ചിരിക്കുന്ന മാലാഖരൂപങ്ങൾ‍...


നേരം നന്നേ വെളുത്തതറിഞ്ഞ് രണ്ടാം ക്ലാസ്സുകാരൻ അമ്മയെ കുലുക്കി വിളിച്ചു. ശാന്ത ഒരിക്കലും മടങ്ങി വരാത്ത ഉറക്കത്തിൽ‍ വീണു കഴിഞ്ഞിരുന്നു. അവൻ ഈ വിവരം അറിയിക്കാനായി തയ്യൽ‍ക്കാരന്റെ അടുക്കലേക്കാണോടിയത്. അവനൊറ്റയ്‌ക്ക് പോകാനറിയാവുന്ന ഇടം അതുമാത്രമായിരുന്നു. അമ്മയെക്കാണാൻ വിരുന്നുകാർ‍ വരുന്പോൾ‍ അവൻ മിഠായി നുണഞ്ഞു കൊണ്ട് അവിടേക്കാണ് സ്ഥിരമായി പോകാറുള്ളത്. തയ്യൽ‍ക്കാരന്റെ തമാശകൾ‍ കേട്ടവൻ മോണകാട്ടി ചിരിക്കാറുണ്ടായിരുന്നു. വിരുന്നുകാരൊക്കെ പോയതിനു ശേഷം അമ്മ വന്ന് വിളിക്കും വരെ അവന്റെ കളിക്കൂട്ടുകാരൻ തയ്യൽ‍ക്കാരനായിരിക്കും. 

ആ മരണദിനത്തിൽ‍ അവന്റെ കൂടെ തയ്യൽ‍ക്കാരൻ ആദ്യമായി ശാന്തയുടെ വീട്ടിലേക്ക് ചെന്നു. വീടിനു മുകളിൽ‍ നക്ഷത്രങ്ങൾ‍ മിന്നുന്നുണ്ടായിരുന്നു. കുഞ്ഞു മാലാഖമാർ‍ വീടിനു മുകളിൽ‍ ചിറകുവീശി നിൽ‍ക്കുന്നുണ്ടായിരുന്നു. ഉൾ‍ക്കിടിലത്തോടെ അയാൾ‍ ആദ്യമായി ശാന്തയുടെ വീടിനുള്ളിൽ‍ കയറി. ശാന്തയുടെ മരണക്കിടക്കയ്ക്ക് അരികിൽ‍ നിറയെ തുണിയിൽ‍ തുന്നിയ വർ‍ണ്ണപൂക്കളുണ്ടായിരുന്നു. ചുറ്റും ചിത്രശലഭങ്ങൾ‍ ചിറകടിച്ച് പറക്കുന്നുണ്ടായിരുന്നു. തയ്യൽ‍ക്കാരൻ കുഞ്ഞുകൂട്ടുകാരനെ ചേർ‍ത്തു പിടിച്ചു.

നിങ്ങൾ‍ വിചാരിക്കുന്നതു പോലെ ഒരു മോശം സ്ത്രീ തന്നെയാണ്‍ ശാന്ത. അവൾ‍ സുന്ദരിയാണെന്നു മാത്രമല്ല അവളുടെ നാക്കിന്‍ എല്ലും ഉണ്ടായിരുന്നില്ല. ഇരുട്ടിന്റെ മറവിൽ‍ ശാന്ത പ്രിയപ്പെട്ടവളാണെങ്കിലും പകൽ‍ വെളിച്ചത്തിൽ‍ അവരൊക്കെ മാന്യന്മാരായിരുന്നു. അവിവാഹിതയായ ശാന്ത എല്ലാം വെട്ടിത്തുറന്ന് പറയുമെങ്കിലും രണ്ടാം ക്ലാസ്സിൽ‍ പഠിക്കുന്ന അവളുടെ കൊച്ചിന്റെ അപ്പനാരാന്ന് മാത്രം ഇതുവരെ പറഞ്ഞിട്ടില്ല. അവളോട് അക്കാര്യം നേരിട്ട് ചോദിക്കാൻ ആർ‍ക്കുമൊട്ട് ധൈര്യവുമില്ല. കൊച്ചിന്റെ മുഖത്തൊരു ഐശ്വര്യമൊക്കെയുള്ളതിനാൽ‍ തറവാട്ടിൽ‍ പിറന്നവരൊക്കെ അവളോട് മാന്യമായിട്ടാണ് പെരുമാറിയിരുന്നത്. ശാന്തയുടെ കൊച്ചിന്റെ അപ്പൻ ആരുമാകാം എന്ന സംശയത്തിന്റെ നിഴലിൽ‍ അവളാ നാട്ടിനെ മുൾ‍മുനയിൽ‍ നിർ‍ത്തി.

