ഒന്നേയുള്ളെങ്കിൽ ഒലക്കകൊണ്ടടിക്കണം!


ഞങ്ങടെ ഒരു ഫാമിലി ഫ്രണ്ട് കുറച്ചു വർഷം മുൻപേ അമേരിക്കയിലേക്ക് മൈഗ്രേറ്റ് ചെയ്തിരുന്നു. അന്ന് അവർക്ക് ഒരു 4 വയസ്സുക്കാരി മകൾ ഉണ്ടായിരുന്നു. വീട്ടിൽ‍ സ്ഥിരസാന്നിദ്ധ്യമായിരുന്ന ആ ചിടുങ്ങ്‌ ഞങ്ങളുടെ എല്ലാം ലാളന ധാരാളം അനുഭവിച്ചിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ അവൾ‍ ഞങ്ങടെ വീട്ടിലെ ‘പെറ്റ്’ ആയിരുന്നു. 

അങ്ങനെയിരിക്കെ ഈയിടെ അവർ  ബഹ്റിനിലെ സുഹൃത്തുക്കളെ ഒക്കെ ചുമ്മാ ഒന്ന് സന്ദർശിക്കാൻ വരികയുണ്ടായി. അവരുടെ മകൾക്ക് ഇപ്പൊ എട്ട് വയസ്സ് കാണും. ആ കുട്ടി ഞങ്ങടെ കുട്ടികളോടൊപ്പം വന്നയുടനെ തന്നെ ചങ്ങാത്തമായി, ബഹളമായി, കളികളായി. പതിവ് പോലെ പിള്ളേർ കുറച്ചു കഴിഞ്ഞപ്പോ അതും ഇതും പറഞ്ഞു ഉടക്കായി. ഫാമിലി ഫ്രണ്ട് ഇടപെട്ടു സ്വന്തം മകളെ ശാസിച്ചു “മോളെ മര്യാദക്ക് അടങ്ങി ഒതുങ്ങി ഇരുന്നിലെങ്കിൽ‍ അമ്മ വടി എടുക്കും.” ഉടനെ തന്നെ അമേരിക്കൻ സ്ലാങ്ങുള്ള ഇംഗ്ലീഷിൽ കുട്ടി മറുപടി പറഞ്ഞു, “If you dare, I will tell my teacher” മല പോലെ എഴുന്നെള്ളി ചെന്ന അമ്മ “മോളെ amma was just joking” എന്ന് പറഞ്ഞു എലി പോലെ തിരിച്ചു വരണ കണ്ടപ്പോൾ‍ നമുക്ക് ഗുട്ടൻസ് പിടി കിട്ടീല്ല!. സംഭവം എന്താന്ന് വെച്ചാൽ അവിടെ അങ്ങ് അമേരിക്കയിൽ സ്വന്തം പിള്ളേരെപ്പോലും ചീത്തപറയാനോ തല്ലാനോ ഉള്ള അധികാരമോ അവകാശമോ ഇല്ലാത്രേ! അഥവാ കുട്ടികളെ നമ്മൾ ശിക്ഷിച്ചെന്നറിഞ്ഞാൽ‍ നല്ല എമണ്ടൻ ഫൈനോടൊപ്പം ജയിൽ ശിക്ഷയും ഉറപ്പാണ്. കുട്ടികൾക്ക് സ്കൂളിൽ നിന്ന് കർശ്ശനമായ നിർദ്ദേശം കൊടുത്തിട്ടുണ്ടത്രേ, അതായത് മാതാപിതാക്കൾ ആരെങ്കിലും കുട്ടിയെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചാൽ ക്ലാസ്സ് ടീച്ചറെ അറിയിക്കണം. ടീച്ചർ അത് ബന്ധപ്പെട്ട സർ‍ക്കാർ‍ കാര്യാലയങ്ങളിൽ‍ അറിയിക്കും, കുഞ്ഞിന്റെ ‘സുരക്ഷിതത്വം’ പിന്നീട് അവരുടെ ഉത്തരവാദിത്വം ആണു പോലും!  നോക്കണേ, എന്തൂട്ട് പുകിലാണെന്ന്!

