വന്നല്ലോ ഇരുട്ടടി!
കോട്ടയത്തുകാരൻ കുടുംബ സുഹൃത്ത് ഒരു അച്ചായൻ ഉണ്ട്. ഒരു ടിപ്പിക്കൽ റബ്ബർ അച്ചായൻ. ഉറക്കെ സംസാരിക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്യുന്ന മൂപ്പർ കഴിഞ്ഞ ദിവസം വീട്ടിൽ വന്നപ്പോൾ ഒരു കഥ പറഞ്ഞു. വേറൊന്നുമല്ല, ‘വെള്ളമടി’ കൂടിപ്പോൾ വീട്ടുകാരെല്ലാം ചേർന്ന് ടിയാനെ ഒരു ‘ഡീ അടിക്ഷൺ സെന്ററിൽ’ കൊണ്ടു പോയി താമസിപ്പിച്ചത്രേ!!
അവിടുത്തെ കഠിനമായ ദിനചൈര്യകളെപ്പറ്റി രസകരമായി ധാരാളം വർണ്ണിച്ചതിൽ നിന്ന് പ്രത്യേകതയുള്ളതായി തോന്നിയത് രണ്ട് കാര്യങ്ങളായിരുന്നു. ഒന്ന്, സമയക്ലിപ്തത പഠിക്കാനായ് വെള്ളത്തിന്റെ സമയ നിയന്ത്രണമേർപ്പെടുത്തുന്നുവെന്നതാണ്! അതായത്, കാലത്ത് ആറ് മണി മുതൽ ഏഴ് മണി വരെ മാത്രമേ പൈപ്പിൽ വെള്ളം വരികയുള്ളു.നിത്യകർമ്മങ്ങളെല്ലാം ആ സമയത്ത് കഴിഞ്ഞിരിക്കണമത്രേ! ഇനി അഥവാ ആ സമയത്ത് ‘എല്ലാം’ കഴിഞ്ഞില്ലെന്നിരിക്കട്ടേ, വെള്ളം തരും, പക്ഷെ ഒരു ബക്കറ്റ് വെള്ളത്തിന് 100 രൂപ കണക്കിൽ ബില്ലിൽ കയറും. ഒരു മാസത്തെ ‘ഉണ്ട് താമസിച്ചുള്ള’ ചികിത്‍സയിൽ 90% ആൾക്കാരിലും കൃത്യമായുള്ള ദിനചൈര്യ ഉണ്ടാക്കുന്നുവെന്നത് ആ സ്ഥാപനത്തിന്റെ വിജയമാണ്. രണ്ടാമത്തെ രസകരമായ കാര്യം ‘ആത്മ നിയന്ത്രണത്തിനുള്ള’ ഒരു സൈക്കോളജിക്കൽ പരിശീലനമാണ്. കാര്യമെന്താണെന്നല്ലേ? ചുട്ടു പഴുത്ത ഉച്ച സമയത്ത് വൈദ്യുതി ‘കട്ട്’ ചെയ്യും. പാള കൊണ്ടുള്ള വിശറി എല്ലാ മുറിയിലും ധാരാളമയുണ്ട്, ‘വീശി വീശി’യിരുന്നോണമത്രേ! ‘ഡെയിലി’ നാലഞ്ചെണ്ണം വെള്ളം ചേർക്കാതെ ‘വീശിക്കൊണ്ടിരുന്ന’ അച്ചായൻ (അവിടുള്ള എല്ലാമദ്യവിമോചന കക്ഷികൾക്കും) ഈ ‘വിശറി വീശൽ’ ആത്മ നിയന്ത്രണത്തിന്റെ ബാലപാഠങ്ങളായിരുന്നത്രേ!
അച്ചായന്റെ ‘ഗുളൂസ്’ കേട്ടിരുന്ന എന്റെ ബോംബേക്കാരി സുഹൃത്ത് വെള്ളത്തിന്റെ കാര്യത്തിലുള്ള അവളുടെ അനുഭവസാക്ഷ്യം വിവരിച്ചു. ബോംബെയിൽ ജനിച്ചുവളർന്ന അവർക്ക് സമാനമായ അനുഭവമാണ് ജീവിതം മുഴുവനും! അതായത് വീട്ടിലോരോരുത്തർക്കും സ്വന്തമായി ബക്കറ്റുണ്ടത്രേ! പൈപ്പിൽ വെള്ളം വരുന്ന സമയത്ത് അവനവൻ ആവശ്യമുള്ള വെള്ളം പിടിച്ചു വെച്ചാൽ ആവശ്യത്തിനുപകരിക്കും, അത് സമയത്തിന് ചെയ്തില്ലെങ്കിൽ പണിപാളി. രസമെന്തെന്നാൽ അവർക്ക് ഇതൊരു ബുദ്ധിമുട്ടേയല്ല എന്നുള്ളതാണ്. പതിറ്റാണ്ടുകളായുള്ള അവരുടെ ശീലം കാരണം ഇത് അവർക്ക് മറ്റേത് ദിനചൈര്യ പോലെ നിസ്സാരമാണ് പോലും!
