വേട്ടക്കാരനെ തിരിച്ചറിയാനാകാതെ...


ഒരാൾ‍ ആശുപത്രിയിലെത്തിലാൽ‍ ആദ്യം ചോദിക്കുക പേരാണ്‍. പേരിനു പകരം ‘അൺ‍നോൺ‘ എന്നു ചേർ‍ക്കാൻ കൂടുതൽ‍ തുക ഈടാക്കി. പിന്നീട് ജാതിയുൾ‍പ്പെടെ യാതൊരു വിധമായ സ്വകാര്യതകളും തിരക്കേണ്ടി വന്നില്ല. അയാൾ‍ അടിവസ്ത്രം ഇട്ടിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ തിരക്കുന്നത് അനൗചിത്യമാണ്‍. മെയ്‌ക്കപ്പൊക്കെയിട്ട് ആളെത്തിരിച്ചറിയാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഈ പഞ്ചനക്ഷത്ര ആശുപത്രി തുറന്നിരിക്കുന്നത് ഇരയെ പിടിക്കാൻ തന്നെയാണ്‍. ഇരയ്‌ക്ക് മുഖമില്ലെങ്കിലും കൈയിൽ‍ പണമുണ്ടായാൽ‍ മതിയാകും. മുഖമുള്ളവരും ജീവിതകാലം മുഴുവൻ കഷ്‌ടപ്പെട്ട് പണമുണ്ടാക്കിയൊരുനാൾ‍ അതൊക്കെയും കൗണ്ടറിലടച്ച് രസീതി വാങ്ങേണ്ടി വരും. പഞ്ചേന്ത്രിയങ്ങളെ മരവിപ്പിക്കണമെന്ന അപൂർ‍വ്വമായ ആവശ്യവുമായാണ്‍ അയാൾ‍ ടോക്കണെടുത്തിരിക്കുന്നത്. കഥാനായകൻ ആരാണെന്ന് കഥയുടെ അവസാനത്തിലെങ്കിലും വ്യക്തമായിരുന്നെങ്കിലെന്ന് പ്രത്യാശിക്കുകയേ നിവർ‍ത്തിയുള്ളൂ. എങ്കിലും കഥാനായകൻ ചില്ലറക്കാരനല്ലെന്നുറപ്പിക്കാം. 

ചെറിയ ശന്പളത്തിൽ‍ പണിയെടുത്ത് മരിക്കാൻ നേഴ്‌സുമ്മാരെ കിട്ടിയതു കൊണ്ടുമാത്രം ആതുരാലയമെന്ന ലാഭകരമായ ബിസിനസിനെ വലിയൊരു സാമ്രാജ്യമാക്കാനാവില്ല. ആശുപത്രിയിലെത്തുന്നവർ‍ക്ക് അസുഖമൊന്നും ഇല്ലെങ്കിലും മുൻ‍കരുതലെന്നോണം എല്ലാ മെഷിനുകളുടേയും പരിശോധനകൾ‍ നയത്തിൽ‍ അടിച്ചേൽ‍പ്പിക്കാറുണ്ട്. ചെയ്യുന്നത് കൊടും പാതകമാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ്‍ ഈ ക്രൂരത വർ‍ഷങ്ങളായി തുടരുന്നത്. ജനങ്ങൾ‍ക്ക് അതൊക്കെ ശീലമായിപ്പോയി. ആശുപത്രിയിലുണ്ടായിരുന്ന ഉപകരണങ്ങളൊക്കെ മാറി മാറി പരിശോധിച്ചിട്ടും അയാളിൽ‍ കാര്യമായ അസുഖമൊന്നും കണ്ടെത്താനായില്ല. അങ്ങനെ ആവശ്യപ്പെടാൻ തക്കതായി അയാൾ‍ക്ക് മാനസികരോഗം പോലും തെളിഞ്ഞു കാണുന്നില്ല. പിന്നെ ആലോചിച്ചപ്പോൾ‍ അയാൾ‍ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നി. പഞ്ചേന്ദ്രിയങ്ങളുടെ പ്രവർ‍ത്തനമൊക്കെ മരവിപ്പിക്കുന്നതു തന്നെയാണ്‍ നല്ലത്. 