ഒരു ബിരുദാനന്തര ബിരുദമുള്ള, അധികമില്ലെങ്കിലും ശരാശരി ലോകപരിചയമുള്ള, എന്നാൽ‍ ഉള്ളിന്റെ ഉള്ളിൽ‍  ഇന്നും തനി ചാലക്കുടിക്കാരിയായ ഞാൻ‍ ആ ബോധത്തോടെ തന്നെ ചിന്തിച്ചു പോവുകയാണ്  ‘കുട്ടികൾക്ക് തെറ്റ് തിരുത്താൻ അത്യാവശത്തിന് ശിക്ഷ ഒക്കെ വേണ്ടെയെന്ന്‌? വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. കാരണം ചില കാര്യങ്ങളിൽ‍ അനുസരണക്കേട് കാട്ടുന്പോൾ‍, പ്രത്യേകിച്ച്, തുടർ‍ച്ചയായി അനുസരണക്കേട് കാട്ടുന്ന അവസരത്തിൽ‍ ചെറിയ ഒരു അടി (അല്ലെങ്കിൽ‍ ഒരു ശിക്ഷ) കിട്ടിയാൽ മാത്രമേ ആ തെറ്റിന്റെ ഗൗരവം കുട്ടികൾക്ക് മനസിലാവുള്ളൂ. വേറൊരനുഭവം പറയട്ടെ, നമ്മുടെ മറ്റൊരു സുഹൃത്തിന് കുസൃതി കുത്തക ആക്കിയ ഒരു മകനുണ്ട്. പലപ്പോഴും അവരുടെ വീട്ടിൽ ചെല്ലുന്പോഴൊക്കെ ഓരോരോ പുതിയ കുസൃതി പരീഷണങ്ങൾ ഞങ്ങളടെ മുന്‍പിൽ‍ അവൻ അവതരിപ്പിക്കാറുണ്ട്, തെറ്റ് പറയരുതല്ലോ  ക്ടാവ് ഒരു ഒന്നൊന്തര മൊതലാണ്! പലപ്പോഴും അവന്റെ കുറുന്പ് സ്‌ഫോടനങ്ങൾ  സൗരയൂഥ സീമകൾ‍ കടന്നുപോകുന്നുണ്ടോയെന്ന് എനിക്ക്  തോന്നാറുണ്ട്. ഉദാഹരണം പറഞ്ഞാൽ‍ ‘തിളക്കം’ സിനിമയിൽ ദിലീപ് കാണിക്കുന്ന പോലെ മുണ്ട് വലിച്ചു ഓടുന്ന കളി അവന്റെ ചെറിയ ഒരു സാന്പിൾ‍ വെടിക്കെട്ടു മാത്രമാണ്! എന്റെ സുഹൃത്ത് പുത്രസ്നേഹാധിക്യത്താലും പിന്നെ ക്ഷമയുടെ ‘സഞ്ചരിക്കുന്ന രൂപമായിരുന്നതിനാലും’ വാത്സല്യത്തോടെ അവനെ ശാസിച്ചു, “മോനെ അരുത്, തെറ്റല്ലേ ഈ കാട്ട്ണത്, മേലിൽ‍ ഇങ്ങനെ ചെയ്യാൻ പാടില്ലാ...ട്ടോ!” എന്നെല്ലാം പറഞ്ഞ് അവനെ തിരുത്താൻ പഠിച്ച പണി പതിനെട്ടും നോക്കി. എവിടെ?.. അവന്‍ നാൾ‍ക്കുനാൾ‍ ‘പണ്ടത്തേതിന്റെ പിന്നത്തേതായി’ മാറിക്കൊണ്ടിരുന്നതല്ലാതെ വിശേഷമൊന്നുമുണ്ടായില്ല. ഒരു ദിവസം ഞങ്ങൾ അവരുടെ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ക്ടാവ്  “സാറെ സാറെ സാന്പാറേ” പാട്ട് പാടിക്കൊണ്ട് ഊരിയെടുത്തോണ്ട് ഓടിയത് അവന്റെ അപ്പന്റെ തന്നെ മുണ്ട് ആയിരുന്നു! ദിഗംബരനായി അവന്റെ പിന്നാലെ പാഞ്ഞ് മുറിയിൽ‍ കയറി കതകടച്ച നമ്മുടെ സുഹൃത്ത്  ‘അടി’ കൊടുക്കേണ്ട സമയത്ത് അടി കൊടുത്തിരിക്കണമെന്ന പാഠം പഠിച്ചത് വളരെ പെട്ടെന്നായിരുന്നു. ‘പടപടേ’ന്നുള്ള അടിയുടെ ശബ്ദവും, ചെക്കന്റെ നിലവിളിയും അകത്തൂന്ന് കേട്ടപ്പോൾ‍ ഞങ്ങൾ‍ക്ക് ഒരു കാര്യം ഉറപ്പുണ്ടാർ‍ന്നു, അടഞ്ഞ കതകിനു പിന്നിൽ‍ അപ്പൻ  മാത്രമല്ല അന്നൊരു പാഠം പഠിച്ചതെന്ന്! മുണ്ട് പറിച്ചാൽ‍ അടി കിട്ടുമെന്നുള്ള ആയുഷ്കാലപാഠം അന്ന് ആ മകനും പഠിച്ചിരുന്നു തീർച്ച.

