നമുക്കിടയിലെ ‘ഓസ് വാസുകൾ’
ഞാൻ പണ്ട് ജോലി ചെയ്തിരുന്ന ഓഫീസിൽ വ്യാഴാഴ്ച ഹാഫ് ഡേ ആയിരുന്നു. അതുകൊണ്ടുതന്നെ അന്ന് ഞങ്ങളെല്ലാവരും കാലത്ത് മുതൽ ഒരു അവധി മൂഡിൽ ആയിരിക്കും. മിക്കവാറും ഞങ്ങൾ സുഹൃത്തുക്കൾ ആരെങ്കിലും എന്തെങ്കിലും പുറത്തു നിന്ന് ഓർഡർ ചെയ്തു ഒരുമിച്ചിരുന്നു കഴിക്കും. ഒരു ഡിപാർട്ട്മെന്റിൽ ഞങ്ങൾ ആറു പേരാണ് എപ്പോഴും ഉണ്ടാവുക. ഈ ഭക്ഷണം വരുത്തിക്കഴിക്കുന്നതിന്റെ ഒരു രീതി പറഞ്ഞാൽ, പ്രത്യേകിച്ച് ആരും പറയാതെ തന്നെ ഓരോ ആഴ്ചയും ഓരോരുത്തർ ആയി ഏറ്റെടുത്തു ഓർഡർ ചെയ്യും. ഇതിനു ആരും ആരോടും കണക്കും വെക്കാറില്ല. പക്ഷെ ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ മാത്രം, പുള്ളി ഓർഡർ ചെയുന്ന ദിവസം, ഡെലിവറി വരുന്പോൾ അപ്രതീക്ഷിതമായി അപ്രത്യക്ഷനാകും. ചിലപ്പോൾ ആരോടും പറയാതെ എവിടേക്കെങ്കിലും ‘ഠപേ’ന്നങ്ങ് മുങ്ങും. അതുമല്ലെങ്കിൽ ബാത്റൂമിലേക്ക് പോവും. ഡെലിവറി ബോയ് വന്നു ആളെ കാണാതാവുന്പോൾ ഞങ്ങൾ ആരെങ്കിലും ബിൽ കൊടുത്തു പറഞ്ഞു വിടും. കുറച്ചു കഴിയുന്പോൾ ഈ കക്ഷി ഒന്നുമറിയാത്ത പോലെ പ്രത്യക്ഷപെടും, എന്നിട്ട് എല്ലാരോടൊപ്പം ചിരിച്ചു കളിച്ച്, പുളുവടിച്ചു പുട്ടടിക്കാൻ ഏറ്റവും മുന്പിൽ തന്നെയുണ്ടാവും. കുറെ വട്ടം ഇത് ആവർത്തിച്ചപ്പോൾ ബാക്കിയുള്ളവർ ആൾക്കൊരു പേരിട്ടു ‘ഓസ് വാസു’. വേറെ ഒരു കൂട്ടരുമുണ്ട്, പലപ്പോഴും പലരെ കൊണ്ടും ഓരോന്ന് വാങ്ങിപ്പിക്കും, എന്നിട്ട് ബോധപൂർവ്വം അത് മറന്നതായി നടിക്കും. വലിയ തുക അല്ലാത്തത് കൊണ്ട് മിക്കവരും ആ തുക അങ്ങ് എഴുതി തള്ളും. ഈ രണ്ടും കൂട്ടരെയും ‘ഓസു വാസു’കളുടെ ‘ഹാർമ് ലെസ്സ്’ ഇനത്തിൽ പെടുത്താം.
എന്നാൽ ഈ ‘ഓസ്’ കൂട്ടത്തിൽ ഉപദ്രവകാരികൾ ആയ വേറെ ഒരു ഇനമുണ്ട്. എന്റെ സുഹൃത്തിന്റെ അനുഭവം പറയട്ടെ. മൂപ്പരോട് ഒരു സുഹൃത്ത് നാട്ടിൽ അമ്മയെ ചികിത്സയ്ക്കാവശുള്ളതായി പറഞ്ഞ്, അടുത്ത മാസം തന്നെ തിരിച്ചു നൽകാം എന്ന ഉറപ്പിൽ 60000 രൂപ കടംവാങ്ങി. എന്റെ സുഹൃത്ത് കയ്യിൽ പണം ഇല്ലാഞ്ഞിട്ടു കൂടി സുഹൃത്തിന്റെ അമ്മയുടെ ചികിത്സയ്ക്കു വേണ്ടിയല്ലേയെന്നുള്ള ഒറ്റക്കാരണത്താൽ വേറെ ഒരാളോട് കടം വാങ്ങി പൈസ കൊടുത്തു. ഒരു മാസം കഴിഞ്ഞു, കടം വാങ്ങിയ ആളുടെ വിളിയോ അനക്കമോ ഒന്നുമില്ല. ആറേഴു മാസങ്ങൾ കഴിഞ്ഞു, എന്റെ സുഹൃത്തിനു പെട്ടെന്നൊരു അത്യാവശം വന്നപ്പോൾ കടം വാങ്ങിയ പൈസ തിരിച്ചു കിട്ടാൻ വല്ല വഴിയുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ, മറ്റേ കക്ഷി ഒന്നു ചുമച്ച് വല്ലാത്ത അവശതയോടെ പ്രാരാബ്ധത്തിന്റെയും ബുദ്ധിമുട്ടിന്റെയും കദനകഥയുടെ കെട്ടഴിച്ച് എന്റെ സുഹൃത്തിനോടു വിളന്പി. എന്റെ സുഹൃത്താണേൽ, പാവം അതുകേട്ട് വിശ്വസിച്ചു മടങ്ങി പോന്നു. പക്ഷേ ഈ സംഭവം നടന്നതിന്റെ പിന്നത്തെ ആഴ്ച ആരോ ഫേസ്ബുക്കിൽ ടാഗ് ചെയ്ത ഫോട്ടോയിൽ എന്റെ സുഹൃത്ത് കാണുന്നത്, കദനകഥയിലെ നായകൻ കുടുംബസമേതം മൂന്നാർ മൈസൂർ വഴി കുളിരുറയുന്ന കൊടൈക്കനാൽ പശ്ചാലത്തിൽ സുസ്മേരവദനനായ് ടൂർ അടിച്ചു പൊളിക്കുന്ന വർണ്ണ ചിത്രങ്ങളാണ്. സംശയം തോന്നി എന്റെ സുഹൃത്ത് പിന്നേം കഥാനായകനെ വിളിച്ചു നോക്കിയപ്പോൾ കക്ഷി പിന്നേം ചുമച്ചു, വിറച്ചു, യാതൊരു ചളിപ്പും ഇല്ലാതെ പുതിയൊരു കദനകഥ മെനഞ്ഞു തുടങ്ങി. എന്തിനു പറയുന്നു രണ്ടു പേരും, ‘മേ ഓർ ജോജി’ ദുശ്മൻ എന്ന് പറഞ്ഞു അടിച്ചു പിരിഞ്ഞു. നല്ലൊരു സൗഹൃദം അവിടെ തീർന്നു.
എണ്ണ വിലയിടിഞ്ഞതിന്റെയും സബ്സിഡികളെടുത്തു കളഞ്ഞതു മൂലമുണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ച് ഞൻ അൽപം ഓവറായി വ്യാകുലപ്പെടുന്നതായി എന്റെ കെട്ടിയോൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. ശരിയായിരിക്കാം, സാന്പത്തിക സുരക്ഷിതത്വം വിട്ട് ചിന്തിക്കാൻ മനസ്സൊട്ട് അനുവദിക്കുന്നുമില്ല. അതിനാലാവാം നമ്മളറിയാതെ നമ്മളിലെ നന്മ ചൂഷണം ചെയ്യുന്ന ഈ ഓസുകളെ പറ്റി പരാമർശിച്ചത്. ഇവിടെ കഷ്ടപ്പെടുന്ന താഴേക്കിടയിലുള്ള തൊഴിലാളികൾ പോലും ഗൾഫുകാരനായിപ്പോയി എന്ന ഒറ്റക്കാരണത്താൽ ‘ഓസ് വാസു’ക്കളാൽ ചൂഷണം ചെയ്യപെടാറുണ്ട്. നമ്മളെല്ലാവരുടെയും പ്രവാസം മതിയാക്കി, ഒരു തിരിച്ചു പോക്ക് അധികം വിദൂരമല്ല. ഇപ്പോൾ മാസാവസാനം കിട്ടുന്ന വരുമാനം, ടാപ്പ് ഓഫ് ചെയ്യുന്പോൾ വെള്ളം നിലയ്ക്കുന്നതു പോലെ, പെട്ടെന്നങ്ങ് നിന്നുപോകുന്ന ആ തിരിച്ചു പോക്കിന്റെ ദിവസം കൂടി ഓർമ്മയിൽ നിർത്തിയേ മേലിൽ ഒരാളെ സഹായിക്കാൻ പോകാവൂ എന്നു പറഞ്ഞാൽ നന്മയ്ക്കെതിരെ, കാരുണ്യ പ്രവർത്തനങ്ങൾക്കെതിരെ പറയുന്നതായി വ്യഖ്യാനിക്കരുതേ, മറിച്ച് ഒരു സഹായ മനഃസ്ഥിതിയുണ്ടെന്ന ഒറ്റക്കാരണത്താൽ തന്നെ ‘ഓസുവാസു’കളെക്കൊണ്ട് ധാരാളം സാന്പത്തിക നഷ്ടങ്ങൾ വന്നിട്ടുള്ള ഒരു ശരാശരി പ്രവാസി മനസ്സു തുറക്കുന്നതായി മാത്രമേ കാണാവൂ.
അപ്പൊ പറഞ്ഞുവന്നത്, മനുഷ്യർക്ക് എല്ലാർക്കും ജീവിതത്തിൽ പണത്തിനു ആവശ്യമുണ്ട്. നാടും വീടും വിട്ടു ഇവിടെ ഈ മണലാര്യണത്തിൽ പണിയെടുക്കാൻ തയ്യാറാവുന്നതും ആ പണത്തിനു വേണ്ടി തന്നെയാണ്. അപ്പൊ പിന്നെ കർത്താവ് പറഞ്ഞ പോലെ അന്യന്റെ വസ്തുക്കൾ മോഹിക്കാതെ, തട്ടിയെടുക്കാൻ ശ്രമിക്കാതെ, അർഹിക്കുന്നത് മാത്രം സ്വന്തമാക്കി ജീവിക്കുന്നതല്ലേ അതിന്റെ ഒരു ശരി?..