പാറ്റകളുടെ ല ോകം...
കഴിഞ്ഞ ശനിയാഴ്‌ച പത്രത്തിന്റെ ചരമപേജിൽ വന്ന ‘യുവതിയായ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു’ എന്ന വാർത്തയെ ചെറിയ കോളത്തിൽ ഒതുക്കാനാവില്ല. ആ മരണത്തിന്റെ പിന്നാന്പുറസത്യങ്ങളെ മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചു അല്ലെങ്കിൽ ചില പ്രലോഭനങ്ങളിൽ മയങ്ങി മനഃപൂർവ്വം തമസ്‌ക്കരിക്കുകയായിരുന്നു.
പലപ്രാവശ്യം ലോകം ചുറ്റി സഞ്ചരിക്കാനുള്ള ദൂരം അതിനകം അടുക്കളയിൽ അങ്ങോട്ടു മിങ്ങോട്ടും നടന്ന ആ വീട്ടമ്മയുടെ ലോകം അടുക്കള മാത്രമായിയായിരുന്നു. അവരുടെ ശത്രു ലിസ്‌റ്റിലെ പ്രധാനി പാറ്റകളായിരുന്നു. വളരെ ചരിത്ര പാരന്പര്യമുള്ള, മനുഷ്യർക്കും മുൻപേ ഈ ഭൂമുഖത്ത് ഉത്ഭവിച്ച ഷഡ്‌പദമായ പാറ്റ. മുപ്പതിലധികം തരത്തിലുള്ള പറക്കുകയും നടക്കുകയും ചെയ്യുന്ന ഈ ചെറുപ്രാണികളെ കൂറയെന്നോ കൊക്രോച്ചെന്നോ ഒക്കെ സൗകര്യം പോലെ വിളിക്കാം.
പലവിധ വ്യാധികൾ പകർത്തുന്ന ഇവ ഭൂമിയ്‌ക്ക് ഭാരമായി കൈയും കണക്കുമില്ലാതെ പെറ്റു പെരുകി. ഒരു പാറ്റയ്‌ക്ക് എന്ത് ഭാരം വരുമെന്നൊന്നും അളക്കാൻ നിൽക്കേണ്ട. ഭാരമില്ലെങ്കിൽ പോലും ഈ ജീവിയെ സഹിക്കാനാവില്ല. ദൂരെ നിന്നു നോക്കിയാലും ഭൂതക്കണ്ണാടിയിലൂടെ അടുത്തു നോക്കിയാലും ഭംഗിയും വൈരൂപ്യവുമൊക്കെ നോക്കുന്ന കണ്ണുകളിലാണ്. ചൈനയിലൊക്കെ ലാഭകരമായി പാറ്റകൃഷിയുണ്ടെന്നും അവിടുത്തെ ഹോട്ടലുകളിലൊക്കെ പാറ്റാക്കറിയും പാറ്റാപൊരിച്ചതുമൊക്കെ സുലഭമായി ലഭിക്കാറുണ്ടെന്നുമുള്ളത് വെറും പ്രയോജനരഹിതമായ അറിവായിരുന്നു. അടുക്കളയിലെ പാറ്റശല്യം കൊണ്ട് വീട്ടമ്മ ഗതിമുട്ടി. വീട് വൃത്തിയാക്കിയിട്ടിട്ടും അറിയാവുന്ന പൊടിക്കൈകളൊക്കെ പ്രയോഗിച്ചിട്ടും പാറ്റശല്യത്തിന്‍ കുറവൊന്നും ഉണ്ടായില്ല. പാറ്റകളെ തുരുത്താൻ പെസ്‌റ്റ് കൺട്രോൾ മരുന്നടിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. ചതിപ്രയോഗം മണത്തറിഞ്ഞയവർ മരുന്നിന്റെ വീര്യം കെടുന്നതു വരെ പുറത്തിറങ്ങാതെ തങ്ങളുടെ പൊത്തുകളിൽ കഴിച്ചു കൂട്ടി. പിന്നീട് കൂടുതൽ സജീവമായി വിഹാരം തുടങ്ങി. കഞ്ഞിയിൽ മാത്രമല്ല പാൽപ്പായസത്തിലും പാറ്റ വീണു.
