കളിത്തോക്കിൽ തുടങ്ങുന്ന കളി..
സാധാരണ കുട്ടികളെപ്പോലെയല്ല സുബിനെ വളർത്തുന്നത്. നഗരത്തിലെ ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലെ മുറിയിൽ അടച്ചിട്ടാണവനെ വളർത്തുന്നത്. അറിഞ്ഞോ അറിയാതെയോ ചെയ്‌ത തെറ്റിന്റെ ശിക്ഷ അനുഭവിക്കുകയാണവൻ. സുബിനെയങ്ങനെ കൂട്ടിലടച്ച് വളർത്താൻ കാരണമായ സംഭവം നടന്നത് ഇന്നേയ്ക്ക് പത്ത് വർഷം മുന്‍പാണ്‍. ആ ചരിത്രം എവിടെയെങ്കിലും രേഖപ്പെടുത്തിയതായി അറിവില്ല. അതിങ്ങനെയാണ്‍....
മനം നിറയെക്കാണാൻ കാഴ്‌ചകളും, കൈ നിറയെ വാങ്ങാൻ സാധനങ്ങളും ഒരുക്കിവെച്ച് നഗരത്തിൽ ഷോപ്പിംഗ് മാമാങ്കം പൊടിപൊടിക്കുകയായിരുന്നു. വിലക്കിഴിവോടൊപ്പം സമ്മാനങ്ങളും വാരിക്കോരിക്കൊടുത്താണ്‍ കച്ചവടപ്പൂരം അരങ്ങേറിയത്. എല്ലാ നാട്ടുകാരും ചേരുന്ന ജനസാഗരം ആ ദിനങ്ങളിൽ നഗരത്തിലേയ്ക്കൊഴുകി. ഒന്നും വാങ്ങാനും വിൽക്കാനും ഇല്ലെങ്കിൽക്കൂടി വെറുതെ ആൾക്കൂട്ടത്തെ കാണാനായി എല്ലാവരും നഗരത്തിലെത്തുക പതിവായിരുന്നു. ആൾത്തിരക്ക് കൂടുതലായതിനാൽ കുട്ടികളുടെ അമ്മ അവരുടെ കൈകളിൽ മുറുകെപ്പിടിച്ചാണ്‍ ആരവങ്ങൾക്കിടയിലൂടെ നടന്നത്. വലിയ മാളുകളെക്കാൾ കച്ചവടം ചില ചെറിയ വഴിയോരവ്യാപാരികൾക്ക് ലഭിച്ചിരുന്നു. വിലക്കയറ്റത്തിന്റെ കടിഞ്ഞാൺ കൈയിലില്ലാത്ത പൊതുജനം ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ പരിശീലിക്കുന്നുണ്ടായിരുന്നു. ‘മനസ്സിന്റെ ആഗ്രഹങ്ങൾ ചുളു വിലയിൽ വാങ്ങൂ’ എന്നായിരുന്നു അവരുടെ പരസ്യവാചകം.
കാഞ്ചി വലിയ്‌ക്കുന്പോൾ ‘ടപ്പേ’ എന്ന ശബ്‌ദത്തോടെ വെടിപൊട്ടുന്ന തോക്കാണ്‍ സുബിനു വേണ്ടിയിരുന്നത്. അവന്റെ ചിണുങ്ങുന്ന സഹോദരിയ്‌ക്ക് ചെറിയ കുറേ പെണ്ണാഗ്രഹങ്ങളേയുണ്ടായിരുന്നുള്ളൂ. ഒരു മാസത്തേക്ക് നാലംഗകുടുംബത്തിനാവശ്യമായ പലചരക്ക് സാധനങ്ങൾ വാങ്ങാനാണ്‍ അവർ പേരുകേട്ട സൂപ്പർ മാർക്കറ്റിൽ കയറിയത്. അമ്മ വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കുന്പോൾ മകൾ കുപ്പിവളകളും ചാന്തും പൊട്ടും മറ്റും തിരഞ്ഞു. സുബിൻ തനിക്ക് വേണ്ട കളിത്തോക്ക് തിരഞ്ഞെടുക്കാനായി കളിപ്പാട്ടങ്ങളുടെ വിഭാഗത്തിലേയ്ക്ക് പോയി. ഓരോരുത്തരും അവരവർക്ക് വേണ്ടതൊക്കെ തിരഞ്ഞെടുത്ത് ട്രോളിയിലിട്ട് കൗണ്ടറിലൊന്നിച്ചെത്തി പണം കൊടുത്തു. കവറിന്നുള്ളിലായിരുന്ന കളിത്തോക്കഴിച്ചു കാണാനും വെടി പൊട്ടിച്ച് രസിക്കാനും സുബിന് തിടുക്കമായി. സുബിൻ സൂപ്പർമാർക്കറ്റിന്റെ ക്യാഷ് കൗണ്ടറിൽ വെച്ചു തന്നെ പൊതിയഴിച്ച് കളിത്തോക്ക് കൈയ്യിലെടുത്ത് സഹോദരിയുടെ നെഞ്ചിന് നേരെ ചൂണ്ടി. കീഴടങ്ങാതെ ഓടാൻ ശ്രമിച്ചാൽ വെടി ഉതിർക്കുമെന്നുറപ്പാണ്‍. തോക്ക് ചൂണ്ടിയാൽ ഇരുകൈകളും ഉയർത്തി കീഴടങ്ങണമെന്നത് സിനിമയിൽ നിന്നും പഠിച്ച കീഴ്−വഴക്കമാണ്‍. അവൾ ഭയന്ന് നിലവിളിച്ച് അമ്മയോടെ ചേർന്ന് നിന്ന് കൈകളുയർത്തി. കീഴടങ്ങിയ സഹോദരിയുടെ ഇടനെഞ്ചിലേക്കവൻ കൗതുകത്തോടെ കളിത്തോക്കിന്റെ കാഞ്ചി വലിച്ചു ചിരിച്ചു.
