പ്രകൃതിക്കുണ്ടൊരു സോഷ്യലിസം
പലപ്പോഴും തോന്നിയിട്ടുണ്ട് ഏറ്റവും വലിയ തുല്യ തീരുമാനങ്ങൾ മനുഷ്യന്റെയല്ലന്ന്. തുല്യത എല്ലാ അർത്ഥത്തിലും ഒരുപോലെ മനുഷ്യനെന്നോ, സസ്യങ്ങളെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ലാതെ നടപ്പാക്കുന്ന ഒരേയൊരു അതോറിറ്റി ഇമ്മടെ പ്രകൃതിയാണെന്ന്. അതിന്റെ താളമൊന്ന് തെറ്റിയാൽ, അതൊന്ന് ദേഷ്യപ്പെട്ടാൽ, അതിപ്പോൾ എങ്ങിനെ വേണേൽ ആയിക്കോട്ടെ − ഭൂമി കുലുങ്ങിയോ, വെള്ളം പൊങ്ങിയോ, വേനലിന്റെ വരൾച്ചയായോ − അനുഭവിക്കുന്നത് മനുഷ്യനെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ലാതെ ഒരുപോലെയാണ്. അവിടെയാണ് ദുരിതത്തിന്റെ ഒരു സമത്വം. കഷ്ടപ്പാടിന്റെ ഒരു തുല്യത. എന്റെ അഭിപ്രായത്തിൽ അതാണ് യഥാർത്ഥ സോഷ്യലിസം. അവിടെ മാത്രമാണ് സോഷ്യലിസം അതിന്റെ പൂർണ്ണതയിൽ നടപ്പിലാക്കപ്പെടുന്നത്.
തമിഴത്തി പ്രകൃതി അക്കാൾ ഒന്നുറഞ്ഞ് തുള്ളി. ആയമ്മ ഏകദേശം രണ്ടാഴ്ച ഒന്ന് മുടിയഴിച്ചുലഞ്ഞാടി. ചെന്നൈ നഗരത്തിന്റെ വലിയ ഭാഗവും ഇപ്പോഴും വെള്ളത്തിനടിയിൽ... പതിനായിരകണക്കിന് ആളുകൾക്ക് എല്ലാം നഷ്ടപ്പെട്ടു. വീടും കുടിയും എല്ലാം. ശരിക്കുമുള്ള മരണ സഖ്യ ഇപ്പോഴും ആർക്കും നിശ്ചയമില്ല. കൃഷിയിടങ്ങളും കൃഷിയും എല്ലാം നശിച്ചു. അനേകായിരം പക്ഷിമൃഗാതികൾ ചത്തൊടുങ്ങി. ഒരാൾ പൊക്കത്തിൽ നഗരവഴികളിൽ ചെളി അടിഞ്ഞു കിടക്കുന്നു. നൂറുകണക്കിന് ആശുപത്രികളുടെ പ്രവർത്തനം നിലച്ച നിലയിൽ. പതിനായിരം കവിയുന്ന രോഗികൾ. കോടികളുടെ നാശനഷ്ടം. ജീവിച്ചിരികുന്നവർക്ക് പകർച്ച വ്യാധി ഭയം... 17 ദിവസത്തോളം നീണ്ട പ്രകൃതിയക്കയുടെ വികൃതിയുടെ പരിണിതഫലമാണ് മുകളിൽ പറഞ്ഞത്.
ഈ സംഭവിച്ചതിനെ ചുമ്മാ പ്രകൃതി ക്ഷോഭം എന്ന് പറഞ്ഞ് തള്ളി കളയാൻ പറ്റ്വോ?
പ്രകൃതിയുടെ തനതായ സ്വഭാവമെന്തെന്നാൽ ജലനിരപ്പ് കൂടിയാൽ, ഉയർന്ന പ്രദേശങ്ങളിൽ നിന്ന് സ്വാഭാവികമായി താഴേയ്ക്ക്, നദികളിലേയ്ക്ക്, തടാകങ്ങളിലേയ്ക്ക് അങ്ങനെ മറ്റ് ചതുപ്പു പ്രദേശങ്ങളിലേയ്ക്ക് ഒഴുകി പോവുകയെന്നതാണ്. ഈയിടെ തമിഴ്നാട്ടുക്കാരനായ ഒരു സുഹൃത്ത് പറഞ്ഞത് പണ്ട് ചെന്നൈ പ്രദേശങ്ങളിൽ അവിടിവിടായി 200ലധികം തടാകങ്ങൾ ഉണ്ടായിരുന്നത്രേ! ഇന്ന് പക്ഷെ അവിടെ ആകെ 30ൽ താഴെ തടാകങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഭൂമിയുടെ സ്വഭാവിക ജല ഭരണികളൊക്കെ മനുഷ്യർ മണ്ണിട്ട് കയ്യടക്കി കെട്ടിടങ്ങൾ പണിത് വെച്ചാൽ പിന്നെ മഴ പെയ്താൽ ഇങ്ങനെയൊക്കെയല്ലേ സംഭവിക്കൂ? അതിനെ പ്രകൃതി ക്ഷോഭം എന്ന് ഒറ്റവാക്കിൽ എഴുതിക്കൂട്ടാമോ? ചെന്നൈയുടെ കാര്യത്തിൽ സംഭവിച്ചതെന്താണ്? നഗരമദ്ധ്യത്തിൽ നിന്നും വെള്ളമൊഴുകിപ്പോവാനുള്ള പ്രധാന ചാലുകളായ കൂവം നദി, അടയാർ, ബക്കിംഹാം കനാൽ എന്നിവ നിറച്ച് വീടും മറ്റു കെട്ടിടങ്ങളും പണിഞ്ഞു വെച്ചാൽ, കെട്ടിടത്തിനകത്തൂടെ പോകാനല്ലേ പാവം വെള്ളത്തിന് കഴിയൂ? റിയൽ എേസ്റ്ററ്റ് ബിസിനസ് പോലെ പ്രകൃതിയെ ‘സക്വയർ ഫീറ്റ്’ കണക്കാക്കി തൂക്കി വിൽക്കുന്ന ഓരോരുത്തരും ഓർക്കണം പണി പുറകേ വരുന്നുണ്ടെന്ന്!
