തീപ്പെട്ടി ഉണ്ടോ സഖാവേ...!
‘ബഹ്റിനിൽ സർക്കാർ സബ്സിഡികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്തുന്നതിനുള്ള നിർദ്ദേശം പാർലമെന്റ്−-സർക്കാർ സംയുക്ത കമ്മിറ്റി അംഗീകരിച്ചു’. − വളരെ ഞെട്ടലോടെയാണ് ഈ വാർത്ത വായിച്ചത്. വാർത്ത ശരിയാണെങ്കിൽ ആഗസ്റ്റ് 30 മുതൽ വെള്ളം, വൈദ്യുതി, ഡീസൽ, മണ്ണെണ്ണ, ഭക്ഷ്യപദാർഥങ്ങൾ തുടങ്ങിയവയ്ക്ക് ബഹ്‌റിൻ സർക്കാർ നൽകുന്ന സബ്സിഡി നമ്മൾ പ്രവാസികൾക്ക് ലഭ്യമാകുന്നതല്ല. ഈ തീരുമാനം പ്രാവർത്തികമായാൽ ഇവിടെ ജീവിക്കുന്ന ഒരു മില്യനോളം വരുന്ന അന്യരാജ്യക്കാരുടെ ജീവിതത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ?.
മറ്റു അറബ് രാജ്യങ്ങളെ വെച്ച് താരതമ്യേനെ ബഹ്റിനിൽ ജീവിക്കാൻ ചിലവ് കുറവാണ്. ഭക്ഷണം, വെള്ളം വൈദ്യുതി ബിൽ, കുട്ടികളുടെ ഫീസ് എല്ലാം കഴിഞ്ഞു, അനാവശ്യ ചിലവുകൾ ഒന്നുമില്ലെങ്കിൽ മിച്ചം പിടിക്കാൻ കുറച്ചെങ്കിലും കഴിയും. കാരണം ഈ സബ്സിടി നിരക്ക് തന്നെ. അത് കൊണ്ട് തന്നെയാണ് 60 ദിനാർ ശന്പളം വാങ്ങുന്ന പാവപ്പെട്ടവനും 1000 ദിനാർ കിട്ടുന്ന ഭാഗ്യവാനും ഈ കൊച്ചു രാജ്യത്തു സസന്തോഷം കഴിയാൻ പറ്റുന്നത്.
സാധാരണക്കാർക്ക് പിടിച്ചു നിൽക്കാൻ സബ്സിഡി നിർത്തലാക്കിയ മത്സ്യമാംസാദികൾ പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഇനി വാങ്ങിക്കേണ്ട എന്ന് തിരുമാനിക്കാം, പക്ഷെ അങ്ങനെയാണോ വെള്ളം, വൈദ്യുതി പോലുള്ള അവശ്യവസ്തുക്കളുടെ ഉപയോഗം?. ഈ വാർത്ത വായിച്ചപ്പോൾ ഞാൻ ചുമ്മാ ഞങ്ങടെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ എടുത്തു നോക്കി; 33 ദിനാർ − സബ്സിഡിക്ക് മുന്നേ 174 ദിനാർ എന്നു വെച്ചാൽ ഏകദേശം 80% ശതമാനത്തോളമാണ് സർക്കാർ സബ്സിഡി നൽകുന്നത്. സബ്സിഡി പിൻവലിച്ചാൽ വൈദ്യുതി ബിൽ ഞങ്ങളുടെ വീടുവാടകയോളം വരും. ഞങ്ങടെ വീടിനു ചുറ്റും അത്യാവശ്യം കുറച്ചു പച്ചക്കറികളും ചെടികളും വെച്ച് പിടിപ്പിച്ചിട്ടുണ്ട്, അതൊക്കെ ദിവസേനെ ഒന്നോ രണ്ടോ വട്ടം നനക്കുന്നുമുണ്ട്. നനക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിനൊക്കെ ഇനി മൂക്കിലൂടെ പണമടക്കണമെന്ന് പറഞ്ഞാൽ ഈ പച്ചപ്പും ഹരിതാഭയുമൊക്കെ അങ്ങ് കേരളത്തിൽ മതീന്നു എനിക്ക് തിരുമാനിക്കേണ്ടിവരും... അല്ല പിന്നെ! അതു പോലെ തന്നെ വർഷങ്ങളായി ഞങ്ങളുടെ കോന്പൗണ്ടിൽ വണ്ടികൾ കഴുകാനുള്ള വെള്ളം മുഴുവൻ വാച്ച്മാൻ ഞങ്ങളുടെ ഹോസ് വലിച്ചാണ് എടുക്കാറ്. ഇതുവരെ അതൊരു പ്രശ്നമായി ഞങ്ങൾക്ക് തോന്നീട്ടില്ല, പക്ഷേങ്കിൽ സബ്സിഡി നിർത്തലാക്കിയാൽ അതൊരു പ്രശ്നമാവില്ലേ? പൈപ്പും ഹോസും എപ്പോൾ എടുത്തു പൂട്ടിന്നു ചോദിച്ചാൽ പോരെ?
