നമ്മളും വളരണം..
ചില സത്യങ്ങൾ ചിലരോടൊപ്പം മണ്ണടിഞ്ഞു പോകും. ജൂലൈ 9ന് പത്തനംതിട്ടയിലെ ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനികൾ ആയ മൂന്ന് പെൺകുട്ടികൾ ആരോടും പറയാതെ ഒരു കാരണവുമില്ലാതെ വീട് വിട്ടു ഇറങ്ങുന്നു. വീട്ടിൽ നിന്നെടുത്ത കുറച്ചു സ്വർണം പണയം വെച്ച് അവർ ഡൽഹിയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് വാങ്ങുന്നു. ട്രെയിൻ മാറി കേറിയത് കൊണ്ട് തിരിച്ചു ചെങ്ങന്നൂർ എത്തി അവർ മൂവരും ബാംഗ്ലൂർക്ക് പോകുന്നു. അവിടെന്നുള്ള cctv ദൃശ്യങ്ങൾ അനുസരിച്ചു അവരോടൊപ്പം വേറെ ആരുമില്ലാർന്നു. മെഡിക്കൽ റിപ്പോർട്ട് പ്രകാരം അവർ മൂവരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. മൂവരും പഠിത്തത്തിലും പെരുമാറ്റത്തിലും തൃപ്തികരമായിരുന്നെന്നു സ്കൂൾ അധികൃതർ. ഇറങ്ങി പോവാൻ മാത്രം പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നെന്നു കുടുംബാംഗങ്ങളും ബന്ധുക്കളും.
പിന്നെ ഈ മൂന്ന് പെൺകുട്ടികൾ എന്തിനു വീട് വിട്ടിറങ്ങി? ഇത്രയും പഠിപ്പും വിവരവും ഉള്ള കുട്ടികൾ എന്തിനു ഈ സാഹസത്തിനു മുതിർന്നു? ആരേലും വിളിച്ചിട്ടാണോ? അല്ലെങ്കിൽ ചുമ്മാ ഒരു രസത്തിനു ഒന്ന് കറങ്ങാൻ പോയതാണോ? അതുമല്ലെങ്കിൽ ഒരു വടക്കൻ സെൽഫിയിലെ നായികയെ പോലെ ഇതു വരെ കാണാത്ത വല്ല fb സുഹൃത്തിനെ അന്വേഷിച്ചിറങ്ങിയതാണോ? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങളാണ് കഴിഞ്ഞ ആഴ്ച ആര്യ കെ.സുരേഷ് എന്ന പതിനാറുകാരിയുടെ മരണത്തോടെ മണ്ണടിഞ്ഞു പോയത്.
ഈ വാർത്ത പത്രത്തിൽ വന്നപ്പോ മുതൽ പെൺമക്കൾ ഉള്ള എല്ലാ മാതാപിതാക്കളെ പോലെ ഞാനും ആവലാതി പ്പെട്ടിരുന്നു. ആ കുട്ടികൾ ആത്മഹത്യ ചെയ്തതാണോ? അതോ ആരെങ്കിലും ട്രെയിനിൽ നിന്ന് തള്ളിയിട്ടതാണോ? പോലീസ് റിപ്പോർട്ട് അനുസരിച്ച് അവർ ട്രെയിനിൽ നിന്ന് ചാടിയതാണ്. അവസാന ദിവസം വരെ കുട്ടികൾ ആരെയും കൂടെ കൂട്ടിയതായി സ്ഥിരീകരിക്കാത്തിടത്തോളം കാലം, ആ കുട്ടികൾ ഒരു പക്ഷെ ഒരു നിമിഷത്തിന്റെ ആവേശത്തിൽ എടുത്ത ഒരു വിവേകമില്ലാത്ത തിരുമാനം ആയിക്കൂടെ ആ യാത്ര. മൂന്ന് അടുത്ത സുഹൃത്തുക്കൾ ഒന്നു കറങ്ങാൻ വീട് വിട്ടിറങ്ങുന്നു, ഒരുപക്ഷെ പിന്നീട് അവർ അവരുടെ തെറ്റ് മനസ്സിലാക്കുന്നു. അവർ ചെയ്ത പ്രവർത്തിയുടെ വ്യാപ്തിയും തിരിച്ചു വന്നാൽ പിന്നീടുണ്ടാവുന്ന ചീത്ത പേരും, സമൂഹവും കുടുംബക്കാരും അവരോടുള്ള പ്രതികരണം പേടിച്ചുള്ള എടുത്തു ചാട്ടം ആയിക്കൂടെ അവരുടെ ആത്മഹത്യ?
