ഞങ്ങൾ തയ്യാർ!!. നിങ്ങളോ? #organdonationchallenge
അവധിയുടെ ആലസ്യത്തിലാണ് ശനിയാഴ്ച ഉറക്കമുണർന്നത്. ഹാളിൽ ഭർത്താവും അമ്മച്ചിയും ടി.വി കാണുന്നു. രണ്ട് പേരുടെയും മുഖത്ത് വല്ലാത്ത ആശങ്കയും പരിഭ്രമവും. ഇതിന് മുന്നേ അരുവിക്കര വോട്ടെണ്ണൽ സമയത്താണ് അവരെ രണ്ട് പേരെയും ഇങ്ങനെ ടി.വിയുടെ മുന്നിൽ നിലയുറപ്പിച്ച് കാണുന്നെ. നോക്കിയപ്പോ, ട്രാഫിക്‍ എന്ന മലയാള സിനിമയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് വാർത്തയിൽ അരങ്ങേറുന്നത്. അതും നമ്മുടെ കൊച്ചു കേരളത്തിൽ!
മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ജീവന്റെ തുടിപ്പ് മറ്റൊരാൾക്ക് മാറ്റിനൽകാനായി ഒരു സാഹസിക പ്രയത്നം. കേരളത്തിൽ ആദ്യമായി എയർ ആംബുലൻസ്, 'ശരീരം വിട്ടിട്ടും തുടിക്കുന്ന ഒരു ഹൃദയം' കൊണ്ട് ലക്ഷ്യത്തിലേക്ക് ഉയർന്നു. എറണാകുളം ലിസി ഹോസ്പിറ്റലിൽ ഒരു കുടുംബത്തിനുപരി, ഒരു നാട് ഒന്നടങ്കം ആ ഹൃദയത്തിനെ വരവേൽക്കാൻ പ്രാർത്ഥനയോടെ കാത്തുനിൽപ്പുണ്ടായിരുന്നു.
നിശ്ചിത സമയത്തിനകം ഹൃദയം എത്തിക്കാൻ കഴിഞ്ഞത് കൊണ്ട് ഒരു ഹൃദയ മാറ്റശസ്ത്രക്രിയയിലൂടെ തിരുവനന്തപുരം ബാറിലെ അഭിഭാഷകനായ നീലകണ്ഠ ശർമ്മയുടെ ഹൃദയം, ഓട്ടോ ഡ്രൈവറായ അച്ചാടൻ മാത്യു ആന്റണിയുടെ നെഞ്ചിൽ ജീവന്റെ തുടിപ്പുകളായി മിടിക്കാൻ തുടങ്ങി. ആ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ വിജയം മലയാളികൾ ഒന്നാകെ കൊണ്ടാടുന്പോൾ ഞാൻ ഓർത്തു, എത്ര വലിയ മനസ്സിന് ഉടമകൾ ആണ് ഈ ദൗത്യത്തിൽ ഉൾപ്പെട്ട എല്ലാവരും. ഹൃദയം ദാനം നൽകാൻ തയ്യാറായ നീലകണ്ഠ ശർമ്മയുടെ കുടുംബാംഗങ്ങൾ, പിന്നെ നിശ്ചിത സമയതിനുള്ളിൽ ഹൃദയം ലക്ഷ്യത്തിൽ എത്താൻ വേണ്ടി ബുദ്ധിമുട്ടിയ അധികാരികൾ, പോലീസ്, നാവികസേന, ആശുപത്രി അധികൃതർ, ഡോക്ടർമാർ, എന്തിന് കണ്ടു നിന്ന ലോകം ഒന്നാകെ ഒറ്റക്കെട്ടായി ഒരാളുടെ ജീവൻ രക്ഷിക്കാൻ ഒന്നിച്ചു. അവിടെ ആരും ഹൃദയം ദാനം ചെയ്ത ആളുടെയോ, അത് സ്വീകരിച്ച ആളുടെയോ ജാതി, മതം, രാഷ്ട്രീയം, ജോലി, ഒന്നും നോക്കിയില്ല. നോക്കിയത് ഒന്ന് മാത്രം ഒരു മനുഷ്യ ജീവന്റെ വില.
