അറിയാത്ത പിള്ള ചൊറിയുന്പോൾ അറിയും


ആ സ്ത്രീയേ ഞാനറിയും. അറിയുമെന്ന് പറഞ്ഞാൽ‍ വളരെ നന്നായി അറിയും. പറയുന്പോൾ‍ എന്താ? ജോലിയുണ്ട്, കാറുണ്ട്. എപ്പോഴും എന്തേലും വളുവളാന്നു സംസാരിക്കും. ഇനി സങ്കടം പറയുവാണേൽ‍ തുടങ്ങിയാൽ‍ പിന്നെ നിർ‍ത്തുകയുമില്ല! കഴിഞ്ഞാഴ്ച അവര് പുതുതായി പറഞ്ഞ ഒരു സങ്കടം കേട്ട് തരിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ! ജോലിക്ക് പോകുന്നതും, തിരിച്ചു വീട്ടിൽ വരുന്നതും പ്രമാണിച്ച് ഏകദേശം ഒരു രണ്ട് മണിക്കൂറെങ്കിലും ദിവസേന അവർക്ക് ഡ്രൈവ് ചെയാനുണ്ടത്രെ. ചില ദിവസങ്ങളിൽ, സിത്ര ഏരിയ പ്രത്യേകിച്ചും, ‘കട്ട’ ട്രാഫിക്‌ ബ്ലോക്ക്‌ ആയിരിക്കും. വണ്ടി അര മണിക്കൂറിൽ 50 അടി പോലും നീങ്ങാത്തത്ര ബ്ലോക്ക്‌. മുന്പൊക്കെ ഇങ്ങനെ ഇഴഞ്ഞു ഇഴഞ്ഞു വണ്ടി ഓടിക്കേണ്ടി വന്നാൽ ആയമ്മയ്ക്ക് പ്രാന്താവാറുണ്ടായിരുന്നത്രേ!. കാരണം വേറൊന്നുമല്ല, ഉറങ്ങാതെ ഇരിക്കുന്ന ബാക്കി എല്ലാ സമയത്തും മൂപ്പത്തി ഭയങ്കര ബിസിയാണ് പോലും. ഒരു നൂറു കാര്യങ്ങളിൽ ഒരുമിച്ചു തല ഇട്ടില്ലെങ്ങിൽ അവർക്ക് ഒരു ഇരിക്കപൊറുതി കിട്ടില്ലെന്ന്. അങ്ങനെയുള്ള ആ ചേച്ചിക്ക്, രണ്ടു മണിക്കൂർ അടങ്ങി ഒതുങ്ങി ബെൽറ്റ്‌ ഇട്ടു ഒരേ ഇരുപ്പിൽ ഇരിക്കാന്ന് പറഞ്ഞാൽ... ഹോ ഇതിൽ പരം പീഡനം വേറെ ഉണ്ടോ? എന്തിന് പറയുന്നു, ചേച്ചി പറയുവാണ് വണ്ടി ഓടിക്കുന്ന സമയത്ത് ബോർ അടിച്ചും തിരിച്ചടിച്ചും അവര് ഉറങ്ങി പോവുന്നത് സർവ്വ സാധാരണമാണത്രേ!. 