ചില കാര്യങ്ങൾ അങ്ങനാ. എത്ര പറഞ്ഞു കൊടുത്താലും പിള്ളേരുടെ തലയിൽ കേറൂല. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവർ കുഞ്ഞുങ്ങളാണ്. കാണുകയും കേൾ‍ക്കുകയും ചെയ്യുന്ന എന്തും മനസ്സിൽ‍ പതിയുന്ന  വിധത്തിലാണ് പടച്ച തന്പുരാൻ  അവരെ ‘പ്രോഗ്രാം’ ചെയ്ത് വിട്ടിരിക്കുന്നത്. ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാനുള്ള വിവേചനബുദ്ധി വരുന്ന പ്രായം വരെ ‘ശരി’ പറഞ്ഞു കൊടുക്കുകയെന്നത് നമ്മൾ‍ മുതിർ‍ന്നവരുടെ കടമയാണ്. അതിന് തിരഞ്ഞെടുക്കുന്ന ശിക്ഷണ മാർഗ്ഗം എന്തായാലും അത് ലക്ഷ്യത്തെ സാധൂകരിക്കുമെന്നേ ഞാൻ പറയൂ. എന്റെ ചാലക്കുടിയിലേ ഓരോ വീട്ടിലേ കുഞ്ഞുങ്ങളും “കത്തി ചൂടാക്കി വെക്കമെന്നുള്ള” ഭീഷണി കേട്ടിട്ടുള്ളതല്ലാതെ ഇന്നും ഒരു കുഞ്ഞിനും പൊള്ളീട്ടില്ല! ‘അടിച്ച് തുടയിലെ തൊലിയേടുക്കുമെന്ന്’ കേട്ടിട്ടുള്ളതല്ലാതെ ഒരു കുഞ്ഞിന്റെ തൊലിയും പോയതായി ചരിത്രമിതുവരെ ഇല്ല! പക്ഷേ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ഈ ഭീഷണികൾ‍ക്കുള്ളിൽ‍ പൊതിഞ്ഞിരിക്കുന്ന നന്മയുടെ പല പാഠങ്ങളുണ്ടായിരുന്നു! 

‘എന്റച്ചു’ കുറുന്പ് കാട്ടിയാൽ‍ ഒരടി കൊടുത്ത് ഞാൻ നന്നാക്കാൻ ശ്രമിക്കുന്പോൾ‍ അവൾ‍ എനിക്കെതിരെ കേസുകൊടുക്കുന്ന സംസ്കാരത്തേക്കാൾ‍ എനിക്കിഷ്ടം നമ്മുടെ നാട്ടിൻ‍പുറത്തെ നന്മകളാണ്! അടി കൊണ്ട് കരഞ്ഞ് കുറേ നേരം പിണങ്ങിയിരുന്നതിന് ശേഷം അമ്മേ സോറിയെന്നുറക്കെ കരഞ്ഞ് കൊണ്ട്  നെഞ്ചിലേയ്ക്ക്് വീഴുന്ന കുഞ്ഞിനെ അടക്കിപ്പിടിക്കുന്പോൾ‍ അവിടെ ഊട്ടിയുറയ്ക്കപ്പെടുന്ന അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹ വാത്സല്യ ബന്ധങ്ങൾ‍ അമേരിക്കൻ ‘ടിൻഫുഡ് സംസ്കാരത്തിനുണ്ടാകുമോ ആവോ? ആ? എനിക്കറിയില്ല!

You might also like

Most Viewed