അല്ലെങ്കിലും എത്ര വിദ്യാഭ്യാസം ഉള്ള വീട്ടുകാരായാലും പ്രായപൂർത്തി ആയ പെൺകുട്ടികൾ ആരോടും പറയാതെ വീട്ടീന്ന് ഇറങ്ങി പോയി കുറച്ചു ദിവസം കഴിഞ്ഞ് തിരിച്ചു വരുന്പോൾ കുടുംബത്തിന്റെ മാനം കെടുത്തിയതിനുള്ള രൂക്ഷ പ്രതികരണത്തോടെ തന്നെ ആയിരിക്കും സ്വാഭാവികമായി അവരെ വരവേൽക്കുക. ഇനി അഥവാ വീട്ടുകാർ ക്ഷമിക്കുവാൻ തയ്യാറായാൽ തന്നെ നാട്ടുക്കാർ ആ കുട്ടികളെയോ അവരുടെ വീട്ടുകാരെയോ തലയുയർത്തി നടക്കാൻ സമ്മതിക്കുമോ? രക്ഷപ്പെട്ടിരുന്നെങ്കിൽ ആ മൂന്ന് കുട്ടികളോടും തീർത്തും പുച്ഛത്തോടെയും പരിഹാസത്തോടെയും ആയിരിക്കില്ലേ പുരോഗമനവാദികളായ നാട്ടുകാരുടെയും പ്രതികരണം? ഒരു പക്ഷെ ഇതൊക്കെ ആയിരിക്കുമോ ആ കുട്ടികളെ ആത്മഹത്യയിലോട്ടു നയിച്ച ചിന്തകൾ. നമ്മുടെ മക്കളുടെ ഏറ്റവും അടുത്ത സുഹൃത്ത് ആരായിരിക്കണം..? ഒരു സംശയവും വേണ്ടാ... അത് നമ്മൾ തന്നെ ആയിരിക്കണം. പ്രത്യേകിച്ച് പെൺകുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്ത് അമ്മ ആയിരിക്കണം. ആദ്യത്തെ ബോയ് ഫ്രണ്ട് അവളുടെ അച്ഛനും.
ജീവിതത്തിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അത് അവൾക്കു വീട്ടുകാരോട് തുറന്നു പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ആ വിശ്വാസം അവളുടെ മനസ്സിൽ വളർത്തേണ്ടത് നമ്മൾ തന്നെയാണ്. കുട്ടികളായാൽ തെറ്റ് ചെയ്യുന്പോൾ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം, എന്ത് കൊണ്ടാണ് നമ്മൾ ശാസിക്കുന്നത് എന്ന് മനസ്സിലാക്കിക്കൊടുക്കേണ്ടതും മാതാപിതാക്കളുടെ കടമ യാണ്. കുട്ടികൾക്ക് മാനസികമായി അടുപ്പം വീട്ടുകാരോട് ഉണ്ടായില്ലെങ്കിൽ സ്വാഭാവികമായും സ്നേഹവും പരിഗണനയും എവിടെനിന്നും കിട്ടുന്നോ, നമ്മുടെ മക്കൾ അവിടേക്ക് ചായാനുള്ള ചാൻസ് കൂടുതലാണ്. അതൊരു ചതിക്കുഴി ആണെന്ന് മനസ്സിലാക്കുന്പോഴേക്കും ഒരുപക്ഷെ ഒത്തിരി വൈകിയിട്ടുണ്ടാകും.
ഇതൊക്കെ ചിന്തിക്കുന്പോൾ ഓർമ്മ വരുന്നതു Notebook എന്ന സിനിമയിൽ സുരേഷ് ഗോപി അവതരിപ്പിച്ച അച്ഛൻ കഥാപാത്രത്തെ ആണ്. സാറ എന്ന മകൾ വളരെ ഗൗരവമായ ഒരു തെറ്റിന് സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്പോൾ, മകൾടെ തെറ്റ് ക്ഷെമിച്ച് അവളെ മാറോടണച്ച് ലോകത്തിന്റെ അധിക്ഷേപങ്ങൾക്കെതിരെ പൊരുതുന്ന അച്ഛൻ-നമ്മൾക്ക് എത്ര പേർക്ക് അങ്ങനെ ഒരു അച്ഛനോ അമ്മയോ ആവാൻ കഴിയും? തെറ്റ് പറ്റിയ ഒരു കുട്ടി തിരിച്ചു വന്നാൽ നമ്മളിൽ എത്ര പേർക്ക് സഹാനുഭൂതിയോടെ ആ കുട്ടിയോടും വീട്ടുകാരോടും പെരുമാറാൻ കഴിയും? ചിന്തിക്കണം. കുട്ടികളെ നല്ല വഴിക്ക് വളർത്തുന്നതോടൊപ്പം, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും നമ്മൾ സമയം കണ്ടെത്തണം. ഇനി അഥവാ മറ്റുള്ളവരുടെ പ്രലോഭനത്തിൽ അല്ലെങ്കിൽ മോശമായ കൂട്ടുകെട്ടിൽ പെട്ട് അവർക്ക് ഒരു തെറ്റ് പറ്റിയാൽ അത് ക്ഷമിച്ചു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള മനസ്സും നമ്മൾ വളർത്തിയെടുക്കേണ്ടി ഇരിക്കുന്നു. മരണത്തോളം തിരുത്താൻ പറ്റാത്ത ഒന്നും ഈ ലോകത്തില്ല എന്ന ഒരു ഗുണപാഠം നൽകിയിട്ടാണ് ആര്യ ഈ ലോകത്തോട് യാത്ര പറഞ്ഞത്.