അത് വേണ്ട്ര...ഇവിടല്ലേലും സീൻ മൊത്തം കോണ്ട്ര!


എന്തൊക്കെ പുകിലാ മ്മടെ നാട്ടിൽ  നടക്കുന്നെ.  പാകിസ്ഥാനി ഗായകൻ മുംബൈ നഗരത്തിൽ പാടാൻ വിലക്ക്, പാകിസ്ഥാനി എഴുത്തുകാരന്റെ പുസ്തകം പ്രകാശനം ചെയ്യാനെത്തിയ ആളുടെ മുഖത്ത് കരി ഓയിൽ‍ പ്രയോഗം. എന്ത് പറഞ്ഞാലും അപ്പൊ കേൾക്കാം “ഇത് ചെയ്യാത്തവർ പാകിസ്ഥാനിലോട്ട് പോണം” അല്ലാപ്പോ അറിയാണ്ട് ചോദിക്കാ, പാകിസ്ഥാനി എന്ന് കേൾക്കുന്പോൾ ഹാലിളകാൻ മാത്രം എന്താ പാകിസ്ഥാനികൾ എല്ലാം മോശക്കാരാണോ?. എന്റെ അറിവിലല്ല. ചുമ്മാ പറഞ്ഞതല്ല, അനുഭവത്തീന്ന് തന്നെ. 

വർ‍ഷങ്ങൾ‍ക്ക് മുന്‍പേ നടന്ന സംഭവം ആണ്. ഞാൻ ഇപ്പൊ ജോലി ചെയുന്ന സ്ഥാപനത്തിൽ ആദ്യമായി ജോലിക്ക് കയറിയ ദിവസം. അവിടെ ഉള്ളവരെ ആരേം മുന്പ് അറിയില്ല. പൊതുവെ ഉച്ച ഭക്ഷണം കൊണ്ട് വരുന്ന ശീലമില്ല. അന്നെന്തോ ഉച്ചയായപ്പോ ഒടുക്കത്തെ വിശപ്പ്‌. വല്ലതും ഓർഡർ ചെയാം എന്ന് കരുതി ബാഗ്‌ എടുത്തു നോക്കിയപ്പോൾ പേഴ്സ് കൊണ്ട് വന്നിട്ടില്ല. പണ്ടേ ആവശ്യത്തിനും അനാവശ്യത്തിനും ദുരഭിമാനിയായ ഞാൻ ആരോടും കടം ചോദിക്കാനും നിന്നില്ല. അങ്ങനെ വായു ഭക്ഷിച്ചു വിശപ്പടക്കാൻ ശ്രമിക്കുന്ന എന്റെ മുന്നിൽ കട്ടി മീശ വെച്ച ഒരാൾ വന്നു. “ഹലോ മേഡം, ആപ്ക്ക നാം ക്യാ ഹൈ, കിദെർ സെ ഹേ? പേരും സ്ഥലവും പറഞ്ഞപ്പോൾ അടുത്ത ചോദ്യം “ആപ്നേ ഖാന ഖായ?” ഇല്ലാന്നു പറഞ്ഞപ്പോൾ എന്ത് കൊണ്ടാ കഴിക്കാത്തെ എന്ന മറു ചോദ്യം ആണ് ഞാൻ പ്രതീഷിച്ചത്. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. ആൾ പെട്ടെന്ന് അവിടെന്ന് സ്കൂട്ടായി. അൽപ നേരത്തിനുള്ളിൽ ആശാൻ തിരിച്ചു വന്നത് ഒരു എഗ്ഗ് സാന്റ്്വിച്ചും ഒരു കപ്പ് ചായയും കൊണ്ടായിരുന്നു. അതെനിക്ക് നേരെ നീട്ടിയിട്ട്‌ പറഞ്ഞു “യെ ലോ മൈനെ ബനായ!” “വേണ്ട വേണ്ട” എന്ന് പറഞ്ഞിട്ടും ആൾ സമ്മതിച്ചില്ല. ഞാൻ അത് കഴിച്ചേ തീരു എന്ന്. അവസാനം കഴിക്കാമെന്ന് സമ്മതിച്ചപ്പോൾ  ആശാൻ സിനിമ ൈസ്റ്റലിൽ “ഐം മുനീർ ഫ്രം പാകിസ്താൻ, ഐം ഓഫീസ് ബോയ്‌, ആപ്കോ കുച്ച് ചാഹിയെ മുജ്ജെ ബുലാവോ.!!” എന്ന് കാച്ചിയിട്ടു സ്ലോ മോഷനിൽ തിരിഞ്ഞു നടന്നു. ജനിച്ച അന്ന് മുതൽ നമ്മുടെ ജന്മ ശത്രുക്കളായ പാകിസ്ഥാനികളെ കുറിച്ച് ന്യൂസിലും മറ്റും കേട്ടിട്ടുണ്ടെന്ന് അല്ലാതെ ഇത് വരെ ഒരു പാകിസ്ഥാനി ജീവിയോടു നേരിട്ട് ഇടപെടേണ്ടി വന്നിട്ടില്ല. ഇന്ത്യക്കാരി ആണെന്ന് അറിഞ്ഞത് കൊണ്ട് എന്നെ എഗ്ഗ് സാന്റ്്വിച്ചിൽ‍ വിഷം നൽകി..., ഏയ്‌ അങ്ങനെ ഒക്കെ ചെയ്യുമോ? പേടിയും വിശപ്പും തമ്മിൽ യുദ്ധം ചെയ്തു, അവസാനം വിശപ്പ്‌ ജയിച്ചു. 

