സ്തനാർബുദം അറിഞ്ഞിരിക്കേണ്ടത്
ഒക്ടോബർ മാസം ലോകമന്പാടും ബ്രെസ്റ്റ് ക്യാൻസറിന്റെ അവബോധനത്തിനായി അറിയപ്പെടുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു സ്തനാർബുദത്തെ കുറിച്ചുള്ള ഒരു ക്ലാസ്സിൽ പങ്കെടുക്കേണ്ടി വന്നു. പ്രകത്‍ഭരായ രണ്ടു ഡോക്ടേഴ്സ് ആണ് സംസാരിക്കാൻ എത്തിയിരുന്നത്. പക്ഷെ നിർഭാഗ്യകരം എന്ന് പറയട്ടെ ആ ക്ലാസ്സിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടവർ എല്ലാവരും സമൂഹത്തിലെ ഉന്നത പദവിയിൽ ഇരിക്കുന്നവർ മാത്രമായിരുന്നു, അവസാനം ക്ഷണം സ്വീകരിച്ചു വന്നവരോ ഏറിവന്നാൽ ഒരു ആറോ എട്ടോ പരിഷ്ക്കാരി കൊച്ചമ്മമാർ, അതും അവർക്കൊക്കെ സ്തനാർബുദത്തെ കുറിച്ച് നല്ല അറിവും ഉള്ളവർ, പോരാത്തതിന് മാസാ മാസം ആരോഗ്യപരിശോധന നടത്തുന്നവരും. അവർ കുറെ ഇരുന്നു കൊച്ചുവർത്താനം പറഞ്ഞു, അത് മടുത്തപ്പോ ബ്രെസ്റ്റ് ക്യാൻസർടെ പിങ്ക് റിബൻ ഷേപിലുള്ള കപ്കേക്കും, ബിസ്ക്കറ്റും പേസ്റ്റ്രിയും ഒക്കെ തിന്നു, ചിരിച്ചു, പരസ്പരം രണ്ടു കവിളത്തും ഉമ്മവെച്ചു സ്ഥലം വിട്ടു! പിറ്റേന്ന് ‘ബ്രസ്റ്റ് ക്യാൻസർ ആന മയ്യിൽ ഒട്ടകം’ എന്ന് പറഞ്ഞു ഇവരുടെ ഒക്കെ ഫോട്ടോ പല പത്രത്തിലും കണ്ടു. ഈ പരിപാടി ഇങ്ങനെ നടത്തിയത് കൊണ്ട് സ്തനാർബുദത്തോട് പൊരുതുന്നവർക്കോ, അതോ ബാക്കി സാധാരണക്കാർക്കോ എന്ത് ഗുണം ഉണ്ടായി എന്ന് മാത്രം ചോദിക്കരുത്. ആലോചിച്ച് പോകുകയണ്, ശരിക്കും ഇങ്ങനെയുള്ള ക്ലാസ്സുകൾ സമൂഹത്തിലെ ഇടത്തരക്കാർക്ക് വേണ്ടിയല്ലേ സംഘടിപ്പിക്കേണ്ടത്? എന്നാലല്ലേ ഈ അസുഖത്തെ കുറിച്ച് ശരിക്കുള്ള അവബോധം സമൂഹത്തിൽ ഉണ്ടാവൂ? എന്തായാലും ഞാൻ അന്ന് അറിഞ്ഞ ചിലത് ഇവിടെ പങ്കു വെക്കാം.
സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ് സ്തനാർബുദം. എന്ന് വെച്ച് ആണുങ്ങൾക്ക് ഈ അസുഖം വരില്ല എന്നല്ല. എന്നാലും സ്ത്രീകളെ അപേഷിച്ച് താരതമ്യേന കുറവാണ്. നാൽപ്പത്തഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് സ്തനാർബുദം കൂടുതൽ കാണുന്നതെങ്കിലും മുപ്പത് വയസ്സ് കഴിയുന്നതോടെ തന്നെ ഈ അസുഖത്തിനുള്ള സാധ്യത കൂടുന്നു. സ്തനാർബുദം വരാൻ പല കാരണങ്ങളുമുണ്ട്. വ്യായാമവിമുഖമായ ജീവിതശൈലിയും തെറ്റായ ഭക്ഷണ രീതികളും ശരീരത്തിലെ കൊഴുപ്പ് കൂടാൻ ഇടയാക്കുന്നു. ഇതാണ് സ്തനാർബുദം വർദ്ധിച്ചുവരാനുള്ള പ്രധാന കാരണം. ചില കുടുംബങ്ങളിൽ പാരന്പര്യമായും സ്തനാർബുദം കണ്ടുവരുന്നുണ്ട്. അമ്മയ്ക്കുണ്ടെങ്കിൽ മകൾക്കും, കൊച്ചുമകൾക്കുമൊക്കെ സ്തനാർബുദം പിടിപെടാൻ സാധ്യതയുണ്ട്. ആരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിച്ചാൽ കൃത്യമായ ചികിത്സകൾ കൊണ്ട് സ്തനാർബുദം പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയും. സ്തനങ്ങളിൽ വേദന ഇല്ലാത്ത ചെറിയ മുഴകളായാണ് ഈ അർബുദം പ്രത്യക്ഷപ്പെടുക. അതുകൊണ്ടുതന്നെ സ്വയം പരിശോധിച്ച് ഇത് കണ്ടെത്താനുമാവും. സ്തനഭാഗങ്ങളിൽ മുഴകളോ മുഴ പോലുള്ള തടിപ്പുകളോ, നിറം, വലിപ്പ വ്യത്യാസമോ അങ്ങനെ സംശയാസ്പദമായി എന്തേലും കണ്ടാൽ എത്രയും വേഗം ഡോക്ടറെ കണ്ട് രോഗനിർണ്ണയം നടത്തേണ്ടതാണ്. സ്തനാർബുദത്തിന് ചികിത്സ തേടാൻ പല സ്ത്രീകളും മടിക്കുന്നതിന് പ്രധാന കാരണം സ്തനം നീക്കം ചെയ്യേണ്ടി വരുമോ എന്ന പേടിയാണ്, എന്നാൽ ആരംഭത്തിൽ തന്നെ കണ്ടെത്തിയാൽ സ്തനം നീക്കംചെയ്യേണ്ടി വരില്ല, മുഴ മാത്രം എടുത്തു കളഞ്ഞാൽ മതിയാവും. തുടർന്ന് സ്തനത്തിന്റെ മറ്റുഭാഗങ്ങളിൽ അസുഖം പടരാതിരിക്കാൻ റേഡിയേഷനോ കീമോ തെറാപ്പി ചികിത്സയോ വേണ്ടിവരും.
ഒരു മാമ്മോഗ്രാഫി പരിശോധനയിലൂടെ സ്തനങ്ങളിൽ മുഴകൾ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പുതന്നെ സ്തനാർബുദം കണ്ടെത്താനാവും. നാല്പത് വയസ്സ് കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ ഈ പരിശോധന ചെയ്യുന്നത് നല്ലതാണ് എന്നാണ് ഡോക്ടേഴ്സിന്റെ ഉപദേശം. രോഗം തുടക്കത്തിൽ കണ്ടെത്തിയാൽ അതിനനുസരിച്ച് ചികിത്സയും ലളിതമാവും. ചികിത്സയുടെ ചിലവും കുറയും. അതേസമയം അസുഖം കണ്ടുപിടിക്കാൻ താമസിച്ചാൽ വളരെ ചിലവേറിയതും പാർശ്വഫലങ്ങൾ കൂടിയതുമായ ചികിത്സ വേണ്ടിവരും. 30 വയസ്സ് കഴിയുന്നതോടെ സ്ത്രീകൾ സ്തനാർബുദ സാധ്യതയെക്കുറിച്ച് ജാഗരൂകരാവണം. സ്വയം പരിശോധന ശീലമാക്കണം. അസ്വാഭാവികമായി വല്ല മുഴയോ തടിപ്പോ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കണ്ട് അത് ക്യാൻസർ അല്ലെന്ന് ഉറപ്പാക്കുക. ആണെന്ന് തെളിഞ്ഞാൽ എത്രയും വേഗം ചികിത്സ തേടുക.
നമ്മുടെ നാട്ടിൽ അടുത്തകാലത്തായി ഒരു പകർച്ചവ്യാധി പോലെയാണ് ഈ രോഗം പടരുന്നതായി കാണപ്പെടുന്നത് എന്നാൽ ഇന്നത്തെ വൈദ്യശാസ്‌ത്രത്തിന് സ്തനാർബുദം ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന ഒരു അസുഖം മാത്രമാണ്. അതിനാൽ സ്തനാർബുദത്തെ ഭയപ്പെടേണ്ട കാര്യമില്ല, മറിച്ചു അതിനെ കുറിച്ചുള്ള അവബോധമാണ് വേണ്ടത്.