മുണ്ടൊന്ന് മുറുക്കിയുടുക്കാം!


രണ്ട് ദിവസം മുന്പ് ഓഫീസ് കഴിഞ്ഞു വീട്ടിലേയ്ക്ക് പോവുന്പോൾ അപ്രതീക്ഷിതമായി ഒരു ട്രാഫിക് ബ്ലോക്ക്. അസമയത്ത്, അകാരണമായി വല്ലാത്തൊരു ഗതാഗതക്കുരുക്ക്. സമയമിഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു, വാഹനങ്ങളും. കുറെകഴിഞ്ഞപ്പോൾ എന്റെ വലത്തു ട്രാക്കിൽ നിന്നിരുന്ന ഒരു ഫോർ വീലറിലിരുന്ന ഒരു ‘ലോക്കൽ’ ചേട്ടന്റെ ക്ഷമക്കുരു ‘ഠേ’ന്ന് പൊട്ടി. മൂപ്പർ കാതുപൊട്ടുന്ന ശബ്ദത്തിൽ ഹോണടിച്ചു തുടങ്ങി. വണ്ടികൾ നീങ്ങാത്തതിന് ഹോണടിച്ച് അരിശം തീർക്കുന്ന ആ അറബിച്ചേട്ടന്റെ ബൗദ്ധികലോകം, ‘എന്തൂട്ടാവും ഗഡിയേ’ എന്നാലോചിച്ച് നിൽക്കുന്പോഴാണ് ഞാനാ കാഴ്ച്ച കണ്ടത്. ട്രാഫിക് ബ്ലോക്ക് തുടങ്ങുന്നത് സമീപത്തുള്ള പെട്രോൾ ബങ്കിൽ നിന്നാണ്. മാല ബൾബ് പോലെ നിരനിരയായ് നീണ്ടു കിടന്നിരുന്ന എല്ലാ വണ്ടികളുടെയും ലക്ഷ്യം അങ്ങോട്ടാണ്. ആ പാവം അറബിച്ചേട്ടന്റെ ആധി ആ നിമിഷത്തിൽ ഞാൻ മനസ്സിലാക്കി ‘എങ്ങാനും പെട്രോൾ തീർന്നു പോയാലോ?!’

അങ്ങനെ ചുരുക്കം പറഞ്ഞാൽ നുമ്മക്കാണ് എട്ടിന്റെ പണി കിട്ടിയത്! കഴിഞ്ഞാഴ്ച ഞാൻ‍ ഇതേ കോളത്തിൽ‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ചാർ‍ജ്ജ് വർ‍ദ്ധനവിന്റെ പേരിൽ‍ ഒന്ന് നിലവിളിച്ചിട്ട് ഒന്ന് വൃത്തിയായി ശ്വാസമെടുക്കുന്നതിന് മുന്‍പു തന്നെ അടുത്ത പണി പെട്രോളിന്റെ രൂപത്തിൽ‍ വന്നപ്പോൾ‍, മാതാവാണെ വല്ലാതങ്ങ് കോരിത്തരിച്ചു പോയി നേരുപറയാല്ലോ, ജി.സി.സി രാജ്യങ്ങളിൽ‍ വെച്ച് ഏറ്റവും ചിലവ് കുറഞ്ഞ, എന്നാൽ‍ ജീവിത നിലവാരം ഏകദേശം മറ്റ് സ്ഥലങ്ങളോട് തുല്യതയിൽ‍ തന്നെ പ്രവാസികൾ‍ക്ക് (വിദേശി സമൂഹത്തിന്) ലഭ്യമായിരുന്നത് നമ്മുടെ ബഹ്റിനിൽ‍ മാത്രമായിരുന്നു. (‘നമ്മുടെ ബഹറിൻ’ എന്നറിയാതെ ആത്മാവിൽ‍ നിന്ന് വന്നതാണേ!). എന്നാൽ‍ എണ്ണ വിലിയിടിവ് മൂലമുണ്ടായ സാന്പത്തിക ബാദ്ധ്യതകൾ‍ വിദേശി സമൂഹം ഏകപക്ഷീയമായി വഹിക്കേണ്ടി വരുമെന്ന അവസ്ഥ നിർഭാഗ്യകരമായിപ്പോയി. ഈ വിലവർദ്ധനവിലൂടെ, അല്ലെങ്കിൽ‍ സബ്സിഡികളെടുത്ത് കളയുന്നതോടെ സർ‍ക്കാരിന്റെ അധിക ബാധ്യതയായ ഏകദേശം 56 മില്യണോളം ഒരുവർ‍ഷം ഒഴിവാക്കാവുന്നതാണെന്ന് കണക്കുകൾ‍ സൂചിപ്പിക്കുന്നതായ് വായിച്ചു. എന്നാൽ‍ ഈ സാഹചര്യത്തിൽ നമ്മളുൾ‍പ്പടെയുള്ള പ്രവാസികളെ കാത്തിരിക്കുന്ന വൈതരണികളെപ്പറ്റി പറയാതെ വയ്യ.