അവിടെ കൊണ്ട് തീർന്നോ? ആളൊന്നു വെച്ച് മിക്ക ഫാമിലിക്കാർക്കും സ്വന്തമായ് കാർ ഉണ്ട്. പെട്രോളിന്റെ വിലയെ കുറിച്ച് നാട്ടിൽ പോവുന്പോൾ അല്ലാതെ എപ്പോഴെങ്കിലും ഇവിടെ വെച്ച് നമ്മൾ ആകുലപ്പെട്ടിട്ടുണ്ടോ? മൂന്നര ദിനാർ ഉണ്ടെങ്കിൽ എന്റെ വണ്ടി ഫുൾ ടാങ്കാ! സബ്സിഡി മാറ്റിയാൽ പെട്രോളിനൊക്കെ എന്ത് വില ഉണ്ടാവുമെന്ന് ആർക്കറിയാം?. നാട്ടിലെ പിള്ളേർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു പറയുന്ന പോലെ ‘ഒരു ഫുൾ ടാങ്ക് അടിച്ച കാലം മറന്നു’ എന്ന് ഇനി ബഹ്‌റിൻ പ്രവാസികളുടെ പോസ്റ്റും അധികം താമസിയാതെ കാണാമായിരിക്കും!
വേറൊരു സംശയം ഈ സംഭവം ഇവർ എങ്ങനെ നടപ്പിലാക്കും?. സാധനങ്ങൾ വാങ്ങാൻ ചെല്ലുന്പോഴും, പെട്രോൾ അടിക്കാൻ പോവുന്പോഴും ഒക്കെ സി.പി.ആർ കാണിക്കേണ്ടി വർവൊ? അങ്ങനെ എന്തെല്ലാം നൂലാമാലകൾ! ഒരു കാര്യം ഉറപ്പായി, ഇതുവരെയെങ്ങിനെ ജീവിച്ചിരുന്നോ ആ നിലയിൽ നിന്നൊരു മാറ്റം, അതുറപ്പാണ്. മാസശന്പളം കിട്ടുന്പോൾ തന്നെ ഓരോ ദിനാറും ഓരോന്നിനും ബജറ്റ് ചെയ്തു ജീവിക്കുന്ന ഒരുപാട് പേരുണ്ട് ഈ രാജ്യത്ത്, അവർടെ ഒക്കെ ജീവിതത്തിന്റെ താളം തെറ്റാൻ പോവുകായാണ്.
പക്ഷെ ഇതിനെ കുറിച്ച് ഞാൻ സംസാരിച്ച സ്വദേശികൾ ഒക്കെ വലിയ സന്തോഷത്തിലാണ്. ആദ്യമായിട്ടാണത്രേ അവരുടെ രാജ്യത്തു അവർക്ക് മാത്രമായി ഒരു ആനുകൂല്യം കിട്ടുന്നത് എന്ന്! ഇനിയിപ്പോൾ നമ്മൾക്ക് ഇവിടെ പിടിച്ചു നിൽക്കണമെങ്ങിൽ ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ.− ആവശ്യമില്ലാത്ത സമയത്ത് വൈദ്യുതി ഉപയോഗം ഒഴിവാക്കാം! മുറി വിട്ട് പുറത്തിറങ്ങുന്പോൾ ഫാൻ, ലൈറ്റ്, എസി മുതലായവ ഒാഫ് ചെയ്യാം, വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാം, അനാവശ്യമായ ‘പുറത്തുപോകലുകൾ’ അതിപ്പോൾ ബർത്ത് ഡേ പാർട്ടികളോ, ഒത്തുകൂടലുകളോ, എന്തുമായ്ക്കോട്ടേ, പരമാവധി ഒഴിവാക്കാം. കുഞ്ഞുങ്ങളോ, മുതിർന്നവരോ ആരുമായ്ക്കോട്ടേ, നികുതി കൊടുക്കേണ്ട ഉപഭോഗങ്ങളെല്ലാം പരമാവധി കുറയ്ക്കാനുള്ള ഒരു ‘സെൻസ്’ പരിശീലിക്കാം. യാത്രകൾക്ക് പൊതു ബസ് സർവ്വീസ് ഉപയോഗിച്ച് ശീലിക്കാൻ തുടങ്ങാം. ഒരുമിച്ചു ഒരേ റൂട്ടിൽ ജോലിക്ക് പോകുന്നവർക്ക് കാർ ഷെയറിംഗ് ചെയാം. എങ്ങനയെങ്ങിലും ഒന്നു പിടിച്ചു നിൽക്കണ്ടേ പടച്ച തന്പുരാനേ! ഇതു കൊണ്ടൊന്നും നടന്നിലെങ്ങിൽ പണ്ട് നാട്ടിലൊക്കെ ശീലിച്ചിരുന്ന പോലെ മെഴുകുതിരി വെളിച്ചത്തിലേയ്ക്കു ഒരു തിരിച്ചു പോക്കിനെ കുറിച്ച് നമ്മൾക്ക് ചിന്തിക്കാം.
മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ!
രണ്ടു നാലുദിനം കൊണ്ടുരത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ!