മൂന്നാറിലെ പെണ്ണുങ്ങളെ കണ്ടിക്കാ?


ഞാനെഴുതുന്നതിന്റെ തലക്കെട്ട് കണ്ടപ്പോൾ എന്റെ ‘ആര്യപുത്രൻ’ അസഹ്യമായ മടുപ്പോടെ എന്നോട് പറഞ്ഞു “എടീ നീയെങ്കിലും ആ പെണ്ണുങ്ങളെയൊന്ന് വെറ്തേ വിട്വൊ? അതുങ്ങൾ പാവം എങ്ങനെയോ ഒരു സമരം ജയിച്ചെന്ന് വെച്ച് അതൊരുജാതി കാർഗിൽ യുദ്ധം ജയിച്ച പോലെയാണല്ലോ മാധ്യമങ്ങളായ മാധ്യമങ്ങളും, നിന്നെപ്പോലെ എഴുതി വെറുപ്പിക്കുന്നവരും ഏറ്റെടുത്ത് ആക്കുന്നത്. നിനക്കെങ്കിലും അത് ഒന്ന് ഒഴിവാക്കിക്കൂടേ?” കാര്യം ശരിയാണ്, ഏതു പത്രമെടുത്താലും അതിൽ തലകെട്ട് മൂന്നാറു തന്നെ! പക്ഷേ എനിക്കിവിടെ പറയാനുള്ളത് അവരുടെ സമരത്തെക്കുറിച്ചേ അല്ല! മറിച്ച് മനസ്സു കൊണ്ട് പലരും കുറെക്കാലമായി ഓങ്ങി വെച്ച ഒരടി ‘ഠേ’ന്ന് ചിലരുടെ മുഖത്ത് തന്നെ പൊട്ടിച്ചതിനെക്കുറിച്ചാണ്.

ആര് ആരെ തല്ലീന്നാവും? തല്ലിയത് ഇമ്മടെ സമരക്കാർ. മിനക്കെട്ട് ചെന്ന് അടി വാങ്ങിയത് നമ്മുടെ നാടിന്റെ ശാപമായ ‘ട്രേഡ് യൂണിയൻക്കാരും’. തൊഴിലെടുക്കുന്നവനെതിരെയുള്ള മുതലാളിമാരുടെ ചൂഷണമൊഴിവാക്കാനും, ആരോഗ്യപരമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പു വരുത്താനും, തൊഴിൽ സ്ഥലത്തുള്ള സുരക്ഷ, ജോലിക്ക് തന്നെയുള്ള സുരക്ഷ, മിനിമം വേതനം, എന്നു വേണ്ട തൊഴിലാളികളുടെ എല്ലാ ക്ഷേമപ്രവൃത്തികളും ഉറപ്പുവരുത്താൻ രൂപം നൽകിയ ഈ യൂണീയൻ സംവിധാനത്തിന്റെ ശല്യം അനുഭവിക്കാത്ത ഒരു സ്വദേശിയോ പ്രവാസിയോ ഉണ്ടാവില്ല! ശരിക്കും പണിയെടുക്കുന്നവർക്ക് ഇവരെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് ചോദിച്ചാൽ‍ അതുമില്ല! കയറ്റു കൂലി, ഇറക്ക് കൂലി, നോക്ക് കൂലി, വഴി തടയൽ‍, കല്ലെറിയൽ‍, വണ്ടികളുടെ ചില്ലു പൊട്ടിക്കൽ‍, ബസ്സു കത്തിക്കൽ‍ എന്നിങ്ങനെയുള്ള ഇവരുടെ വിവിധ വിനോദ കലാപരിപാടികൾക്ക് സാക്ഷ്യം വഹിക്കാത്ത ഒരു മനുഷ്യക്കുഞ്ഞു പോലും ഇമ്മടെ നാട്ടിലുണ്ടാവില്ല. എല്ലാ മേഖലകളിലും ഇവരുടെ നേതാക്കന്മാർക്ക് അഴിമതി ചെയ്യാനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്നതൊഴിച്ചാൽ ഇവരെ കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമുള്ളതായ് ആരും പറഞ്ഞു കേട്ടിട്ടില്ല. എന്നിട്ടോ, അഴിമതിയിലൂടെ ഉണ്ടാവുന്ന ലാഭം മിക്കവാറും ഇവരുടെ നേതാക്കന്മാർക്ക് മാത്രമേ ഉണ്ടാവുള്ളൂ, അണികളായ കോരന്മാർ‍ക്ക് കഞ്ഞി അന്നും ഇന്നും കുന്പിളിൽ‍ തന്നെയായിരിക്കും!

