അത് വേ... ഇതു റേ...


യാലും നൊസ്റ്റാൾ‍ജിയ നിറഞ്ഞു തുളുന്പുന്ന പോസ്റ്റുകൾ. എല്ലാരും വെച്ച്് കാച്ചുന്നത് ബാല്യത്തിലെ ഓണത്തിന്റെ ഓർ‍മ്മകൾ‍. ‘നമ്മുടെയൊക്കെ ബാല്യം എത്ര ധന്യമായിരുന്നു. പക്ഷികളുടെ കളകളം കേട്ട് കൺ‍മിഴിക്കുന്ന പ്രഭാതം, തുന്പയും തുളസിയും തലയുയർ‍ത്തി നിൽ‍ക്കുന്ന പറന്പിലൂടെ പല്ലു തേച്ചുകൊണ്ട് നടക്കുന്നത് നേരെ കിണറ്റിൻകരയിലേയ്ക്കാണ്. കിണറ്റിലെ തണുത്ത വെള്ളത്തിൽ കോരികുളിച്ച് തിരിച്ച് വരുന്പോൾ അടുക്കളയിൽ‍ നിന്നു പശുവിൻ നെയ്യിൽ മൊരിച്ച ദോശയുടെ മണം മൂക്കിലേയ്ക്ക് തുളഞ്ഞ് കേറുന്നുണ്ടാവും. പിന്നെ കടലാസ് കനത്തിലുള്ള ആ ദോശ ചട്ടുകത്തിൽ‍ നിന്ന് നേരിട്ടേറ്റ് വാങ്ങി, സാന്പാറിലോ ചട്ണിയിലോ അതിനെ മുക്കികൊന്ന് വായിൽ വെക്കുന്പോളുണ്ടല്ലോ...എന്റെ സാറേ!!! ഓണക്കാലമാവുന്പോഴാണ് രസം! അതുവരെ അവധി ദിവസങ്ങളിൽ ഉച്ചിയിൽ സൂര്യനുദിച്ചാലും എഴുന്നെൽക്കാത്ത കുംഭകർ‍ണ്ണൻമാർ അതിരാവിലെ അലാറം വെച്ച് എഴുന്നേൽ‍ക്കും, എന്തിനാന്നോ? പൂപറിക്കാൻ പോണം! പരീക്ഷാകാലത്തില്ലാത്ത ശുഷ്കാന്തിയാണപ്പോൾ‍ നേരത്തെ എഴുനേൽ‍ക്കാൻ‍, കാരണം അയലോക്കത്തെ പിള്ളേര് വരുന്നതിന് മുന്‍പ് ഇറങ്ങണം. വേലിയായ വേലിയെല്ലാം ചാടി കടന്ന്, പറന്പായ പറന്പ് എല്ലാം കേറിയിറങ്ങി, കിട്ടാവുന്ന പൂക്കളെല്ലാം പെറുക്കി ഏറ്റവും നല്ല പൂക്കളമൊരുക്കാൻ. പിന്നെയങ്ങോട്ട്‌ കളികളാണ്. അപ്പം ചുട്ടുകളി, ഗോട്ടിക്കളി, കണ്ണ് പൊത്തിക്കളി, കുട്ടീം കോലും, അങ്ങനെ എത്രയെത്ര കളികൾ‍! സന്തോഷങ്ങളുടെ നിറവിൽ‍, പെരുന്നാളുകളുടെ പെരുമയിൽ, ആഘോഷങ്ങളുടെ ധാരാളിത്തത്തിലൊരു ബാല്യം’ ഹൊ! എന്താല്ലേ? രസമെന്തെന്ന് വെച്ചാൽ ഈ ഫ്ളാഷ്ബാക്ക്’ ആര് പറഞ്ഞാലും അതിനനുബന്ധമായി അവസാനം ഒരുവരി കൂടി ചേർ‍ത്തിരിക്കും “ഇന്നത്തെ നമ്മുടെ കുട്ടികൾ‍ക്കിതെല്ലാം നഷ്ടപ്പെടുന്ന സൗഭാഗ്യങ്ങളാണ്, പാവങ്ങൾ‍!” ശരിയാ, പാവം എന്റെ മോൾ, ഞാൻ സങ്കടത്തോടെ അവളെ നോക്കി. ങേ! അവൾ‍ ദാണ്ടെ ‘ഹാപ്പിയായ്’ ഇരുന്ന് റൂബിക്സ്ക്യൂബ് സോൾ‍വ് ചെയ്യുന്നു. അവൾ‍ക്ക് ഒരു നഷ്ടബോധവുമില്ല! ഞാൻ‍ മനസ്സുകൊണ്ട് അവളോട് ചോദിച്ചു, “അച്ചൂ, നിനക്ക് എന്തൂട്ടോക്ക്യാ നഷ്ടപ്പെടുന്നേന്നു നീയറിയണുണ്ടോ‍‍”? അതിനുത്തരമെന്നോണം ‘സോൾ‍വ്’’ ചെയ്ത റൂബിക്സ്ക്യൂബ് എന്റെ നേർ‍ക്ക് വിജയഭാവത്തിലെറിഞ്ഞ് അവൾ ഐപാഡിലേക്ക് തിരിഞ്ഞു!