സത്യം പറയാലോ അത്രേം രുചിയുള്ള ചായ ദേ, ഒരു വീട്ടമ്മയായ എനിക്ക് പോലും ഇടാൻ അറിഞ്ഞൂടാ. പാകിസ്ഥാനി തന്ന വിഷം കഴിച്ചു ചോര തുപ്പി മരിക്കുന്ന എന്നെ സ്വപ്നം കണ്ടു കിടന്നുറങ്ങിയ ഞാൻ പിറ്റേന്ന് രാവിലെ ഒരു കുഴപ്പവും ഇല്ലാതെ പയർ പോലെ എണീറ്റു. റിസ്ക്‌ എടുക്കാതിരിക്കാൻ അന്ന് ഉച്ച ഭക്ഷണം കൊണ്ട് പോയി. ഉച്ച ആയപ്പോൾ ടിയാൻ പിന്നേം വന്നു. “മേഡം, ആപ്നേ ഖായ?.. ഖായി ഖായി എന്ന് പറഞ്ഞു ഞാൻ തലയാട്ടി. ഇന്നലെ പറഞ്ഞ അതെ ഡയലോഗ് പറഞ്ഞു ആശാൻ പിന്നേം സ്ലോ മോഷനിൽ തിരിഞ്ഞു നടന്നു. ഞാൻ ആ ഓഫീസും പരിസരവും അവിടുള്ള വ്യക്തികളുമായി ഒരു പരിചയം ആവുന്ന വരെ ആ മീശക്കാരൻ പാകിസ്ഥാനി ആ പക്രിയ തുടർന്നു. വർഷങ്ങൾ കഴിഞ്ഞു. 

ഇന്ന് ഞാൻ ഈ സ്ഥാപനത്തിൽ ജോലി ചെയാൻ തുടങ്ങിയിട്ട് 11 വർഷമായി. മുനീർ എന്ന പാകിസ്ഥാനി ഇന്ന് എന്റെ ഭയ്യ ആണ്. എന്റെ മാത്രല്ല ഇവിടെ ജോലി ചെയുന്ന 140ഓളം ഇന്ത്യക്കാരുടേയും ഭയ്യാ. ഓരോ ആഘോഷങ്ങളിലും ഭയ്യ പല തരത്തിൽ ഉള്ള ബിരിയാണി ഉണ്ടാക്കി കൊണ്ട് വരും. എന്നിട്ട് അത് ഓഫീസിലുള്ള എല്ലാവരുമായി പങ്കുവെക്കും. ഒരു പെങ്ങളോടെന്ന പോലെ എന്റെ ഏതു ആവശ്യത്തിനും ഭയ്യ സഹായിക്കാൻ കൂടെ ഉണ്ടാവും. പാകിസ്ഥാനികൾ ഒരു ഭീകര ജീവികൾ അല്ലാന്നു ഞാൻ മനസില്ലാക്കിയത് മുനീറിലൂടെ ആയിരുന്നു. (ഒപ്പം എന്റെ ഇന്ത്യൻ സഹപ്രവർത്തകരും)

അപ്പൊ പറഞ്ഞു വന്നതെന്തെന്ന് വെച്ചാൽ രാജ്യാതിർ‍ത്തിയിൽ രണ്ട് രാജ്യങ്ങളിലെ സൈന്യങ്ങളും ഒരു തിരുമാനത്തിൽ എത്തുന്ന വരെ ഏറ്റു മുട്ടട്ടെ, അത് നമ്മുടെ രാജ്യ സുരക്ഷയുടെ ഒഴിച്ച് കൂടാനാവാത്ത ഘടകമാണ്, പക്ഷേങ്കിൽ കല, കായിക വിനോദം എന്നീ മേഘലയിലൂടെയെങ്കിലും രണ്ട് രാജ്യക്കാർ തമ്മിൽ ഒരു അടുപ്പം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ‍ അതിനെ നമ്മൾ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? ഇത് പറയുന്പോൾ ഓർമ്മ വരുന്നത് ഈയിടെ കണ്ട ‘ബജ്രംഗി ഭായിജാൻ’ എന്ന ഹിന്ദി സിനിമയാണ്. അതിൽ കാണിച്ചിരിക്കുന്ന പോലെ, രാജ്യം, മതം, ഭാഷ, എന്തുമായികൊള്ളട്ടെ ലോകത്തിൽ മനുഷ്യർ ആകെ രണ്ടു തരം ഉള്ളു. നല്ലവരും ചീത്തയും. ഈ രണ്ടു കൂട്ടരും, ഇവിടെ മ്മടെ ഇന്ത്യയിലും, അവിടെ അപ്പുറത്തു പാകിസ്ഥാനിലും ചൈനയിലും എല്ലാം ഉണ്ട്. അല്ലാതെ നമ്മൾ മാത്രമല്ല നല്ലവർ‍. അല്ലെ, എനിക്ക് മനസ്സിലാവാത്തത്  ഇത്തരത്തിൽ‍ പ്രതിഷേധിച്ചത് കൊണ്ട് ഇന്ത്യയും പാകിസ്ഥാനുമായുള്ള പ്രശ്നം പരിഹരിക്കപെടുമോ? കാർഗിലിൽ മരണപ്പെട്ട അനേകം പേരുടെ ജീവനുകൾക്ക് പകരമാവോ? ഇജ്ജാതി പ്രതിഷേധത്തിന് പോവാതെ മരണപ്പെട്ട ധീര യോദ്ധാക്കളുടെ വീട്ടിൽ പോയി അവർ‍ക്ക് നാല് വാഴ നട്ടു കൊടുത്തിരുന്നെങ്കിൽ അത്രയെങ്കിലും അവർക്ക് ഉപയോഗപ്പെട്ടേനെ. അല്ല പിന്നെ!

You might also like

Most Viewed