ഇന്നെ­ന്താ­ ബ്രേക്ക്ഫാ­സ്റ്റി­ന്­?


'ന്നെന്തൂട്ടാ ബ്രേക്ക്ഫാസ്റ്റിന്?' ഒന്പത് വയസ്സായ മോൾടെ ചോദ്യം. 'ദോശ' − അമ്മച്ചിയുടെ മറുപടി. 'അയ്യേ! ദോശ എനിക്കിഷ്ടല്ല, എനിക്ക് വേറെന്തേലും മതി' അപ്പൊ അമ്മച്ചി: 'എന്നാ പിന്നെ അച്ചൂന് എന്തൂട്ടാ വേണ്ടേ?' നൂടിൽസ് വേണ്ട, ബ്രെഡ് ടോസ്റ്റ് − വേണ്ട, ബർഗർ − വേണ്ട, ഓംലെറ്റ് − വേണ്ട, കോൺഫ്ളേക്സ്' − ഏറെ ചിന്തിച്ചതിന് ശേഷം − 'ഊം'. എന്നിട്ട് കോൺഫ്ളേക്സ് എടുത്തു കൊണ്ട് വരുന്പോഴോ? − കഴിക്കുന്നത് മനസ്സില്ലാ മനസ്സോടെ, ആർക്കാനും വേണ്ടി. ദിവസവും കാലത്ത് കുട്ടികളുള്ള മിക്ക വീടുകളിലും നടക്കുന്ന പതിവ് രംഗമാണിതെന്ന് പറഞ്ഞാൽ വിയോജിക്കുന്നവർ കുറവാകും. എന്റെ വീട്ടിൽ ഞാൻ പൊതുവെ ഈ രംഗംങ്ങളിൽ മൻമോഹൻ സിംഗാ− മൗനം! കാരണം ഞാൻ എങ്ങാനും പിണങ്ങിയാൽ, അവളപ്പോ ഒന്നുകിൽ‍ മുഖം വീർപ്പിക്കും അല്ലെങ്കിൽ‍ കണ്ണീന്ന് അതിരപിള്ളി വെള്ളച്ചാട്ടം സൃഷ്ടിക്കും. 'സ്കൂളിൽ പോകുന്പോഴെങ്കിലും ആ ക്ടാവിനെ കരയിപ്പിക്കാതെ വിട്ടൂടേ' എന്നാവും അമ്മച്ചി. അത് കൊണ്ട് കാലങ്ങളായി എല്ലാ ദിവസവും രാവിലെ അമ്മച്ചിയും മോളും മാത്രം ഈ സംവാദത്തിൽ എർപ്പെട്ടു പോന്നു. ഒറ്റമോൾ ആയത് കൊണ്ട് അവൾടെ താൽപര്യങ്ങൾക്കാണ് വീട്ടിലെന്നും മുൻഗണന.

അവിചാരിതമായാണ് ഒരു വീഡിയോ കാണാൻ ഇടയാകുന്നത്. അതിൽ കണ്ടത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു. ദാരിദ്ര്യത്തിന്റെ ആധിക്യത്തിൽ മനുഷ്യർ സ്വന്തം കുട്ടികൾക്ക് ചെളി ഭക്ഷണമായി നൽകുന്ന അവസ്ഥയെ കുറിച്ച് സങ്കൽപ്പിക്കാൻ കഴിയുമോ? അതെ കരീബിയൻ രാജ്യമായ 'ഹെയ്ത്തി'യിൽ വിശപ്പ് സഹിക്കാൻ വയ്യാതെ വന്നപ്പോൾ അവിടുത്തെ സ്ത്രീകൾ ചെളി ഉപയോഗിച്ച് ഒരു തരം ബിസ്ക്കറ്റ് ഉണ്ടാക്കി ഭക്ഷണം ആയി ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു ആ വീഡിയോ. ചെളിയിലെ കല്ല് പെറുക്കി കളഞ്ഞു, കുറുക്കു രൂപത്തിലാക്കി അതിൽ പേരിനു കുറച്ചു എണ്ണയോ, ഉപ്പോ, പഞ്ചസ്സാരയോ ചേർത്ത് വെള്ളത്തിൽ കുഴച്ചു വട്ടാകൃതിയിൽ ബിസ്കെറ്റ് ഉണ്ടാക്കി വെയിലത്ത് ഉണക്കാൻ വെക്കും. ഉണങ്ങി കഴിഞ്ഞാൽ പിന്നെ ഇതാണ് അവരുടെ മുഖ്യ ആഹാരം. 'ബോം ബോം ട്ടെർസ്' എന്നറിയാപ്പെടുന്ന ഈ ചെളി ബിസ്കറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചെളിവരെ അവർ പൈസ കൊടുത്ത് വാങ്ങണം എന്നുള്ളതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം. നൂറ് ബിസ്കറ്റിന് ആവശ്യമായ ചെളിക്ക് $5 ആണ് വില. ഹെയ്ത്തിയിലെ ജനങ്ങളിൽ 80 ശതമാനവും ഒരുദിവസം $2 താഴെ ശരാശരി വരുമാനത്തിൽ ജീവിക്കുന്നരാണ്, അപ്പോൾ പിന്നെ ഈ ചെളി ബിസ്കറ്റ് കൂടെ ഇല്ലെങ്കിൽ അവർ മുഴു പട്ടിണി ആവുമെന്ന് പറയേണ്ടതില്ലലോ. വീട്ടിലെ ആവശ്യത്തിനും വിൽപ്പനയ്ക്ക് വേണ്ടിയും അവിടുത്തെ ഭൂരിഭാഗം സ്ത്രീകളും ചെളി ബിസ്കറ്റ് നിർമ്മാണത്തിൽ എർപ്പെടുന്നു. 

