ഡിങ്കമതം പറന്നുവരും...
സത്യമായും ഡിങ്കനുണ്ട്. പരമ കാരുണ്യവാനായ ഡിങ്കനാണ് യഥാർത്ഥ ദൈവമെന്ന് വിശ്വസിക്കുന്നവർ പങ്കിലക്കാട്ടിൽ നിന്നും ലോകമെന്പാടും പടർന്നു കൊണ്ടിരിക്കുകയാണ്. ചുറ്റും കണ്ട പരന്പരാഗത മതാനുയായികളുടെ ദുഷ്‌പ്രവർത്തികൾ ജനതയെ അഹസ്യപ്പെടുത്തി. മതവൈര്യത്തിൽ മനം മടുത്ത യുവജനത വിശുദ്ധഗ്രന്ഥമായ ബാലമംഗളം നെഞ്ചോടു ചേർത്ത് ഡിങ്കമതത്തിൽ കൂട്ടത്തോടെ ചേക്കേറുകയാണ്. കണ്ടുവളർന്ന ദൈവങ്ങൾക്ക് പലതും കാണിക്കയായി കൊടുക്കേണ്ടി വരുന്പോൾ, മനുഷ്യൻ കൊടുക്കുന്ന നക്കാപിച്ചയിൽ കണ്ണുവെക്കാതിരുന്നതിനാൽ ഡിങ്കോയിസത്തിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെട്ടു. ഡിങ്കമതത്തിന്റെ വളർച്ചയെ മറ്റു മതങ്ങൾ പേടിയോടെയാണ് നോക്കിക്കണ്ടത്. അതിനെ തടയാനായി അവരെന്തും ചെയ്യാൻ മടിക്കില്ല.
ഡിങ്കന്റെ ഉപദേശങ്ങളൊക്കെ കാലിക പ്രസക്തമാണ്‍. അന്യമതങ്ങൾ മൈബൈൽ സൈലറ്റ് മോഡിലിട്ടിരിക്കുന്പോൾ “നിങ്ങളിൽ മൈബൈൽ സ്ക്രീനിൽ നോക്കി റോഡ് ക്രോസ് ചെയ്യുന്നവനാരോ അവൻ തൽക്ഷണം സ്വർഗ്ഗത്തെ പ്രാപിക്കും” (ബാലമംഗളം ലക്കം എട്ട് പേജ് 22) എന്ന് വളരെ മുന്നേ തന്നെ ഡിങ്കന്‍ പ്രവചിച്ചിരുന്നു.
നാട്ടിൽ കൊടും വരൾച്ചയുണ്ടായകാലത്ത്, പാടങ്ങളും പറന്പുകളും മഴയില്ലാതെ കരിഞ്ഞുണങ്ങി. വരൾച്ച കുടലിനെയും നാടിനെയും കരിച്ച് കളയുമെന്നെല്ലാവരും ഭയന്നു. മൂക്കടഞ്ഞിരിക്കുന്പോൾ പോലും ചുറ്റും കരിഞ്ഞമണം പടരുന്നത് എല്ലാവരുമറിഞ്ഞു. ഉയരത്തിൽ ചാടി സമ്മാനം വാങ്ങിയ കേമന്മാരൊക്കെ താഴെയെത്തി ആരോഗ്യം സംരക്ഷണത്തിനായി ജൈവകൃഷിയിൽ വ്യാപൃതരായിരുന്നു. പറന്പിലെ കൃഷിയൊക്കെ കരിഞ്ഞു പോയാൽ പിന്നെയും അതിർത്തി കടന്നു വരുന്ന വിഷം കഴിക്കേണ്ടി വരുമല്ലോ എന്നോർത്തവർ സങ്കടപ്പെട്ടു.
ഡിങ്കനെ വിളിക്കൂ നാടിനെ വരൾച്ചയിൽ നിന്നും രക്ഷിക്കൂ എന്ന് ചില യുവജനങ്ങൾ പറഞ്ഞു നോക്കിയെങ്കിലും മുതിർന്നവർ കേട്ടില്ല. ഇപ്പോൾ തന്നെ ആവശ്യത്തിലതികം മതങ്ങളുണ്ട് ഇനിയുമൊരു മതം കൂടി വേണ്ടെന്ന് അന്യമതങ്ങൾ ശഠിച്ചു. കുന്നുകളായ കുന്നുകളിലൊക്കെ മുൻപേ പറക്കുന്ന പക്ഷികൾ കൂടു കൂട്ടി. തല ഉയർത്തി നോക്കിയാൽ കാണുന്ന ഇടങ്ങളിലൊക്കെ അന്യദൈവങ്ങളുടെ ആലയങ്ങൾ ഉയർന്നു നിൽക്കുകയാണ്. ഡിങ്കദൈവത്തിന്‍ കാലു നീട്ടി ഇരിക്കാനോ കാലു മടക്കി ഇരിക്കാനോ ഒരിടവും കിട്ടിയില്ല. പറക്കുന്ന ദൈവമാണെങ്കിലും വിശ്രമിക്കാനൊരു ആലയം വേണ്ടേ. അതിന്‍ ഇടം നൽകാൻ അന്യമതങ്ങൾ അനുവദിച്ചില്ല. ഡിങ്കാലയം ഇല്ലാത്തതിനാൽ ഡിങ്കാനുയായികൾക്ക് ഒന്നിച്ചു കൂടാനോ പ്രാർത്ഥിക്കാനോ സാധിച്ചില്ല.
