ആഘോഷങ്ങൾ അതിരുവിടുന്പോൾ
അന്ന് കോളേജ് ക്യാന്പസ്സിലൂടെ നടക്കുന്നതിനിടയിൽ അവൾ എന്താവും ചിന്തിച്ചു കൊണ്ടിരുന്നത്? റെക്കോർഡ് സബ്മിറ്റ് ചെയ്യാനുള്ള അവസാന തീയതി അടുത്തു വരുന്പോഴുള്ള ആധികളായിരുന്നോ ആ മനസ്സിൽ? അതോ ഓണാവധിക്ക് വീട്ടിലെത്തുന്പോൾ കാട്ടിക്കൂട്ടേണ്ട കുസൃതികളോ! എന്തുമായിക്കോട്ടേ, ഒരു നിമിഷാർത്ഥത്തിനിടയിൽ സംഭവിച്ച ആ വലിയൊരാഘാതത്തിൽ അബോധത്തിന്റെ കട്ടകറുപ്പിലേക്ക് മിഴികളടച്ച് തെറിച്ചു വീണപ്പോൾ അവളൊരു പക്ഷേ മനസ്സിലാക്കിയിട്ടുണ്ടാവില്ലാ, തന്നെ ഇടിച്ചു വീഴ്ത്തിയത് ഒരു ജീപ്പായിരുന്നുവെന്ന്! ആ ജീപ്പ് 'വെറുമൊരു' ആഘോഷത്തിന്റെ 'പകച്ചു' പോയ ആശയമായിരുന്നുവെന്ന്. തിരുവനന്തപുരം CET കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി തെസ്‌നി ബഷീറിന്റെ ദാരുണാന്ത്യം മനസ്സിലൊത്തിരി ചോദ്യങ്ങളുയർത്തുന്നു. നന്മയുടെയും സമൃദ്ധിയുടെയും പ്രതീകമായ ഓണം ഇന്ന് മിക്ക ക്യാന്പസ്സുകളിളും കോമാളിത്തരങ്ങളുടെ ഘോഷയാത്രയായി. ഇതു പോലെയുള്ള ആഘോഷങ്ങൾ സമൂഹത്തിന്റെ മൊത്തം പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. എവിടെ നോക്കിയാലും കറുത്ത ഷർട്ടും, മുണ്ടും, മദ്യവും, അടിപിടിയും അതിരുവിടുന്ന ആഘോഷങ്ങളും. ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ അതിലെ വേഷം ക്യാന്പസ്സിൽ ഹിറ്റാവുന്നത് ആദ്യമായിട്ടല്ല, അതിലൊരു തെറ്റുമില്ല. പക്ഷെ ആദ്യമായിട്ടാവും നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ ഒരു നായകന്റെ ഹീറോ പരിവേഷം ലഭിക്കുമെന്ന അബദ്ധവിചാരത്തിൽ അനുകരണം വേഷവിധാനത്തിൽ ഒതുക്കാതെ കണ്ണ് ചുവപ്പിച്ചും, പല്ലു കടിച്ചും, നാഡി ഞരന്പ് വലിച്ചുമുറുക്കിയും ഓരോന്നു കാട്ടികൂട്ടുന്നത്.
ലഹരിയുടെ സ്വാധീനത്തിൽ സിനിമയെ വെല്ലുന്ന രീതിയിൽ ജീപ്പ് ഓടിച്ച് 'ഷൈൻ' ചെയ്യുന്നതും, അവസാനം അത് ഒരു പാവം പെൺകുട്ടിയുടെ ജീവനെടുക്കുന്നത് വരെ ചെന്നെത്തിയതും മനഃസാക്ഷിക്കു നിരക്കാത്തതാണ്. ആരാണിവിടെ തെറ്റുക്കാർ? ക്യാന്പസ്സുകളിൽ ദുരുപയോഗം ചെയ്യപ്പെടുന്ന സ്വാതന്ത്ര്യങ്ങൾ ചോദ്യം ചെയ്യാത്ത കോളേജ് അധികൃതരോ, അതോ സ്വന്തം മക്കൾക്ക് ആഘോഷിക്കാൻ അകമഴിഞ്ഞ് പണമൊഴുക്കുന്ന മാതാപിതാക്കളോ? അതോ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ ഹീറോയിസം എന്ന് തോന്നുന്ന എന്തിനും തുനിഞ്ഞിറങ്ങുന്ന സാമൂഹിക ബോധമില്ലാത്ത ഇപ്പോഴത്തെ ന്യൂ ജെനറേഷൻ ചെറുപ്പക്കാരോ?
