അരാഷ്ട്രീയത അരങ്ങു വാഴുന്നു...
ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ ഈയിടെ നടന്ന രാഷ്ട്രീയ സംഭവ വികാസങ്ങളിൽ വിദ്യാർത്ഥി പക്ഷത്തെ അനുകൂലിക്കുന്നതിലും എതിർക്കുന്നതിലും വാദമുഖങ്ങൾക്ക് നിശിതമായ സ്വഭാവവും മൂർച്ചയും ഉണ്ടായിരുന്നു. കടുത്ത പിരിമുറുക്കത്തിന്റെ ഉയർന്ന ശ്രുതിയിൽ ആരംഭിച്ച വിവാദം അതിൽ നിന്നും മുകളിലേക്കാണ് വളർന്നത്. രാജ്യം മുഴുവനും ആ സംവാദത്തിൽ പങ്കെടുക്കുന്ന പ്രതീതി ഉണ്ടായി. ഫാസിസ്റ്റ് പ്രവണതകൾക്കെതിരെയുള്ള ചിന്ത രാജ്യത്താകെ പടർന്നു കയറിയപ്പോൾ അതിനെ പ്രതിരോധിക്കുവാൻ അണിനിരന്നവർ ഫാസിസത്തെ അനുകൂലിക്കുകയല്ല ചെയ്തത്. സാധാരണവും ഉചിതവുമായ ഭരണ നടപടികളാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അതിനെ ഫാസിസമെന്നു നിർവചിക്കുന്നത് ദേശ സ്നേഹമില്ലായ്മ കൊണ്ടാണെന്നുമാണ് അവർ പ്രചരിപ്പിച്ചത്. സ്വന്തം രാഷ്ട്രീയ നിലപാട് എന്തെന്നു വ്യക്തമാക്കാത്തവരും ഏതു രാഷ്ട്രീയ പക്ഷത്തെ അല്ലെങ്കിൽ ഏതു തത്വശാസ്ത്രത്തെയാണു തങ്ങൾ പിന്തുണയ്ക്കുന്നതെന്നു ഒരിക്കലും വെളിവാക്കാത്തവരും നിഷ്പക്ഷമായ ജീവിതാനുഭവത്തിൽ നിന്നും സംസാരിക്കുന്നു എന്ന നാട്യത്തിൽ അവസരത്തിനൊത്തു തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ സൗകര്യം പോലെ പ്രതികരിക്കുന്നവരും ഫലത്തിൽ വലതുപക്ഷ നിലപാടുകളെ എപ്പോഴും വാഴ്ത്തുന്നവരുമായ അരാഷ്ട്രീയ പ്രമുഖന്മാരായിരുന്നു നവ മാധ്യമങ്ങളിൽ നടന്ന തീ പാറുന്ന സംവാദങ്ങളിൽ പോരാടാനിറങ്ങിയത്. നമ്മുടെ സൂപ്പർ താരവും നമ്മുടെ സൂപ്പർ കമാന്റോയും ദേശ സ്നേഹത്താലും ദുർഗാ ഭക്തിയാലും വിജൃംഭിതരായി സംഘഗാനത്തിൽ പങ്കെടുത്തവരിൽ പെടുന്നു. ഭരണ പക്ഷത്തു നിന്നുള്ളവരുടെ പ്രസ്താവനകളും പ്രതികരണ രീതികളും ജനാധിപത്യത്തിന്റെ സത്തയായ ബഹുസ്വരതയ്ക്ക് ഭംഗം വരുത്തുന്നതിനെതിരെയും ഇതര ചിന്തകളെയും ശബ്ദങ്ങളെയും അമിതാധികാര പ്രയോഗങ്ങൾ കൊണ്ടു സർക്കാർ അമർച്ച ചെയ്യുന്നതിനെതിരെയും ഉയരുന്ന പ്രതിഷേധങ്ങളെ ദേശസ്നേഹത്തിന്റെയും സൈനികന്റെ ജീവത്യാഗത്തിന്റെയും കഥകൾ കൊണ്ടാണു എൻ.ഡി.എയും അവരുടെ സംഘഗായകരായ അരാഷ്ട്രീയ നാട്യക്കാരും നേരിട്ടത്.