പാടം നികത്തി പടുത്തുയർത്തിയ ഓഡിറ്റോറിയത്തിൽ അന്യമതങ്ങളെല്ലാം ചേർന്ന് മഴ പെയ്യാനായി സർവ്വമത പ്രാർത്ഥനായജ്ഞം സംഘടിപ്പിച്ചു. താണ നിലത്തേ നീരോടൂ അവിടേ ദൈവം തുണ ചെയ്യൂ എന്ന വചന പ്രകാരം എല്ലാവരും ഓഡിറ്റോറിയത്തിലെത്തി. മഴയൊരു പൊതു ആവശ്യമായതിനാൽ പ്രാർത്ഥനയിൽ പങ്കെടുക്കാനായി ദൂരെ ദേശത്തു നിന്നു പോലും വിശ്വാസികൾ എത്തിച്ചേർന്നു. ഓഡിറ്റോറിയത്തിനുള്ളിൽ എല്ലാവർക്കും പ്രവേശിക്കുവാൻ ഇടം ഇല്ലായ്കയാൽ കൂടുതൽ പണം അടച്ച് രസീതി വാങ്ങിയവരെ മാത്രം ഓഡിറ്റോറിയത്തിനുള്ളിൽ പ്രവേശിപ്പിച്ചു. മടിശീലയുടെ വലിപ്പം പോരല്ലോ എന്ന് എല്ലാ പിരിവുകർക്കും ഒരുപോലെ തോന്നി. ദൈവത്തിനു വിലയിടാൻ കൈയിൽ പണമില്ലാതെ ഓഡിറ്റോറിയത്തിനു പുറത്ത് വിഷമിച്ച് നിന്നവർക്ക് പോലും പരാതിയില്ലായിരുന്നു. ആരു പ്രാർത്ഥിച്ചാലും കുഴപ്പമില്ല നാടിന്‍ മഴ ലഭിക്കുകയെന്നത് മാത്രമാണാവശ്യം.
എട്ടുദിക്കിലേക്കും കോളാന്പിമൈക്കു വെച്ച് ദൈവങ്ങളെയൊക്കെ വിളിച്ചുണർത്തി. ബാലമംഗളമൊഴിച്ച് മറ്റെല്ലാ മതഗ്രന്ഥങ്ങളും മാറി മാറി വായിച്ചു. അറിയാവുന്ന പ്രാർത്ഥനകളൊക്കെ ഉച്ചത്തിൽ ചൊല്ലി. ഹോമകുണ്ധങ്ങൾ ആളിക്കത്തി. നേർച്ചപ്പെട്ടികൾ നിറഞ്ഞു തുളുന്പി. പ്രാർത്ഥന പാരമ്യത്തിലെത്തുന്പോൾ രണ്ടാൺകുട്ടികൾ ഓഡിറ്റോറിയത്തിന്റെ ഏറ്റവും പിന്നിലായുള്ള പടികൾ കയറി വാതിൽ തുറന്ന് ടെറസിലെത്തി. വിശാലമായ ടെറസ് കണ്ടവർക്ക് സന്തോഷം കൊണ്ട് ഓടിക്കളിക്കണമെന്ന് തോന്നി. ഡിങ്കാ ഡിങ്കാ പോരാളി... എതിരാളിക്കൊരു പോരാളി... എന്ന് ഉച്ചത്തിൽ വിളിച്ചു കൊണ്ടവർ ഓടിക്കളിച്ചു. കുട്ടികളുടെ വിളി കേട്ട് ഡിങ്കൻ പറന്നെത്തി മൂന്നാമനായി അവരുടെ കൂടെ ഓടിക്കളിച്ചു. കുട്ടികൾ ഡിങ്കനോട് തങ്ങളുടെ ആവശ്യം പറഞ്ഞു. ഡിങ്കൻ വേഗത്തിൽ മഴ പെയ്യിച്ചു. മഴ പെയ്‌തു തുടങ്ങിയപ്പോൾ ഓഡിറ്റോറിയത്തിനു ചുറ്റും കൂടി നിന്നവരൊക്കെ നിറഞ്ഞ കുളിർമ്മയോടെ വീടുകളിലേക്ക് മടങ്ങി.
കുട്ടികളുടെ വിളികേട്ടാണ്‍ ഡിങ്കൻ വന്നതെന്നും മഴ പെയ്യിച്ചതെന്നും കമ്മറ്റിക്കാർക്ക് മനസ്സിലായി. എന്നാൽ പിന്നീട് ആ രണ്ടു കുട്ടികളെ ആരും കണ്ടിട്ടില്ല. കളിച്ചു കൊണ്ടിരിക്കുന്പോൾ ടെറസിൽ നിന്ന് കാലുതെന്നി വീണ്‍ മഴവെള്ളത്തിൽ ഒഴുകിപ്പോയിരിക്കാമെന്ന ഊഹം പ്രചരിച്ചു. നാളെയൊരിക്കൽ ഡിങ്കമത പ്രബലമാകുന്പോൾ ഡിങ്കമതത്തിലെ ആദ്യരക്തസാക്ഷികൾ ഉയർത്തെഴുന്നേൽക്കും അവർ സത്യം ലോകത്തോടു വിളിച്ചു പറയും. മതത്തെ സ്വാർത്ഥലാഭനത്തിനായി ഉപയോഗിക്കുന്നവർ ജാഗ്രതൈ, എതിരാളിക്കൊരു പോരാളിയായ ഡിങ്കൻ പറന്നുവരും.