സംരക്ഷിക്കപ്പെടേണ്ട ബാല്യം - ഒരു ഓർമ്മപ്പെടുത്തൽ!


സാധാരണയിൽ സാധാരണമായ ഒരു ദിവസം. വൈകീട്ട് ജോലി കഴിഞ്ഞെത്തി അധികം സമയമായില്ല, അത്താഴത്തിനൊപ്പം ടി.വിയിൽ‍ സെൽ മി ദി ആൻസർ കാണുന്നുമുണ്ടായിരുന്നു. ‘കണ്ടസ്റ്റന്റ്’ ഒരു കൊച്ചു കുട്ടിയാണ്. ഇപ്പോഴത്തെ കാലത്ത് വീട്ടിൽ ടി.വി പോലുമില്ലാത്ത ചുറ്റുപാടിൽ നിന്നുള്ള ഒരു മിടുമിടുക്കി. ആ മിടുക്കിയെ ഞാൻ എന്റെ മോൾക്ക് കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്പോഴാണ് കതകിൽ ആരോ മുട്ടിയത്‌. വാതിൽ തുറന്നപ്പോ വാച്ച്മാന്റെ ഭാര്യയാണ്. കരഞ്ഞ വീർത്ത മുഖത്തോടെ അവർ ചോദിച്ചത് അവരുടെ രണ്ട് വയസായ മകൾ ഞങ്ങളുടെ വീട്ടിലെങ്ങാനും വന്നോ എന്ന്. ഞെട്ടലോടെ ഞങ്ങളെല്ലാരും ആ സ്ത്രീക്കൊപ്പം പുറത്തേക്കിറങ്ങി. ഇരുട്ടി തുടങ്ങിയിരുന്നു. അത്യാവശ്യം ചെറിയ ആൾ‍ക്കൂട്ടം കൂടിയിട്ടുണ്ട്. എല്ലാരും കുട്ടിയെ അന്വേഷിക്കുകയാണ്. അവിടെ കൂടിയവരോടു ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഈ കുട്ടി പത്ത് മിനുട്ട് മുന്‍പ് വരെ അവരുടെ വീടിന് മുന്‍പിൽ കളിച്ചു കൊണ്ടിരുന്നതാണ്. പിന്നെ ആരും കുട്ടിയെ കണ്ടിട്ടില്ല. ഞങ്ങടെ വീടിന് തൊട്ടപ്പുറത്താണ് വാച്ച്മാൻ താമസിക്കുന്നത്, അതുകൊണ്ട് തന്നെ ഈ കുഞ്ഞിനെ ഞങ്ങൾ എല്ലാ ദിവസവും കാണാറുണ്ട്. ഒരു ചെറിയ കടുകുമണി പോലത്തെ ആ കുഞ്ഞ് പലപ്പോഴും അശ്രദ്ധമായി വീട്ടീന്ന് ഇറങ്ങി ഓടുന്പോൾ ആ വഴി വരുന്ന വണ്ടികൾ തട്ടി അപകടം ഉണ്ടാവാം എന്ന് രാവിലെയും കൂടി ഞാൻ അയാളെ ഉപദേശിച്ചതാണ്. അവിടെ കൂടിയവർ എല്ലാവരും അടക്കം പറയുന്നത് ഞാൻ ശ്രദ്ധിച്ചു, തലേന്നത്തെ വാർ‍ത്തയിലെ ഡൽഹിയിലെ 2 വയസസുകാരി കുഞ്ഞിനെ കുറിച്ചാണ്. വല്ലാത്തൊരു ഭീതി ഞാനടക്കം പലരുടെയും മുഖത്ത് നിഴലിക്കാൻ തുടങ്ങി. എല്ലാവരും പല വഴിക്ക് മൊബൈൽ ടോർ‍ച്ചു മിന്നിച്ചു അനേഷണം തുടർന്നു. തൊട്ടപ്പുറത്ത് പൊന്തകാടാണ്. പലരും വണ്ടി എടുത്തു ആ വഴിക്ക് നീങ്ങി. ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കുറിച്ച് ഒരു വിവരവും ഇല്ല. വാച്ചുമാന്റെ വീട് മെയിൻ ഗേറ്റ്ന് മുന്നിൽ‍ ആയതുകൊണ്ട് കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയാതാവാം എന്ന് എല്ലാരും ഉറപ്പിച്ചു. ഒടുവിൽ‍ പോലീസിൽ പരാതി കൊടുക്കാമെന്നായി. അങ്ങനെ കുഞ്ഞിന്റെ അച്ഛനും മറ്റു ചിലരും കൂടി വണ്ടി എടുത്തിറങ്ങി. കുഞ്ഞിന്റെ അമ്മ കരഞ്ഞു കരഞ്ഞു കുഴഞ്ഞു വീഴാറായി. പെട്ടെന്നാണ് എവിടെ നിന്നോ ‘നഷ്ടപ്പെട്ട’ ആ കുഞ്ഞ് ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്നത്! കുഞ്ഞിനെ കണ്ടതും സിനിമലെന്ന പോലെ അമ്മ ഓടിച്ചെന്ന് കുഞ്ഞിനെ എടുത്തുമ്മ വെക്കുന്നു, അത് കണ്ട് ആൾ‍കൂട്ടം മുഴുവൻ കയ്യടിച്ചു ആഘോഷിക്കുന്നു. 

