തെറ്റിനുള്ളിലെ ശരി


യ്യോ ചിലർ മനുഷ്യരെ ചിരിപ്പിച്ചു കൊല്ലുംട്ടോ. ഇമ്മടെ മാതൃഭാഷാപ്രയോഗങ്ങളുടെ അത്ഭുത സാധ്യതകൾ ചാനലിലൂടെ ലോകമെന്പാടും പ്രചരിപ്പിച്ച ഒരു അവതാരകയുടെ ഒരു ആക്രോശപ്രകടനം ഈയിടെ വാർത്തയിൽ കാണാനിടയായി. എന്റെ പൊന്നോ, ഒരു ശരാശരി മനുഷ്യൻ പാലിക്കേണ്ട സാമാന്യ മര്യാദകളെല്ലാം കാറ്റിൽ പറത്തികൊണ്ട് ഒരു സദസ്സിൽ നിന്ന് നിലവിളിച്ചു കൊണ്ട് വേദിയിലേക്ക് പാഞ്ഞ് കയറി അവിടെ സംസാരിച്ചു കൊണ്ടിരുന്ന ഒരു പാവം മനുഷ്യന്റെ കയ്യീന്ന് മൈക്ക് പിടിച്ചു വാങ്ങി നെഞ്ച് പൊട്ടുമാറ് ഉറക്കെ കുരഞ്ഞു "ബൗ..ബൗ..ബൗ......"! സീൻ കോണ്ട്ര ആവാൻ അധികം നേരമെടുത്തില്ലാന്നു എടുത്തു പറയണോ?

സംഗതി ഒരു 'ബൗ'−വുമായി ബന്ധപ്പെട്ട കാര്യമാണ്. തെരുവു നായ്ക്കളിൽ പേയ് പടർന്ന് നാടിന്റെ പലയിടങ്ങളിലും പേപ്പട്ടി ആളുകളെ ഓടിച്ചിട്ട് കടിച്ച്, ആളുകൾ മരിക്കുകയും, ക്ടാങ്ങളുൾപ്പെടെ പലരും ചികിൽസ തേടിക്കൊണ്ടുമിരിക്കുന്ന സാഹചര്യത്തിൽ, പേപ്പട്ടികളെ കൊല്ലണോ വേണ്ടയോ, പേയ് പടരുന്നത് എങ്ങനെയെല്ലാം തടയാമെന്ന് കൂടിയാലോചിക്കുന്ന ഒരു വേദിയായിരുന്നു അത്. അവിടേക്കാണ് മ്മടെ ‘ടി ചാനൽ ചേച്ചി’ നാരയണ പിള്ള പരിണാമത്തിൽ വർണ്ണിച്ചിട്ടുള്ള 'ശ്വാനപഥങ്ങളെ' അനുസ്മരിപ്പിച്ചു കൊണ്ട് ചവിട്ടിക്കുലുക്കി വേദിയിലേക്ക് വലിഞ്ഞു കയറിയതും പേപ്പട്ടികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഓരിയിട്ടതും! അവസാനം പട്ടിടെ പേയ്ടെ കാര്യത്തിൽ തിരുമാനം എടുക്കാൻ വന്നവർ മനുഷ്യനു പേയ് ഇളകിയാൽ എന്ത് ചെയണം എന്ന ചർച്ച നടത്തേണ്ട ഗതി ആയി.