സാധാരണക്കാരുടെ ജീവിതത്തിൽ‍ ഈ ‘അവകാശ സംരക്ഷകർ’ എങ്ങിനെ ബാധിക്കുന്നുവെന്ന് അറിയണമെങ്കിൽ‍ ‍‍നമ്മുടെ ഓരോരുത്തരുടെയും ജീവിതം നോക്കിയാൽ‍ മതി. എന്റെ ഒരു സുഹൃത്തു പറഞ്ഞ അനുഭവം പറയാം. പ്രായമായ അച്ഛമ്മമാർക്ക് അവരുടെ അമ്മയെ (മുത്തശ്ശിയെ) പരിചരിക്കാൻ ഒരു ഹോം ന‍ഴ്സിനെ നിർ‍ത്തേണ്ടി വരുന്നു, യൂണിയന്റെ ‘കെയറോഫിൽ‍’ വന്ന നേഴ്സിന് പ്രായം 64, (അവർ‍ക്ക് തന്നെ നടക്കണമെങ്കിൽ‍ പരസഹായം വേണം!) നാല് ദിവസം കൊണ്ട് നേഴ്സിന്റെ സേവനം ഒരു പാരയായ് മാറി. അഞ്ചാം ദിവസം അവർ‍ പിണങ്ങിപ്പോയി, കാരണം തലേന്ന് രാത്രി ‘കറുത്ത മുത്തിന്റെയും ചന്ദനമഴയുടെയും’ സമയത്ത് മുത്തശ്ശി ചുമച്ചത്രേ! രോഗിയെ പരിചരിക്കേണ്ടി വന്ന കാരണം സീരിയൽ‍ ‘മിസ്സായി’. പിണങ്ങിപ്പോയ ആയമ്മയെ അന്വേഷിക്കാൻ സ്ഥാപനത്തിൽ‍ ചെന്നപ്പോൾ‍ കണ്ടത് അദ്വാനിക്കുന്ന തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങൾ‍ നിഷേധിക്കുകയും, സമാധാനപരമായ തൊഴിലന്തരീക്ഷം നൽ‍കാതെ തൊഴിലാളിയെ പീഡിപ്പിച്ചതിനെ കുറിച്ച് ചോദ്യം ചെയ്യാൻ മീശ പിരിച്ചു നിൽ‍ക്കുന്ന യൂണിയൻ നേതാവിനെയുമാണ്! അദ്ദേഹത്തിന് വിഷയത്തെക്കുറിച്ച് ‘താത്വികമായൊരു അവലോകനം’ നടത്തണമത്രേ!

അതൊക്കെ പോട്ടെ, നമ്മുടെ സർ‍ക്കാർ ഓഫീസുകളിൽ‍ ഒരു ജാതി −സർ‍ട്ടിഫിക്കറ്റിനോ, കൈവശാവകാശ സർ‍ട്ടിഫിക്കറ്റിനോ, അല്ലെങ്കിൽ‍ വീടു വെക്കാനുള്ള പ്ലാൻ അനുവദിച്ചു കിട്ടാനോ പോയി നോക്കണം! എത്ര തവണ ഈ ഓഫീസുകൾ‍ കയറിയിറങ്ങേണ്ടി വരുമെന്നുള്ളത് അവനവന്റെ തലവര പോലിരിക്കും. സമയ പരിമിതിയുള്ള നമ്മളെപ്പോലുള്ള പ്രവാസികളുടെ കാര്യമാണ് ഏറ്റവും കഷ്ടം. അവിടുള്ള ‘പബ്ലിക്ക് സെർവന്റ്സ്’ ചോദിക്കുന്ന കൈകൂലി കൊടുക്കാതെ ഒരു കടലാസ്സും മുന്നോട്ട് നീക്കില്ല! ആവേശത്തിൽ അറിയാതെങ്ങാനും വിജിലൻസെന്നോ, ആന്റി കറപ്ഷൻ എന്നോ ചിന്തിച്ചു പോയാൽ‍ എപ്പ പണി കിട്ടിയെന്ന് ചോദിച്ചാൽ‍ മതി. പിന്നെ കേസായി, കോടതിയായി − പിന്നെ ഗൾഫിലോട്ടു തിരിച്ചു വരുന്ന കാര്യം മറന്നു കളയാം. എങ്ങാനും ഈ ഓഫീസർമാരെ കൈയ്യോടെ പിടിച്ചാലും ഇവർക്കൊരു ചുക്കും സംഭവിക്കാൻ പോണില്ല കാരണം അപ്പൊ യൂണിയൻ തടയിടും. ഇനി ഈ അഴിമതി ചെയ്യുന്ന ആൾ‍ എങ്ങാനും യൂണിയന്റെ തലപ്പത്തുള്ള ആളാണങ്കിൽ‍ പിന്നെ മൊത്തം ‘വറൈറ്റി’ കലാ പരിപാടികൾ ആയിരിക്കും. സമരങ്ങൾ‍, റോഡ് കുത്തിയിളക്കൽ, മരം വെട്ടിഇടൽ, വണ്ടി എറിഞ്ഞു പൊട്ടിക്കൽ, തീയിടൽ! ഹോ! വാട്ട്‌ എ ബൂട്ടിഫുൾ പീപ്പിൾസ്!