ആദ്യമായി വൈദ്യുതി, വെള്ളം മുതലായവയിലുണ്ടായ വർ‍ദ്ധന എല്ലാ മേഘലകളിലും വിലക്കയറ്റമുണ്ടാക്കാനിടയാകുമെന്നുള്ളതാണ്. ആദ്യമായി മാറാൻ‍ പോകുന്നതു വാടകയിനത്തിലുള്ള വർ‍ദ്ധനയാണ്. വാടകയിനത്തിലെ വർ‍ദ്ധന സ്വാഭാവികമായി ഒരു കടയിലിരിക്കുന്ന എല്ലാ സാധനങ്ങളുടെയും വില വർദ്ധിപ്പിക്കും. മൊത്തക്കച്ചവടക്കാർ വർ‍ദ്ധിപ്പിച്ച വില, ചില്ലറ കച്ചവടക്കാർ വീണ്ടും വർ‍ദ്ധിപ്പിച്ച് സാധാരണക്കാരനായ ഉപഭോക്താവിന്റെ കയ്യിലെത്തുന്പോൾ‍ വിലവ്യത്യാസം ‘നിസ്സാരമായ തലകറക്കമുണ്ടാക്കാൻ‍’ മതിയായ കാരണമായേക്കാം. ഇന്ധന വിലയിലുള്ള വർ‍ദ്ധനവ് ‘ഗതാഗതച്ചിലവുകൾ‍ വർ‍ദ്ധിപ്പിക്കുന്നതിനാൽ‍ എല്ലാ ഉൽപ്പന്നങ്ങളുടെയും വില ‘ശൂന്ന്’ മേൽപ്പോട്ട് ‘ദേ’യിപ്പക്കയറും. നിത്യോപയോഗ സാധങ്ങൾ‍, ഭക്ഷണ പദാർ‍ത്ഥങ്ങൾ‍, വാടക, വിദ്യാഭ്യാസച്ചിലവുകൾ‍, ഇന്ധന വില, ടാക്സി / ട്രാൻ‍സ്പോർട്ടേഷൻ‍ വാടക എന്ന് വേണ്ട, ഒരുമാസം നമ്മൾ‍ ബഡ്ജറ്റ് ചെയ്യുന്ന എല്ലാ ഇനങ്ങൾ‍ക്കും വില കൂടാൻ‍ പോകുന്നു. സുരക്ഷാപ്രാധാന്യമുള്ള കാര്യമാണെങ്കിലും സമീപത്തുണ്ടായ ട്രാഫിക് നിയമ ലംഘനത്തിനുള്ള വർ‍ദ്ധിച്ച പിഴകളും ഇതോടൊപ്പം ചേർ‍ത്തു വായിക്കുന്പോൾ‍, പുണ്യാളാ, ഒന്നേ പറയാനുള്ളൂ. നോക്കീംകണ്ടും വണ്ടിയോടിച്ചില്ലെങ്കിൽ‍ മാസ ബഡ്ജറ്റ് ‘റെഡ്ഡിൽ‍’ ആകുന്നത് ഒരുപക്ഷേ ഒരു ട്രാഫിക്‍ ഫൈനിന്റെ പേരിലാവാം. വിലക്കയറ്റത്തിന്റെ മാറ്റങ്ങൾ‍ ഒന്ന് ‘ലെവെൽ‍’ ചെയ്യപ്പെടാൻ‍ സമയമെടുത്തേക്കാം. പിടിച്ചു നിൽ‍ക്കാൻ‍ കഴിയാത്ത അവസ്ഥയിൽ‍ ഒരു ‘കൊഴിഞ്ഞു പോക്ക്’ പോലുമുണ്ടാവാം. ജനസാന്ദ്രതയിൽ‍ കാര്യമായ വ്യത്യാസം വരാം. അങ്ങിനെ വന്നാൽ‍ അത് ‘വില കൂട്ടിയ’ സമസ്ത മേഘലയെയും പ്രതികൂലമായി ബാധിച്ചേക്കാം. അതേപ്പറ്റി ഇപ്പോൾ‍ പറഞ്ഞാൽ‍, ‘അങ്ങെങ്ങാണ്ട് മഴപെയ്യുന്നുണ്ടന്നറിഞ്ഞ് ഇപ്പഴേ കുട നിവർ‍ത്തി നിന്ന’ പോലിരിക്കും. അതോണ്ട് ഞാനത് വിട്ടു... വിധിയുണ്ടെങ്കിൽ‍ ഇതേ കോളത്തിൽ‍ പിന്നൊരിക്കലെഴുതാം.

