ചെറിയ ചെറിയ വലിയ കാര്യങ്ങൾ


സത്യം പറഞ്ഞാൽ‍ നമ്മൾ‍ പ്രവാസികളുടെ ജീവിതത്തിന്റെ ‘ഛായ’ ഏതാണ്ടൊരുപോലെയല്ലേ? ഗൾ‍ഫിൽ‍ വന്ന് ആത്മാർ‍ത്ഥമായി ജോലി ചെയ്യും, വീട്ടിലെ ആവശ്യങ്ങൾ ഉണ്ടേൽ അത് നടപ്പിലാക്കാൻ കുറെ കാലം, സഹോദരങ്ങളെ ഒരു നിലയിൽ എത്തിക്കാൻ പിന്നേം കുറെ കാലം, അവസാനം വീട്ടുക്കാരുടെ ആവശ്യങ്ങൾ കഴിഞ്ഞ് ഒരു രണ്ട് മൂന്ന് വർ‍ഷം കഴിയുന്പോൾ‍ സ്വന്തം വിവാഹം, പിന്നെ കുട്ടി(കൾ‍), അവരുടെ പഠിത്തം, ഇടയ്ക്ക് വരുന്ന ജോലിസംബന്ധമായ അനിശ്ചിതത്വങ്ങൾ‍, ചിലപ്പോൾ‍ ഒരു ജോലി മാറ്റം, അതിന്റേതായുള്ള ‘റിസ്ക്കുകൾ‍’, ആണ്ടിലൊരിക്കൽ‍ (ചിലപ്പോൾ‍ രണ്ടു വർ‍ഷത്തിലൊരിക്കൽ‍) നിഡോ പാൽപ്പൊടിയും, ടൈഗർ ‍ബാമും, ടാങ്കും നിറച്ച പെട്ടികൾ‍ തൂക്കി ജാടയൊട്ടും കുറയ്ക്കാതൊരു അവധിക്കാലത്തിൽ നാട്ടിലേയ്ക്ക്, വയസ്സ് നാൽപതിനോട് അടുക്കുന്പോൾ‍‍ ലോണെടുത്തൊരു വീട് വെയ്പ്പ്, പിന്നെ അതിന്റെ മാസത്തവണകളടയ്ക്കാനുള്ള നെട്ടോട്ടം, കുട്ടി പന്ത്രണ്ടാം ക്ലാസ്സ് കഴിയുന്പോൾ‍ നാട്ടിൽ‍ അഡ്മിഷനുള്ള ഓട്ടം, (അപ്പോഴേയ്ക്കും ഗൾഫുക്കാരൻ  ചേട്ടന്‍ പ്രഷറിന്റെയും ഷുഗറിന്റെയും മരുന്നുകൾ‍ മുടങ്ങാതെ കഴിക്കുന്നുണ്ടാവും!) അഡ്മിഷൻ കഴിയുന്പോൾ‍ നാലഞ്ച് വർ‍ഷം ‘ദാ’ ന്നങ്ങ് പോയിക്കിട്ടും, അപ്പോഴേയ്ക്കും പഠിക്കാൻ പോയ ചെക്കൻ‍ ‘മീശ വെച്ചും’ പെൺ‍കൊച്ച് ‘പുര നിറഞ്ഞ’ പ്രായത്തിലും ആയിട്ടുണ്ടാവും. പിന്നെ അവരുടെ ജോലി, അതോടൊപ്പം ഒത്താൽ‍ കല്യാണം കൂടി നടത്തിക്കിട്ടിയാൽ‍ ഹാവൂ രക്ഷപ്പെട്ടു! എല്ലാ ഓട്ടവും കഴിഞ്ഞ് പ്രവാസ ജീവിതം മതിയാക്കി, നാട്ടിലെത്തി ലോണെടുത്ത് വെച്ച ആ വീടുണ്ടല്ലൊ? അതിന്റെ ഏതെങ്കിലുമൊരു മൂലയ്ക്കിരുന്ന് ഭംഗിയായി ചുമയ്ക്കാം, ചുമച്ചുകൊണ്ടേയിരിയ്ക്കാം! നാടു വിട്ട് ഏറെക്കാലം നിന്നതിനാൽ‍ ഈ ചേട്ടൻ നാട്ടിലും പ്രവാസിയാണ്. അന്നും തീരാത്ത പ്രവാസം! “സഫരോംകി സിന്ദഗി ജൊ കഭി നഹി ഖദം ഹോജാത്തിഹെ!”

