നമുക്കു വേണ്ട സന്തോഷം...


അച്ഛന്റെ ശരീരത്തിന് വിയർ‍പ്പുനാറ്റം ഉണ്ടോയെന്ന് പെൺ‍കുട്ടികൾ‍ അമ്മയോട് ചോദിക്കാൻ പാടില്ല. ചോദിച്ചാൽ‍ ശകാരം കിട്ടുമെന്ന് മാത്രമല്ല ആ കണ്ണുകൾ‍ നിറയുന്നതും കാണേണ്ടിവരും. പകലന്തിയോളം പറന്പിൽ‍ പണിയെടുത്ത് മടങ്ങി വരുന്ന അച്ഛനു കുളിക്കാനായ് ചൂടാക്കിയ വെള്ളത്തോടൊപ്പം മകളുടെ ചോദ്യവും ചരുവത്തിൽ‍ കിടന്ന് വെട്ടിത്തിളങ്ങി. തീർ‍ച്ചയായും ഈ അന്യാവശ്യചോദ്യം മകളുടെ ചുണ്ടിൽ‍ തിരുകിയത് ടി.വിയിലെ നിറമുള്ള പരസ്യങ്ങളാകും. മൃഗങ്ങളെ പിടിക്കുന്ന ലോഹപ്പല്ലുകളുള്ള കെണി പോലെയാണ് പരസ്യങ്ങൾ‍. ഏകമകളെ വളരെ താലോലിച്ചാണ്‍ വളർ‍ത്തിയത്. സന്പാദ്യമായ് പ്രാരാബ്‌ധങ്ങളുടെ വലിയ കെട്ടുകളുണ്ടായിരുന്നെങ്കിലും ഇല്ലായ്‌മകളൊന്നും മകളെ അറിയിച്ചില്ല. കൂട്ടിനായ് ആരും ഇല്ലെന്ന കുറവ് ടി.വിയാണ്‍ പരിഹരിച്ചത്. എല്ലാ കുഴപ്പങ്ങൾ‍ക്കും പ്രലോഭിപ്പിക്കുന്ന ആ കാഴ്‌ചകൾ‍ തന്നെയാണ്‍ കാരണവും. പരസ്യങ്ങളിൽ‍ കണ്ട് ശരീരസൗന്ദര്യ വസ്തുക്കളൊക്കെ വാങ്ങിക്കൊടുക്കണമെന്ന് പറയുന്പോൾ‍ ഇല്ലെന്ന് പറയാൻ അച്ഛനമ്മമാർ‍ക്കായില്ല. 

സമൂഹത്തിലെക്കും സാമൂഹ്യപ്രശ്‌നങ്ങളിലെക്കും തുറക്കുന്ന വാതിലുകളും ജനാലകളും കൊട്ടിയടച്ചവൾ‍ ടി.വി റൂമിലും കണ്ണാടിമുറിയിലും കുളിമുറിയിലും എത്ര സമയം വേണമെങ്കിലും ചെലവാക്കുമായിരുന്നു. ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം ശരീരഗന്ധമാണെന്ന് പരസ്യങ്ങൾ‍ അവളെ പഠിപ്പിച്ചു. ശരീരത്തിലെ എല്ലായിടങ്ങളും രോമകൂപങ്ങളും മുടിനാരിഴകളുമൊക്കെ എപ്പോഴും അവളുടെ സൂക്ഷ്‌മനിരീക്ഷണ വലയത്തിനുള്ളിലായിരുന്നു. സോപ്പുപതയിൽ‍ ആറാടുന്ന സിനിമാനടി ചർ‍മ്മം കാണിച്ച് സുന്ദരിയാക്കാമെന്ന് പറഞ്ഞാൽ‍ ഏതു പെണ്ണാണു തെന്നിവീഴാതിരിക്കുക. സോപ്പാണ്‍ ആരോഗ്യ രഹസ്യമെന്ന പറച്ചിൽ‍ എത്ര അസംബന്ധമാണെന്ന് ആരും ചിന്തിക്കാറില്ല. സാപ്പോനിഫിക്കേഷൻ എന്ന പ്രക്രിയയിലൂടെ ജനിക്കുന്ന സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും രാസസംയുക്തമാ‍ണ്‍ സോപ്പുകൾ‍. തുണിയിൽ നിന്നും ചർമ്മത്തിൽ നിന്നും എണ്ണമയമുൾപ്പെടെയുള്ള മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുകയാണ്‌ സോപ്പിന്റെ പണി. ചർമത്തെ സുന്ദരമാക്കുന്ന പണിയൊന്നും സോപ്പിനില്ല. ചർമത്തിന്‌ നേരിയ തോതിലെങ്കിലും ദോഷമുണ്ടാക്കാനെ സോപ്പിനാകൂ. ഡെറ്റോൾ സോപ്പുപോലും നമ്മുടെ ചർമ്മത്തിന്റെ പ്രതിരോധശേഷിയെ ദോഷകരമായി ബാധിക്കുന്നു എന്ന് പാവങ്ങൾ‍ക്കറിയില്ല.  

