ചൈനാസൂത്രണം!!!


കുറച്ചു മാസങ്ങൾക്ക് മുൻപേ ചൈനയിലെ ഷെങ്ങ്സെൻ നഗരം സന്ദർശിക്കാൻ ഒരു അവസരം കിട്ടി. അവിടെ ഞങ്ങളുടെ ഗൈഡ് ആയി എത്തിയത് 30 വയസ്സുള്ള സുന്ദരിയായ ചൈനക്കാരിയായിരുന്നു. ടൂറിനിടെ ആ നഗരത്തെ കുറിച്ചും അവിടുത്തെ ആളുകൾടെ ജീവിത രീതിയെ കുറിച്ചും അവർ വിവരിച്ചു കൊണ്ടിരുന്നു. സംസാരത്തിനിടയിൽ അവർ എല്ലാവരോടുമായി ഒരു ചോദ്യം എറിഞ്ഞു. “ചൈന മഹാരാജ്യത്ത് ഇന്ന് ജീവിക്കുന്ന 95% ആളുകളെക്കാൾ ഭാഗ്യവതിയാണ് താൻ” എന്നും അതിന്റെ കാരണം എന്താണെന്നും ആയിരുന്നു ചോദ്യം. ആ സ്ത്രീയുടെ ഭാഗ്യത്തിന് കാരണം അവരുടെ ജോലിയാവാം, സൗന്ദര്യമാവാം, സന്പത്ത്... അങ്ങനെ, അങ്ങനെ പല ഉത്തരങ്ങൾ ഞങ്ങടെ ഗ്രൂപ്പിൽ നിന്ന് വന്നു. അവസാനം ആരും ശരിയുത്തരം പറയാതായപ്പോൾ അവർ തന്നെ അവരുടെ ഭാഗ്യത്തിന്റെ കാരണം സ്വാഭിമാനം ഉറക്കെ പറഞ്ഞു: “ഐ ഹാവ് എ സിബിളിംഗ്” − ഒരു കൂടപ്പിറപ്പ്‌ ഉണ്ടെന്ന്!. അതു പറയുന്പോൾ‍ അവരുടെ കണ്ണുകളിൽ ഒരു പൂരവെടിക്കെട്ടിന്റെ തിളക്കമുണ്ടായിരുന്നു! “എന്റമ്മോ! ഒരു സഹോദരിയോ സഹോദരനോ ഉള്ളത് ഇത്ര വലിയ പകൽ‍പ്പൂരമാണോ ചൈനയിൽ?” എന്ന് ഞാൻ സ്വയം ചോദിച്ചപ്പോഴാണ് അവർ അത് വിവരിച്ചത്.