എന്തു ചെയ്യണമെന്നറിയാതെ വീട്ടമ്മ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാർത്ഥിച്ചു. അങ്ങനെയൊരുനാൾ പാറ്റകളുടെയിടയിലും ആരോ പകയും വിദ്വേഷവും വിതച്ചു, പാറ്റകൾ തമ്മിലുള്ള ശത്രുതയ്‌ക്ക് വളവും വെള്ളവും കൊടുത്ത് വളർത്തി. ഇനിയും പേടിക്കേണ്ടതില്ല ഇവർ പരസ്‌പരം കൊന്നൊടുങ്ങിക്കൊള്ളും. തങ്ങളുമായി രൂപത്തിലോ നിറത്തിലോ എന്തെങ്കിലും വ്യത്യാസമുള്ളവരൊക്കെ കൊല്ലപ്പെടേണ്ടവരാണെന്ന് കുട്ടികളെപ്പോലുമവർ പഠിപ്പിച്ചു. വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ അവരുടെ മനസ്സുകൾക്കായില്ല. ഏതിനെന്നോ എന്തിനൊന്നോ എന്നറിയാതെയവർ ആയുധങ്ങൾ കൈയിലേന്തി. ഇരുട്ടിന്റെ മറവിൽ കുഞ്ഞിപ്പാറ്റകൾ പോലും തോക്കുകളുമായി നടന്ന് സഹജീവികളെ കൊന്നു തള്ളി. സമാധാനം പറയുന്ന ദൈവങ്ങളുടെ പേരിൽ പോലും അവർ ഭിന്നിച്ചു. പാറ്റകൾ പാറ്റകളെ വെറും പാറ്റകളെപ്പോലെ കൊന്നു തള്ളി. പ്രഭാതങ്ങളിൽ സന്തോഷത്തോടുകൂടി വീട്ടമ്മ അടുക്കളയിൽ ചത്തു കിടക്കുന്ന പാറ്റകളെ തൂത്തുവാരിക്കളഞ്ഞു.
പകൽ സമയങ്ങളിൽ ഓടകളിലും ഓവുകളിലും ചാലുകളിലും മറ്റ് ഇരുട്ടുള്ള സ്ഥലങ്ങളിലും ഒളിച്ചിരിക്കുന്നയിവർ രാത്രിയിൽ ആഹാരം തേടി മാത്രമല്ല കൊല്ലാനും ചാവാനും കൂടി തയ്യാറായാണ് പുറത്തിറങ്ങിയത്. എത്ര കൊന്നിട്ടും ചത്തിട്ടും അവയൊന്നും ഇല്ലാതായില്ല എന്നതാണ്‍ അതിശയകരം. വാശിയോടുകൂടിയവർ വംശവർദ്ധനയിലും ഏർപ്പെടുന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനുദിനം അവ പെറ്റുപെരികിക്കൊണ്ടേയിരുന്നു. എണ്ണം പെരുകും തോറും അവയുടെ അക്രമണവും വർദ്ധിച്ചു.
വിഷമാണെന്നറിയാമെങ്കിലും അങ്ങനെയാണ്‍ മാർക്കറ്റിൽ ലഭ്യമായ ഏറ്റവും ശക്തിയുള്ള പാറ്റകളെ തുരത്തുമെന്ന് ഉറപ്പുള്ള സ്‌പ്രേ വീട്ടമ്മ വാങ്ങിയത്. മൂക്കും വായുമൊക്കെ മൂടിക്കെട്ടിത്തന്നെയാണ്‍ വീട്ടമ്മ പാറ്റകളെ തുരത്തും സ്‌പ്രേയടിച്ചത്. അവരുടെ ലോകത്തു മുഴുവൻ മരുന്നടിച്ച ശേഷം വേഗത്തിൽ വീടിന്‍ വെളിയിൽ ഇറങ്ങണമെന്നും നിശ്‌ചയിച്ചിരുന്നു. സ്‌പ്രേയടിക്കുന്പോൾ ഗ്യാസ് സ്റ്റൗവിൽ വെള്ളം തിളപ്പിക്കുന്നുണ്ടായിരുന്നു എന്നതവർ ഓർത്തില്ല. സ്‌പ്രേയിൽ അടങ്ങിയിരുന്ന വേപ്പർ കണികകൾ തീയുടെ ഫ്ളെയിം വലിച്ചെടുക്കുകയും കൈയിലെ ബോട്ടിൽ പൊട്ടിത്തെറിക്കുകയും ചെയ്‌തു. അടുക്കളയിലും മറ്റു മുറികളിലും വേഗത്തിൽ തീ പടർന്നു. ദേഹമാസകലം പൊള്ളലേറ്റ ശരീരവുമായി അവർ വാതിൽ തുറന്ന് പുറത്തിറങ്ങിയെങ്കിലും പ്രതീക്ഷിക്കാനൊന്നും ബാക്കിയുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തും മുന്‍പേ വീട്ടമ്മ പൊള്ളലേറ്റു മരിച്ചെന്ന് സ്വിരീകരിച്ചു.
വീട്ടമ്മയുടെ ലോകം തീയിൽ എരിഞ്ഞമർന്നു, അവിടെ പിന്നീട് ഒരോറ്റ പാറ്റ പോലും അവശേഷിച്ചിരുന്നില്ല എന്ന സത്യം ആരും കണ്ടില്ല. ഒരു ദുഷ്‌ടവംശത്തെ ഒന്നാകെ ഇല്ലായ്‌മ ചെയ്‌തിട്ടാണ്‍ ആ മാലാഖ ജീവിതത്തിൽ നിന്നും കടന്നു പോയത്. പാറ്റകളെപ്പോലെ സഹജീവികളെ കൊന്നുതള്ളുന്നവരൊക്കെ ഓർക്കുക നിങ്ങളെ ശിക്ഷിക്കാനൊരു മാലാഖ വരും വരാതിരിക്കില്ല.