ഒരു വയസ്സുള്ള കൊച്ച് കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ക്യാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് ഈ ചെളി തിന്ന് വിശപ്പടക്കുന്ന കാഴ്ച ഹൃദയം ഉള്ള ആരുടേയും കണ്ണ് നനയിപ്പിക്കും. ഭൂമിയുടെ ഒരു വശത്ത് അങ്ങനെ ഒരു കൂട്ടം ജനങ്ങൾ ജീവിക്കുന്പോൾ ഇതൊന്നുമറിയാതെ വേറൊരു വശത്ത് സന്പന്നതയുടെ ആധിക്യത്തിൽ നമ്മൾ ഭക്ഷണം, ചെറിയ തോതിലെങ്കിലും, എല്ലാ ദിവസവും പാഴാക്കുന്നു. ശരിക്കും പറഞ്ഞാൽ വിശക്കുന്പോൾ 'ഇന്ന് എന്തൊക്കെ കഴിക്കാം' എന്ന ചിന്തയല്ലാതെ 'ഇനി എന്ന് കഴിക്കാൻ കഴിയും' എന്ന ചിന്ത നമ്മളെ എപ്പോഴെങ്കിലും അലട്ടിയിട്ടുണ്ടോ?

അടുത്ത ദിവസം കാലത്തെ പതിവ് സംവാദം കേട്ടപ്പോൾ ഞാൻ മോളെ വിളിച്ച് ആ വീഡിയോ കാണിച്ച് കൊടുത്തു. അവൾടെ പ്രായത്തിലുള്ള കൊച്ചു കുട്ടികൾ, ശരിക്കുള്ള ഭക്ഷണം കിട്ടാതെ ചെളി തിന്നുന്നതിനെ കുറിച്ചും, എല്ലാം ഉണ്ടായിട്ടും ഭക്ഷണകാര്യത്തിലുള്ള അവളുടെ പിടിവാശികളേയും, മുഴുവൻ കഴിക്കാതെ വിലപ്പെട്ട ഭക്ഷണം കളയുകയും ചെയ്യുന്നത് എത്ര വലിയ തെറ്റാണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചു. 'എല്ലാവർക്കും കൂടി ഒരു ഭക്ഷണം' ഇനി മുതൽ വീട്ടിൽ അതാവും 'പോളിസി', അത് മോളും കഴിച്ചിരിക്കണം എന്ന വ്യവസ്ഥ കൂടി അവളെ അറിയിച്ചു. ഒരു ദിവസം ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ നേരം കഴിക്കണ്ടാന്നും ഇടയ്ക്കിടെ 'വിശപ്പിന്റെ വിളി' അറിയുന്നത് നല്ലതാണെന്നും ഞാൻ കണക്ക് കൂട്ടി. ഈ കർകശമായ നടപടിക്ക് 'നമ്മുടെ ആൾടെ' കട്ട സപ്പോർട്ടും എനിക്ക് കിട്ടി. കുറച്ച് വാശി പിടിച്ചെങ്കിലും ക്രമേണ ആ തീരുമാനത്തോട് എന്റെ മോൾ സഹകരിക്കാൻ തുടങ്ങി എന്നത് എന്റെ ചെറിയൊരു സന്തോഷം. 

കൊടും ദാരിദ്ര്യത്തിന്റെ പടുകുഴിയിലുഴലുന്ന ശതകോടി ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളിൽ‍ ഒന്ന് മാത്രമാണ് ഹെയ്ത്തി. വംശീയ കലാപങ്ങളുടെയും, സ്വേച്ഛാതിപധ്യങ്ങളുടെയും മറ്റ് സ്വാർ‍ത്ഥ രാഷ്ട്രീയ വടംവലികൾ‍ക്കുമിടയിൽ‍ വയറു വിശന്ന് കോടിക്കണക്കിന് മനുഷ്യർ ആണ് പട്ടിണി മൂലം ലോകത്തിൽ പലയിടത്തായി മരണമടയുന്നത്. മനുഷ്യകുലത്തിന്റെ അടിസ്ഥാന നിലാവാരമുയാർത്താൻ പ്രതിജ്ഞാബദ്ധരായ UNICEF, UNO പോലുള്ള അന്താരാഷ്ട്ര സംഘടനകൾ‍ പോലും പലപ്പോഴും അവരുടെ തന്നെ ഉദ്ദേശലക്ഷ്യങ്ങളിൽ‍ നിന്ന് മാറിപ്പോവുന്പോൾ‍ പെട്ടെന്നുള്ളൊരു പ്രതിവിധിക്കുള്ള സാധ്യതയും കാണുന്നില്ല. പിന്നെ ഈ അവസരത്തിൽ‍ നമുക്ക് ചെയ്യാവുന്ന ചെറിയ കാര്യമൊന്നേയുള്ളൂ − നമ്മുടെ കുഞ്ഞുങ്ങളെ എങ്കിലും ബോധവന്മാരാക്കുക! ഭക്ഷണം 'അക്ഷയ പാത്രത്തിൽ‍' നിന്ന് അല്ലാ വരുന്നതെന്നും അതു നിലച്ച് പോകാവുന്നതേയുള്ളു എന്ന സത്യം എങ്കിലും അവർക്ക് മനസ്സിലാക്കി കൊടുക്കുക! ചെളി തിന്ന് ജീവിക്കാൻ‍ വിധിക്കപ്പെട്ട ഒരു ജനസമൂഹം നാളെ നമുക്കുണ്ടാകാതിരിക്കാൻ നമ്മളാലാകുന്ന ചെറിയ മുൻകരുതുകളെടുക്കാൻ അവരെ പ്രാപ്തരാക്കുക!

You might also like

Most Viewed