ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?


എന്നും രാവിലെ ഓഫീസിൽ പോകുന്ന വഴിയിൽ‍ കാണാം പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ച്, പച്ചനിറത്തിലുള്ള വേസ്റ്റ്ബിൻ ഉന്തികൊണ്ട് നടക്കുന്ന കുറച്ചു പേരെ. കലാവസ്ഥ എത്ര ചൂടായാലും തണുപ്പായാലും അവർ ചൂലും കൊണ്ട് റോഡ് അടിച്ചുവാരി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നത് കാണാം. ഈ പൊള്ളുന്ന ചൂട് ഇവരെങ്ങനെ സഹിക്കുന്നുവെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. നമ്മളോ? എങ്ങാനും വണ്ടിയിലെ എ.സി കേടായാൽ അന്ന് വേണേൽ‍ ലീവെടുത്തു വീട്ടിലിരിക്കും! തീപാറുന്ന വെയിലിൽ വിയർ‍ത്തു ഒലിച്ചു അവർ ചുറ്റുപാടും വൃത്തിയാക്കുന്നതിനിടയിലും അവരുടെ മുന്‍പിലേയ്ക്ക് വാഹനങ്ങളിൽ നിന്ന്, ചവറു വലിച്ചെറിയുന്ന ബോധമില്ലാത്തവരെയും ഞാൻ കണ്ടിട്ടുണ്ട്. ശരിക്കും നമ്മൾ ശ്രമിച്ചാൽ ഈ വൃത്തിയാക്കുന്നവരുടെ പണി ഇത്തിരി കൂടി എളുപ്പമാക്കാവുന്നതല്ലേ? വേസ്റ്റ് റോഡിലേയ്ക്ക് വലിച്ചെറിയുന്ന കാര്യത്തിൽ മറ്റുരാജ്യക്കാരെ വിമർ‍ശിക്കുന്നതിലും സ്വാതന്ത്ര്യം എന്റെ സ്വന്തം നാട്ടുകാരെ പറയുന്നതാണ്. കാരണം നമ്മൾ‍ ഇക്കാര്യത്തിൽ‍ ആർ‍ക്കും പിന്നിലല്ലല്ലോ! തമാശ എന്താച്ചാൽ‍, ഈ ആളുകൾ തന്നെ നാട്ടിൽ ചെല്ലുന്പോ അവിടുത്തെ വൃത്തിയില്ലായ്മയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നത് കാണാം. ശരിയാ, അവിടെ മിനിറ്റ് മിനിറ്റ് വെച്ച് റോഡും പരിസരവും വൃത്തിയാക്കാൻ പച്ചവസ്ത്രം ധരിച്ചവർ‍ വരാറില്ല!!

