ഇതെന്തൂട്ടാ ഈ കലികാലം?


മനപ്രയാസമുണ്ടാകുന്ന കാര്യങ്ങൾ‍ മാത്രമാണല്ലോ ദൈവമേ നിന്റെ സ്വന്തം നാട്ടിലെ വാർത്തകളായി കേൾ‍ക്കാനുള്ളു. സോളാറിന്റെയും ബാറിന്റെയും തുടങ്ങി പത്തോളം മുഴച്ചു നിൽ‍ക്കുന്ന ചാനൽ‍ ചർച്ചകൾ‍ക്കിടയിൽ‍ വല്ലാത്തൊരു ക്യൂരിയോസിറ്റിയുള്ള ‍നമ്മൾ‍ മലയാളികൾ‍ കാണാതെ വിട്ടു പോകുന്ന ചില സാമൂഹിക ദുരന്തങ്ങളുണ്ട്. മറ്റൊന്നുമല്ല, നമ്മളെല്ലാവരും ന്യൂ ജനറേഷൻ‍ എന്ന ഓമനപ്പേരിട്ട് വിളിക്കുന്നവ തലമുറയുടെ ഭയാനകമായ ചിന്താഗതികളുടെ മാറ്റങ്ങളാണ്. ഇന്നത്തെ കുട്ടികൾ‍ എന്തെല്ലാം ചിന്തിക്കുന്നു, എന്തെല്ലാം പ്രവർത്തിക്കുന്നു എന്നു ചിന്തിച്ചാൽ‍ ഒരു അന്തവും കുന്തവും കിട്ടിണില്ലല്ലൊ തന്പുരാനേ. ഞാനിതെന്തൂട്ടാണ് പറഞ്ഞോണ്ട് വരുന്നതെന്ന് ചോദിച്ചാൽ‍ വേറൊന്നുംമല്ല, കഴിഞ്ഞ ദിവസങ്ങളിൽ‍ നമ്മളെ ഒന്നടങ്ങങ്കം ഞെട്ടിച്ച രണ്ടു മൂന്നു വാർത്തകളെ കുറിച്ചാണ്.

മനസ്സിനെ നടുക്കിയ ആദ്യ അനുഭവം −കല്യാണമുറപ്പിച്ച പെണ്ണിനെ അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന വെറും സംശയത്തിന്റെ പേരിൽ പട്ടാപകൽ വെട്ടിക്കൊലപ്പെടുത്തിയ വാർത്തയാണ്. കേവലമൊരു തെറ്റിദ്ധാരണയുടെ പേരിൽ‍ ഒരു കുട്ടിയെ നിർ‍ദാക്ഷിണ്യം വെട്ടിക്കൊല്ലുന്ന മനസ്സ് ഏതു സംസ്കാരവുമായി യോജിപ്പിക്കാൻ‍ പറ്റും?

അടുത്ത വാർത്ത ബൈക്കിൽ‍ പോയ ഒരു പയ്യനെ, വേറേ മൂന്നാല് പയ്യന്മാർ‍ പിടിച്ചിറക്കി പട്ടിയെ തല്ലിക്കൊല്ലുന്നതു പോലെ അങ്ങ് കൊല്ലുന്നു. നവമാധ്യമങ്ങളിലൂടെ വയറൽ ആയ ആ വീഡിയോ ഒരു ആക്ഷൻ ത്രില്ലർ കാണുന്ന പോലെ ലോകം മുഴുവൻ കണ്ടു കാണും. മുന്‍ വൈരാഗ്യമാണത്രെ കാരണം. ആലോചിക്കണം, നമ്മുടെ ആധുനിക തലമുറയുടെ ഒരു ചിന്താഗതി.  

