു. ഏറ്റവും കിരാതവും പരിഷ്കൃത മനുഷ്യൻ്റെ മുഖത്ത് കാറി തുപ്പുന്നതിനു തുല്യവുമായത് ഡൽഹിയിലെ കോടതി മുറ്റത്തു സംഭവിച്ചതായിരുന്നു. നിയമം പഠിച്ചവർ എന്നു കരുതപ്പെട്ടവർ കോടതിയിലേയ്ക്ക് പോലീസ് കൊണ്ടു വരികയായിരുന്ന പ്രതിയായ ജെ.എൻ.യു യൂണിയൻ പ്രസിഡണ്ടു കനയ്യ കുമാറിനെ അതി ക്രൂരമായി മർദ്ദിച്ചു.  ഇനിയും ആവർത്തിക്കുമെന്നു പരസ്യ പ്രഖ്യാപനം നടത്തി നിയമ വാഴ്ചയെ വെല്ലുവിളിച്ച ആ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നില്ല. സമൂഹത്തിനാകെ മാതൃക ആവുന്ന തരത്തിൽ തക്കതായ ശിക്ഷ നൽകിയില്ല. ഒരു ഭരണാധികാരി എത്ര ഉയർന്ന ധാർമ്മിക ബോധം പുലർത്തുന്നുവെന്നും  എന്താണു അദ്ദേഹത്തിന്റെ തത്വ ശാസ്ത്രം എന്നും  തീരുമാനിക്കുന്നതു ഈ വിധം ഘട്ടങ്ങളിൽ എങ്ങിനെ പ്രതികരിക്കുന്നു എന്നു നോക്കിയാണ്.

ഏറ്റവും ആധുനികമായ കണ്ടുപിടുത്തം സ്വീകരിച്ചും രാജ്യത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചും വികസനത്തിൻ്റെ പ്രജാപതിയായി സ്വയം അവതരിപ്പിച്ചും മുന്നോട്ടു വരുന്ന ഒരു നേതാവിനു വളരെ ഉയർന്ന ഒരു തത്വ ശാസ്ത്രത്തിന്റെ പിന്തുണ ഇല്ലാതിരിക്കുന്നതിന്റെ ന്യൂനതയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ പാർട്ടിയും നേരിടുന്നത്. സെൽഫിയും റ്റ്വിറ്ററും സ്വയം ചെയ്തും ജനങ്ങളെ സെൽഫി എടുക്കുവാൻ പ്രേരിപ്പിച്ചും വികസനത്തിന്റെയും വളർച്ചയുടെയും വഴി തേടുന്ന പ്രധാന മന്ത്രിയ്ക്ക് തന്നെ ശാസ്ത്ര കോൺഗ്രസ്സിൽ ചെന്നു ഇന്ത്യൻ പുരാണങ്ങളിലെ കഥകൾ ഇന്ത്യയുടെ ശാസ്ത്രീയ നേട്ടങ്ങൾ ആണെന്നു പ്രാസംഗിക്കേണ്ടി വരുന്ന തത്വ ശാസ്ത്ര പരമായ പരിമിതി ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്കും ഇതിനു മുൻപ് ഉണ്ടായിട്ടില്ല. മുന്നോട്ടു വെയ്ക്കുവാൻ ഉയർന്ന മാനവികതയുടെ ദർശനങ്ങളാൽ ഉന്നതമായ ഒരു തത്വ സംഹിത ഇല്ലാത്തതിന്റെ പ്രശ്നമാണ് ഈ ഗവൺമെന്റ്് നേരിടുന്നത്. നമ്മുടെ അക്കാദമിക ലോകം പുലർത്തി വരുന്ന ചരിത്ര ബോധം ശാസ്ത്രത്തോടുള്ള സമീപനം, കലയും സാഹിത്യവും ഗവൺമെന്റും തമ്മിലുള്ള പാരസ്പര്യം, തുടങ്ങി വൈജ്ഞാനികതയുടേയും പ്രബുദ്ധതതയുടെയും സകല മണ്ഡലങ്ങളിലും നേരെ വിപരീതമായൊ അല്ലെങ്കിൽ ഒന്നുമില്ലാതെയൊ  ആയ  തത്വ ശാസ്ത്രസമീപനം ആണു പാർട്ടിയുടെ അവലംബം. അധികാരമെല്ലാം ഒരു വ്യക്തിയിലേയ്ക്ക് കേന്ദ്രീകരിച്ച ശൈലിയാണ് സർക്കാരിന്റേത്. പാർട്ടി ആകട്ടെ നരേന്ദ്ര മോഡി എന്ന ഒരു മന്ത്രമാല്ലാതെ മറ്റൊന്നും ഉരുവിടുന്നുമില്ല. അതുകൊണ്ടു തന്നെ ദർശനപരമായ ഈ ന്യൂനത പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലേക്കു തന്നെ  എത്തുന്നു.