ഇത് വായിക്കുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും ഈ വള്ളം ഞാനേത് കടവിലോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഇപ്പോൽ ചെറുതായൊന്ന് മിന്നിക്കാണും. അതേന്നേ, നമ്മുടെ ബഹ്റിനിലോട്ട് തന്നെ. അറിഞ്ഞല്ലോ സർക്കാർ കറണ്ടിന്റേം വെള്ളത്തിന്റേം സബ്സിഡിയൊക്കെ എടുത്ത് കളഞ്ഞത്, അല്ലേ? നമ്മൾ വിദേശികളെ കാര്യമായി ബാധിക്കുന്ന ഒരു തീരുമാനമായി പറയപ്പെടുന്ന ഈ മാറ്റം തീർച്ചയായും അപ്രതീക്ഷിത വ്യത്യാസങ്ങൾ ജീവിതത്തിൽ വരുത്തുമെന്നുള്ളത് തീർച്ചയാണ്. അനാവശ്യമായി കറന്റും വെള്ളവും പാഴാക്കി ശീലിച്ച നമ്മൾ ചിട്ടകൾ പാലിക്കാൻ പോകുന്നു. കത്തിക്കിടക്കുന്ന ഒരു ലൈറ്റ് ‘പേഴ്സിൽ നിന്നു പോകുന്ന കാശാണ്’ എന്നുള്ള ബോധം വരുന്പോളറിയാതെ പോയി ഓഫ് ചെയ്യും! ടബ്ബിൽ കുളിച്ച് കളിക്കുന്ന കുട്ടികൾ (മുതിർന്നവരും) ഇനി നാട്ടിൽ പോയി പുഴയിൽ കുളിച്ചാൽ മതി! എന്റെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നുെന്റെ ചെടികളും പച്ചക്കറിത്തോട്ടോം! പോയില്ലേ മാതാവേ എല്ലാം!.
തമാശയിലുപരി, നമ്മൾ പുതിയ കാര്യങ്ങൾ ശീലിക്കേണ്ടിയിരിക്കുന്നു, കുഞ്ഞുങ്ങളെ ശീലിപ്പിക്കേണ്ടിയിരിക്കുന്നു. മുറിയിൽ നിന്ന് പുറത്തിറങ്ങുന്പോൾ ലൈറ്റ്, ഫാൻ, എ.സി മുതലായവ ഓഫ് ചെയ്യുക, ബ്രഷ് ചെയ്യുന്നതിനിടയിലോ, ഷേവ് ചെയ്യുന്നതിനിടയിലോ വൃഥാ വെള്ളം പാഴാക്കാതിരിക്കുക, അടുക്കളയിൽ പാത്രങ്ങളും പച്ചക്കറികളും കഴുകുന്പോൾ വെള്ളത്തിന്റെ ഉപയോഗം എങ്ങിനെ ലഘൂകരിക്കാമെന്ന് ചിന്തിക്കുക, പറ്റുന്പോഴൊക്കെ എല്ലാവരും ഒരു മുറിയിലിരുന്നാൽ ആ മുറിയിൽ മാത്രം മതീല്ലോ എ.സിയും വെളിച്ചവും!, ആലോചിക്കുക!
ശരാശരി ശന്പളക്കാരന്റെ മാസ ബഡ്ജറ്റിനെ സാരമായി ബാധിക്കുന്ന ഈ മാറ്റം കരുതലോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മുകളിൽ സൂചിപ്പിച്ച അച്ചായൻ പറഞ്ഞതുപോലെ, നമ്മക്കും ശീലിക്കാം കൃത്യസമയത്തുള്ള ദിനചൈര്യകളും പാലിക്കപ്പെടേണ്ട ആത്മനിയന്ത്രണങ്ങളും!