തയ്യൽ‍ക്കാരന്റെ ജോലിസ്ഥലവും കിടപ്പുമുറിയുമെല്ലാം ആ ഒരു മുറിക്കടതന്നെയായിരുന്നു. കടയുടമ പലതവണ ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാറിപ്പോകാൻ മറ്റൊരിടമില്ലാത്തതിനാലും കൊടുക്കാൻ പണം ഇല്ലാത്തതിനാലും അയാളുടെ ശകാരങ്ങൾ‍ കേട്ടില്ലെന്ന് നടിക്കുകയായിരുന്നു. രണ്ടു വർ‍ഷം മുന്‍പൊരു നാൾ‍ കടയുടമ സഹായിയേയും കൂട്ടി വന്ന് കടയ്‌ക്കുള്ളിലുണ്ടായിരുന്നതൊക്കെ വലിച്ചു പുറത്തിട്ട് ഷട്ടറു താഴ്‌ത്തി പുതിയ പൂട്ടിടും മുന്‍പ് അതുവഴി വന്ന ശാന്ത ബ്ലൗസിന്നിടിയിൽ‍ നിന്നും നൂറിന്റെ കുറേ നോട്ടെടുത്തു കൊടുത്താണ് തയ്യൽ‍ക്കാരനെ സഹായിച്ചത്. ഈ ചെറിയ കാലത്തിനുള്ളിൽ‍ തനിക്കും മകനും ജീവിക്കാനുള്ളതൊക്കെ ശാന്ത ഓവർ‍‌ ടൈം ചെയ്‌ത് സന്പാദിച്ചു കഴിഞ്ഞിരുന്നു. ശാന്ത സഹായിച്ചില്ലായിരുന്നെങ്കിൽ‍ അയാളുടെ കാര്യം വളരെ കഷ്‌ടത്തിലാകുമായിരുന്നു. 

അയാൾ‍ക്ക് പോകാനായി മറ്റൊരു സ്ഥലം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഇരുപത് വർ‍ഷമായി ആ കടമുറിയാണ്‍ അയാളുടെ ലോകം. രണ്ടു സുഹൃത്തുക്കളോടൊപ്പമാണ് തയ്യൽ‍ക്കട ആരംഭിച്ചത്. തുടക്കത്തിൽ‍ പകലും രാത്രിയുമിരുന്ന് ജോലി ചെയ്‌താലും തീരാത്തതു പോലെ പണിയുണ്ടായിരുന്നു. നല്ല പണിയുള്ളകാലത്താണ് സുഹൃത്തുക്കളിലൊരുവൻ ഗൾ‍ഫു മോഹങ്ങളിൽ‍ പെട്ട് ബോംബെയ്‌ക്ക് പോയത്. പണക്കൊതിയുടെ ഒഴുക്കിൽ‍പ്പെട്ടു പോയാൽ‍ പിന്നെ തിരികെ കയറാനാകില്ല. അവൻ ബോംബെയിൽ‍ കിടന്ന് ചത്തോ അതോ ഗൾ‍ഫിലെത്തിയതിനു ശേഷമാണോ ഇല്ലാതായതെന്നറിയില്ല. പോയതിനു ശേഷം അവനെക്കുറിച്ച് വിവരമൊന്നും ഇല്ല. അവന്റെ ഓർ‍മ്മയുടെ സ്‌മാരകമാണ് തുരുന്പെടുത്തു കിടക്കുന്നൊരു തയ്യൽ‍ മെഷീൻ. 

ഇനിയുള്ള കാലം തയ്യൽ‍ ജോലി കൊണ്ട് കുടുംബം പുലർ‍ത്താനാകില്ലെന്ന തിരിച്ചറിവിൽ‍ രണ്ടാമൻ മറ്റെന്തെങ്കിലും ജോലി പഠിക്കണമെന്ന ആഗ്രഹത്തിൽ‍ സ്വയം പിരിഞ്ഞു പോവുകയായിരുന്നു. അവൻ പോകുന്പോൾ‍ വർ‍ഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരുന്ന മെഷീനും കൂടെ കൊണ്ടു പോകാൻ മറന്നില്ല. പെട്ടി ഓട്ടോ വിളിച്ച് മെഷീനും സാധങ്ങളുമൊക്കെ കയറ്റി വളരെ സന്തോഷത്തോടെയാണ്‍ പോയത്. പോകുന്ന വഴിയിൽ‍ വാഹനാപകടത്തിൽ‍ പെട്ടവൻ മരിച്ചെന്ന് വിശ്വസിക്കാനായില്ല. അവന്റെ തയ്യൽ‍ മെഷീൻ പോലീസ് േസ്റ്റഷന്റെ മുറ്റത്ത് കാടുകയറിക്കിടപ്പുണ്ടെന്ന് പറഞ്ഞതും ശാന്തയാണ്. കഴിഞ്ഞ കുറെ നാളുകളായി ശാന്തയുടെ വാക്കുകളിലൂടെയാണ്‍ തയ്യൽ‍ക്കാരൻ ലോകം കണ്ടത്. 