ഈയിടെ നടന്ന ഒരു സംഭവം പറയട്ടെ. എന്റെ അകന്ന ബന്ധുവായ ഒരു അമ്മമ്മയെ കൊല്ലത്ത് അവരുടെ വീടിന്റെ മുന്നിൽ വെച്ച് ഒരു തെരുവ് പട്ടി കടിച്ചു. കടിച്ച പട്ടിക്ക് പേയ് ഉണ്ടോന്നു പട്ടിയോട് ചോദിച്ചറിയാൻ പറ്റാത്തതിനാൽ വീട്ടുകാർ എല്ലാവരും കൂടെ ഭയത്തോടെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടോയി. 24 മണിക്കൂറിനുള്ളിൽ എടുക്കേണ്ട ഒരു കുത്തിവെപ്പുണ്ട്. പക്ഷെ ചെന്നപ്പോ ആ മരുന്ന് അവിടെ ലഭ്യമല്ല. അമ്മമ്മയെ പൊക്കി എടുത്തോണ്ട് നേരെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പോയി. ചെന്നപ്പോ അവിടേം മരുന്ന് സ്റ്റോക്കില്ല. അവിടുന്നു നേരെ വണ്ടി പോയത് മെഡിക്കൽ കോളേജിലേക്ക്. അവിടേം സംഗതി ഇല്ല, എവിടെ കിട്ടുമെന്ന് ആശുപത്രിക്കാർക്കും അറിയില്ല. പിന്നെ ഫോൺ വിളിയായി, ബഹളമായി. സുഹൃത്തുക്കൾ അന്വേഷിച്ചപ്പോൾ ഈ പറഞ്ഞ മരുന്ന് കോയന്പത്തൂർ ഒരു പ്രൈവറ്റ് ആശുപത്രിയിൽ ഉണ്ട്. പക്ഷെ ആ മരുന്ന്  കേരളത്തിലോട്ടു കൊടുത്തു വിടാൻ കഴിയില്ലെന്നും, അത്യാവശ്യം ആണേൽ രോഗിയെ അങ്ങോട്ട് എത്തിച്ചാൽ കുത്തിവെപ്പ് നടത്താമെന്നും അറിയിച്ചു. അങ്ങനെ അമ്മമ്മയെ കോയന്പത്തൂർ കൊണ്ടോയി കുത്തി വെപ്പ് എടുത്തു. ഈ പെടാപാട് വല്ലോം പേപ്പട്ടികളെ ഉന്മൂലനം ചെയുന്നതിനെതിരെ കുരയ്ക്കുന്ന ലോല മൃഗസ്നേഹികൾ അറിയുന്നുണ്ടോ എന്തോ?!

അപ്പോ പറഞ്ഞു വന്നത്, എല്ലാ ജീവനും വിലപ്പെട്ടതു തന്നെ, ശരിയാണ്. ഈ ഭൂമിയിൽ പട്ടിക്കും പൂച്ചയ്ക്കും മനുഷ്യനുമെല്ലാം ജീവിക്കാൻ തുല്യാവകാശം ഉണ്ട്. പക്ഷെ ഒരു ജീവി മറ്റൊരു ജീവിക്ക്, അല്ലെങ്കിൽ മറ്റ് പല ജീവനുകൾക്ക് ഭീഷണിയാവുന്പോൾ ആ ഒന്നിനെ കൊന്ന് മറ്റ് പല ജീവൻ രക്ഷിക്കുന്നതിൽ ഒരു ശരിയില്ലേ? ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ട 'ജീവി'യും മനുഷ്യൻ തന്നെയല്ലേ? അല്ലെങ്കിൽ പട്ടിയോട് പറയണം 'എടാ പട്ടീ, ഇന്ന് മുതൽ‍ നീ ഒരു കുഞ്ഞാടാണ്... നീ മറ്റുള്ളവരെ കടിക്കരുത്, പ്ലീസ്.. കടിക്കുന്നത് തെറ്റാണ്, അത് കുറ്റമാണ്!' (മലയാളം അറിയാത്ത പട്ടിയോട് ഇംഗ്ലീഷിൽ പറഞ്ഞാലും മതി) ഇതു പട്ടിക്കു മനസ്സിലാവുകയും, അത് തല കുലുക്കി, വാലാട്ടി 'അടിയൻ ഇനി മുതൽ നിയമവാഴ്ചയ്ക്ക് വിധേയനായി ജീവിച്ചോളാമേ' എന്ന് ഒരു 'ബൗ' പറഞ്ഞ് 'അക്നോളെജ്ജ്' ചെയ്യുയും വേണം! അതിനു സാധ്യത ഇല്ലാത്തിടത്തോളം കാലം തീരുമാനം നമ്മൾ മനുഷ്യരുടെ തന്നെയാവണം, പേപ്പട്ടിയെ കൊല്ലുക തന്നെ വേണം! കൊല്ലുന്നത് തെറ്റെങ്കിലും, ആ തെറ്റിൽ ഒരു ശരിയുണ്ട്!

സമാധാനമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും, ജാതി−മത−രാജ്യ ഭേദമന്യേ ചിന്തിക്കുന്ന കാര്യമാണ് മനുഷ്യ പ്രവർത്തികളിലെ ശരിയും തെറ്റും. മതങ്ങൾ അതിനെ പുണ്യവും പാപവുമായി വേർതിരിച്ച് സ്വർഗ്ഗവും നരകവും പീസ്− പീസ്സായി ഓഫർ ചെയ്ത് പ്രലോഭിപ്പിക്കുകയോ, പേടിപ്പിക്കുകയോ ചെയ്യുന്നു. പക്ഷേ ഈ പുണ്യ−പാപ വകതിരുവുകൾ എല്ലായിപ്പൊഴും ശരിയാകണമെന്നില്ലല്ലോ. ഉദാഹരണം പറഞ്ഞാൽ, ഇന്ത്യയിൽ വധശിക്ഷ നിയമം അനുവദിക്കുന്ന ഒന്നാണ് എന്നാൽ‍ ഇതിനെതിരേ ഇങ്ക്വിലാബ് വിളിക്കുന്നവരുമുണ്ട്. അവരൊക്കെ നല്ല മനുഷ്യർ തന്നെ, അവരുടെ മനസ്സിലും ശരികളുണ്ട്, ഇല്ലെന്നല്ല! പക്ഷേ, കേവലം മത വിശ്വാസങ്ങളുടെ പേരിൽ‍, സ്വാർത്ഥ താൽപര്യങ്ങളുടെ പേരിൽ‍ ബോംബിടുകയും, വേറെ പല രീതിയിൽ മനുഷ്യജീവനെടുക്കുന്നവരെയും പുണ്യത്തിന്റെയും പാപത്തിന്റെയും 'തുക്കടാ എക്സ്ക്യൂസ്' പറഞ്ഞ് ആരെങ്കിലും 'ദയ' ശുപാർശ ചെയ്താൽ‍ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. അവരെ 'സ്പോട്ടിൽ പൂശണ'മെന്നേ ഞാൻ പറയൂ. ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്യുന്നവന്മാർ ദയ അർ‍ഹിക്കുന്നുണ്ടോ? ദയ പോയിട്ട് മേൽപ്പറഞ്ഞ പേപ്പട്ടിക്കുള്ള ജീവനാവകാശം അവൻ അർ‍ഹിക്കുന്നുണ്ടോ? ഇവരെ ശിക്ഷിക്കുന്ന 'തെറ്റിൽ' ശരി മാത്രമേയുള്ളൂ!

മൃഗ സ്നേഹം പരിസ്ഥിതി സ്നേഹം ഒക്കെ വളരെ നല്ലതും ആവശ്യമുള്ളതും തന്നെ പക്ഷെ വെട്ടേണ്ട മരം വെട്ടേണ്ട സമയത്ത് വെട്ടണം, ഉന്മൂലനം ചെയ്യേണ്ടതിനെ അതിന്റെ സമയത്ത് തന്നെ അത് നടത്തിയിരിക്കണം. ശരിയും തെറ്റുകളും ആപേക്ഷികമാണെന്ന് നിലനിൽക്കെ മനുഷ്യ ജീവനേക്കാൾ വിലപ്പെട്ടത് ഒന്നുമില്ലെന്ന് നമ്മൾ മനുഷ്യരെങ്കിലും ഓർത്താൽ നന്ന്, കാരണം ഈ പറഞ്ഞ ജീവജാലങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ കഴിവുള്ളതു നമ്മൾ മനുഷ്യർക്ക് തന്നെ. 

You might also like

Most Viewed