കൊച്ചി മുസിരിസ് ബനാലയിൽ‍ പങ്കെടുക്കാൻ വന്ന വാസ്വോ എന്ന വിദേശി കലാകാരന്‍ യൂണിയൻകാരുടെ സേവന സന്നദ്ധതയുടെ കൂടുതൽ കൊണ്ട് മാസങ്ങൾ‍ കഷ്ടപ്പെട്ടുണ്ടാക്കിയ തന്റെ കലാരൂപങ്ങൾ‍ എറിഞ്ഞുടയ്ക്കുന്ന വീഡിയോ കാണാത്തവർ ഉണ്ടോ? ഒറ്റയടിക്കല്ലേ ഈ യൂണിയനുകൾ‍ നമ്മുടെ മഹത്തായ സാംസ്‌കാരിക പൈതൃകം യൂട്യൂബ് വഴി ലോകം മുഴുവൻ പണ്ടാരമടക്കി കയ്യിൽ തന്നെ. അല്ല ഇവരെ പറയുന്നെന്തിനാ, ഉച്ച ഭക്ഷണത്തോടൊപ്പം ലഭിക്കുന്ന പപ്പടത്തിന്റെ വലിപ്പം കുറഞ്ഞ് പോയെന്നും പറഞ്ഞ് ‘ഇന്ത്യൻ‍ റയർ‍ എർത്ത്’ എന്ന സ്ഥാപനത്തിലെ തൊഴിലാളികൾ സമരം ചെയ്ത മഹത്തായ വിപ്ലവ പാരന്പര്യമുള്ള നമ്മുക്ക് അമേരിക്കൻ കലാകരന്റെ ധാർ‍മ്മിക രോഷം വെറും ‘തേങ്ങ’യാണെന്ന് ആ കലാകാരനുണ്ടോ അറിയുന്നു? നമ്മ മലയാളികളോടാ കളി! 

ഇങ്ങനെയിരിക്കുന്പോഴാണ് ഇമ്മടെ മൂന്നാറിലെ ചീറുന്ന പെൺപട ആവേശമായി കത്തിക്കയറുന്നത്. പതിറ്റാണ്ടുകളായി അവരെ ശരിക്കും ചൂഷണം ചെയ്തത് ടാറ്റയോ, ഹാരിസൺ മലയാളമോ, കണ്ണൻ ദേവനോ അല്ല, മറിച്ച് മുതലാളിമാർ‍ കൊടുക്കുന്ന സൗകര്യങ്ങൾ‍ അനുഭവിച്ച്, തൊഴിലാളികളുടെ കൂടെ നിന്ന്, അവരുടെ അവകാശങ്ങൾ‍ക്കായ് പോരാടുന്നതായഭിനയിച്ച  യുണിയൻക്കാരാണ്. ആ പെണ്ണുങ്ങൾ സമരം ജയിച്ചതിലോ, അവകാശങ്ങൾ‍ നേടിയെടുത്തതിലോ ഉപരി എനിക്ക് സന്തോഷമായത് ഒരൊറ്റ യൂണിയൻ നേതാവിനെ ആ പ്രദേശത്തോട്ട് അടുപ്പിക്കാതിരിക്കാൻ അവർ കാണിച്ച ചങ്കൂറ്റത്തെയാണ്‌! ആട്ടിൻ‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിഞ്ഞ് തല്ലിയോടിച്ച ആ സ്ത്രീ ശക്തിക്കാണ് എന്റെ സലൂട്ട്. അതാണ് പെൺ‍ കരുത്ത്! കണ്ടിക്കാ?.. മൂന്നാറിലെ പെണ്ണുങ്ങളെ കണ്ടിക്കാ..?

You might also like

Most Viewed