പരസ്യത്തിൽ‍ അലിഞ്ഞ ജീവിതം കാരണം അസഹ്യമായ വൃത്തിബോധം ഒരു ബാധപോലെ അവളെ പിടികൂടി. ആഹാരം കഴിക്കുന്നതിനു മുന്‍പും കഴിച്ചതിനു ശേഷവും പലവട്ടം ഹാന്റ്്വാഷ്‌ ക്രീം ഉപയോഗിച്ച് കൈകൾ‍ കഴുകിയാലും തൃപ്തിയാകില്ല. മണ്ണിലും പൊടിയിലുമൊന്നും അവൾ‍ തൊടാറില്ലെങ്കിലും എത്ര സോപ്പു തേച്ചു കുളിച്ചാലും അവൾ‍ക്ക് മതിവരാറില്ല. സോപ്പുകളും പേസ്റ്റുകളും ക്രീമുകളും ഷാന്പുകളും പെർ‍ഫ്യൂമുകളും കണ്ടീഷണറുകളുമൊക്കെ ഒരുക്കിയ പരസ്യക്കെണിയിൽ‍ അവൾ‍ വീണു പോയിരുന്നു. സൂപ്പർ‍മാർ‍ക്കറ്റിൽ‍ കിട്ടാവുന്ന മുന്തിയ ഇനങ്ങളിലുള്ള ദുർ‍ഗന്ധ നാശക വസ്തുക്കളെല്ലാം വാങ്ങിക്കൂട്ടി. വിലകൂടിയ സുഗന്ധ ലേപനങ്ങളൊക്കെ ദേഹമാസകലം വാരി പൂശിയിട്ടും അവളിൽ‍ വിയർ‍പ്പു മണം ഒളിഞ്ഞിരിക്കുന്നോ എന്നവൾ‍ക്ക് സംശയമാണ്‍. 

വിവാഹം ഉറപ്പിച്ചപ്പോൾ‍ കെട്ടാൻ പോകുന്നയാൾ‍ക്ക് വിയർ‍പ്പു നാറ്റം ഉണ്ടാകുമോ എന്ന ചിന്ത അവളെ വല്ലാതെ തളർ‍ത്തി. എന്തിനെയും നേരിടാനുള്ള ചങ്കുറപ്പോടെയാണവൾ‍ വിവാഹ വേദിയിൽ‍ തലകുനിച്ചത്. സൽ‍ക്കാരങ്ങളൊക്കെ പതിവുപോലെ ഭംഗിയായി കലാശിച്ചു. മണിയറയിലെ വായുവിന്‍ നവോന്മേഷം പകരാനായി ചുവരിൽ‍ ഉറപ്പിച്ചിച്ച എയർ‍ഫ്രെഷ്‌ണർ‍ പന്പിൽ‍ നിന്നും ഓരോ പതിനഞ്ചുമിനിറ്റിലും സ്‌പ്രേ അടിച്ചു കൊണ്ടേയിരുന്നു. 