എന്നാൽ ഇതിൽ നിന്നൊക്കെ വിത്യസ്തമായി തോന്നിയത് സിംഗപ്പൂർ‍ പോകാൻ അവസരം കിട്ടിയപ്പോഴാണ്. എയർപോർട്ടിൽ ഇറങ്ങിയ മുതൽ ചറപറ ബോർഡ് ‘Littering is Punishable’ പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ഗൈഡ് വക നിർത്താതെ ഉപദേശങ്ങൾ. രാജ്യമുടനീളം ക്യാമറാ വീക്ഷണത്തിലാണ്. അവിടെ വേസ്റ്റ് പൊതുഇടങ്ങളിൽ‍ വലിച്ചെറിയുന്നത് ശിക്ഷാർ‍ഹമാണ്. ശിക്ഷയെന്ന് പറഞ്ഞാൽ 500 ഡോളർ മുതൽ 12 മണിക്കൂർ കമ്മൂണിറ്റി സർവ്വീസ് വരെയാവാം. വലിച്ചെറിഞ്ഞ മാലിന്യത്തിന്റെ അളവു അനുസരിച്ച് ഈ തുക 5000 ഡോളർ വരെ കൂടാം. ഒന്നിൽ കൂടുതൽ തവണ ഒരാൾ പിടിക്കപ്പെട്ടാൽ ഓറഞ്ച് നിറമുള്ള പ്രത്യേക വസ്ത്രം ധരിപ്പിച്ച് അവരെ കൊണ്ട് റോഡ് വൃത്തിയാക്കിക്കും. കഴുത്തിലൊരു ബോർഡും തൂക്കും. ‘ഞാൻ നിയമം തെറ്റിച്ചു വേസ്റ്റ് വലിച്ചെറിഞ്ഞു’ എന്ന്. ഈ വൃത്തിയാക്കൽ ചടങ്ങ് ലൈവായി എല്ലാ ന്യൂസ്‌ ചാനലിലും കാണിക്കുകയും ചെയും. പൊതുജനങ്ങൾ‍ക്ക് മുന്നിൽ‍ തെറ്റുക്കാരനെ നാണം കെടുത്താനാണ് ഈ കടുത്ത പ്രയോഗം. ഈ നിയമം സാധാരണക്കാരനും രാഷ്ട്രീയക്കാരനും ഒരേപോലെയാണ്. നമ്മുടെ നാട്ടിലെ പോലെ കൈക്കൂലി കൊടുത്ത് ശിക്ഷയിൽ നിന്ന് ഒഴിയാമെന്നും കരുതണ്ട. കൈക്കൂലി കൊടുക്കുന്നതോ വാങ്ങുന്നതോ ആയി പിടിക്കപ്പെട്ടാൽ പിന്നെ എട്ടിന്റെ പണിയാണ്. ഫൈനടയ്ക്കാൻ വീടും പറന്പും വിൽ‍ക്കേണ്ടി വരും. അവിടെ കൊണ്ട് തീർ‍ന്നില്ല, പബ്ലിക്‌ ടോയിലെറ്റിൽ പോയി ഫ്ളഷ് ചെയാതെ പുറത്തിറങ്ങിയാൽ വരെ അവിടെ പോലീസ് പിടിക്കും, ശിക്ഷ ചൂരൽ കൊണ്ടുള്ള അടിയാണ്. നാണക്കേട് വേറെയും. എന്തിന് പറയുന്നു ച്യൂയിംഗം വരെ അവിടെ നിരോധിച്ചിരിക്കെയാണ്. അവിടുത്തെ റോഡുകൾ എല്ലാം എന്നേരവും കണ്ണാടി ചില്ല് പോലെ വൃത്തിയായിക്കാണപ്പെടുന്നതിന്റെ പിന്നിലെ ഗുട്ടൻസ് മനസിലായില്ലേ? വേറൊന്നുമല്ല, ചിട്ടയുള്ള അച്ചടക്കമൊന്ന് മാത്രമാണ്.