ഫാസിസം കോപ്പുകൂട്ടൂന്ന ഇക്കാലത്ത് നമുക്കു ചുറ്റും കാണുന്ന കാഴ്‌ചകളെ മനഃസാക്ഷിയുള്ളവർ‍ക്ക് കണ്ടു നിൽ‍ക്കാനാവില്ല. കേൾ‍ക്കുന്ന ബീഭത്സമായ വാർ‍ത്തകൾ‍ കർ‍ണ്ണപുടങ്ങൾ‍ക്ക് താങ്ങാവുന്നതിനപ്പുറമാണ്‍. നാവിന്റെ രുചികളിൽ‍ പോലും ചേരി തിരിവുകൾ‍ മനഃപൂർ‍വ്വം ഉണ്ടാക്കിയിരിക്കുന്നു. ചുറ്റും ചീഞ്ഞു നാറുന്ന മുദ്രാവാക്യങ്ങളാണ്‍. പ്രതികരിക്കുന്ന നാവുകളെയൊക്കെ ഒന്നൊന്നായി പിഴുതെടുക്കുകയാണ്‍. ആളിക്കത്തുന്ന അസഹിഷ്‌ണുത പ്രതികാരമായി ഓരോരുത്തരേയും എപ്പോഴാണ്‍ വിഴുങ്ങുകയെന്നറിയില്ല. വാർ‍ത്തകൾ‍ കാണാതിരിക്കണമെങ്കിൽ‍ ടി.വി. ഓഫാക്കിയാൽ‍ പോരെ, റേഡിയോ കേൾ‍ക്കാതെയും പത്രങ്ങൾ‍ വായിക്കാതെയും ഇരുന്നാൽ‍ പോരെ, ആരോടും സംവേദിക്കാതെ ഇരുകണ്ണൂകളും പൂട്ടി ധ്യാനത്തിലിരുന്നാൽ‍ പോരെ, വീടിന്റെയുള്ളിൽ‍ ആളനക്കമില്ലാത്ത സ്വകാര്യയിടങ്ങളിൽ‍ ഒളിച്ചാൽ‍ പോരെ, സമൂഹവുമായുള്ള ബന്ധം വിശ്ചേദിച്ചാൽ‍ പോരെ, ആങ്ങനെ കുറേ പരിഹാരമാർ‍ഗ്ഗങ്ങളാണ്‍ കരണീയമെന്ന് പറഞ്ഞു നോക്കിയെങ്കിലും അയാൾ‍ സമ്മതിക്കാൻ ഭാവമില്ല. എത്ര പണം ചെലവായാലും വേണ്ടില്ല, പഞ്ചേന്ദ്രിയങ്ങളെ മരവിപ്പിക്കണമെന്ന കാര്യത്തിൽ‍ അയാൾ‍ നിർ‍ബ്ബന്ധം പിടിച്ചു. 

വളച്ചൊടിച്ച വാർ‍ത്തകൾ‍ മനസ്സുകളെ എത്രയാണ്‍ ദണ്ധിപ്പിക്കുന്നതെന്നറിയാമോ. സ്വപ്‌നത്തിൽ‍ പോലും നാം കാണാൻ ഭയപ്പെട്ടിരുന്നത് പലതും ഇന്ന് വാർ‍ത്തയായി നമ്മുടെ മുന്‍പിൽ‍ വിളന്പുന്നു. വിളന്പുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങണമെന്ന് നിർ‍ബ്ബന്ധവും പിടിക്കുന്നു. ഇത്തരം വാർ‍ത്തകൾ‍ കണ്ടു വളരുന്ന തലമുറയുടെ ഭാവി ഇതിലും ഭയാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍നകമാകും. ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാവാതെ അവർ‍ ഇരുട്ടിൽ‍ അലയുകയും പരസ്‌പരം തല തല്ലി മരിക്കുകയും ചെയ്യുമെന്നുറപ്പ്. വളരെ ആലോചിച്ച ശേഷം അയാളുടെ കീശയുടെ മുഴുപ്പുകണ്ടു തന്നെയാണ്‍ ചികിത്സകൾ‍ ആരംഭിച്ചത്. 

കണ്ണ്, നാക്ക്, മൂക്ക്, ത്വക്ക്, ചെവി എന്നിവയൊക്കെ മരവിപ്പിക്കുക നല്ല ചെലവുള്ള കാര്യം തന്നെയാണ്‍. ആശുപത്രികൾ‍ക്ക് ധനസന്പാദനത്തിനുള്ള പുതിയൊരു മേഖല തുറന്നു കൊടുത്തതിനാൽ‍ ചില കിഴിവുകൾ‍ നൽ‍കാനും മറന്നില്ല. പഞ്ചേന്ദ്രിയങ്ങളെ മരവിപ്പിക്കുന്ന ചികിത്സയുണ്ടെന്നറിഞ്ഞാൽ‍ കാശുള്ളവരൊക്കെ വന്നു ക്യൂ നിൽ‍ക്കും. ഇരുപത്തിനാലു മണിക്കൂറും ഓപ്പറേഷനുകൾ‍ ചെയ്‌താലും തീരാത്തതു പോലെ ആവശ്യക്കാരുണ്ടാകും. എത്ര പണം മുടക്കിയാലും ഈ അതിക്രമങ്ങളൊക്കെ കാണാതെയും കേൾ‍ക്കാതെയും ജീവിക്കാനാവുക സൗഭാഗ്യമാണ്‍. 

അങ്ങനെ പഞ്ചേന്ത്രിയങ്ങളെ മരവിപ്പിക്കുന്ന ചികിത്സ ആദ്യമായ് വിജയകരമായി പൂർ‍ത്തിയാക്കി അയാൾ‍ പോയി. വളരെ വൈകിയാണ്‍ തിരിച്ചറിഞ്ഞത് അത് ഇരയായിരുന്നില്ല വേഷം മാറി വന്ന വേട്ടക്കാരൻ തന്നെയായിരുന്നെന്ന്. രാജ്യത്ത് നടമാടുന്ന അതിക്രമങ്ങൾ‍ക്കെതിരെ സംസാരിക്കുവാനും അതിനെ ഇല്ലായ്‌മ ചെയ്യുവാനും ഉത്തരവാദപ്പെട്ടയാളാണ്‍ പഞ്ചേന്ത്രിയങ്ങളെ മരവിപ്പിച്ച് കറങ്ങി നടക്കുന്നത്. ലൈറ്റ്ഹൗസിലെ വെളിച്ചം അണയുന്പോൾ‍ കപ്പലുകൾ‍ ആഴക്കടലിൽ‍ തകരുകതന്നെ ചെയ്യും.

You might also like

Most Viewed