അടുത്തത് ഒരു ‘ഇൻ‍വെസ്റ്റുമെന്റിന്റെ’കഥയാണ്.  ഇൻ‍വെസ്റ്റുമെന്റ് എന്നു പറയുന്പോൾ‍ നിങ്ങളുദ്ദേശിക്കുന്ന പോലെ മൂലധനനിക്ഷേപമൊന്നുമില്ല, വെറും കായികാധ്വാനം മാത്രമെയുള്ളു. നാലഞ്ചു ചെറുപ്പക്കാരുടെ ചുരുങ്ങിയ മണിക്കൂറുകൾ‍ മാത്രമുള്ള ഒരുഎൻ‍ഗേജുമെന്റ്. സംഗതി സിന്പിളാ, നാലഞ്ചു പേർ‍ ഒരു വീട്ടിൽ‍ ചെല്ലുന്നു, ചെറുപ്പക്കാരനായ ഭർ‍ത്താവിനെ കെട്ടിയിടുന്നു, എന്നിട്ട് അയാളുടെ മുന്‍പിലിട്ട് ഭാര്യയെ മാറി മാറി പീഡിപ്പിക്കുന്നു, അതു മൊബൈലിൽ‍ ചിത്രീകരിക്കുന്നു, ദാറ്റ്സ് ഓൾ. −ഇൻ‍വെസ്റ്റുമെന്റായി. ഈ വീഡിയൊ പുറം ലോകമറിയാതിരിക്കാൻ‍ പാവം ആ ദന്പതികൾ‍ പിന്നീടുള്ള കാലം മുഴുവൻ‍ ചോദിക്കുന്പോളൊക്കെ ഈ നരാധമന്മാർ‍ക്ക് പണം കൊടുത്തുകൊണ്ടിരിക്കും. അൽപം ധൈര്യക്കഷായം കുടിച്ച് അവസാനം പോലീസിൽ‍ ബന്ധപ്പെട്ട കൊച്ചിയിലുള്ള ദന്പതിമാരുടെ പരാതിയിന്മേലുള്ള അന്വേഷണത്തിൽ‍ പിടിക്കപ്പെട്ടത് ന്യൂജനറേഷന്റെ ബുദ്ധിയും അൽപം വികാരവും കൂടിയ നാലഞ്ച് വിഷങ്ങളെയായിരുന്നു. കൂടുതൽ‍ അന്വേഷിച്ചപ്പോളാണ്, ഇവർ‍ക്ക് ഒന്നല്ല, കൊച്ചിയിൽ‍ തന്നെ പന്ത്രണ്ടോളം ഇൻ‍വെസ്റ്റുമെന്റ് ഉണ്ടെന്നറിയുന്നത്!!! 

തൂക്കിക്കൊല്ലണം എല്ലാ നവഗൂണ്ടകളെയും. വേറൊന്നു, ക്രൂരത ചെയ്യുന്നതു പോലെ തന്നെയാണ് അത് കാണുന്പോൾ‍ അതിന്റെ വീഡിയൊ എടുത്ത്് രസിക്കുന്നത്, അതിപ്പോൾ‍ കൊലപാതകമാണെങ്കിലും, റേപ്പാണെങ്കലും. ആ കൊലപാതകം പടമെടുത്ത് പ്രചരിപ്പിച്ചതു കൊണ്ടല്ലേ പ്രതികളെപിടിക്കാൻ‍ കഴിഞ്ഞത്, എന്നു ചോദിച്ചാൽ‍,  സോറി, ബുദ്ധിമുട്ടുണ്ട് അംഗീകരിക്കാൻ‍. പടം പിടിക്കുന്നതിനു പകരം അയാൾ‍ നിലവിളിച്ച് നാലുപേരെ വിളിച്ചു കൂട്ടിയിരുന്നെങ്കിൽ‍ ഒരുപക്ഷെ ആ ജീവൻ‍ രക്ഷിക്കാമായിരുന്നു.

തിരിച്ചറിയണ്ടപ്പെടേണ്ടതായുണ്ട് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ ഈ ട്രാൻസ്‍ഫോർമേഷന്റെ മൂലകാരണങ്ങൾ‍. സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ഇത് പരിഹരിക്കാനായി പഠനങ്ങൾ‍ നടക്കേണ്ടതായുണ്ട്. കുട്ടികളിൽ‍ ലഹരി ഉപയോഗം തുടങ്ങുന്ന ശരാശരി പ്രായം 9 മുതൽ 12  വരെയായി എന്നത് നമ്മൾ‍ ഞെട്ടലോടെ തിരിച്ചറിയുന്പോൾ‍ പോലും ബന്ധപ്പെട്ട അധികാരികൾ‍ ഞെട്ടുന്നില്ലെന്നുള്ളതാണ് സത്യം. വളർന്നു വരുന്ന തലമുറക്ക് നന്മയുടെ ഗുണപാഠങ്ങൾ  തുടങ്ങേണ്ടത് ആദ്യം അവരുടെ വീടുകളിൽ നിന്ന് തന്നെയാണ്‌. ടെലിവിഷൻ‍ തുറന്നാൽ കാണുന്ന അവിഹിതവും കൊളരുതായ്മയും നിറഞ്ഞ സീരിയലുകളും, ഇക്കിളിച്ചേച്ചിയെന്തു പറഞ്ഞു എന്നതിന് പിന്നാലെ പോകുന്ന മാധ്യമ ചർച്ചകളും കണ്ടു വിഷമിക്കുന്ന നമ്മളോരോരുത്തരും ഒന്ന് ഓർ‍ക്കണം, നമ്മൾ‍ മാത്രമല്ല ഇതെല്ലാം കാണുന്നതെന്ന്, പക്വതയെത്താത്ത മനസ്സോടെ നമ്മുടെ വീടുകളിലെ കുഞ്ഞുകണ്ണുകളും അത് കാണുന്നുണ്ടെന്ന്. തെറ്റായ പലതും ആ കുഞ്ഞുമനസ്സുകൾ പഠിച്ചെടുക്കുന്നുണ്ടെന്ന്.

You might also like

Most Viewed