തുടക്കം മുതലേ സാംസ്കാരിക മണ്ധലവുമായും സർവ്വകലാശാലകളുമായും സർഗാത്മകതയുടെ എല്ലാ തലങ്ങളുമായും പ്രധാനമന്ത്രിയും സർക്കാരും നിരന്തരം കലഹത്തിലാണ്.  അസഹിഷ്ണുതയുടെ മുദ്രാവാക്യം ഉയർത്തി പ്രതിരോധം സൃഷ്ടിച്ച് പ്രതികരിച്ചത് ഇന്ത്യയിലെ കലാ സാഹിത്യ വൈജ്ഞാനിക മണ്ധലമാണ്. ആ മണ്ധലങ്ങളിൽ പുലരുന്ന ബോധ തലങ്ങൾക്ക്‌ നേരെ വിപരീതമായ ധാരണകളുമായി ഒരു സർക്കാർ അധികാരത്തിൽ എത്തുകയും ചരിത്രത്തിലും കലാ സാഹിത്യ വൈജ്ഞാനിക രംഗങ്ങളിലും ഇടപെട്ടു തങ്ങളുടെ വഴിക്ക് തിരുത്താം എന്നു കരുതി പുറപ്പെടുകയും എല്ലായിടത്തു നിന്നും ശക്തമായ ചെറുത്തു നിൽപ്പു നേരിടുകയും ചെയ്ത കഥയാണ് നരേന്ദ്ര മോഡി സർക്കാരിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ നാൾവഴിക്കുറിപ്പ്‌. മുൻഗണനകൾ മാറിപ്പോയി. ബൗദ്ധിക മണ്ധലത്തിലെ തിരുത്തലുകൾക്ക് പോകുന്നതിനു മുന്നേ ജനങ്ങൾക്ക്‌ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമായിരുന്നു. പ്രഖ്യാപിച്ച പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുവാൻ വേണ്ടി അനാവശ്യമായി തുറന്ന മറ്റു സമര മുഖങ്ങൾ അടയ്ക്കണമായിരുന്നു. ചൈനയുടെ മാതൃകയിൽ നഗര വത്കരണം വേഗത്തിലാക്കി രാജ്യ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യവുമായി റോഡുകളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മുൻപത്തേക്കാൾ വളരെ അധികം ഇന്ത്യയിൽ നടപ്പിലായി. പ്രധാന മന്ത്രി ലോകത്തെല്ലാം യാത്ര ചെയ്തു ഇന്ത്യയുടെ ലോക സ്വാധീനം ഉയർത്തുവാൻ പണിപ്പെട്ടു. പക്ഷെ നാം അധികമായി പണി കഴിപ്പിക്കുന്ന രാജ പാതകളിൽ കൂടി ജാതിയുടെയും മതങ്ങളുടെയും ഗോത്രങ്ങളുടെയും പേരിൽ വിഭജിക്കപ്പെട്ട ഒരു ജനത  ചെന്നെത്തുന്നത് ഏതു തരം നഗരത്തിലേക്കാവുമെന്നു ഭയാശങ്കകളൊടെ മാത്രമേ  ചിന്തിക്കാനാകൂ. ആ ജനതയുടെ ഇന്ത്യയെ ലോകം നാളെ എങ്ങിനെ കാണുമെന്നും ലോക ഭൂപടത്തിൽ ആ ഇന്ത്യയ്ക്ക് എന്തു സ്വാധീനം ഉണ്ടാവുമെന്നും ആശങ്കപ്പെടാതെ വയ്യ. ജാതി, മത, ഗോത്ര, വംശ പരിഗണനകൾക്കപ്പുറം ഇന്ത്യയിലെ മുഴുവൻ ജനതയെയും ഒന്നായി കാണുകയും ആകെ മനുഷ്യരുടെയും ഉത്കർഷം ലക്ഷ്യമാക്കുകയും ചെയ്യുന്ന തത്വ സംഹിത ഉണ്ടാവുകയും അതിനെതിരു നിൽക്കുന്ന പാർട്ടിയിലെ തന്നെ ശത്രുക്കളെ എതിർത്തു തോൽപ്പിക്കുവാൻ ശേഷിയുള്ള ബൗദ്ധിക നേതൃത്വം ബി.ജെ.പിയിൽ ഉയർന്നു വരുകയും വേണം. ഒരു പേരിൻ്റെ മാത്രം സങ്കീർത്തനം അവസാനിപ്പിച്ചു കൂട്ടായ നേതൃത്വവും കർമ്മ പരിപാടികളും മുൻഗണനകളും നടപ്പാക്കണം. അത് ഇപ്പോൾ സംഭവിച്ചത് പോലെ കർമ്മ പദ്ധതികൾ വെറും മുദ്രാവാക്യങ്ങളായി മാത്രം അവശേഷിക്കുന്ന അവസ്ഥയിൽ മാറ്റം വരുത്തും. രാജ്യാഭിവൃദ്ധിക്ക് പുതിയ പരിപ്രേക്ഷ്യം ഉണ്ടാകണം. അതിൽ നഗര ജനതയെയും മദ്ധ്യ വർഗ്ഗത്തെയും ലക്ഷ്യം െവച്ചുള്ള വികസനപരിപാടിയിൽ മാറ്റം വരികയും കീഴാളരെയും ഗ്രാമീണ ജനതയെയും വികസനം അർഹിക്കുന്ന മനുഷ്യരായി കാണുകയും വേണം. പിന്നീടു വരുന്ന വാർഷികത്തിനു ബി.ജെ.പിയ്ക്കു ആത്മാർഥമായി ജനങ്ങളോടു ആവശ്യപ്പെടാം പുഞ്ചിരിക്കുവാൻ. ഇപ്പോൾ അത് വെറും പരസ്യ വാചകം മാത്രമാണ്.

 

You might also like

Most Viewed