മണിയറയിൽ‍ പ്രവേശിച്ചപ്പോൾ‍ സന്തോഷത്താൽ‍ മനസ്സിൽ ലഡു പൊട്ടിയെങ്കിലും ചുറ്റും നിറഞ്ഞ രൂക്ഷഗന്ധങ്ങൾ‍ പുതുമണവാളനെ മയക്കത്തിലേക്ക് തള്ളിയിട്ടു. അനേകം ഗന്ധങ്ങൾ മൂക്കിൽ‍ തുളച്ചു കയറിയെങ്കിലും കെട്ടിയപെണ്ണിന്റെ ഗന്ധമറിയാതെയവൻ തളർ‍ന്നുറങ്ങി. പിറ്റേദിവസം പകൽ‍ സമയത്തൊക്കെ പറന്പിലൂടെ ശുദ്ധവായു ശ്വസിച്ച് നടന്ന് സമയം പോക്കി. രണ്ടാം രാത്രിയിലും ആദ്യരാത്രിയിലെ അനുഭവം ആവർ‍ത്തിച്ചു. മണിയറയിൽ‍ നിറഞ്ഞ കൃത്രിമ ഗന്ധങ്ങൾ‍ ഒരു മനുഷ്യനു താങ്ങാനാവുന്നതിനപ്പുറമായിരുന്നു. അവൻ മയങ്ങിയും അവൾ‍ മയങ്ങാതെയും നേരം വെളുപ്പിച്ചു. 

മൂന്നാംനാൾ‍ സന്ധ്യയിങ്കൽ‍ അവൻ മയങ്ങാനായി സ്വയം ഏൽ‍പ്പിച്ചു കൊടുത്തില്ല. ആക്രോശത്തോടെ സുഗന്ധലേപനങ്ങളൊക്കെ വലിച്ച് പറന്പിലേക്കെറിഞ്ഞു. മുട്ടനൊരു വടിയെടുത്ത് പരസ്യങ്ങൾ‍ നിറഞ്ഞ ടി.വി  തല്ലിത്തകർ‍ത്തവൻ അരിശം കൊണ്ട് തുള്ളി. ആരെങ്കിലും കാണുന്നോ എന്നൊന്നും വകവെയ്‌ക്കതെ അയാൾ‍ ഇറങ്ങിയോടി. അവൾ‍ക്ക് അയാളുടെ പിന്നലെ ഓടാതിരിക്കാൻ നിർ‍വാഹമില്ലായിരുന്നു. ഓട്ടത്തിന്നിടയിൽ‍ കൊടുങ്കാറ്റു വന്നപ്പോൾ‍ ഇരുവരുടെയും വസ്ത്രങ്ങൾ‍ പറിച്ചെറിഞ്ഞു. തുടർ‍ന്നു വന്ന മഴ ഇരുവരും ആസ്വദിച്ചു നനഞ്ഞു. അവർ‍ നഗ്നരായി ഓടിയോടി കാട്ടിലെത്തി. കാടെത്ര സുന്ദരമാണെന്നവർ‍ അറിഞ്ഞു. അവിടെ പാവം മൃഗങ്ങൾ‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചോലകളിൽ‍ നിന്നും വെള്ളം കുടിച്ചു, കാട്ടുപഴങ്ങൾ‍ പറിച്ചു തിന്നു, അരുവിയിൽ‍ കുളിച്ചുമവർ‍ ഉൾ‍ക്കാട്ടിലേക്ക് പോയി. ഓടിത്തളർ‍ന്നപ്പോൾ‍ നദിക്കരയിലെ വെള്ളമണൽ‍ വിരിച്ച മെത്തയിലവർ‍ കെട്ടിപ്പിടിച്ചു കിടന്നു. ചൂട് വിയർ‍പ്പിന്റെ സുഗന്ധവും മനുഷ്യന്റെ ഗന്ധവും  ഇരുവരും അറിഞ്ഞു. ഒരു ലേപനത്തിനും പകരാനാവാത്ത സുഗന്ധത്തിൽ‍ ലയിച്ചു കിടക്കുന്പോൾ‍ ഈ രാത്രി ഒരിക്കലും അവസാനിക്കരുതേയെന്നവർ‍ പ്രാർ‍ത്ഥിച്ചിരിക്കും. പരസ്യത്തിലെ ലഡു പൊട്ടിക്കുന്ന സന്തോഷമല്ല, മനസ്സിനുള്ളിലെ സന്തോഷമാണ്‍ നമുക്ക് വേണ്ടത്.

 
 

You might also like

Most Viewed