താൻ ഉണ്ടാക്കിയ പുകിലൊന്നും അറിയാതെ ആ സുന്ദരിവാവ തന്റെ കുഞ്ഞരി പല്ലുകൾ കാട്ടി എല്ലാരേം നോക്കി ചിരിക്കുന്നു. കണ്ടു നിന്ന എല്ലാരുടെം കണ്ണ് നിറഞ്ഞെന്ന് പ്രത്യേകിച്ചു പറയേണ്ടല്ലോ! സംഭവിച്ചത് എന്താന്ന് വെച്ചാൽ കുഞ്ഞു പുറത്തു നിന്ന് കളിച്ചപ്പോ അതേ കോന്പൗണ്ടിൽ തന്നെയുള്ള ഒരാൾ അയാളുടെ കുട്ടിയെ കൊണ്ട് ആ വഴി വന്നു, കുട്ടികൾ‍ രണ്ടു പേരും കളിച്ചുകൊണ്ട് അവരോടൊപ്പം അവരുടെ വീട്ടിലേയ്ക്ക് പോയി, അവിടെ ഇരുന്ന് കളി തുടർ‍ന്നു. കുട്ടിയെ കാണാതായപ്പോൾ കുട്ടി പോകാൻ സാധ്യതയുള്ള എല്ലാ വീട്ടിലും അനേഷിച്ചെങ്കിലും ഈ വീട്ടിൽ മാത്രം അന്വേഷിച്ചിരുന്നില്ല. അവരാണേൽ പുറത്തു നടക്കുന്ന പുകിലൊന്നും അറിഞ്ഞതുമില്ല. അവസാനം കുട്ടിയെ തിരിച്ചു കൊണ്ടാക്കാൻ വന്നപ്പോഴാണ് അവർ കാര്യം അറിയുന്നത്. ഇവിടെ എല്ലാം ഭംഗിയായി പര്യവസാനിച്ചു. 

ഇതിന്റെ അവസാനം ഇങ്ങനെ അല്ലായിരുന്നെങ്കിലോ? എല്ലാരും ഭയപ്പെട്ട പോലെ ആ കുട്ടിയെ ആരെങ്കിലും തട്ടി കൊണ്ട് പോയിരുന്നെങ്കിലോ? കുട്ടിയെ കണ്ടുകിട്ടുന്ന വരെ, ഒരു മണികൂറിൽ കൂടുതൽ‍ ആ മാതാപിതാക്കൾ അനുഭവിച്ച മനഃപ്രയാസം എഴുതിയറിയിക്കാൻ‍ കഴിയില്ല! അതിനുത്തരവാദികൾ‍ ആ മാതാപിതാക്കൾ തന്നെയല്ലേ? പലപ്പോഴും നമ്മൾ നമ്മുളുടെതായ കാര്യങ്ങളിൽ മുഴുകുന്പോൾ കുട്ടികളെ ഒഴിവാക്കൽ എന്നോണ്ണം വീടിന് പുറത്ത് കളിയ്ക്കാൻ വിടുന്നത് സർവ്വ സാധാരണമാണ്. രണ്ട് വയസ്സായ കുഞ്ഞിനെ കൂടെ കൂട്ടുവാൻ ഒരു കോലുമിട്ടായി കാണിച്ചാൽ മാത്രം മതി. പണ്ടൊക്കെ പ്രായമായ പെൺ‍കുട്ടികളെ കുറിച്ച് മാത്രം രക്ഷിതാക്കൾക്ക് ആകുലപ്പെട്ടാൽ മതിയാതായിരുന്നെങ്കിൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ പോലും വെറുതെ വിടാത്ത കിരാതകാപാലികന്മാരുള്ള ലോകമാണ് ഇന്ന് നമ്മുടേത്‌. 

 ഈ അപകടം പതിയിരിക്കുന്നത് വീടിന് പുറത്തു മാത്രമല്ല. ഈയിടെ വായിച്ച ഒരു മാസികയിൽ കണ്ടത് 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നത്, അതും സ്വന്തം ബന്ധുക്കളുടെ അല്ലെങ്കിൽ വീട്ടുക്കാരുടെ സുഹൃത്തുക്കളിൽ‍ നിന്നോ ആണ്. ഈ പ്രായത്തിനിടയ്ക്ക് ശാരീരിക ഉപദ്രവം നടന്നാൽ അത് തെറ്റാണെന്ന് മനസ്സിലാക്കാനുള്ള വകതിരുവ് പോലും കുട്ടികൾ‍ക്ക് കാണില്ല. വിവേചന ബുദ്ധിയോടെ സ്വന്തമായി കാര്യങ്ങൾ ചിന്തിക്കാനാവുന്ന പ്രായം വരെ, അച്ഛനമ്മമാർ‍ക്ക് മാത്രം നൽകാവുന്ന സംരക്ഷണം നമ്മൾ നമ്മളുടെ കുട്ടികൾ‍ക്ക് എപ്പോഴും കൊടുക്കേണ്ടതായുണ്ട്. കുട്ടികളെ കൊണ്ട് പുറത്തേയ്ക്ക് പോവുകാണെങ്കിലും അവരെ അശ്രദ്ധമായി ഓടി നടക്കാൻ അനുവദിക്കാതെ, അവരുടെ കൂടെ തന്നെ എപ്പോഴും ഉണ്ടായിരിക്കണം. കൂടാതെ ട്യൂഷനോ, മറ്റു ക്ലാസ്സുകൾക്കോ എന്തിനു കോൾഡ്‌ സ്റ്റോറിൽ വരെ കഴിവതും കൊച്ചു കുട്ടികളെ ഒറ്റയ്ക്ക് വിടുന്നത് ഒഴിവാക്കണം. ബലാത്‍സംഗങ്ങളും കൊടുംപീഡനങ്ങളും നിത്യേനെ വാർ‍ത്തയായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മളുടെ കുട്ടികളുടെ സുരക്ഷയിൽ എത്ര മുൻകരുതൽ എടുത്താലും അത് കൂടിപോവുകയില്ല. സൂക്ഷിച്ചാൽ‍ ദുഃഖിക്കേണ്ട!

You might also like

Most Viewed