മരണം വാ­തി­ൽ‍ക്കലൊ­രു­നാ­ൾ‍ മഞ്ചലു­മായ് വന്നു­ നി­ൽ‍ക്കു­ന്പോ­ൾ‍.....!


വൈശാഖിലെ ഒരു സാധാരണ കുടുംബത്തിലാണ് അയാൾ ജനിച്ചത്‌. സ്കൂൾ പ്രായത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചു. വീട്ടിലെ കഷ്ടടപ്പാടുകൾ എല്ലാം അതിജീവിച്ച് അയാളും രണ്ടു പെങ്ങൾമാരും ഒരു വാടക വീട്ടിൽ വളർന്നു. സ്വന്തം അദ്ധ്വാനത്തിൽ അയാൾ എം.ബി.എ വരെ പഠിച്ചു ജോലി നേടി. സന്പാദിച്ചതെല്ലാം വിറ്റു പെറുക്കിയും, ലോണെടുത്തും രണ്ടു പെങ്ങൾമാരെയും അയാൾ കെട്ടിച്ചയച്ചു. പിന്നീട് ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നിയപ്പോൾ ഒരു പാവപെട്ട വീട്ടിൽ നിന്ന് ചെറുപ്പത്തിലെ അയാളെ പോലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട്, പഠിപ്പു നിന്ന് പോയ ഒരു പെണ്ണിനെ കല്യാണം കഴിച്ചു. അവർക്ക് രണ്ടു മക്കൾ പിറന്നു. അയാളുടെ ചെറിയ വരുമാനത്തിൽ അവർ ആ വാടക വീട്ടിൽ ജീവിച്ചു പോന്നു. കുട്ടികളുടെ പഠിപ്പും, വാടകയും, ചിലവും എല്ലാം കൂടി കഴിയുന്പോൾ അയാളുടെ കയ്യിൽ മിച്ചം പിടിക്കാൻ ഒന്നുമുണ്ടായില്ല. അങ്ങനെയാണ് അയാൾ വിദേശത്ത് ജോലി നോക്കിയതും, ഒരു പരിചയക്കാരൻ മൂലം അയാൾക്ക് ഗൾഫിൽ ജോലി കിട്ടുന്നതും. പ്രതീഷിക്കാത്തതിലും നല്ല കന്പനിയിൽ നല്ല ശന്പളം ഉള്ള ജോലി. ഇനി അവരുടെ എല്ലാം പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും എന്ന ആത്മവിശ്വാസം അയാൾക്ക് വന്നു തുടങ്ങി. ആ കൊല്ലം തന്നെ അയാൾടെ മൂത്ത മകൾ  98.5% മാർക്ക് നേടി എസ്.എസ്.എൽ.സി പാസാ യി. സന്തോഷം കുമിഞ്ഞു കൂടിയ നാളുകൾ. അയാൾ നാട്ടിൽ പോയി വാടക വീടൊഴിഞ്ഞു കുടുംബത്തെയും കൂട്ടി ഗൾഫിലേക്ക്.  'അടുത്ത അദ്ധ്യയനവർ‍ഷത്തിൽ കുട്ടികളെ ഇവിടുത്തെ സ്കൂളിൽ ചേർ‍ക്കണം, മോളെ നന്നായി പഠിപ്പിക്കണം, ലോൺ‍ ഒക്കെ അടച്ചു തീർക്കണം, നാട്ടിൽ സ്വന്തമായി ഒരു ചെറിയ വീട് വെക്കണം' അയാളും സ്വപ്നങ്ങൾ കാണാൻ തുടങ്ങി. അങ്ങനെ ഇരിക്കെ കന്പനിയിൽ നിന്ന് അയാൾ‍ക്ക്  ബോണസ് ലഭിക്കുന്നു. അന്ന് ഉച്ചയ്ക്ക്  അയാൾ വീട്ടിലേക്ക്‌  തിരിച്ചത് പൂർണ ആവേശത്തിൽ ആയിരുന്നു.