പക്ഷെ ഈ വിരസമായ യാത്രകൾകിടയിൽ ഒരു രക്ഷകനെപ്പോലെയാണ് അവരുടെ ജീവിതത്തിലേയ്ക്ക് ‘സ്മാർട്ട്‌ ഫോൺ‍ എത്തിയത്!. അതിന് ശേഷം ഓൺ‍ലൈൻ ന്യൂസ്‌ വായിക്കാനും, പുതിയ പാട്ടുകളുടെ വീഡിയോ കാണാനും ഒക്കെ അവർക്ക് ഇഷ്ടം പോലെ സമയമുണ്ടായി. പൊതുവെ ചാറ്റ് ചെയാൻ സമയം കിട്ടാത്ത പുള്ളിക്കാരിക്ക് റോഡിൽ‍ റെഡ് സിഗ്നൽ വീഴുന്പോൾ ഫോണിൽ‍ ‘ചാറ്റിങ്ങിന്റെ ഗ്രീൻ സിഗ്നൽ’ വീഴും. എന്തിനും ഏതിനും പോസ്റ്റിടുന്ന യുവതലമുറയ്ക്കൊപ്പം ഫേസ്ബുക്കിൽ സാന്നിദ്ധ്യം അറിയിക്കാനും ഈ ഡ്രൈവിംഗ് സമയം അവർ യഥേഷ്ടം വിനിയോഗിച്ചു. പാചക റെസിപിക്ക് മുതൽ തുണി കച്ചവടത്തിനും വരെ തുടങ്ങി വെച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അവർക്ക് സജീവമാവാൻ കഴിഞ്ഞു. സ്മാർട്ട്‌ ഫോൺ കയ്യിലുണ്ടേൽ ഏത് കനത്ത ട്രാഫിക്‌ ബ്ലോക്കും ആയമ്മയ്ക്ക് വെറും ചീൾ കേസായി മാറിയത്രേ! അങ്ങനെ സ്മാർട്ട്‌ ഫോണുമായുള്ള അവരുടെ പ്രണയബന്ധം തുടങ്ങിയിട്ട് ഏകദേശം മൂന്ന് വർഷമായി. ഈ ഇണപിരിയാത്ത ബന്ധത്തിനിടയിലേയ്ക്കാണ് ഇവിടുത്തെ ട്രാഫിക്‌ ഡയറക്ടറേറ്റ് ഒരു ധൂമകേതു പോലെ എൻട്രി അടിക്കുന്നത്. ആയമ്മ ഗദ്ഗദ്ധ കണ്ഠയായി എന്നോട് പറയുവാ “അറിഞ്ഞില്ലേ, നവംബർ ഒന്ന് മുതൽ വാഹനങ്ങൾ ഓടിക്കുന്പോൾ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുവാണ്. മാത്രമല്ല ഡ്രൈവിംഗിനിടയിൽ ഭക്ഷണ/പാനീയങ്ങൾ‍ കഴിക്കുന്നതും ശിക്ഷാർഹമാണ്”. അത് ഈ പാവം ചേച്ചിയേപ്പോലുള്ളവരുടെ ജീവിതത്തിൽ‍ എന്തൂട്ട് പാരയാണെന്ന് ട്രാഫിക്കിലെ മൊയലാളിമാരുണ്ടോ അറീയണൂ?. വീട്ടിലെ തിരക്കുകൾക്കിടയിൽ ബ്രേക്ക്ഫാസ്റ്റ്ക കഴിക്കാൻ പോലും സമയം കിട്ടാതെ ചുരുട്ടി പിടിച്ച ചപ്പാത്തിയുമായി കാറിലേയ്ക്ക് ചാടി കയറേണ്ട ഒരു വീട്ടമ്മയുടെ അവസ്ഥയെക്കുറിച്ച് ഇവിടുത്തെ ട്രാഫിക്‌ അധിക്കാരിക്കൾക്ക് എന്തറിയാം?. 

അതൊക്കെ പോട്ടെ, ആകെപ്പാടെ ‘ഠ’ പോലുള്ള രാജ്യത്ത് ഓരോ വീട്ടിലും ആളൊന്നിന് ഓരോ വണ്ടിയുമുണ്ട്. ഇവരെല്ലാവരും ഒരുമിച്ചു റോഡിൽ ഇറങ്ങിയാൽ 20 മിന്ട്ട് കൊണ്ട് എത്തേണ്ടിടത്ത് എത്താൻ ഏറ്റവും ചുരുങ്ങിയത് ഒരു മുക്കാൽ മണികൂർ എങ്കിലുമെടുക്കും. അപ്പോഴൊക്കെ സമയം തള്ളിനീക്കാൻ ഈ ചേച്ചിയേപ്പോലുള്ളവർ എന്ത് ചെയ്യണമെന്നുകൂടി നിയമത്തിൽ പറയേണ്ടതായിരുന്നു. ചേച്ചി വിലാപം തുടന്നുകൊണ്ടിരുന്നു “മുന്‍പും വണ്ടിയോടിക്കുന്പോൾ‍ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഉണ്ടായിരുന്നെങ്കിലും ആരും സീരിയസായി എടുത്തിരുന്നില്ല. പക്ഷേങ്കിൽ ഈ പ്രാവശ്യം അധികാരികൾ രണ്ടും കൽപ്പിച്ചാണ് റൂൾ പാസ്സാക്കിയത്. മുക്കിനും മൂലയിലും കാണുന്ന ലാന്പ് പോസ്റ്റ്‌ മുഴുവൻ ഇൻഫ്ര റെഡ് ലേസർ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. നിയമം തെറ്റിച്ചാൽ ഫൈൻ മാത്രമാണെങ്കിൽ പിന്നേം സഹിക്കാമായിരുന്നു ഇതിപ്പോ ഫൈന്നൊപ്പം  ജയിൽ ശിക്ഷയും കിട്ടാൻ വകുപ്പുണ്ട്. ജീവൻ പോണ കേസ് ആണെന്ന് പറഞ്ഞാലും മുന്‍പ് എല്ലാവർക്കും നിയമങ്ങൾ പാലിക്കാൻ ഇച്ചിരി ബുദ്ധിമുട്ടായിരുന്നു, പക്ഷേങ്കിൽ കയ്യീന്ന് ജോർജ്ക്കുട്ടി പോണ കേസ് ആണേൽ ഇമ്മള് ഡീസെന്റ്‌ ആവും! ഉദാഹരണം പറഞ്ഞാൽ‍ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിത്തന്നെ ആവർത്തിച്ചാവർത്തിച്ച് സീറ്റ് ബെൽറ്റ്‌ ഇടാൻ പറഞ്ഞാൽ ഒരുത്തനും കേട്ട മട്ട് നടിക്കുമായിരുന്നില്ല, പക്ഷെ പോലീസിന്റെ നിഴൽ ദൂരെ കണ്ടാൽ മതി അപ്പൊ ബെൽറ്റ്‌ ഇട്ടു ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ മിടുക്കരായി നിവർന്നിരിക്കും. കാരണമെന്താ?.. കയീന്ന് ‘ചിക്കിലി’ പോകൂലേ? ചുരുക്കം പറഞ്ഞാൽ‍ ഈ പ്രാവശ്യം ചേച്ചിയും തോൽ‍വി സമ്മതിച്ചത്രേ, വാട്ട് ടു ഡൂ, യാനി?

