മര്യാദയ്ക്ക് ഗോ ‘ബാക്ക് ടു സ്കൂൾ’
അങ്ങനെ, ഏകദേശം രണ്ടു മാസത്തിന് ശേഷം, കാലത്ത് 5ന് എന്റെ വീട്ടിൽ ആ മരണമണി വീണ്ടുമടിച്ചു തുടങ്ങി. ഈ മണി സ്കൂളിൽ പോകുന്ന കുട്ടികളുള്ള എല്ലാ അമ്മമാരുടെയും മനസ്സിൽ കാലത്തു അടിക്കുന്ന ഒരു ഒന്നൊന്നര മണി തന്നെയാണേ..! ഓർക്കുന്പോഴേ ചങ്കിടിക്കുന്നു!
സംഗതി എന്തൂട്ടാന്നു മനസ്സിലായില്ലേ? അതേ, സ്കൂൾ തൊറന്നൂന്ന്. കൊച്ചിനെ ഒരുക്കി സ്കൂളിൾ വിടണംന്ന്! ഇനിയിപ്പോൾ ‘ഇലഞ്ഞിത്തറമേളോം’, ‘കുടമാറ്റോമെല്ലാം’ ദിവസോം കാലത്ത് എന്റെ വീട്ടിൽ നടക്കും! ക്ടാവ് കാലത്ത് എഴുന്നേൽക്കുന്നത് ‘ഇടത്തൂന്നു’ ആണെങ്കിലോ − പിന്നെ കഥ പറയാനുമില്ല! ഒറ്റ സന്താനം ആയോണ്ട് അവളുടെ മേളത്തിന് താളം പിടിക്കാൻ അമ്മച്ചിയുണ്ടാവും. ഓഫീസിലെത്താൻ ‘ഓൾറെഡി’ ലേറ്റായ ഞാൻ നേരെ ‘പുലികളി’ തുടങ്ങും. അങ്ങനെ ഞങ്ങൾ ‘പാറമേക്കാവുക്കാരും തിരുവന്പാടിക്കാരും’ പരസ്പ്പരം മത്സരിച്ച്, അവസാനം കയ്യിലോ, കാലിലോ (അല്ലെങ്കിൽ അവളുടെ ലക്ക് പോലെ കിട്ടുന്നിടത്തൊക്കെ) പൂരവെടീം കഴിഞ്ഞേ ‘എന്റച്ചു’ സ്കൂളിൽ പോവൂ!
ഓരോ വർഷവും വിചാരിക്കും, അടുത്ത കൊല്ലം ശരിയാവും.... ഈ പ്രശ്നമൊക്കെ ദാ..ഇപ്പ തീരുംന്ന് യെവിടെ? ഓരോ വർഷവും ഓരോ പുതിയ പണികൾ ഇങ്ങനെ കിട്ടിക്കൊണ്ടിരിക്കും! അതും വ്യത്യസ്ഥവും നൂതനവുമായ കിടിലൻ പണികൾ. സ്കൂൾ ബാഗ്, ഷൂസ്, സോക്സ്, യൂണിഫോം (കഴിഞ്ഞ കൊല്ലത്തെ പാകമാവുന്നതും പാകമാവാത്തതും, പുതിയത് വാങ്ങേണ്ടതും, വേണ്ടാത്തതും) − ഇതെല്ലാം സ്ഥിരമുള്ള ടെൻഷനായത് കാരണം ഏറെക്കുറേ മുൻകരുതലുകളാവാം. എന്നാൽ സ്കൂളിൽ നിന്ന് കിട്ടുന്ന പത്തര മാറ്റുള്ള ചില പണികളുണ്ട്. എന്റമ്മോ! അതാണീ ‘സോ−കോൾഡ്’ വെക്കേഷൻ ഹോം വർക്ക്! ഇതു വായിച്ച് ടീച്ചർമാർ ആരും നമ്മുക്കെതിരെ ഇങ്ക്വിലാബ് വിളിക്കല്ലേ, നിവൃത്തികേടു കൊണ്ട് പറയുവാ. അല്ല, ഈ ഹോം വർക്ക് നിങ്ങൾക്ക് തന്നെ ‘കൊഞ്ചം ഓവറാ തെരിയില്ലേ?’ ബാക്കിയുള്ളവർ പോസ്റ്റുഗ്രാഡ്വേഷന് പോലും ചെയ്യാത്തത്ര കാര്യങ്ങൾ ഈ ‘ഊപ്പിരികളേ’ കൊണ്ട് ഈ ചെറു ക്ലാസ്സുകളിൽ ചെയ്യിക്കുന്നതിന്റെ ഗുട്ടൻസ് സത്യമായിട്ടും മാതാവെ പുടി കിട്ടിണില്ല. ‘പ്രോജക്റ്റാണത്രെ, പ്രോജക്ട്’’ −എന്തെല്ലാമാണ് അങ്കം! ‘ബുക്ക് റിവ്യൂ, അവധിക്ക് പുതിയതായി തുടങ്ങിയ ഹോബി (തുടങ്ങീട്ടില്ലേൽ തുടങ്ങിയതായി അഭിനയിക്കണം!), അവധിക്കാലത്ത് സന്ദർശിച്ച സ്ഥലങ്ങൾ (എങ്ങും പോകാതെ വീട്ടിലിരുന്ന കുഞ്ഞുങ്ങളെ, പണി പാളിട്ടോ!), വർക്കിംഗ് മോഡലുകൾ, ചാർട്ടുകൾ, മലപ്പുറം കത്തി, അന്പും വില്ലും, A.K.47, അങ്ങിനെ പോകുന്നൂ നീണ്ട നീണ്ട ലിസ്റ്റ്!
അല്ല, അറിയാൻ മേലാണ്ട് ചോദിക്കുവാ, ശരിക്കും ഈ തുന്പിക്കുഞ്ഞുങ്ങളെക്കൊണ്ട് ഇത്ര വലിയ കല്ലെടുപ്പിക്കണോ? സ്കൂളുക്കാർ മേനി പറയാനോ, മാർക്കറ്റ് വല്യൂ കൂട്ടാനോ ആണ് ഇങ്ങനെ ‘അസൈൻമെന്റ്സ്’ നൽകുന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല. ഈ ഭാരിച്ച പ്രോജക്ടുകൾ ചെയ്യുന്ന ഏതെങ്കിലുമൊരു കുഞ്ഞ് എഴുതിക്കൂട്ടി നേടിയതായി അവകാശപ്പെടുന്ന ഏതെങ്കിലുമൊരു കഴിവോ, അല്ലെങ്കിൽ വരയ്ക്കുന്ന ചാർട്ടുകളോ ശരിക്കും ആത്മാർത്ഥമായ് സ്വന്തമായി ചെയ്യുന്നതാണോ? ഇങ്ങനെ അച്ഛൻ അമ്മമാർ കുത്തിയിരുന്ന് തല്ലിക്കൂട്ടിയുണ്ടാക്കുന്ന പ്രോജക്ടുകൾ ഈ പാവം ‘ശിശുക്കളുടെ’ ശാസ്ത്ര ബോധത്തിലേയ്ക്കോ, വ്യക്തി വികാസത്തിലേക്കോ മുതൽക്കൂട്ടാവുമെന്ന് ഏതെങ്കിലും ‘വിദ്യാസുരൻ’ അവകാശപ്പെട്ടാൽ ‘ചേട്ടാ, ഇങ്ങൾ പുലിയാണ്−ട്ടാ...’ എന്ന് പറഞ്ഞ് അത്ര നിഷ്കളങ്കമല്ലാതെ ഒന്നു ചിരിക്കാനേ എനിക്കു കഴിയൂ!