'ഇന്ന് ഭാര്യയോടും മക്കളോടുമൊന്നിച്ച് പുറത്തു പോകണം, ജീവിതത്തിലെ ആദ്യത്തെ ബോണസ് ആഘോഷികണം'. അയാൾ കുടുംബത്തിനെ കൂട്ടി ഒരു അപാർട്ട്മെന്റിൽ മുറിയെടുക്കുന്നു, ഭക്ഷണം പുറത്തു നിന്ന് ഓർഡർ ചെയ്യുന്നു, അവരെല്ലാം ഒരുമിച്ചു കഴിക്കുന്നു. ജനലിലൂടെ സ്വിമ്മിംഗ് പൂൾ കണ്ണിൽ പെട്ട ഇളയ മകന് പൂളിൽ കളിക്കാൻ മോഹം. എല്ലാവരും  ഒരുമിച്ച് പൂളിൽ പോയി. ഇളയ മകൻ പതുക്കെ പൂളിന്റെ പടികൾ‍ ഇറങ്ങി വെള്ളത്തിലേക്ക്‌; പെട്ടെന്നാണ് അത് സംഭവിച്ചത്, കുട്ടിയുടെ കാൽ വഴുതി, ആഴത്തിലേക്ക് വീണ് മുങ്ങിപ്പോവുന്നു.  മകൻ‍ മുങ്ങിത്താഴുന്ന കണ്ട അയാൾ നീന്തൽ അറിയില്ലെങ്കില്ലും വെള്ളത്തിലേക്ക്‌ എടുത്തു ചാടി. രണ്ടു പേരും മുങ്ങാൻ തുടങ്ങി. ഇത് കണ്ട് അയാൾടെ ഭാര്യയും അവിടെ കിടന്ന ഒരു ലൈഫ് റിംഗ് എടുത്തു കയ്യിലിട്ടു വെള്ളത്തിലേക്ക്‌ ചാടി.  നീന്തൽ അറിയാത്ത മൂന്ന് പേർ. വെള്ളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പ്രാണന് വേണ്ടി ഉള്ള മൽപ്പിടിത്തം. മുങ്ങിയ മകനെ അയാൾ എങ്ങനെയോ പൊക്കി അമ്മയുടെ പക്കൽ എൽപ്പിച്ചു. പാതി മരിക്കാറായ ആ മകനെ വലിച്ചു ആ സ്ത്രീ എങ്ങനോക്കെയോ തുഴഞ്ഞു പൂളിന്റെ വക്കിൽ എത്തി, വലിഞ്ഞു പുറത്തേക്കു കയറി, പുറകിൽ അയാളും  ഉണ്ടെന്ന വിശ്വാസത്തിൽ. അവർ തിരിഞ്ഞു നോക്കുന്പോൾ അയാളെ കാണാനില്ല. നീന്തലറിയാത്ത അയാൾ‍ അതിനോടകം മുങ്ങിത്താണിരുന്നു, ഒരു പക്ഷേ, മകനെ രക്ഷിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ! ഇതെല്ലം കണ്ടു നിന്ന മൂത്ത മകൾ അലമുറയിട്ടു കരയുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ആളുകൾ ഓടികൂടി നിമിഷങ്ങൾക്കം അയാളെ പുറത്തെടുത്തു. പക്ഷെ അതിനുള്ളിൽ അയാൾ ഈ ലോകത്തോട്‌ വിട പറഞ്ഞു കഴിഞ്ഞിരുന്നു. അതെ മരണം വന്നു വിളിച്ചപ്പോൾ കൂടെ പോവാനെ അയാൾക്ക് നിവൃത്തിയുണ്ടായിരുന്നുള്ളു.  ഒരു സിനിമാകഥ പോലെ തോന്നിയോ?. ഇത് കഴിഞ്ഞ വ്യാഴായിച്ച ബഹ്റിനിൽ വെച്ച് മരിച്ച വി.ജി കൃഷ്ണമൂർത്തിയുടെ കഥയാണ്‌. 

