തെറിയ്ക്കുത്തരം മുറിപ്പത്തൽ!!


ഈയിടെ ഒരു കുടുംബ സംഗമത്തിൽ‍ പങ്കെടുത്തപ്പോൾ വിത്യസ്തമായൊരു അനുഭവമുണ്ടായി. എല്ലാ സുഹൃത്തുക്കളുടെ കുട്ടികളും അവരുടെ കലാഭിരുചികളായ പാട്ടും ഡാൻസുമൊക്കെ അവതരിപ്പിക്കുന്നതിനിടയിൽ ഒരു സുഹൃത്തിന്റെ 6 വയസ്സുള്ള മകൾ‍ വേദിയിലേയ്ക്ക് കയറി വളരെ ലാഘവത്തോടെ കരാട്ടെയിലെ ‘കസർത്തുകൾ’ കാണിക്കാൻ തുടങ്ങി. അതു കണ്ടപ്പോൾ‍ തോന്നിയ അത്ഭുതം തെല്ലൊന്നുമല്ല. 5 വയസ്സ് മുതൽ‍ ഈ കുട്ടി കരാട്ടെ അഭ്യസിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ‍ വല്ലാതെ കൗതുകം തോന്നിപ്പോയി. ചോദിച്ചപ്പോൾ‍ ആ സുഹൃത്ത് വിശദീകരിച്ചു. ‘അല്ലെങ്കിലും ഇപ്പഴത്തെ കാലത്ത് പെൺകുട്ടികൾ പഠിച്ചിരിക്കേണ്ടത് ഡാൻസും പാട്ടും ഒന്നുമല്ല, മറിച്ച് കരാട്ടെയോ കളരിയോ ഒക്കെയാണ്. മറ്റു കലാരൂപങ്ങളൊക്കെ േസ്റ്റജിൽ അവതരിപ്പിക്കാൻ കൊള്ളാം പക്ഷെ ഒരാൾ ആക്രമിക്കാൻ വന്നാൽ അവന്റെ മുന്നിൽ എന്റെ മോൾ ഡാൻസും പാട്ടും അവതരിപ്പിച്ച് രക്ഷപ്പെടും എന്നെനിക്ക് വിശ്വാസമില്ല’. ആൾ തുടർന്നു − ‘എനിക്കും മിസ്സിസിനും പ്രായമേറി വരികയാണ്. ഞങ്ങൾ‍ക്ക് രണ്ടു പെൺമക്കളാണ്, കുട്ടികൾ വലുതാവുന്പോൾ എപ്പോഴും, എല്ലയിടത്തിലും അവരുടെ കൂടെ പോകുവാൻ കഴിഞ്ഞെന്ന് വരില്ല. ഇതൊക്കെ പഠിപ്പിച്ചിരുന്നാൽ കുറഞ്ഞ പക്ഷം മനസ്സിന് ഒരു ധൈര്യമാണ്. അവർക്ക് ആത്മരക്ഷയുടെ കാര്യത്തിലെങ്കിലും സ്വയംപര്യാപ്തതയുണ്ടന്ന മനസമാധാനവുമുണ്ടാവും!’

സംഗതി ശരിയാണെന്ന് മാത്രമല്ല, അത്യന്താപേക്ഷിമായി നമ്മൾ‍ ചിന്തിക്കണ്ട പ്രായോഗികമായ കാര്യമാണ്. പറയുന്പോ നമ്മുടെ നാട്ടിൽ‍ സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷിതത്വവും ഉറപ്പു വരുത്താൻ ഒരുപാട് ആൾ‍ക്കാരും അതിലേറെ നിയമങ്ങളും ഉണ്ട്. നമുക്ക് 33% സംവരണമുണ്ട്, ചൂഷണത്തിനും അക്രമങ്ങൾ‍ക്കുമെതിരെയും ശക്തമായ നിയമ വകുപ്പുകൾ ഉണ്ട്, ഗാർ‍ഹികപീഡന നിയമമുണ്ട്, നിർ‍ഭയ ഫൗണ്ടേഷൻ പോലുള്ള സംഘടനകളുമുണ്ട്, പക്ഷെ ഇതൊക്കെ ഉണ്ടായിട്ടും പെൺ‍കുട്ടികൾ പൊതു സ്ഥലത്ത് പോലും സുരക്ഷിതരാണോ? അല്ല. ചെറിയ ഒരു ഉദാഹരണം പറയാം. കഴിഞ്ഞ വർഷം ‘ബിന്ദാസ്’ എന്ന സംഘടന നമ്മുടെ രാജ്യത്തിന്റെ പല സംസ്ഥാന തലസ്ഥാന നഗരങ്ങളിൽ‍ (തിരുവനന്തപുരമുൾ‍പ്പടെ) നടത്തിയ ഒരു പഠനം ഞെട്ടിപ്പിക്കുന്നാതായിരുന്നു. അവർ ചെയ്തത് ഇതാണ്, ഒരു പൊതുസ്ഥലത്ത് ഒളിക്ക്യാമറയുടെ മുന്‍പിൽ‍ ഒരു പെൺ‍കുട്ടിയെ പരസ്യമായി മൂന്നാല് പേർ കടന്നാക്രമിക്കുന്നതായി വളരെ തന്മയത്വോടെ അഭിനയിക്കുന്നു. ഇത് കാണുന്ന പൊതുജനം ഏത് രീതിയിൽ‍ പ്രതികരിക്കും എന്നതായിരുന്നു അവരുടെ പഠന വിഷയം, പക്ഷെ സങ്കടകരം എന്ന് പറയട്ടെ, ആരും തന്നെ പ്രതികരിച്ചില്ലെന്ന് മാത്രമല്ല, കൂടുതൽ ആളുകളും വെറും കാഴ്ചക്കാരായി നോക്കി നിന്നതേയുള്ളു! ചിലർ ഒരു പീഡന രംഗം ചൂടോടെ ഫോണിൽ റെക്കോർഡ്‌ ചെയ്യാൻ കിട്ടിയ അവസരം ആസ്വദിക്കുന്നുണ്ടായിരുന്നു!! അൽപ്പമെങ്കിലും പ്രതികരിച്ചത് വിരലിൽ എണ്ണാവുന്ന കുറച്ചു സ്ത്രീകൾ‍ മാത്രമായിരുന്നു! ദില്ലിയിൽ‍ ഈ ‘അഭിനയം’ നടന്നത് ഏകദേശം 750− ലേറെ ആൾ‍ക്കാരുടെ മുന്‍പിലായിരുന്നു, എന്നിട്ടും പ്രതികരിച്ചത് വെറും 15 പേർ മാത്രം! 