കേരളത്തെ ഒഴിച്ചു നിർ‍ത്തിയാൽ‍ ഇന്ത്യയിൽ‍തന്നെ മറ്റുസംസ്ഥാനങ്ങളിൽ‍, പ്രത്യേകിച്ച് നഗരങ്ങളിൽ‍, മാലിന്യ നിർ‍മാർജ്‍ജനത്തിനായി കൃത്യമായ സംവിധാനങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് മാത്രമല്ല, മലിനീകരണത്തിന്റെ അവബോധം സൃഷ്ടിക്കാനായി വീടുകളിലും, സ്കൂളുകളിലും ശുചിത്വബോധം വളർത്താനായി വേണ്ട ബോധവത്കരണ ക്ലാസുകളും നടപ്പാക്കാറുണ്ട്. നിറം കൊണ്ടും എഴുത്തു കൊണ്ടും തിരിച്ചറിയത്തക്ക വിധത്തിൽ ഓരോ തരം മാലിന്യങ്ങളെ − പ്ലാസ്റ്റിക്ക് / ബയോളജിക്കൽ‍ / മരുന്നുകൾ‍ മുതലായവയായി തരം തിരിച്ച് മാലിന്യം കൃത്യമായി നിക്ഷേപിക്കാൻ‍ കുഞ്ഞുങ്ങളെപ്പോലും പരീശീലിപ്പിക്കുന്ന മാതൃകാപരമായുള്ള ശീലങ്ങൾ നമ്മൾ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. നമുക്കുമുണ്ടായിരുന്നു ഒരു വിളപ്പിൽ‍ശാല! ഉത്തരവാദിത്വമില്ലാത്ത പ്രവർ‍ത്തനം കാരണം നാട്ടുക്കാരെല്ലാം ചേർന്ന് അതങ്ങ് അടപ്പിച്ചു. അതോണ്ടെന്തുണ്ടായി? തിരുവനന്തപുരം നഗരമിന്ന് ‘മാലിന്യപുര’മായി മാറിക്കിട്ടി. വീട്ടിലുള്ള മാലിന്യങ്ങൾ രഹസ്യമായി നടുറോഡിലുപേക്ഷിച്ച് മുങ്ങുന്നത് ഒരു സ്ഥിരം വാർത്തയായി. എന്ത് ചെയ്യാം അവർക്ക് വേറെ നിവൃത്തിയില്ല. പകർ‍ച്ചവ്യാധിയും മറ്റ് മാറാരോങ്ങളും മൂലം മനുഷ്യർ മരിക്കുന്നത് കണ്ടിട്ടും നമ്മളെന്തേ മാറിച്ചിന്തിക്കാൻ തയ്യാറാവാത്തത്? കഴിഞ്ഞ 10 വർഷത്തിനിടയിൽ‍ നമ്മളെത്ര തരം പുതിയ ‘പനി’കളെ പരിചയപ്പെട്ടു? പരിസര മലിനീകരണം കൊണ്ട് മാത്രമാണ് ഇവയിൽ‍ പലതും ഉണ്ടാവാനും, പടർ‍ന്ന് പകരാനുമുള്ള പ്രധാന കാരണമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും നമ്മുടെ അധികാരപ്പെട്ടവർ മാത്രം ഇതൊന്നും അറിയുന്നില്ല. ഇതിനൊക്കെ പുറമേ ഈ മലിനപ്രദേശങ്ങളിൽ പെറ്റു പെരുകി മനുഷ്യരെ ആക്രമിക്കാൻ തുടങ്ങിയ ‘നായ’ പ്രശ്നം വേറെ വശത്ത്. ശരിക്കും പറഞ്ഞാൽ‍ Cliff Houseന്‍റെയും Cantonment Houseന്‍റെയും മുന്‍പിൽ‍ത്തന്നെ ജനം മാലിന്യം നിക്ഷേപിച്ച് നാറ്റിക്കുകയാണ് വേണ്ടത്! അപ്പോഴെ നമ്മുടെ ജനപ്രധിനിധികൾ ശരിക്കും ജനത്തിന്റെ ബുദ്ധിമുട്ടറിയൂ!!

സിംഗപ്പൂർ‍ മോഡൽ‍ ഒന്നും വേണമെന്ന് പറയുന്നില്ല, പക്ഷേ പരിസര മലിനീകരണം തടയാൻ ശക്തമായ നിയമങ്ങൾ‍ നമുക്ക് വേണം! നിയമത്തെ പേടിച്ചെങ്കിലും മനുഷ്യർ‍ നന്നായാലോ? മാത്രവുമല്ല ഓരോ പ്രദേശത്തിലും വേസ്റ്റ് പ്ലാന്റ്സ് തുടങ്ങാൻ‍ നമ്മുടെ നാട്ടിലും സർ‍ക്കാർ‍ മുൻകൈയ്യെടുക്കണം. ആവശ്യത്തിനും അനാവശ്യത്തിനും മുറവിളി കൂട്ടി സമരം ചെയുന്ന നമ്മുടെ നേതാക്കന്മാർ ഒന്നോർ‍ക്കണം നമ്മുടെ ആരോഗ്യകരമായ നിലനിൽപ്പിന് ഏറ്റവും ആവശ്യമായത് പരിസര ശുചിത്വം ആണെന്ന്. സമരം ചെയ്താണെങ്കിലും നമ്മുക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, ശുചിത്വസുന്ദരമായ പരിസരങ്ങളും, മാലിന്യ നിർ‍മാർ‍ജ്ജനത്തിനായുള്ള തീരുമാനങ്ങൾ‍ എന്നിവയെല്ലാം സർ‍ക്കാരിനെക്കൊണ്ട് എടുപ്പിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ പരിസരശുചിത്വത്തിന്‍റെ കാര്യത്തിലെങ്കിലും നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആയേനെ!! അല്ലാതെ ഇപ്പോഴുള്ള അവസ്ഥ തുടരുകയാണെങ്കിൽ യൂട്യൂബിലെ ആ ചേച്ചി പാടിയ പാട്ടുണ്ടല്ലൊ?, അതിലെ ഭയങ്ങൾ‍ യാഥാർ‍ത്ഥ്യമാകാൻ വലിയ താമസമൊന്നും വേണ്ട! യേത്?..

 

You might also like

Most Viewed