ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും
ഇന്നലെ വരെ ഞങ്ങ അച്ചായന്മാരുടെ ദേശിയ ഭക്ഷണമായിരുന്നു ബീഫ്. പക്ഷെ ഇന്ന് ബീഫ് ഒരു പ്രതിഷേധത്തിന്റെ ചിഹ്നം എന്ന ലെവലിലേയ്ക്ക് വാഴ്ത്തപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്രയിൽ പശുവിനെ കൊല്ലുന്നതും തിന്നുന്നതും നിരോധിച്ചിട്ട് കാലം കുറച്ചായെങ്കിലും, നമ്മുടെ പശു ഇത്രയും ജനശ്രദ്ധ നേടിയത് ഈയടുത്ത് യു.പിയിലെ ബിസാഡ ഗ്രാമത്തിലെ മുഹമ്മദ് അഖ്ലാഖ് എന്നൊരാളുടെ കൊലപാതകത്തെ തുടർന്നാണ്. ഗോമാതാവിനെ കൊന്നു തിന്നു എന്ന ആരോപണത്താലാണ് നൂറിലധികം ബൂട്ടിഫുൾ പീപ്പിൽ അഖ്ലാഖിന്‍റെ വീടു വളഞ്ഞ് അദ്ദേഹത്തെയും മകനെയും ആക്രമിച്ചത്. തമാശ എന്തെന്ന് വെച്ചാൽ ഈ വൃദ്ധനെ കൊല്ലാൻ കൊലയാളികൾ ഉന്നയിച്ച കാരണം ശരിയാണോ എന്ന് ഉറപ്പുവരുത്താൻ ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ബാക്കി ഇറച്ചി നിയമപാലകർ ഫോറൻസിക് പരിശോധനക്കായി കൊണ്ടുപോയി എന്നുള്ളതാണ്. ഇനി അത് ബീഫ് ആണെന്ന് തന്നെ ഇരിക്കട്ടെ; ഒരു സംസ്ഥാനത്ത് ഒരു നിയമം നിലനിൽക്കുന്പോൾ അത് പാലിച്ചിരിക്കണം എന്ന കാഴ്‌ചപ്പാടിനോട് യോജിക്കുന്നുണ്ടെങ്കിലും, ഒരാൾ നിയമം തെറ്റിച്ചാൽ അയാളെ ശിക്ഷിക്കാൻ നിയമത്തിന് മാത്രമല്ലേ അവകാശം? ബലാത്സംഗങ്ങൾക്ക് പോലും കൊലക്കയർ വിധിക്കാത്ത നമ്മുടെ രാജ്യത്ത് ഗോമാതാവിന്റെ ഹത്യക്ക് പകരമായി നരഹത്യ?
ഞാൻ സസ്യഹാരമോ, മാംസഹാരമോ ഇഷ്ടമുള്ളത് എന്തുമായികൊള്ളട്ടെ, എന്ത് കഴിക്കണമെന്ന് തിരുമാനിക്കാൻ ഒരു സർക്കാരിനോ മതവിഭാഗങ്ങൾക്കോ അവകാശമുണ്ടോ? ഒരു കൂട്ടരുടെ മാത്രം മനോവികാരത്തിനെതിരാണെന്ന അടിസ്ഥാനത്തിൽ ഒരു സാധാരണക്കാരൻ ജനനം മുതൽ ഈ കണ്ട കാലം വരെ ശീലിച്ചിരുന്ന ഭക്ഷണസ്വാതന്ത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയാണോ; അതും ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യമായ നമ്മുടെ ഇന്ത്യയിൽ? സ്വന്തം മതത്തിനെതിരായ ഭക്ഷണ വസ്തുക്കൾ ആ മതവിശ്വാസികൾ വർജ്ജിക്കുകയല്ലേ വേണ്ടത്, അല്ലാതെ മറ്റുള്ളവരിലും അത് അടിച്ചേൽപ്പിക്കണോ? ഇന്നലെവരെ കായ ഇട്ട് വരട്ടി തട്ടിയിരുന്ന പശൂനെ ഇനി മുതൽ ദൈവീക മൃഗമായി ഇന്ത്യാരാജ്യത്തു കാണപ്പെടണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഹിന്ദുമതത്തെ ഇന്ത്യയുടെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അപ്പോ പിന്നെ ആർക്കും ഒന്നും ചോദ്യം ചെയാൻ പറ്റില്ലലോ? അല്ലാതെ മതസ്വാതന്ത്ര്യം, ഭക്ഷണസ്വാതന്ത്ര്യം, വസ്ത്രസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എല്ലാം നിയമപരമായി അനുവദിച്ച ഇന്ത്യയിൽ ഇങ്ങനെ ഒരു ഭക്ഷണത്തിന് വിലക്കേർപ്പെടുത്തുന്നത് ഇന്ത്യയുടെ മതേതര നിലപ്പാടിന് എതിരല്ലേ?
ഇതിൽ നിന്നൊക്കെ വിഭിന്നമായാണ് ഗൾഫിലെ ഇസ്ലാമിക സമൂഹം. റമദാൻ മാസം ഇവിടുള്ള വിശ്വാസികൾക്ക് നോന്പാണെങ്കിലും ഇവിടെ ജീവിക്കുന്ന ദശലക്ഷക്കണക്കിന് അന്യമതക്കാരായ പ്രവാസികളുടെ ഭക്ഷണ കാര്യത്തിൽ അവർ ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. ഈ പുണ്യ മാസത്തിൽ, സ്വന്തം മുറിയുടെ സ്വകാര്യതയിൽ ആർക്കും എന്തും കഴിക്കാം, ഒരു പോലീസും പിടിക്കാനോ പീഡിപ്പിക്കാനോ വരില്ല. മാത്രമല്ല നോന്പനുഷ്ടിക്കാത്തവർക്ക് വേണ്ടി മാത്രം ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയും സർക്കാർ നൽകിയിട്ടുണ്ട്. മുസ്ലീമുകൾക്ക് നിഷിദ്ധമായ പന്നിയിറച്ചി വരെ ഇവിടെ സുലഭമാണ്. ഇത്രേം സഹിഷ്ണുത മറ്റൊരു രാജ്യം നമ്മുടെ രാജ്യക്കാരോട് കാണിക്കുന്പോൾ നമ്മൾക്ക് നമ്മുടെ സ്വന്തം രാജ്യത്ത് സ്വന്തം അയൽക്കാരനോട് കാണിക്കാൻ കഴിയാത്തത് ലജ്ജാവഹമാണ്.
പറഞ്ഞിട്ടെന്താ കാര്യം രാജ്യത്തിന്റെ വികസനം, സാക്ഷരത, ദാരിദ്ര്യ നിർമ്‍മാർജ്‍ജനം എന്നിവയൊക്കെ സ്വപ്നം കാണുന്നതിന് പകരം ‘ഗോക്കളെ മേച്ചും, കളിച്ചും ചിരിച്ചും’ നടക്കുന്ന കിനാശ്ശേരിക്ക് ആണല്ലോ കർത്താവേ നമ്മുടെ രാജ്യക്കാർ കിണഞ്ഞു പരിശ്രമിക്കുന്നത്. മ്മടെ പശുക്കൾ ഈ പുകിൽ വല്ലോം അറിയുന്നുണ്ടോ എന്തോ!