വളരെ യാദൃച്ഛികമായാണ് ഞാൻ ഈ മരണ വിവരം അറിയുന്നത്. കാര്യങ്ങൾ അനേഷിച്ചറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി. ആ സ്ത്രീയും മക്കളും ഇവിടെ വന്നിട്ട്  തികച്ച് ഒരു മാസമേ ആയിട്ടുള്ളൂ. ബന്ധുക്കളോ സുഹൃത്തുക്കളോ ആരുമിവിടെയില്ല. അയാൾ ജോലിയിൽ കേറിയിട്ടു ആകെ പതിനൊന്നു മാസം. ആ സ്ത്രീക്ക് വേണ്ടത്ര പഠിപ്പില്ല, ആകെ അറിയാവുന്ന ഭാഷ തെലുങ്കും കുറച്ചു ഹിന്ദിയും. അയാൾ ആർക്കൊക്കെ കടം കൊടുത്തിരുന്നെന്നും, ആരിൽ‍ നിന്നെല്ലാം കടം വാങ്ങിയിരുന്നെന്നോ ആ സ്ത്രീക്ക് അറിവില്ല. നാട്ടിൽ പേരിനുണ്ടായ ബന്ധുക്കളോടോക്കെ മരണ വിവരം അറിയിച്ചപ്പോൾ, അവരെല്ലാം കയ്യൊഴിഞ്ഞു; ഇവരുടെ ബാധ്യത കൂടി ഏറ്റെടുക്കേണ്ടി വരുമോന്ന് ഭയന്ന് അയാളുടെ ശരീരം പോലും നാട്ടിലേക്ക് കൊണ്ട് വരണ്ട എന്നു ബന്ധുക്കൾ വിലക്കി. നാട്ടിലേക്ക് തിരിച്ചു പോവുന്പോൾ‍ ചെന്ന് കേറാൻ ഒരു വീടില്ല. ഇനി എങ്ങനെ ജീവിക്കും എന്ന ചോദ്യചിഹ്നത്തോടെ ഒരു അമ്മയും രണ്ടു കുട്ടികളും. സന്തോഷത്തിലായിരുന്ന ഒരു കുടുംബത്തിന്റെ ജീവിതം തലകീഴായി മറിഞ്ഞത് വെറും നാലര മിനുട്ടിനുള്ളിൽ. അവരെ ആവുന്ന രീതിയിൽ സഹായിക്കണം എന്ന തിരുമാനത്തിൽ ഞാൻ കുടുംബത്തോടൊപ്പം ആ വീട്ടിൽ ചെന്നു. അവിടെ ഞങ്ങളെ വരവേറ്റത് വളരെ ആശ്വാസദായകമായ കാഴ്ചകൾ ആയിരുന്നു. ആ ഫ്ളാറ്റിൽ താമസിക്കുന്ന രണ്ടു മൂന്നു മലയാളി കുടുംബങ്ങൾ ആ സ്ത്രീക്കും കുട്ടികൾക്കും കൂട്ടിരിക്കുന്നു, ആശ്വസിപ്പിക്കുന്നു, ഭക്ഷണം എത്തിച്ചു കൊടുക്കുന്നു. അയാളുടെ ഓഫീസിലെ സഹപ്രവർത്തകർ, ആ കുടുംബത്തിന്റെ ഇനിയുള്ള നിലനിൽപ്പിനായി പണം സ്വരൂപിക്കാൻ നെട്ടോട്ടമോടുന്നു. പലരും അയാളുടെ ശരീരം ഇവിടെ അടക്കം ചെയ്യാനുള്ള നടപടികൾ ചെയുന്നു. ഞങ്ങളാൽ  കഴിയുന്ന ഒരു തുക എല്ലാ മാസവും ആ കുടുംബത്തിനു അയച്ചു കൊടുക്കാമെന്ന് ഞങ്ങളും അവർക്ക് വാക്ക്  കൊടുത്തു. 

അന്ന് ആ വീട്ടിൽ നിന്ന് ഞങ്ങൾ ഇറങ്ങിയത് മനുഷ്യത്വം ഇനിയും ഈ ലോകത്ത് അവശേഷിക്കുന്നു എന്ന തിരിച്ചറിവിലിന്റെ ആശ്വാസത്തിലായിരുന്നു. ഹൈദ്രാബാദുകാരായ അവരെ സഹായിക്കാൻ മുന്നോട്ടു വന്നത് മിക്കതും നമ്മുടെ മലയാളികൾ ആയിരുന്നുവെന്നത് അൽപ്പം അഭിമാനം തരുന്നു. ഗൃഹനാഥനെ നഷ്ടപെട്ടുവെങ്കിലും അവരുടെ ജീവിതങ്ങൾ  അസ്തമിച്ചിട്ടിലെന്നും, പ്രത്യാശയുടെ കിരണങ്ങൾ അവരുടെ ജീവിതത്തിൽ ഇനിയും ബാക്കിയുണ്ടെന്ന ധൈര്യം നൽകിയുമാണ്  അവരെ നാളെ ഇവിടെ നിന്ന് ഒരു കൂട്ടം നല്ല മനുഷ്യർ നാട്ടിലേക്ക് യാത്രയാക്കുന്നത്. 