വേണ്ടത്ര ചർച്ച ഉണ്ടാകാതിരുന്ന സുപ്രധാനമായ ഒരു വിഷയമുണ്ട്. ജെ.എൻ.യു സംഭവ വികാസങ്ങൾ ആരംഭിക്കുന്നതിനു ഒരു മാസം മുന്പാണ് പത്താൻകോടിലെ വ്യോമസേനയുടെ സൈനിക താവളം ജെയ്ഷെ മുഹമ്മദ് ഭീകരർ എന്നു കരുതപ്പെടുന്നവർ ആക്രമിച്ചത്. പഞ്ചാബിലെ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം തട്ടിയെടുത്ത് ഉപയോഗിക്കുകയും സൈനിക താവളത്തിനുള്ളിൽ പതിയിരുന്നു മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന വെടിവയ്പ്പിൽ ഏർപ്പെടുകയും ചെയ്യുവാൻ ഭീകരർക്കു സാധിച്ചു. പിന്നിലെ കവാടത്തിൽ കൂടി അകത്തു കടന്ന ഭീകരരുടെ ലക്ഷ്യം യുദ്ധ വിമാനങ്ങളും മറ്റു സന്നാഹങ്ങളും സൂക്ഷിച്ചിട്ടുള്ള ഹാങ്ങർ ആയിരുന്നു. ആറു ഭീകരരും ഏഴു സുരക്ഷാ − സൈനിക ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും സംഘട്ടനത്തിൽ മരണപ്പെട്ടു. അനവധി ഭീകരാക്രമണങ്ങളെ ഇന്ത്യ നേരിട്ടിട്ടുണ്ടെങ്കിലും ആദ്യമായാണു രാജ്യത്തിനുള്ളിലെ ഒരു സൈനികത്താവളത്തിൽ ഭീകരർ കടന്നു കയറുന്നത്. നമ്മുടെ സൈനിക താവളങ്ങളും പ്രതിരോധത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള യന്ത്ര സംവിധാനങ്ങളും ശത്രുക്കളിൽ നിന്നു രക്ഷിച്ചു ഭദ്രമായി നിലനിറുത്തുവാനുള്ള പ്രാഗത്ഭ്യം പുലർത്തിയവരാണു മുൻ സർക്കാരുകളെല്ലാം. ഒരു മുൻ സൈനിക മേധാവിക്ക് പ്രതിരോധ വകുപ്പിന്റെ ഭരണത്തിൽ സുപ്രധാന ചുമതലയുള്ള ഈ മന്ത്രി സഭയുടെ കാലത്താണ് ഗുരുതരവും നിർണ്ണായകവുമായ സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ദേശസുരക്ഷ കാത്തു സൂക്ഷിക്കുന്നതിൽ ഇന്നോളം സംഭവിച്ചിട്ടില്ലാത്ത തരത്തിലെ വീഴ്ചയ്ക്കാണു സർക്കാർ ഉത്തരവാദികളായിരിക്കുന്നത്. പട്ടാള വേഷമണിഞ്ഞു വരുന്ന ആർക്കും ആയുധങ്ങളുമായി കടന്നു കയറാവുന്നതും ഒളിച്ചിരുന്നു ഇന്ത്യൻ സൈനികരെ വെടിവെച്ചു കൊല്ലാവുന്നതുമാണ് നമ്മുടെ വ്യോമത്താവളം എന്ന അറിവ് തന്നെ ഭയാനകമാണ്. നമ്മുടെ മുഴുവൻ സൈനികരെയും രാജ്യത്തെയും ഓർത്തു ദേശ സ്നേഹപരമായ ഉണർവ് ഉണ്ടാവുകയും പ്രതിരോധ വകുപ്പിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും മറുപടി ആവശ്യപ്പെടുകയും ചെയ്യേണ്ടത് ഓരോ ദേശ സ്നേഹിയുടെയും കർത്തവ്യമാണ്. വീഴ്ചയുടെ ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവർക്ക് ഉണ്ടാകേണ്ടത് ഇത്തരം സുരക്ഷാ വിഷയങ്ങളിൽ മാതൃകാപരമായ അനിവാര്യതയാണ്. അങ്ങിനെയൊന്നു ഉണ്ടായിക്കാണുന്നില്ലെങ്കിൽ ദേശ സുരക്ഷയെക്കരുതി അതിനായി ശബ്ദമുയർത്തേണ്ടതു രാജ്യ സ്നേഹികളുടെ കടമയാണ്. എന്നാൽ സൂപ്പർ ലഫ്റ്റനന്റ് കേണൽമാരും മേജർമാരും ഇങ്ങിനെയൊരു സംഭവം അറിഞ്ഞുവെന്നതിന്റെ യാതൊരു ലാഞ്ചനയും അവരുടെ ഫേസ്ബുക്ക് പോസ്റ്റിലോ ചാനലുകളിലെ കമാന്റോ കഥാ പ്രസംഗങ്ങളിലോ കാണാൻ കഴിഞ്ഞില്ല.
അധികാര വ്യവസ്ഥയോടും സാമൂഹ്യ സ്ഥാപനങ്ങളോടും പ്രതിഷേധത്തിന്റെയോ പ്രതിരോധത്തിന്റെയോ ഒരു നേരിയ നിഴൽ പോലും വീഴ്ത്താത്തതായിരിക്കും അരാഷ്ട്രീയവാദികളുടെ ധാർമ്മിക രോഷ പ്രകടനങ്ങൾ. കാലം ഇന്നോളവും വരുത്തിയ എല്ലാ പുരോഗമന സമരങ്ങളുടെയും സദ്ഫലങ്ങളുടെ രംഗ ഭൂമിയിൽ നിന്നുകൊണ്ടു അവയിൽ നിന്നും ആർജ്ജിച്ച വ്യക്തിത്വത്തിന്റെ ആന്തരിക ശക്തിയാൽ ഇനി മേൽ വരേണ്ടുന്ന എല്ലാ മാറ്റങ്ങൾക്കുമെതിരെ അവർ അരാഷ്ട്രീയമായ സമാധാന പ്രസംഗം നടത്തും. കുറേക്കാലം മുന്പ് കേരളത്തിലെ ക്യാന്പസുകളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിച്ചിരുന്നപ്പോൾ ചില വിദ്യാർത്ഥി സമരങ്ങൾ സമാധാനപരം എന്നതിന്റെ സീമകളെ ചിലപ്പോഴൊക്കെ ലംഘിച്ചിട്ടുണ്ട്. പ്രതിഷേധവും സമര വീര്യവും രോഷവും യുവത്വത്തിന്റെ അതി ഊർജ്ജവും ചേർന്നുണ്ടാകുന്ന രണോത്സുകതയാൽ അവർ ചിലപ്പോൾ ട്രാൻസ്പോർട്ട് ബസിനു കല്ലെറിഞ്ഞിട്ടുണ്ട്, അവയുടെ ചില്ല് പൊട്ടിപ്പോയിട്ടുണ്ട്. അരാഷ്ട്രീയ ദാർശനികരുടെ കൊയ്ത്തു കാലമാണ് പിന്നീട്. പൊതു മുതൽ നശിപ്പിക്കുന്നതിനെതിരെ സാരോപദേശ കഥകൾ പ്രസംഗങ്ങളായി ഒഴുകും. അന്നു ഫേസ്ബുക്ക് ഉണ്ടായിരുന്നില്ലല്ലോ പോസ്റ്റിടാൻ. രാജ്യത്തിന്റെ വിഭവങ്ങളും സ്വത്തും മുഴുവനും അവിഹിത മാർഗ്ഗങ്ങളിലൂടെ കൈക്കലാക്കുന്നവർക്കും, ഭീമമായ തുകകൾ നികുതി വെട്ടിക്കുന്നവർക്കും, കള്ളപ്പണക്കാർക്കും വൻകിട ചൂഷകർക്കും നേരെയില്ലാത്ത രോഷമാണ് ബസിന്റെ ചില്ലു പൊട്ടിച്ചവരോടു പ്രകടിപ്പിക്കുക. രാജ്യത്തിന്റെ പൊതുമുതൽ എന്നാൽ ബസിന്റെ ചില്ലുകൾ എന്നു ചുരുങ്ങും വിധത്തിലേക്കെത്തും ശാന്തി ദൂതുകൾ. ഗതിവേഗം നേടിയ കല്ലിന്റെയും ചില്ലിന്റെയും ഭ്രമണ പഥം കവിതയിൽ വിരിയും. പഠിക്കേണ്ട സമയത്ത് പഠിക്കാതിരിക്കുന്നതിനെക്കുറിച്ചും ഉപന്യസിക്കപ്പെടും. ജെ.എൻ.യു വിഷയത്തിൽ ഇത്തരം അരാഷ്ട്രീയ ദേശസ്നേഹികൾ അരങ്ങു നിറഞ്ഞാടി. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണു ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ പഠിക്കുന്നത്. ആ പണച്ചിലവിനെ വിദ്യാർത്ഥികൾ പാഴ്ചിലവാക്കുകയാണ്. പഠിക്കേണ്ട സമയത്ത് അവർ മതേതരത്വവും ജനാധിപത്യവും ഫാസിസവും ചർച്ച ചെയ്യുകയല്ല വേണ്ടത് എന്നായിരുന്നു വാദങ്ങൾ.
ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ നമ്മുടെ നാടിനെ നയിക്കുകയും ഭരിക്കുകയും ചെയ്യുവാൻ വിവിധ നിരകളിലെ നേതാക്കൾ ഉയർന്നു വരേണ്ടത് നമ്മുടെ ക്യാന്പസുകളിൽ നിന്നു തന്നെയാണ്. ജനാധിപത്യ പ്രക്രിയയുടെ പരിശീലനം തലമുറകൾക്കു പകർന്നു കിട്ടേണ്ടതും രാഷ്ട്രീയ ദർശനങ്ങൾ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ ചിന്തകർ രൂപപ്പെട്ടു വരേണ്ടതും ക്യാന്പസുകളിൽ നിന്നു തന്നെയാണ്. കാരണം അതിനായി വ്യവസ്ഥ ചെയ്ത മറ്റൊരിടം ഇല്ല. അതിനു മാത്രമായി കോഴ്സുകളോ പരീക്ഷകളൊ വേറെയില്ല. ജനാധിപത്യ പ്രക്രിയയുടെ പരിശീലനത്തിനു മറ്റൊരു ജീവിത മണ്ധലവുമില്ല. നികുതിപ്പണത്തിന്റെ അവഗണിക്കാവുന്നത്രയും ചെറിയ പങ്ക് ജെ.എൻ.