ശരിക്കും അവൾ‍ക്കെന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ? ഞാൻ‍ ആലോചിച്ചു. ഒരു വഴിക്ക് നോക്കിയാൽ ഇന്നത്തെ കുട്ടികൾ‍ അല്ലെ ശരിക്കും ഭാഗ്യം ചെയ്തവർ?. ഇന്നത്തെ ‘യുവ’ മാതാപിതാക്കൾ മിക്കവരും വിദ്യാസന്പന്നരാണ്, അത്യാവശം തരകേടില്ലാത്ത വരുമാനക്കാരുമാണ്. പണ്ടൊക്കെ ഒരു ഗൃഹനാഥന്റെ ഏറ്റവും വലിയ ആധി വീട്ടിലുള്ളവരുടെ അന്നന്നത്തെ ആഹാരത്തെ കുറിച്ച് മാത്രമായിരുന്നുവെങ്കിൽ, ഇന്നത്തെ തലമുറയിലെ മിക്ക അച്ഛനമ്മമാരുടെ ചിന്ത മക്കളെ ഒരു അല്ലല്ലും കുറവും അറിയിക്കാതെ, എല്ലാ സുഖസൗകര്യങ്ങളോടും കൂടി വളർത്തണമെന്ന് മാത്രമാവും. അത് മാത്രമല്ല ശാസ്ത്രത്തിന്റെയും, സാങ്കേതികവിദ്യയുടെയും വളർ‍ച്ചയോടുകൂടി നമ്മുടെ കുട്ടിക്കാലത്ത് സ്വപ്നം മാത്രം കണ്ടിരുന്ന ഭക്ഷണങ്ങൾ, കളിപാട്ടങ്ങൾ, അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് ഇന്നത്തെ കുട്ടികളുടെ വിരൽ‍ത്തുന്പിൽ‍ ലഭ്യമാകുന്നത്? ലോകത്തെവിടെ പോകാനും, അറിവിന്റെ ലോകത്തെക്കുള്ള അന്വേഷണങ്ങളാവട്ടെ, കഥകളോ, കവിതകളോ, കളികളൊ എന്തുമാവട്ടേ, അച്ഛനമ്മയ്ക്കും, മക്കൾ‍ക്കും അത് സാധിച്ചെടുക്കാൻ ഇന്റർ‍നെറ്റിൽ‍ ഒരു നിമിഷം മതി. ഇനിയിപ്പോൾ‍ കായികമായിക്കോട്ടെ, ജോഗിങ്ങിനോ, സൈക്കളിങ്ങിനോ അല്ലെങ്കിൽ‍ വല്ലപ്പോഴുമൊന്ന് നീന്താനോ കുട്ടികളെ കൊണ്ടു പോവാത്ത അച്ഛനമ്മമാർ‍ ഇന്ന് വിരളമാണ്. 