തെസ്നിയുടെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിനു മുന്പേയാണ് CET കോളേജിനെ വെല്ലുന്ന ആഘോഷങ്ങൾ അടൂർ IHRD കോളേജിൽ അരങ്ങേറിയത്. ചെകുത്താൻ ലോറി, ഫയർ എഞ്ചിൻ, ട്രാക്ടർ, JCB, KSRTC ബസ്, ക്രെയിൻ എന്നിങ്ങനെ ഒരു നിമിഷത്തിന്റെ അശ്രദ്ധകൊണ്ട് അനേകരുടെ ജീവന് ഭീഷണിയാകുന്ന ഒരുപാട് സന്നാഹങ്ങൾ! ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലാണ്ടാണോ? അതോ ഇതൊക്കെ നടക്കുന്നത് അധികാരപ്പെട്ടവരുടെ അനുമതിയോടുകൂടെത്തന്നെയാണോ? ന്യൂ ജെനറേഷൻ സിനിമയിൽ പ്രതിഫലിക്കുന്ന 'ട്രെൻഡു 'കളുടെ പിന്നാലെ ഒരു മുൻവിചാരവുമില്ലാതെ എടുത്തുചാടി ഇന്നത്തെ തലമുറ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ എത്ര അപകടകരമാണെന്ന് അധികാരപ്പെട്ടവരെങ്കിലും ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയമാണ്! അന്ധമായ അനുകരണങ്ങൾക്ക് പിന്നാലെ കുതിക്കുന്ന യുവതലമുറയെ തിരുത്തുന്നതിൽ ഒരു വലിയ പങ്ക് സർക്കാരിനുമുണ്ട്. കലാലയങ്ങളിൽ അദ്ധ്യയനമാണ് നടക്കേണ്ടതെന്നും അക്രമങ്ങളല്ല നടക്കേണ്ടതെന്നുമുള്ള നിയമം നടപ്പിൽ വരുത്തുകയും, സാമൂഹികവിരുദ്ധമായത് കണ്ടാൽ ശരിയായ ശിക്ഷണ നടപടികളെടുക്കാൻ കലാലയങ്ങളും സർവ്‍വകലാശാലകളും സർക്കാരും തയ്യാറാവുകയും വേണം. ഈ കാര്യങ്ങളിൽ നമ്മൾ രക്ഷിതാക്കൾക്കുമുണ്ട് വലിയൊരു പങ്ക്. ആഘോഷമെന്നാൽ ഒരിക്കലും സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ ആപത്തു ഉണ്ടാകുന്ന രീതിയിലാവരുതെന്ന് വീട്ടിൽ നിന്ന് മനസ്സിലാക്കി കൊടുക്കണം. ആഘോഷങ്ങൾക്ക് ലഹരി അനിവാര്യമല്ലെന്ന് കുട്ടികൾ മനസ്സിലാക്കേണ്ടത് സ്വന്തം വീടുകളിൾ നിന്നാണ്.
നാട്ടിലെ ഓണക്കോലാഹലങ്ങളുമായ് തട്ടിച്ച് നോക്കുന്പോൾ, നമ്മൾ പ്രവാസികൾക്ക് അഭിമാനിക്കാം! ബഹ്റിനിലെ മലയാളിക്കൂട്ടായ്മയുടെ ഭാഗമായി നാനാ ജാതി മതസ്ഥർ ഓണമെന്ന ഒരേ വിചാരത്തോടെ, ബഹ്‌റിൻ കേരളീയ സമാജത്തിൽ കഴിഞ്ഞ രണ്ടാഴ്ചകളിൽ നടത്തിയ ഘോഷയാത്രകളും, കലാപരിപാടികളും, മത്സരങ്ങളും, പായസമേളയും, ഓണസദ്യയും എന്നുവേണ്ട, ഓണത്തിന്റെ സകല സാദ്ധ്യതകളും പുനരാവിഷ്കരിച്ചു കണ്ടപ്പോൾ, ഒരുപക്ഷേ മാവേലി വരുന്നത് ബഹ്റിനിലെക്കായിരിക്കുമോ എന്ന് സ്വൽപ്പം അഹങ്കാരത്തോടെ തന്നെ സംശയിച്ചു പോയി. നാട്ടിലെ ലക്ഷ്യബോധവും, മൂല്യബോധവുമില്ലാത്ത നവതലമുറയെയും നമ്മുക്ക് ഇങ്ങോട്ട് ക്ഷണിക്കാം. കാണട്ടേ അവർ, പ്രവാസിയുടെ മനസ്സിൽ വിരിയുന്ന നന്മയുടെ പൂക്കളങ്ങൾ!