കഴിഞ്ഞ 30 വർഷത്തിലേറെയായി ചൈനയിൽ ‘ഒറ്റക്കുട്ടി’ നയം ആണ് വളരെ കർശനമായി നില കൊണ്ടിരുന്നത്. വിവാഹിതരായ ദന്പതികൾക്ക് ഏറി വന്നാ ഒരു കുട്ടി, അതിനു ശേഷം കുഞ്ഞുങ്ങൾ ജനിക്കാൻ പാടില്ല, അതാണത്രേ അവിടുത്തെ നിയമം. സ്വാഭാവികമായി ഞാൻ ചോദിച്ചു രണ്ടാമത് ഒരു കുട്ടി ഉണ്ടായാൽ എന്തൂട്ടാ സംഭവിക്യാന്ന്! അതിനവരുടെ ഉത്തരം വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. നഗര പ്രദേശങ്ങളിൽ ഏതെങ്കിലും ഒരു സ്ത്രീ രണ്ടാമത് ഗർഭിണി ആയെന്നു അറിഞ്ഞാൽ അവിടുത്തെ സർക്കാർ അവരെ നിർബന്ധിതമായി ഗർ‍ഭച്ഛിദ്രം നടത്തിക്കും. പോരാത്തതിന് ഭാര്യക്കോ ഭർത്താവിനോ ഒരു സർക്കാർ ജോലി ഉണ്ടായിരുന്നെങ്കിൽ അതും ഗോപി. മാത്രമല്ല ആശുപത്രികളിൽ നിന്ന് അവർക്ക് ചികിത്സ സഹായം നിരസിക്കപ്പെടും. ഇനി അഥവാ നിയമം ലംഘിച്ചെങ്ങാനും ആ കുഞ്ഞിന് ജന്മം നൽകിയാൽ പിന്നെ മൊത്തം എട്ടിന്റെ പണികളാണ്. ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത ഭീമമായ തുക ആണ് ആ കുഞ്ഞിന് പകരം സർക്കാരിന് പിഴയായി അടയ്ക്കേണ്ടത്. രണ്ടു പേർക്കും ജോലി ഉള്ളവരാണെങ്കിൽ‍ പിഴ രണ്ടു കൂട്ടരും വെവേറെ കെട്ടണം. പിഴയടയ്ക്കാൻ മാതാപിതാക്കൾ തയ്യറായില്ലെങ്കിൽ പിന്നെ ആ കുഞ്ഞിനു ആ രാജ്യത്തു “ബുക്കും പേപ്പറും” നിഷേധിക്കപെടും. അതായതു ബെർത്ത്‌ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്‌ ഒന്നും സർക്കാർ നൽകില്ല. പോരാത്തതിന് ഒരു സ്കൂളിലും ആ കുട്ടിക്ക് പ്രവേശനം അനുവദിക്കില്ല. എന്തിന്, ഒരു അസുഖം വന്നാൽ പോലും ആശുപത്രിയിൽ ചികിത്സ നിരസിക്കും! 

വലുതായാൽ അവർക്ക് എങ്ങും ജോലി കിട്ടില്ല, കാരണം അങ്ങനെ ബുക്കും പേപ്പറും ഇല്ലാത്തവരെ ജോലിക്കെടുക്കുന്നതും ശിക്ഷാർഹമാണ്. ചുരുക്കം പറഞ്ഞാൽ, ചൈനയിൽ രണ്ടാമത്തെ കുട്ടിയായി ജനിച്ചാൽ, അതിന്റെ കാര്യം കട്ട പുക. അങ്ങനെ ഒരാൾ ജനിച്ചിട്ടില്ല എന്ന രീതിയിൽ ആയിരിക്കും സർക്കാരിന്റെ സമീപനം. ആ വ്യക്തിയുടെ അസ്ഥിത്വത്തിന് യാതൊരു അംഗീകാരവും ഉണ്ടായിരിക്കുന്നതല്ലത്രേ! വാട്ട്‌ എ ബൂട്ടിഫുൾ കൺട്രി! ഞങ്ങളുടെ ഗൈഡ് പറഞ്ഞത് അവരുടെ മാതാപിതാക്കൾ‍ക്ക് രണ്ടാമത് ഒരു കുഞ്ഞുണ്ടായപ്പോൾ, അച്ഛന് ഉണ്ടായിരുന്ന സർക്കാർ ജോലി പോയി കിട്ടി. അവർ നഗരം വിട്ടു ഒരു കർഷക ഗ്രാമത്തിൽ ചേക്കേറി. കർഷക കുടുംബങ്ങൾക്ക് നഗരത്തിലേക്കാൾ ഈ വിഷയത്തിൽ‍ പിഴയുടെ തുകയ്ക്ക് ഇളവുണ്ട്. എന്ന് വെച്ച് ഒരുപാട് കുറവൊന്നുമല്ല. ചുരുക്കം പറഞ്ഞാൽ കഴിഞ്ഞ 28 കൊല്ലമായി ഞങ്ങളുടെ ഗയിഡിനു ഒരു അനിയത്തി ജനിച്ചതിനുള്ള ഫൈൻ ഇപ്പോഴും അവരുടെ മാതാപിതാക്കൾ അടച്ചു കൊണ്ടിരിക്കുകയാണ്. അല്ല, ഞാൻ ആലോചിക്കുവാ..”ഹൊ! വേണ്ടാർ‍ന്നു, ആ ‘അഭിശപ്ത നിമിഷത്തിൽ’ അൽപം കൂടി സംയമനം പാലിക്കാമായിരുന്നു” എന്ന് എത്ര വട്ടം ആ പാവം ദന്പതികൾ‍ ചിന്തിച്ചിട്ടുണ്ടാവണം! ഇത് കേട്ടിട്ട് ഇന്ത്യ മഹാരാജ്യത്ത് ജനിച്ചതിൽ അഭിമാനവും സന്തോഷവും തോന്നുന്നില്ലേ? നമുക്കൊക്കെ എന്തു ഭാഗ്യമാണെന്ന് നോക്ക്ണേ... ചുമ്മാ ബോറഡിക്കുന്പോളൊക്കെയല്ലേ നമ്മുക്കൊക്കെ ഉണ്ണികൾ ഉണ്ടാവണ്ണെ!!! എന്താല്ലേ നമ്മുടെ ഒക്കെ ഒരു കാര്യം!