നമ്മുടെ തലമുറയിലാവട്ടെ അച്ഛനോട് തന്നെ ഒരാവശ്യം പറയണമെങ്കിൽ ആദ്യം അമ്മയോട് പറയണം. അതാണ്‌ അന്നത്തെ ‘പ്രോപ്പർ‍ ചാനൽ‍’. അമ്മ വേണം അത് അച്ഛന്റെ മനഃസ്ഥിതി നോക്കി അവതരിപ്പിച്ചു അനുമതി നേടാൻ. ഇന്ന് അങ്ങനയല്ല, മാതാപിതാക്കളും മക്കളും നല്ല ‘ബോണ്ടിങ്ങാണ്’ അത് കൊണ്ട് തന്നെ എന്താവശ്യം വന്നാലും ആരുടെടുത്താണോ കാര്യം സാധിക്കേണ്ടത് അവരോടു തന്നെ നേരിട്ട് അവശ്യപ്പെടുന്ന കുട്ടികളാണ്. പണ്ട് ഇങ്ങനോക്കെയല്ലായിരുന്നെന്ന് എന്റെ ക്ടാവിനോട് പറഞ്ഞാൽ‍ അവൾ‍ വിശ്വസിക്കില്ല, കാരണം എന്‍റെ മോൾ അപ്പനുമായി ‘ചങ്ക് ബ്രോ ഫ്രീക്ക് ബഡീസ്’ ആണ്. ഇങ്ങനെയൊരു തുറന്ന മനഃസ്ഥിതിയുള്ള ബന്ധം കുട്ടിയിലുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. സങ്കോചമില്ലാതെ സംസാരിക്കാനും, ചെറുതും വലുതുമായ ഉത്തരവാദിത്വങ്ങൾ‍, കൂട്ടുക്കാരുടെ ഇടയിലോ, സ്കൂളിലോ, ഒരു മടിയുമില്ലാതെ ഏറ്റെടുക്കുന്നത് അവരുടെ ‘ബഡി’ യിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്. സത്യം പറഞ്ഞാൽ എല്ലാ മേഖലകളിലും നമ്മൾ‍ മാതാപിതാക്കൾ ഒന്നു മനസ്സു വെച്ച് കൂടെ നിൽക്കാൻ തയ്യാറായാൽ ഇന്നത്തെ കുട്ടികളുടെ ജീവിതം മുകളിൽ‍ പറഞ്ഞ ‘നൊസ്റ്റാൾ‍ജിക്’’ കഥകളെക്കാൾ എത്രയോ മെച്ചമാണ്. 

നാട്ടിൻ‍പുറത്തെ നന്മകൾ‍ മഹത്തരമാണ്, പുണ്യമാണ്. സമ്മതിച്ചു. അതില്ലാതെ പോകുന്നത് കഷ്ടവുമാണ്. പക്ഷെ മാറിയ ജീവിതസാഹചര്യങ്ങളിൽ‍ സ്വന്തം നാടിന് പുറത്ത് ജീവിക്കാൻ വിധിക്കപ്പെട്ട നമ്മൾ‍ക്കും നമ്മുടെ മക്കൾ‍ക്കും എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ‍, ചില നേട്ടങ്ങളും കൂടി അതോടൊപ്പമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ചിന്തകളിവിടെ എത്തിയപ്പോൾ‍ ഞാൻ തിരിഞ്ഞു നോക്കി, ഐപാഡിൽ‍ കാർട്ടൂൺ‍ കണ്ടു മകൾ‍ പൊട്ടിച്ചിരിക്കുന്നു.  അത് കണ്ട് ഞാൻ മനസ്സിൽ‍ പറഞ്ഞു “ ഇല്ലച്ചുവേ...നിന്റെ കാര്യത്തിൽ‍ എനിക്കൊരു നഷ്ടബോധവുമില്ല..കാര്യായിട്ട് നിനക്കൊരു തേങ്ങ്യേം നഷ്ടപ്പെടുന്നില്ലാ ട്ട്വോ!”

You might also like

Most Viewed