ഫ്രീസായി ഫ്യൂസായിപ്പോയൊരു ജീവിതമാണ് തയ്യൽ‍ക്കാരന്റെത്. ഇരുപത് വർ‍ഷം മുന്‍പുള്ള തുന്നൽ‍ പണിയെക്കുറിച്ചോ ഫാഷനെക്കുറിച്ചോ എന്തു ചോദിച്ചാലും അയാൾ‍ക്കറിയാം. കാലം മാറിയതറിഞ്ഞപ്പോഴേക്കും അയാൾ‍ പഴഞ്ചനായിപ്പോയിരുന്നു. ഇപ്പോൾ‍ എല്ലാവരും റെഡിമെയ്ഡാണ് ഉപയോഗിക്കാറുള്ളത്. കീറിയ തുണികളുടെ റിപ്പയറിങ്ങിനു പോലും ആരും മെനക്കെടില്ല. പഴയതാകും മുന്‍പേ അതൊക്കെ വലിച്ചെറിഞ്ഞ് പുതിയത് വാങ്ങുന്പോൾ‍ എല്ലാവരും പാവം തയ്യൽ‍‌ക്കാരനെ മറന്നു. 

അയാൾ‍ക്ക് തുന്നൽ‍പ്പണിമാത്രമേ അറിയുമായിരുന്നുള്ളൂ‍‍. എന്നും മെഷീനൊക്കെ തുറന്ന് വെറുതെ എണ്ണയിട്ട് സമയം കൊല്ലും. പഴയ തുണി വെറുതെ കീറി നൂലുപാകിക്കൊണ്ടിരിക്കും. വെറുതെയാണെങ്കിലും മെഷീൻ ചവിട്ടുന്ന ശബ്‌ദം കേൾ‍ക്കാനൊരു സുഖമാണ്‍. രാവിലെയും വൈകീട്ടും ഓരോ ചായ ധാരാളം. ഉച്ചക്കുള്ള ചോറ്‌ എവിടെ നിന്നെങ്കിലും കിട്ടുമായിരുന്നു. അതും കൂടി നിലച്ച് മുഴുപ്പട്ടിണിയിലായപ്പോളാണ് ശാന്ത മാലാഖയായി അവതരിച്ചത്. 

ഒരു ചീത്ത സ്‌ത്രീ ദുർ‍മാർ‍ഗ്ഗത്തിലൂടെ സന്പാദിക്കുന്ന പണം കൊണ്ട് ആഹാരം കഴിക്കുന്നതിലുള്ള വിഷമം മാറ്റാൻ വേണ്ടിയാണ് പാച്ച്‌ വർ‍ക്ക് ഡിസൈനുകൾ‍ ഉണ്ടാക്കിക്കൊടുക്കാനവർ‍ ആവശ്യപ്പെട്ടത്. ഒരു നേരത്തെ ആഹാരത്തിന്‍ പകരമായി ഒരു ഡിസൈൻ. മറ്റു പണിയുള്ളപ്പോൾ‍ അതു ചെയ്യാം, പക്ഷേ അങ്ങനെ ചെയ്യാൻ വേറെ പണിയൊന്നും വന്നില്ല. പിന്നീട് മൂന്നുനേരവും ആഹാരം കിട്ടിത്തുടങ്ങിയതിനാൽ‍ ദിവസവും മൂന്ന് ഡിസൈനുകൾ‍ ഉണ്ടാക്കി കൊടുക്കേണ്ടി വന്നു. എവിടെ നിന്നെങ്കിലും പഴയ തുണികൾ‍ സംഘടിപ്പിച്ച് അതു വെട്ടി പാച്ചുവർ‍ക്കു ചെയ്ത് നക്ഷത്രം, പൂക്കൾ‍, ചിത്രശലഭം, മാലാഖ തുടങ്ങിയ രൂപങ്ങളൊക്കെ  ഉണ്ടാക്കിക്കൊടുക്കും. അതിനൊക്കെ ഭംഗി പോരെന്നും ഫിനിഷിംഗില്ലെന്നും അയാൾ‍ക്ക് ബോധ്യമുണ്ടായിരുന്നെങ്കിലും ശാന്ത എല്ലാം സന്തോഷത്തോടെയാണ്‍ വാങ്ങിക്കൊണ്ടു പോയത്. 

നാട്ടുകാരെയൊക്കെ വിളിച്ചു കൂട്ടി അന്ത്യകർ‍മ്മങ്ങളൊക്കെ ചെയ്യാൻ തയ്യൽ‍ക്കാരൻ മുൻ‌കൈയെടുത്തു. അന്നു മാത്രമല്ല പിന്നീടുള്ള ദിവസങ്ങളിലും ആ വീട്ടിൽ‍ കൂട്ടു കിടന്നതും അവന്റെ കാര്യങ്ങൾ‍ നോക്കിയതും തയ്യൽ‍ക്കാരൻ തന്നെയായിരുന്നു. താൻ തുന്നിയ ചിത്രശലഭങ്ങളോടും മാലാഖരൂപങ്ങളോടുമൊപ്പം ശാന്തയും അവരെ നോക്കി ചിരിക്കുന്നുണ്ടാകും.

You might also like

Most Viewed