വീട്ടിലേക്ക് നടക്കുന്പോഴും ചേച്ചിയുടെ പരാതികൾ കാതിൽ‍ മുഴങ്ങിക്കൊണ്ടിരുന്നു. എനിക്ക് ഭയങ്കര ചിരി വരുന്നുണ്ടായിരുന്നു. 

“അല്ല, ഇതിനും വേണ്ടി വിലപിക്കാൻ‍ എന്താ ഇത്രയുള്ളത്? നമ്മുടെയൊക്കെ നന്മയ്ക്ക് വെണ്ടിത്തന്നെയല്ലേ നിയമങ്ങൾ ഉണ്ടാക്കപ്പെടുന്നത്‌? അതങ്ങ് അനുസരിച്ചാൽ‍ പോരേ, അതിന് ഈ സ്ത്രീ ഇങ്ങനെ നിലവിളിക്കേണ്ട കാര്യമുണ്ടോ? “ഞാൻ മനസ്സിൽ‍ പറഞ്ഞു. വീട്ടിൽ‍ കയറി, ബാഗ് സോഫയിലേയ്ക്കെറിഞ്ഞു. വല്ലാത്ത ക്ഷീണം, വാഷ്ബെയിസിനിൽ‍ പോയ് മുഖമൊന്ന് നന്നായി കഴുകി, കണ്ണാടിയിൽ‍ നോക്കിപ്പോൾ‍ ഞാനൊന്ന് ഞെട്ടി! ദേണ്ടെ നിൽ‍ക്കുന്നു ആ ചേച്ചി! മാതാവെ! ഒന്നര മണിക്കൂറായി എന്റെ തല തിന്നുകൊണ്ടിരുന്ന ആ പെന്പ്രന്നോർ ഞാൻ തന്നെയായിരുന്നോ!

വാൽകഷ്ണം: രണ്ട് വർഷത്തിനുള്ളിൽ രണ്ട് വണ്ടി ഇടിച്ചു ‘റൈറ്റ് ഓഫ്’ ചെയത ചരിത്രമുള്ള എനിക്ക് ഈ നിയമം കൊണ്ട് മൂന്നാമത്തെ വണ്ടി എങ്കിലും മര്യാദയ്ക്ക് കൊണ്ടു നടക്കാൻ കഴിയുമായിരിക്കുമെന്നുള്ള ഒറ്റ കാരണത്താൽ ഞാൻ ശരിക്കും നന്നാവാൻ തിരുമാനിച്ചു. ‘എന്നെക്കോണ്ട് തീരുമാനിപ്പിച്ചു’ എന്ന് പറയുന്നതാവും ശരി. പക്ഷേ, മാളോരേ,  കിട്ടിയത് ഒരു എട്ടിന്റെ പണിയായിപ്പോയി!

You might also like

Most Viewed