പ്രകൃതി താണ്ധവമടങ്ങിയ ഈ വേളയിൽ സർക്കാരിന്റെയും, സന്നദ്ധ സംഘടനകളുടെയും പ്രധാന വെല്ലുവിളി പുനരധിവാസമാണ്. ജീവിതം ആദ്യം മുതൽ ‘ഒന്നേന്ന്’ തുടങ്ങണ്ട ഒന്നരലക്ഷത്തിലേറെ മനുഷ്യജീവനുകളുടെ ഉത്തരവാദിത്വം ചെറുതല്ല. അടിസ്ഥാന സൗകര്യങ്ങൾ മൊത്തത്തിൽ താറുമാറായിട്ടുണ്ട്. റോഡുകൾ, വൈദ്യുതി ബന്ധം, വഴി വിളക്കുകൾ, ടെലിഫോൺ, ആശുപത്രികൾ, എന്ന് വേണ്ട, അക്കാൾ കൈവെച്ചുടയ്ക്കാത്തതായി ഒന്നും തന്നെ ബാക്കിയില്ല.
ഇങ്ങനെ ഒക്കെ ആയാലും, ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവയുൾപ്പടെ വിലപിടിച്ചതെല്ലാം നഷ്ടപ്പെട്ട് കഴുത്തറ്റം വെള്ളത്തിൽ നിന്ന് കൊണ്ട് തമിഴ് ജനത നമ്മളെ പഠിപ്പിച്ച കുറെ പാഠങ്ങളുണ്ട്. ശ്വാസകോശത്തിൽ വെള്ളം കേറി മുങ്ങിമരിക്കാൻ പോകുന്ന ജീവന് ജാതിയും മതവുമില്ലെന്ന ഏറ്റവും വലിയ പാഠം. നനയാതെ കാല് നീട്ടിയിരിക്കാനുള്ള ഒരു സ്ഥലത്തിനോ, ഊതിക്കുടിക്കാൻ കിട്ടുന്ന ഒരു കട്ടൻ കാപ്പിക്കോ, പുതയ്ക്കാൻ കിട്ടുന്ന നനയാത്ത ഒരു പുതപ്പിനോ ഇല്ലാത്ത പ്രാധാന്യം അന്പലങ്ങൾക്കോ, പള്ളികൾക്കോ ഇല്ലെന്നുള്ള പാഠം. സർവ്വ സംഹാരിയായി പാഞ്ഞടുക്കുന്ന പ്രകൃതിക്ക് പണ്ധിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലെന്ന പാഠം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ തിരിച്ചറിവില്ലെന്ന പാഠം. ഹിന്ദുവെന്നോ, മുസ്ലീമെന്നോ, ക്രിസ്ത്യനിന്നോ വേർതിരിവില്ലെന്ന പാഠം. പണക്കൊതിയുടെ പേരിൽ വെള്ളം മണ്ണിട്ട് നികത്തി കെട്ടിടം വെച്ചാൽ പ്രകൃതി പ്രളയമായി തിരികെയെത്തി പണിഞ്ഞ് വെച്ചതിനെ തിരിച്ചു നികത്തുമെന്ന പാഠം.
കരയുന്ന തമിൾമക്കളുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങിയ എല്ലാ വലിയ മനുസ്സുകൾക്കും ആയിരം പ്രണാമങ്ങൾ, എത്രയും പെട്ടെന്ന് ആ നഗരവും നഗരവാസികളും സാധാരണ നിലയിലേയ്ക്കെത്തെട്ടെയെന്ന് നമുക്കും പ്രത്യാശിക്കാം, അതോടൊപ്പം സഖാവ് പ്രകൃതി ഇതുപോലുള്ള സോഷ്യലിസം നടപ്പാക്കാനിടയാക്കുന്ന രീതിയിലുള്ള നിർമ്മാണ സംരംഭങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം.