ഞാൻ ആഗ്രഹി­ക്കു­ന്ന നല്ല മരണം..


രണം − ഇന്നലെ വരെ നമ്മളോടൊപ്പം ഈ ഭൂമിയിൽ ശ്വസിച്ചും ചിരിച്ചും കളിച്ചും ഉണ്ടായിരുന്ന ഒരു വ്യക്തി നാളെ മുതൽ ഇല്ല എന്ന വസ്തുത. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്, മനുഷ്യർ എങ്ങനെയാണ് മരിക്കുന്നത്? ഒരാളെ ജീവനോടെ നിലനിർത്താൻ പ്രവർത്തിക്കുന്ന എന്തോ ഒരു ശക്തി, അത് നിന്ന് പോവുന്നു. ക്ലോണിംഗ്, കൃത്രിമ ഗർഭധാരണം, ഹാർട്ട് ട്രാൻസ്പ്ലാന്റ്, ലിവർ ട്രാൻസ്പ്ലാന്റ് എന്ന് വേണ്ട സകല ഓർഗൻ ട്രാൻസ്പ്ലാന്റ് വരെ മെഡിക്കൽ സയൻസിന് നടത്താൻ കഴിഞ്ഞു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ബ്രെയിൻ ട്രാൻസ്പ്ലാന്റ് വരെ നടത്താമെന്നാണ് ഇറ്റലിയിലെ ഒരു ഡോക്ടർ അവകാശപ്പെട്ടിരിക്കുന്നത്. എന്നിട്ടും മരിച്ച ഒരു വ്യക്തിയെ തിരിച്ചു ജീവിപ്പിക്കാൻ മാത്രം വൈദ്യശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനി കഴിയുമോ.. ആർക്കറിയാം? പറഞ്ഞു വന്നത്, മരണത്തിനെ തോൽപ്പിക്കാൻ മാത്രം നമ്മുടെ ഇപ്പോഴത്തെ വൈദ്യശാസ്ത്രം വളരാത്തിടത്തോളം കാലം, നമ്മളും ഒരിക്കൽ മരിക്കും, അപ്പൊ പിന്നെ ആഗ്രഹിക്കാവുന്നത് ഒന്നേ ഉള്ളൂ അല്ലേ. നല്ല മരണം!! − അങ്ങനെ ഒന്നുണ്ടോ? 

രണ്ടു മാസം മുന്നേ പത്രത്തിൽ ഒരു വാർത്ത‍ കണ്ടു. 42 വർ‍ഷത്തെ അബോധജീവിതത്തിൽ‍ നിന്ന് മോചനം നേടിയ അരുണ ഷാൻ ബാഗിനെ കുറിച്ച്. വർഷങ്ങൾക്ക് മുന്‍പ് സഹപ്രവർ‍ത്തകനാൽ‍‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ട്, അബോധാവസ്ഥയിലായ അരുണയെ, ഒരു കുഞ്ഞിനെയെന്ന പോലെ അവർ‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ മറ്റു നേഴ്സുമാർ‍ പരിചരിച്ചു. 42 വർ‍ഷത്തെ താൽക്കാലിക നിദ്രയിൽ‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ നിത്യ നിദ്രയിലേക്ക് അരുണ പോയപ്പോൾ‍ എന്റെ മനസ്സിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ശരിക്കും പറഞ്ഞാൽ ആ മരണവാർത്തയിൽ ഞാൻ സന്തോഷിച്ചു. അവരെ ഇത്രയും നാൾ സ്നേഹത്തോടെ പരിപാലിച്ചതു തന്നെ ആ ആശുപത്രിയിലെ നേഴ്സുമാരുടെ കാരുണ്യം. അല്ലാത്തൊരു അവസ്ഥ ആലോചിച്ചു നോക്കൂ. ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒന്ന് മരിച്ചു കിട്ടാൻ അരുണ ആഗ്രഹിച്ചു കാണില്ലേ? സർ‍വ്വ നാഡീ ഞരന്പുകൾ തളർന്ന് സ്വന്തം പ്രാഥമിക കർമ്മങ്ങൾ വരെ നിർവ്വഹിക്കുവാൻ കഴിയാതെ കിടപ്പിലാവുന്ന അവസ്ഥ, എനിക്കത് ചിന്തിക്കാൻ കൂടി വയ്യ.

കഴിഞ്ഞ ആഴ്ച എന്റെ ഒരു ആന്റി മരണപ്പെട്ടു.− എന്റെ അഭിപ്രായത്തിൽ വളരെ നല്ല ഒരു മരണം. ഉള്ള ജീവിതം നല്ല പോലെ ജീവിച്ചു, ഒരു ശരാശരി മലയാളിയുടെ ആഗ്രഹങ്ങൾ പോലെ കല്യാണവും, വീടും, മക്കളും കൊച്ചു മക്കളും ഒക്കെ ആയി, കിടപ്പിലാവാതെ, ആർ‍ക്കും ഒരു ബുദ്ധിമുട്ടാവാതെ ജീവിതത്തിനോട് സുല്ലാൻ പറഞ്ഞു ചിരിക്കുന്ന ഫോട്ടോയായി ചുമരിൽ കേറാൻ പറ്റുന്നതാണ് എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന്. അത് തന്നെ ആണ് ഞാൻ ആഗ്രഹിക്കുന്ന നല്ല മരണം. പിന്നെ ഇതൊക്കെ നമ്മൾക്ക് ആഗ്രഹിക്കാനല്ലേ കഴിയൂ? ഏതു കോളേജിൽ എന്ത് പഠിക്കണം, എങ്ങനെ ഉള്ള ആളെ കല്യാണം കഴിക്കണം, എങ്ങനെ ഉള്ള വീട് പണിയണം, എന്നൊക്കെ അല്ലെ നമ്മുക്ക് തിരുമാനിക്കാൻ പറ്റൂ. അല്ലാതെ എങ്ങനെ മരിക്കണം എപ്പോ മരിക്കണം എന്നൊക്കെ നമ്മുടെ കയ്യിലിരിക്കണ കാര്യാണോ?. നമ്മൾടെ ഓരോ ചുവടിലും നാം മരണത്തിലേക്കാണ് അടുത്ത് കൊണ്ടിരിക്കുന്നത് എന്ന ബോധ്യം ഓരോരുത്തരിലും ഉണ്ടാവണം. അപ്പൊ പിന്നെ നമ്മുക്ക് ചെയാൻ പറ്റുന്നതെന്താന്ന് വെച്ചാൽ ഉള്ള കാലം നല്ല പോലെ ജീവിക്കുക. നമ്മൾക്കും മറ്റുള്ളവർക്കും ഒരു പോലെ സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുവാൻ സമയം കണ്ടെത്തുക. എല്ലാവർക്കും എല്ലായ്പ്പോഴും എല്ലാവരെയും സഹായിക്കാൻ കഴിയില്ല എന്ന വസ്തുത നിലനിൽക്കെ നമ്മളാൽ കഴിയുന്ന സഹായം മറ്റുള്ളർക്ക് ചെയ്ത്, ആരെയും ഉപദ്രവിക്കാതെ മുന്നോട്ടു പോവുക. ഈ ലോകത്തിൽ‍ നിന്നു ബൈ ബൈ പറഞ്ഞു പോവുന്പോൾ നമ്മളെ കുറിച്ചു മറ്റുള്ളവർ‍ക്ക് കുറച്ചു കാലത്തേക്കെങ്കിലും സന്തോഷത്തോടെ, സ്നേഹത്തോടെ ഓർ‍ത്ത് വെക്കുന്ന  രീതിയിൽ എന്തെങ്കിലും നന്മ നമ്മൾടെ പ്രവർത്തിയിൽ ബാക്കി വെച്ച് കൂടെ?

അല്ലേലും മരണ ശേഷം നമ്മൾക്ക് ചെവി കേൾകാൻ കഴിഞ്ഞെങ്കിൽ, ചുറ്റുമുള്ളവർ സന്തോഷത്തോടെ "ഡാ, നീയറിഞ്ഞാ ആ ഗഡി പടായിട്ടാ " എന്ന് പറഞ്ഞു കേൾ‍ക്കുന്നതിനേക്കാൾ‍ സുഖം ..."നല്ലൊരു മനുഷ്യനാർന്നു, കഷ്ടായി, നമ്മളെ വിട്ടു പോയല്ലോ" എന്ന് കേൾ‍ക്കുന്നതല്ലേ..?

You might also like

Most Viewed