എന്തൊക്കെയാലും 30 വർഷത്തിൽ കൂടുതലായി തുടർന്ന് കൊണ്ടിരുന്ന ഈ നിഷ്ഠൂര നിയമം അവസാനിപ്പിക്കുമെന്നാണ് ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ഈ കഴിഞ്ഞ 29 ഒക്ടോബർ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. എങ്ങനെ ബോധാദയം ഉണ്ടായി എന്നാവും. കോടികൾ കവിയുന്ന വൃദ്ധജനങ്ങൾ, കല്യാണം കഴിക്കാൻ ആനുപാതികമായി സ്ത്രീകൾ ഇല്ലാത്തതിനാൽ പൗരുഷം ഹോമിച്ച് ഏകാന്ത ജീവിതം നയിക്കുന്ന കോടിക്കണക്കിന് പുരുഷപ്രജകൾ‍, ജനിച്ചു പോയി എന്ന ഒരേ കാരണത്താൽ ഉപേഷിക്കപ്പെട്ട, വ്യക്തിത്വമില്ലാത്ത കുറെ അനാഥ ജീവിതങ്ങൾ‍ അതും വരും കോടിക്കണകിന്! സർ‍ക്കാരിന് ഒരു പുനർ ചിന്തനത്തിന് ഇത്രയും കാരണങ്ങൾ പോരെ? 

പുതിയ നിയമം എല്ലാർവർക്കും അനുഗ്രഹം ആവട്ടെ!! ചൈനാ ഭാഷ സംസാരിക്കുന്ന അവരുടെ ദൈവങ്ങൾ അതിനായ് പ്രസാദിച്ച് അവരെ അനുഗ്രഹിക്കട്ടെ! അവർ‍ക്കും ബോറഡി ‘പ്രൊഡക്ടീവായി’ ചിലവഴിക്കാനിട വരട്ടെ! അവരുടെ ജനസംഖ്യ കണ്ടമാനം പെരുത്തങ്ങ്ട് അവരുടെ ഉൽപ്പന്നങ്ങളുടെ ഡിമാന്റ് അവിടെത്തന്നെ കൂടട്ടെ! അവരുടെ വില കുറഞ്ഞ ഉൽ‍പ്പന്നങ്ങൾ‍ അവരുടെ ‘ഡൊമസ്റ്റിക് മാർ‍ക്കറ്റിൽ’ തന്നെ ഉപഭോഗം ചെയ്യപ്പെടട്ടെ! (അവർടെ തുക്കടാ സാധന സാമഗ്രഹികൾ‍ എക്സ്പോറ്ട്ട് ചെയ്ത് നമുക്കൊന്നും പണി കിട്ടാതിരിക്ക്ട്ടേന്ന്!) എന്നെല്ലാം നമുക്ക് പ്രാർത്‍ഥിക്കാം, വിസിലടിച്ച് പ്രോൽ‍സാഹിപ്പിക്കാം!

You might also like

Most Viewed