യുവിൽ പാഴ്ചിലവായിപ്പോകാതിരിക്കുവാൻ പഠനമല്ലാതെ മറ്റൊന്നും ചെയ്യരുതെന്നു ശഠിക്കുന്നവർ ആലോചിക്കുന്നില്ല മുഴുവൻ നികുതിയും പിന്നെ രാജ്യത്തിന്റെ ഭാഗധേയങ്ങളും ഏൽപ്പിച്ചു കൊടുക്കുന്ന അവരുടെ രാഷ്ട്രനേതാവ് ആ വിഷയം എവിടെ നിന്നു എപ്പോൾ പഠിച്ചുവെന്ന്. ഒരു മഹാരാജ്യത്തിന്റെയും അവിടുത്തെ ജനകോടികളുടെയും ഭാവി ഏൽപ്പിച്ചു കൊടുക്കുന്നതു എന്ത് പഠിച്ചവരുടെ കൈകളിലേക്കാണെന്നു ഈ ‘അരാഷ്ട്രീയ ജെന്റിൽമെൻ’ ഒരിക്കലും ആലോചിക്കുന്നതേയില്ല എന്നു വേണം കരുതാൻ. അതുകൊണ്ടാണു മക്കളും ഭാര്യയും അനിയനും കുടുംബത്തിൽ നിന്നു ബന്ധുക്കളും അനന്തരാവകാശികളാകുന്ന തരത്തിലെ ജനാധിപത്യം അവരിൽ അറപ്പുള വാക്കാത്തത്. സിലബസിനും പാഠപുസ്തകങ്ങൾക്കും അപ്പുറം ക്യാന്പസുകൾ വിദ്യാർത്ഥികൾക്കു ചില അനുശീലനങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. സാമൂഹ്യ ജീവിതത്തിലെ സാംസ്കാരികമായ പെരുമാറ്റ സംഹിതയും സഹജീവിയോട് പുലർത്തേണ്ട സ്നേഹമര്യാദകളും വ്യക്തിയും സമൂഹവും പ്രകൃതിയും തമ്മിലെ പാരസ്പര്യത്തിന്റെ ഊടും പാവും ക്യാന്പസുകളിൽ നിന്നു യുവ മനസുകളിലേക്ക് സംക്രമിക്കേണ്ടതാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ജനാധിപത്യ പ്രക്രിയയുടെ പ്രയോഗ മാതൃകകൾ. നേതൃത്വ പാടവത്തിന്റെ തിരിച്ചറിയലുകളും കണ്ടെത്തലുകളും അവയുടെ പരിപാലനവും ക്യാന്പസിലൂടെ ഉരുത്തിരിയണം. ഇപ്പോൾ ക്യാന്പസുകളിൽ നാം സാധിച്ചെടുത്തിരിക്കുന്ന അരാഷ്ട്രീയമായ നേതൃത്വ പരിശീലനത്തിന്റെ സ്ഥാനത്തു രാഷ്ട്രീയമായ പ്രവർത്തനങ്ങൾ തന്നെ ഉണ്ടാകണം.
നിങ്ങൾ ഏതു പക്ഷത്താണ് എന്നതിനോളം പ്രസക്തമായ മറ്റൊരു കാര്യവും വ്യക്തിയുടെ സാമൂഹ്യാസ്ഥിത്വത്തിലില്ല. പക്ഷങ്ങൾ തമ്മിലെ വൈരുദ്ധ്യത്തിലും സംഘർഷത്തിലും നിങ്ങളുടെ നിലപാടു അടയാളപ്പെടുത്തേണ്ടതു നിങ്ങളുടെ രാഷ്ട്രീയ ദർശനമാണ്. അതിനാൽ തന്നെ ഒരു പക്ഷം വിട്ടു മറ്റൊരു പക്ഷത്തു പോകുന്നതിന്റെ അർത്ഥം മറു പക്ഷത്തിന്റെ രാഷ്ട്രീയ ദർശനം സ്വീകരിച്ചുവെന്നാണ്. അല്ലെങ്കിൽ വിവിധ പക്ഷങ്ങളായി നിലയുറപ്പിക്കേണ്ടതിന്റെ ആവശ്യമില്ലല്ലൊ. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലൂടെ കടന്നു പോകുന്ന രാഷ്ട്രീയ പാർട്ടികളുടെ മേളക്കൊഴുപ്പുള്ള മാധ്യമ വാർത്താ നേരമാണിത്. മത്സരരംഗത്തുള്ള മൂന്നു മുന്നണികളെയും സമീപിച്ചു വിലപേശുകയും സീറ്റുകളുടെ എണ്ണം പരമാവധി വർദ്ധിപ്പിച്ചു നേടിയെടുക്കുകയും ചെയ്യുന്ന ഏർപ്പാടിൽ നിന്നും ലേല സ്ഥലങ്ങളിൽ എന്ന പോലെ ആരവം കേൾക്കുന്നു. ഒരു മുന്നണിയുമായി ചർച്ച നടത്തുന്ന ഒരു ചെറിയ പാർട്ടിയോ പാർട്ടിയിലെ സംഘമോ വ്യക്തിയോ വളരെ എളുപ്പത്തിൽ മറ്റേ മുന്നണിയുമായി വിലപേശുന്ന സ്ഥിതി സാദ്ധ്യമാകുന്നതിന്റെ അർത്ഥം ആശയപരമോ സൈദ്ധാന്തികമോ ആയ നിലപാടിന്റെ സവിശേഷത മൂലമുള്ള വ്യതിരിക്തതയോ വൈരുദ്ധ്യമോ സംഘർഷമോ ആരും തമ്മിൽ ഇല്ല എന്നാണ്. യാതൊരു രാഷ്ട്രീയ ദർശനവും മുറുകെപ്പിടിക്കാത്തവരുടെ പക്ഷങ്ങളും പക്ഷം തേടുന്നവരും ആയിട്ട് മത്സരരംഗം മാറുന്നു. അതായത് തികഞ്ഞ അരാഷ്ട്രീയത പ്രബലമാകുന്നു. പ്രത്യേകിച്ച് രാഷ്ട്രീയ ദർശനങ്ങളുടെ ഭാരം പേറുന്നുവെന്നു അവകാശവാദം ഒന്നുമില്ലാത്ത കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുന്ന യു.ഡി.എഫിന് അരാഷ്ട്രീയതയും ഒരു അലങ്കാരമാണ്. അതല്ല എൽ.ഡി.എഫിനെക്കുറിച്ചും എൻ.ഡി.എയെക്കുറിച്ചുമുള്ള പൊതുബോധം. ചെറു പാർട്ടികൾക്കു മൂന്നു മുന്നണികളുമായും ഒന്നു കഴിഞ്ഞു അടുത്തതു എന്ന നിലയിൽ ബാന്ധവ ചർച്ചയ്ക്കു പോകുവാൻ കഴിയുന്നതും മൂന്നിടത്തും അവർ സ്വീകാര്യരായി ചർച്ച നടക്കുന്നതും ആദർശപരമായ പരിമിതികളിൽ നിന്നും എല്ലാവരും വിമോചിതരായതു കൊണ്ടാണ്. ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചു അധികാരത്തിൽ എത്തുക എന്ന അടിയന്തിര ലക്ഷ്യം നേടുവാനായി കേരളത്തിലെ മൂന്നു മുന്നണികൾ ഉൾപ്പെട്ട തിരഞ്ഞെടുപ്പു ചിത്രത്തിനു അരാഷ്ട്രീയതയുടെ വർണ്ണക്കുട ചൂടിയിരിക്കുന്നതായി കാണാം. അമിതാധികാര പ്രയോഗങ്ങൾക്കെതിരെ ഇന്ത്യയിലെ ക്യാന്പസുകളിൽ ഉയർന്നു വരുന്ന വിദ്യാർത്ഥി മുന്നേറ്റത്തിൽ കൃത്യമായ സ്ഥാനം പിടിച്ചുകൊണ്ട് ആശയപരമായ സംവാദത്തിൽ ഏർപ്പെട്ടിരുന്നവരാണു തിരഞ്ഞെടുപ്പു അരികിലെത്തിയപ്പോൾ ഇത്തരം പരിണാമങ്ങൾക്കു വിധേയമായതെന്നതാണു വിചിത്രം.