പേ പിടിച്ച തെരുവ് നായ്ക്കളുടെ പേരിൽ പോലും പരസ്പരം മൃഗങ്ങളെ പോലെ കടിച്ച് കീറാൻ നിന്നിരുന്ന കേരള ജനതയെ ഒരു ദിവസത്തേക്കെങ്കിലും മനസുകൊണ്ട് ഒന്നിച്ച് കാണാൻ അവസരമൊരുക്കിയ സർക്കാരിന്റെ മൃതസഞ്ജീവനി എന്ന അവയവ ദാന പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ എനിക്ക് താൽപര്യമായി. പദ്ധതിയെ കുറിച്ച് വായിച്ചപോൾ അവയവദാനത്തെ കുറിച്ച് ഉണ്ടായ കുറെ തെറ്റിദ്ധാരണകൾ മാറിക്കിട്ടി. അവയവ ദാനം രണ്ട് തരത്തിൽ ചെയ്യാം. ജീവിച്ചിരിക്കുന്പോളും മരിച്ചതിന് ശേഷവും. ജീവിച്ചിരിക്കുന്പോൾ ദാനം ചെയാൻ കഴിയുന്ന അവയവങ്ങൾ ആണ് വൃക്ക, കരൾ, ശ്വാസകോശം, പാൻക്രിയാസ് എന്നിവ. ഇനിയിപ്പോ ജീവിച്ചിരിക്കുന്പോൾ അവയവ ദാനം ചെയാൻ താൽപര്യം അഥവാ ധൈര്യം ഇല്ലെങ്കിൽ നമ്മളുടെ മരണ ശേഷം അവയവ ദാനത്തിനുള്ള സമ്മത പത്രം ഒപ്പിട്ട് കൊടുക്കാം. ഒരാളുടെ മരണ ശേഷം 25ഓളം വ്യത്യസ്ത അവയവങ്ങളും കോശങ്ങളും സംഭാവനയായി നൽകാൻ കഴിയുമത്രെ!!
വായിച്ചെടുത്തോളം അവയവ ദാനം വളരെ സിന്പിൾ ആണ്, പക്ഷെ പവർഫുൾ. നിങ്ങളുടെ മരണ ശേഷം നിങ്ങളുടെ ഏതെങ്കിലും ഒരു അവയവം കൊണ്ട് മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ ആനന്ദലബ്ദ്ധിക്കിനിയെന്തുവേണം? മറിച്ചൊരു ചിന്ത പിന്നെ ഉണ്ടായില്ല. www.knos.org.in എന്ന കേരളാ സർക്കാരിന്റെ സൈറ്റിൽ വളരെ എളുപത്തിൽ പൂരിപ്പിക്കാവുന്ന ഒരു ഫോം ഉണ്ട്. നിമിഷ നേരം കൊണ്ട് ഞാൻ പേര് രജിസ്റ്റർ ചെയ്തു. രജിസ്ട്രേഷൻ കഴിഞ്ഞാൽ ഉടനടി ഒരു ഡോണർ കാർഡ് പ്രിന്റ് ചെയ്യാൻ കഴിയും. ഇനി നമ്മൾ ചെയ്യേണ്ടത് ഇത്ര മാത്രം, ആ കാർഡ് എല്ലായിപ്പോഴും നമ്മൾടെ കൈവശം കരുതുക. അല്ലെങ്കിലും മരണ ശേഷം നമ്മുടെ ശരീരം ചുമ്മാ മണ്ണിൽ കിടന്ന് പുഴുവരിച്ച് ജീർണ്ണിച്ച് പോവുന്നതിനെക്കാൾ എത്രയോ നല്ലതല്ലേ മറ്റോരാളുടെ ജീവൻ നിലനിർതാൻ ഉപാകാരപ്പെടുന്നത്?
വാൽകഷണം:
ഞാൻ എടുത്ത തിരുമാനം വീട്ടിൽ അവതരിപ്പിച്ചപ്പോൾ, അവിടേം കിടു സപ്പോർട്ട്. ഒന്പത് വയസ്സായ മകൾക്ക് അവയവ ദാനത്തെ കുറിച്ച് നൂറ് ചോദ്യങ്ങൾ ആയിരുന്നു. അവസാനം ഈ പ്രവർത്തിയുടെ മഹത്വത്തെ കുറിച്ച് ബോധ്യപെട്ടപ്പോൾ "അമ്മാ എനിക്കും ഡൊണേറ്റ് ചെയ്യണം" എന്ന ആഗ്രഹം അവൾ പ്രകടിപ്പിച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ചുരുക്കി പറഞ്ഞാൽ ഇപ്പോ എന്നോടൊപ്പം അഭിമാനത്തോടെ എന്റെ ഫാമിലിയിലെ എല്ലാവരും കേരള സർക്കാരിന്റെ മൃതസഞ്ജീവനി അവയവ ദാന പദ്ധതിയിലെ അംഗങ്ങൾ ആണ്. ജീവൻ രക്ഷിക്കാൻ ഞങ്ങൾ തയ്യാർ!!. നിങ്ങളോ? #organdonationchallenge