നമ്മുടെ കുട്ടികൾ‍ ഒട്ടും സുരക്ഷിതരല്ല. നിർ‍ബന്ധമായും അവർ അത്യാവശ്യം സ്വയരക്ഷാ മാർഗ്ഗങ്ങൾ‍ അറിഞ്ഞിരിക്കുകയെന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കരാട്ടയും, ജൂഡോയും ഒരു Structured Syllabus ആയി സ്കൂളുകളിൽ‍ പഠനത്തിന്റെ ഭാഗമാക്കേണ്ടതായുണ്ട്. അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികളുടെ പൊതുവിജ്ഞാനവും, 12−ൽ‍ പഠിക്കുന്ന കുട്ടിയുടെ വിജ്ഞാനവും തമ്മിൽ‍ വ്യത്യാസമില്ലേ? അതുപോലെ കരാട്ടയും മറ്റും സിലബസിന്റെ ഭാഗമായാൽ‍ 12ൽ‍ പഠിക്കുന്ന ഒരു പെൺ‍കുട്ടിക്ക് അവളുടെ പ്രായത്തിനും വിദ്യാഭ്യാസത്തിനും അനുപാതികമായി Martial Arts ൽ‍ അറിവുണ്ടായാൽ, അത് മറ്റുള്ളവർക്ക് ഊഹിക്കാൻ കഴിഞ്ഞാൽ, പിന്നെ അവളെ ‘തോണ്ടാനായ്’ നീളുന്ന വിരലുകൾ‍ ഒന്ന് മടിക്കില്ലേ? അടി പാഴ്സലായ് ‘പടപടാ’ കിട്ടുമെന്ന ബോധമുണ്ടെകിൽ‍ ഒരു മാതിരി ‘ചേട്ടന്മാരൊക്കെ’ അത്യാവശ്യം സ്വഭാവശുദ്ധി ജീവിതത്തിൽ വരുത്തി, ഡിസെന്റ് ആവൂല്ലേ? നിവൃത്തികേടുകൊണ്ടാണങ്കിൽ‍ പോലും!

‘നിർഭയയമാരും സൗമ്യമാരും’ മനസ്സിന്റെ തീരാനോവായി നിൽ‍ക്കുന്പോൾ‍, ഇന്നും കാണുന്നത് വർദ്ധിച്ചു വരുന്ന അക്രമങ്ങളും അതാഘോഷിക്കുന്ന മീഡിയകളുമാണ്. നിയമം ശക്തമായി നടപ്പിലാകാത്ത നമ്മുടെ നാട്ടിൽ‍, നിയമപാലകരും ജുഡീഷ്യറിയും നീതി നടത്താത്ത നമ്മുടെ നാട്ടിൽ‍, കച്ചവട കണ്ണോടെ മാത്രം നമ്മുടെ കുഞ്ഞുങ്ങളുടെ ശരീരങ്ങളെ നോക്കിക്കാണുന്ന കാമവെറിയന്മാരുടെ നാട്ടിൽ‍, ഗോവിന്ദചാമിമാർക്ക് മട്ടൻ ബിരിയാണി വിളന്പി തീറ്റി പോറ്റുന്ന നമ്മുടെ നാട്ടിൽ‍... നമ്മുടെ കുഞ്ഞുങ്ങൾ‍ക്കായി നമുക്ക് ചെയ്യാൻ ഒന്നേയുള്ളൂ! അവരെ സ്വയം രക്ഷാമാർഗ്‍ഗങ്ങൾ‍ പഠിപ്പിക്കുക, എന്നിട്ട് കാതിൽ‍ പറഞ്ഞു കൊടുക്കുക “ദെ വെല്ലോനും ഞോണ്ടാൻ വന്നാലുണ്ടല്ലോ, മക്കൾ കണ്ണടിച്ച് പൊട്ടിച്ചോളൂ ട്ടോ”!!

You might also like

Most Viewed