സ്ഥിരമാസ വരുമാനക്കാരായ സാധാരണക്കാര‍നൊന്നോർക്കണം. എല്ലാം എല്ലായിടത്തും വർ‍ദ്ധിക്കുന്പോൾ‍, വർ‍ദ്ധിക്കാതെ നിൽ‍ക്കുന്ന ഒറ്റ കാര്യമേയുണ്ടാവൂ − നമ്മുടെ ശന്പളം! നമുക്ക് ചെയ്യാൻ‍ കഴിയുന്നതൊന്നേയുള്ളൂ. പഴമക്കാർ പറയുന്ന പോലെ ‘മുണ്ട് മുറുക്കിയുടുക്കാം’− ഇനീം ചിലവ് ചുരുക്കുക. ‘അത്യാവശ്യങ്ങൾ’, ‘ആവശ്യങ്ങൾ‍’ ‘അനാവശ്യങ്ങൾ‍’ എന്നിവ കൃത്യമായി ‘ഡിഫൈൻ’ ചെയ്ത് ചുരുക്കേണ്ട ചിലവുകൾ‍ ചുരുക്കിയും, ഒഴിവാക്കേണ്ടവ ഒഴിവാക്കുകയും ചെയ്യുക. അനാവശ്യമായ ഔട്ടിങ്ങുകൾ‍, ഷോപ്പിങ്ങുകൾ‍, പുറത്തുള്ള ഭക്ഷണം, സിനിമയ്ക്ക് പോകൽ, മുതലായവ ചുരുക്കാം. അത്യാവശ്യമല്ലാത്ത ആഘോഷങ്ങൾ‍ ഒഴിവാക്കാം. ര‍ണ്ട് വണ്ടികളുള്ള വീട്ടിൽ‍, ഒരെണ്ണമുപയോഗിക്കാം, ഒരൽപ്പം പ്ലാനിങ്ങോടെ ഷോപ്പിംഗ് ചെയ്താൽ‍ 10 തവണ കടയിൽ‍ പോകുന്നതൊഴിവാക്കാം, ആരോഗ്യം ശ്രദ്ധിച്ചാൽ‍ ആശുപത്രി ഒഴിവാക്കാം, വൈദ്യുതി ഉപഭോഗം കുറഞ്ഞ ലൈറ്റുകൾ‍, യന്ത്രസാമഗ്രഹികൾ‍, മറ്റ് ഗാർ‍ഹികോപകരണങ്ങൾ‍ മുതലായവ ഉപയോഗിക്കാം, വെള്ളത്തിന്റെയും വൈദ്യുതിയുടെയും (പാഴ്)ചിലവുകൾ‍ കുറയ്ക്കാം, ഒഴിവാക്കാം. അതുമാത്രമല്ല, നമ്മുടേതല്ലാത്ത കാരണങ്ങളാൽ‍ ഇടിഞ്ഞ് പോയ എണ്ണവില തിരിച്ചുയർ‍ന്ന് പൂർവ്വസ്ഥിതിയിലാകാൻ‍ മുട്ടിപ്പായി പ്രാർ‍ത്ഥിക്കാം. ദീപസ്തംഭം മഹാശ്ചര്യം,നമുക്കും വേണം പണം, അല്ല, വേണ്ടേ?

You might also like

Most Viewed