കൃഷ്ണമൂർത്തിയുടെ ജീവിതത്തിൽ നടന്നത് ആരുടെ ജീവിതത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. നിമിഷങ്ങൾ മതി നമ്മുടെ ഇപ്പോഴത്തെ സമാധാനപരമായ ജീവിതം അലങ്കോലപ്പെടുവാൻ! ജീവിതത്തിന്റെ അനിശ്ചിതത്വത്തെ മനസ്സിലാക്കി ഒരു കുടുംബ നാഥന് എടുക്കാവുന്ന മുൻകരുതലുക്കൾ എന്തെല്ലാം? ആകസ്മികമായി നമുക്ക്  ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ‍,  നമ്മളെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന നമ്മുടെ പ്രിയപ്പെട്ടവർ‍ക്ക് ഒരു താങ്ങായി, മറ്റുള്ള ആളുകളുടെ കാരുണ്യം കാത്തു അവർ‍ കഴിയേണ്ട ഒരു അവസ്ഥ ഒഴിവാക്കാൻ നമ്മൾ‍ ജീവിച്ചിരിക്കുന്പോൾ‍ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു ചെറിയ കാര്യം ആണ്  − ലൈഫ് ഇൻഷൂറൻസ് പോളിസി. കഴിയുമെങ്കിൽ കുട്ടികൾക്കായ് ഒരു വിദ്യാഭ്യാസ പോളിസിയിലും ചേരാം. പിന്നെ എവിടെ എങ്കിലും നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ അതിനെ കുറിച്ചൊരു ധാരണ ജീവിതപങ്കാളിയോട് കൂടി പറഞ്ഞു കൊടുത്തിരിക്കണം. മാത്രമല്ല എല്ലാ പണമിടപാടുകളെകുറിച്ചും ഒരു കുറിപ്പുപുസ്‌തകത്തിൽ എഴുതി വെച്ചാൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ ഒഴിവാക്കാം. ആകസ്മികമായ മരണശേഷം ആരെങ്ങിലും വന്ന് കടം വാങ്ങിയത് തിരിച്ചു തരണം എന്നോക്കെ  ഭാര്യോടോ മക്കളോടോ തെറ്റായി അവകാശപ്പെടുന്നത് സർവ്വസാധാരണമായ ഇക്കാലത്ത് ഇങ്ങനെയുള്ള മുൻ കരുതലുകൾ‍ അത്യന്താപേക്ഷിമാണ്. 

ഏതു രാജ്യത്തായാലും ഒരു അത്യാഹിതഘട്ടത്തിൽ ഉപകരിക്കുന്ന സാമൂഹ്യ സംഘടനകൾ‍ / വ്യക്തികൾ‍ അവരുടെ നന്പറുകൾ എപ്പോഴും കൈവശം വെക്കാം, അത് മറ്റു കുടുംബാഗങ്ങളെയും അറിയിക്കാം. മാത്രമല്ല എന്തും എപ്പോഴും ആരുടെ ജീവിതത്തിലും സംഭവിക്കാം എന്ന തിരിച്ചറിവിൽ, സാമുഹിക പ്രവർത്തനങ്ങളിൽ നമ്മളാൽ കഴിയാവുന്ന വിധം എർപ്പെട്ട് ഒരു സഹായ വലയത്തിൽ‍ അംഗമാവാൻ ശ്രമിക്കാം. പ്രവാസികൾക്ക് പ്രത്യേകിച്ച്  ഇത് പോലുള്ള അടിയന്തരാവസ്ഥയിൽ ഇത്തരം സഘടനകളുടെ സഹായം അത്യന്താപേക്ഷിതമാണ്.  

അത് പോലെ ജീവിതത്തിൽ‍ സ്വായത്തമാക്കേണ്ട അടിസ്ഥാന കഴിവുകളായ 'നീന്തൽ‍', 'സൈക്ലിംഗ്' മുതലായവ കുഞ്ഞുങ്ങൾ‍ ശരിയായ പ്രായത്തിൽ‍ അഭ്യസിച്ചിരിക്കണമെന്ന് നിഷ്കർ‍ഷിക്കാം. ഇപ്പോളത്തെ ഫ്ളാറ്റ് സംസ്കാരത്തിൽ‍ അത് എത്ര മാത്രം പ്രാവർ‍ത്തികം ആകും എന്നും അറിയില്ല, എന്നാലും ഇപ്പോൾ‍ പലയിടത്തും നീന്തൽ‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ‍ ഉണ്ട്. സ്വയം പഠിക്കാനും, കുട്ടികളെ  പഠിപ്പിക്കാനും മുൻകയ്യെടുക്കുക. നീന്തൽ  പഠിക്കാൻ‍ വേണ്ടി ചിലവാക്കുന്ന പണമോ സമയമോ ഒരിക്കലും ഒരു നഷ്ടടമാവുകയില്ല. പിന്നെ അവസാനമായി, എത്രയൊക്കെ സൂക്ഷിച്ചാലും മരണം വന്നു മാടി വിളിച്ചാൽ കൂടെ ചെല്ലണം എന്ന വസ്തുത  നിലനിൽക്കെ,  ഒഴിവാക്കാൻ പറ്റാവുന്ന അപകടസാധ്യത ഉള്ള സാഹചര്യങ്ങൾ  ഒഴിക്കാൻ ശ്രദ്ധിക്കാം!.

You might also like

Most Viewed