പലരെയും നിരീക്ഷിച്ചതിൽ‍ നിന്ന് മനസ്സിലാക്കിയതാണ് പ്രവാസികളുടെ ജീവിത ഛായയിലുള്ള ഈ സമാനത. അതിൽ‍ അസ്വാഭാവികത ഒന്നുമില്ല, എല്ലാവരും ജീവിതത്തിൽ‍ കടന്നു പോകേണ്ട സാഹചര്യങ്ങളിലൂടെ സ്വാഭാവികമായി അതാത് പ്രായങ്ങളിൽ‍ കടന്നു പോകുന്നു, അത്രതന്നെ. പക്ഷേ അതോടൊ
പ്പം തന്നെ കഷ്ടപ്പാട് നിറഞ്ഞ ജീവിതങ്ങളിലേയ്ക്ക് ഇറങ്ങി ചെന്ന് സമൂഹ നന്മ ചെയ്യുന്ന നല്ലവരായ പ്രവാസികളും ധാരാളമുണ്ട്. അവർ അവരുടെ വ്യത്യസ്ഥ പ്രവർ
ത്തനങ്ങളിലൂടെ തങ്ങളുടെ ജീവിതങ്ങളെ കൂടുതൽ‍ അർ‍ത്ഥവത്താക്കുന്നു.

കഴിഞ്ഞാഴ്ച ഉണ്ടായ ഒരു അനുഭവം പറയട്ടെ. സഹോദരനും അമ്മച്ചിയും അവധിക്ക് നാട്ടിലേയ്ക്ക് പോകാൻ പതിവ് പോലെ നിഡോയും, ടാങ്കും, ടൈഗർ‍ബാമും പായ്ക്ക് ചെയ്യുന്നതിനിടെ ‘ഹബ്ബി’യുടെ ഫോണിൽ‍ ഒരു സുഹൃത്തിന്റെ അന്വേഷണം “ലഗേജ്ജ് അധികമില്ലെങ്കിൽ‍ ഒരു ര‍ണ്ട് കിലോ സാധനം നാട്ടിൽ കൊണ്ടു പോയാൽ‍ ഉപകാരമായിരുന്നു”. നാട്ടിൽ‍ പോകുന്പോഴും തിരിച്ചു വരുന്പോഴും പലരിൽ നിന്ന് ഇതു പോലുള്ള ‘ചെറിയ ആവശ്യങ്ങൾ’  ഒരു ശീലമായതിനാൽ‍ ആ ചോദ്യത്തിൽ പ്രത്യേകതകളൊന്നും തോന്നിയില്ല. പക്ഷേ ആ പായ്ക്കിലെന്താണന്നറിഞ്ഞപ്പോൾ‍ മനസ്സുകൊണ്ട് ആ വ്യക്തിയെ നമിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആ സുഹൃത്ത്  ബഹ്‌റിൻ നിവാസികളുടെ ഒരു കൊച്ചു കൂട്ടായ്മയായ ‘വെൽ‍ വിഷേഷ്സ് ചാരിറ്റി’ എന്ന സംഘടനയിലൊരംഗമാണ്. അവരുടെ പ്രവർത്തനങ്ങൾ എന്താന്ന് വെച്ചാൽ ഇവർക്ക് പരിചയം ഉള്ളവരുടെയും ഇല്ലാത്തവരുടെയും കുട്ടികൾക്ക് പാകമാവാത്തതും, ചെറുതായതുമായ, ഉപയോഗിക്കാൻ പറ്റിയ വസ്ത്രങ്ങൾ ശേഖരിച്ച് കഴുകി വൃത്തിയാക്കി, തേച്ച് മടക്കി, ഒരു കിലോ, രണ്ട് കിലോ എന്നിങ്ങനെ കെട്ടുകളിലായി പായ്ക്ക് ചെയ്ത് വെക്കും, എന്നിട്ട് ആരെങ്കിലും നാട്ടിൽ പോകുന്പോൾ അവരുടെ കൈ വശം ഈ തുണികൾ  കൊടുത്തയക്കും. നാട്ടിലെത്തിയാൽ ഈ തുണികൾ ഇവരുമായി ബന്ധപ്പെട്ടവർ‍ കൈപറ്റിക്കോളും. ഈ വസ്ത്രങ്ങളുടെ ഫൈനൽ ഡസ്റ്റിനേഷൻ  നാട്ടിലുള്ള പല അനാഥാലയങ്ങളാണ്. ഈ സംഘടനയിലുള്ളവരാണങ്കിൽ‍ നാട്ടിൽ പോകുന്പോൾ ഡ്യൂട്ടി കൊടുത്തു വരെ ഈ തുണികൾ കൊണ്ടുപോകാറുണ്ടത്രേ! 