അതവിടെ നിൽക്കട്ടെ. വിദ്യാഭ്യാസത്തിന്റെ ശൈലിയെ കുറെ ചീത്ത പറഞ്ഞപ്പോൾ കുറച്ചൊരു സമാധാനം കിട്ടിയെങ്കിലും, അദ്ധ്യയനത്തിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. പക്ഷേ പൊറുക്കാൻ പറ്റാത്ത ഒരു വർഗ്ഗം കൂടിയുണ്ട് ഈ വിഷയത്തിൽ! ആരാന്നല്ലേ? വേറാരുമാല്ല, നമ്മുടെ വീട്ടുലുള്ള ‘കുരിപ്പുകൾ’ തന്നെ! അതേന്നേ, നമ്മുടെ മക്കൾ തന്നേ! ഇവർക്കറിയാല്ലൊ രണ്ടുമാസം അവധിയുണ്ട്, ആവശ്യത്തിലേറെ ഹോം വർക്കുണ്ട്, ചാർട്ടുകളുണ്ട്, എഴുതാനും വരയ്ക്കാനും ഇഷ്ടം പോലെയുണ്ടെന്ന്! അവധിക്കാലത്ത് ഒരു ദിവസം ശരാശരി പതിനഞ്ച് മിനിട്ട് ചിലവഴിച്ചാൽ പരമാവധി ഒരാഴ്ച കൊണ്ട് ഇതു തീർന്നു കിട്ടും. പക്ഷെ, ഈ അധികപ്രസംഗികൾ കേൾക്കൂല്ല! മാതാപിതാക്കൾ ഓർമ്മപ്പെടുത്താത്തത് കൊണ്ടോ, അവർക്ക് തന്നെ അറിയാത്തത് കൊണ്ടോ അല്ല, പക്ഷെ ചെയ്യില്ല! ആവസാന നിമിഷത്തിൽ, സ്കൂള് തുറക്കുന്നതിന്റെ തലേന്ന് മാത്രം ബോധോദയമുണ്ടായി ഈ ‘പരിപാടിയങ്ങ്ട്’ തുടങ്ങും! എന്റെ മാതാവേ സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് എന്താ ശൂഷ്കാന്തിയാണന്നോ? അവധിക്കാലത്ത് കൃത്യമായി ഒരു നിശ്ചിത സമയം ഇതിനായ് ചിലവഴിച്ചിട്ട് പോവരുതോ ഇതുങ്ങൾക്ക് തല കുത്തി മറിയാനും, മരത്തേൽ കയറി കൈ വിടാനും? പക്ഷേ ചെയ്യില്ല! ഒരു സമാധാന്മുള്ളത് ഇത് എന്റെ മാത്രം കഥയല്ലെന്നുള്ളതാണ്! എല്ലാ വീട്ടിലും ഇതൊക്കെ തന്നെ സ്ഥിതി! ഇതെഴുതിക്കൊണ്ടിരുന്നപ്പോൾ പോലും എന്റെ ഒരു സുഹൃത്ത് വിളിച്ചു, പ്രൊജക്ടിന്റെ സംശയം ചോദിക്കാനാണ്, അവളവിടെ കയ്യിൽ കോപ്പർ വയർ പിടിച്ചോണ്ട് നിൽക്കുവാത്രേ, എന്നിട്ട് എന്നോടാണ് ചോദ്യം, ‘കാതോട് ഏതാ, ആനോട് ഏതാന്ന്’!
ഒരമ്മയുടെ ധർമ്മസങ്കടം എഴുതിപ്പോയതാണ്! ‘ശിക്ഷ’ എന്ന വാക്കിനർത്ഥം ‘വിദ്യ’ എന്നുകൂടിയുണ്ടെന്നുള്ളതിൽ നിന്ന് മാറി ശരിക്കും ‘ശിക്ഷ’ അതായത് ‘പണിഷ്മെന്റ്’ − മാത്രമായി ഒതുങ്ങുന്നോ എന്ന് സംശയം തോന്നിപ്പോവുന്നു! കണ്ണിൽ ഉറക്കം വലകെട്ടിത്തുടങ്ങിയിരിക്കുന്നു. കാലത്തേ മരണമണിക്കായി കാതോർത്ത് എനിക്കുറങ്ങേണ്ടതിനാൽ, ഇത് ഇവിടെ ചുരുക്കുന്നു!
“ഗോ ടു യുവർ ക്ലാസ്സസ്” !!