പറയുന്പോ എത്ര ലളിതമായ, എന്നാൽ‍ മഹത്തായ ഒരു കാര്യമാണിവർ‍ ചെയ്യുന്നത്? ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ അനാഥാലയങ്ങളിൽ വസ്ത്രങ്ങൾ എത്തിച്ചു കൊടുക്കുന്ന പരിപാടിയിൽ ഒതുങ്ങുന്നില്ല എന്ന് മാത്രമല്ല, നമ്മുടെ നാട്ടിലെ നിർധന കുടുംബങ്ങളിലെ കഴിവുള്ള കുട്ടികളുടെ വിദ്യാഭ്യാസം, കിടപ്പിലായ കുടുംബനാഥന്റെ ചികിത്സാസഹായം, അപ്രതീക്ഷിതമായി കുടുംബ നാഥന്റെ വിയോഗംകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ദിവസേന ഭക്ഷണത്തിനുള്ള ഏർപ്പാട്, വിധവകൾക്ക് സ്വന്തമായി വരുമാന മാർഗ്ഗം കണ്ടെത്തുവാൻ, തയ്യൽ പോലുള്ള കൈതൊഴിൽ തുടങ്ങാനുള്ള പദ്ധതികൾ, കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുക, മയക്ക് മരുന്നിനെതിരെ ബോധവൽകരണ ക്ലാസുകൾ എന്നിങ്ങനെ ഇവരുടെ നാട്ടിലുള്ള പ്രവർത്തനങ്ങൾ നീളുന്നു. ഏറ്റവും ഹൃദ്യമായി തോന്നിയത് ഇവരുടെ പ്രവർത്തനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മത സംഘടനയുടെ ലേബലിൽ അല്ലന്നുള്ളതാണ്. സാമൂഹിക സേവനം എന്ന പേരിൽ പല തട്ടിപ്പുകളും നടക്കുന്നതായി അറിവുള്ളത് കൊണ്ട് തന്നെ 30 പേരടങ്ങുന്ന ഈ സംഘടനയിലെ, ഇവരുടെ പരിചയത്തിലുള്ള വിശ്വാസ യോഗ്യമായ കേസുകൾ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. മാസത്തിൽ രണ്ട് തവണ ഒത്തു കൂടുന്ന ഇവർ,  നേരിലറിയുന്ന വ്യാജമല്ലാത്ത  സഹായ യോഗ്യമായ കേസുകൾ ചർച്ച ചെയ്ത് തിരുമാനിക്കും. സാന്പത്തിക ബുദ്ധിമുട്ടുള്ള ഒരാളെ ജീവിതകാലം മുഴുവൻ ചിലവിന് കൊടുക്കാതെ 6 മാസത്തിനുള്ളിൽ അവരെ സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള മാർഗ്ഗം കണ്ടെത്തി കൊടുക്കുക എന്നതാണ് ഇവരുടെ മുഖ്യ അജണ്ട. മാത്രമല്ല നാട്ടിൽ പോകുന്ന ഇവരുടെ മെന്പേഴ്സ് ഇവർ സഹായിക്കുന്ന വ്യക്തികളെ സന്ദർ‍ശിച്ച് അവരുടെ ക്ഷേമം ഉറപ്പു വരുത്താറുമുണ്ട്. കൂടുതൽ അറിഞ്ഞപ്പോൾ അവർ‍ക്ക് മനസ്സുകൊണ്ട് നന്മകൾ‍ നേരാതിരിക്കാൻ കഴിഞ്ഞില്ല!

കേവലമൊരു ശരാശരി പ്രവാസ ജീവിതത്തിനിടയിൽ‍, സ്വന്തം കാര്യം മാത്രം നോക്കാതെ,  ഒഴിവു സമയങ്ങൾ‍ ഇതു പോലുള്ള കാരുണ്യപ്രവൃത്തികൾ‍ക്കായി മാറ്റി വെക്കാൻ നമ്മളിൽ എത്ര പേർക്ക് മനസ്സുണ്ടാവും? നന്മയും സ്നേഹവും ദൈവമാണെങ്കിൽ‍, ആ ദൈവമിരിക്കുന്നത് ദേവാലയങ്ങളിലല്ല,  മറിച്ചു, ലോകത്തിലെവിടെയോ ഒരുപക്ഷേ  ഒരിക്കലും കാണാനിടയില്ലാത്ത ഏതോ അനാഥ കുട്ടിയുടുക്കാൻ വസ്ത്രങ്ങൾ‍ തിരയുന്ന, അതെത്തിച്ചുകൊടുക്കുന്ന ഇവരെപ്പോലുള്ളവരുടെ കരങ്ങളിലാണ്, മനസ്സുകളിലാണ്! ആ ദൈവത്തിന് മനസ്സുകൊണ്ട് ഒരു സ്തുതി! 

 

ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ: www.wellwisherscharity.comൽ ലഭ്യമാണ്.

You might also like

Most Viewed