അവിടെ വരെ എല്ലാം കളിയായിരുന്നു, അപ്പോൾ മുതൽ കളി കാര്യമായി. കാഞ്ചി വലിച്ചപ്പോൾ കളിത്തോക്കിൽ നിന്നും ഒന്നാന്തരമൊരു വെടി പൊട്ടി. സഹോദരി ചോരയൊലിപ്പിച്ചു കൊണ്ട് നിലത്തു വീണ് പിടഞ്ഞു. അമ്മ അവളെ വാരിയെടുത്തെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ആ കൈയിൽ കിടന്ന് അവളുടെ അന്ത്യം സംഭവിച്ചു. വെടിയുടെ ശബ്‌ദവും നിലവിളിയും കേട്ട് ജനക്കൂട്ടം നാലുപാടും ചിതറിയോടി. നിമിഷങ്ങൾക്കുള്ളിൽ സൂപ്പർമാർക്കറ്റിലെ പ്രധാനജോലിക്കാരും ആ കുടുംബവും മാത്രം അവിടെ അവശേഷിച്ചു. സൂപ്പർമാർക്കറ്റ് മാനേജർ കള്ളച്ചിരിയൊടെ ഓടിവന്ന് കുട്ടിയുടെ കൈയിൽ നിന്നും തോക്കു പിടിച്ചു വാങ്ങി അതിന്റെ തുക തിരികെക്കൊടുത്തു. അമ്മയ്‌ക്ക് മകനേക്കൂടി നഷ്ടമാകാതിരിക്കാൻ പോലീസുകാർ വരുന്നതിന് മുന്‍പേ അവിടെ നിന്നും രക്ഷപെടുവാനായി സെക്യൂരിറ്റി ഓഫീസർ നിർബ്ബന്ധിച്ചു. ആരൊക്കെ നിർബ്ബന്ധിച്ചാലും മരിച്ചു കിടക്കുന്ന മകളെ ഉപേക്ഷിച്ച് ഒരമ്മയ്‌ക്ക് ഓടിയൊളിക്കാനാവുമോ? എങ്കിലും നിവർത്തിയില്ലാതെ മകന്റെ കൈയ്‌ക്ക് പിടിച്ചുവലിച്ചു കൊണ്ടോടുന്പോൾ അമ്മ നിറകണ്ണുകളോടെ തിരിഞ്ഞു തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. ഇക്കാലത്തിന്റെ അമ്മ, പ്രായോഗികതയുടെ വക്താവ് എന്നൊക്കെ ആ അമ്മയെ വിശേഷിപ്പിക്കാം. അമ്മ അങ്ങനെ ചെയ്‌തില്ലായിരുന്നെങ്കിൽ അബദ്ധത്തിലാണെങ്കിലും കൊലപാതകിയായ സുബിൻ പോലീസ് പിടിയിലാവുകയും ജയിലാവുകയും ചെയ്യുമായിരുന്നു.
കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ അച്ഛൻ വീട്ടിലെത്തിയ സുബിനെ ശാസനയോടെ ചേർത്തു പിടിച്ചുമ്മ വെച്ചു. പിറ്റേദിവസത്തെ പത്രത്തിൽ ഏതോ വിദേശരാജ്യത്ത് നടത്ത ഭീകരാക്രമണത്തെക്കുറിച്ചും വിമാനദുരന്തത്തെക്കുറിച്ചും വാർത്തയുണ്ടായിരുന്നു. എങ്കിലും സൂപ്പർമാർക്കറ്റിൽ നടന്ന വെടിവെയ്‌പ്പിനെക്കുറിച്ച് വാർത്തയൊന്നുമില്ലായിരുന്നു. ചെറിയ കോളത്തിൽ പോലും അനാഥ ബാലികയുടെ ജഡം കണ്ടെത്തിയതായി വാർത്തയുണ്ടായിരുന്നില്ല. സൂപ്പർമാർക്കറ്റിലെ പുതിയ ഓഫറുകളെക്കുറിച്ച് ബഹുവർണ്ണപരസ്യങ്ങൾക്കിടയിൽ ഇതിനൊന്നും സ്ഥലം മാറ്റിവെയ്‌ക്കാൻ സാധിച്ചിരിക്കില്ല. സൂപ്പർമാർക്കറ്റിൽ വെടിവെയ്‌പ്പും മരണവും ഉണ്ടായെന്നറിഞ്ഞാൽ അത് ബിസിനസ്സിനെ ബാധിക്കുമെന്നതിനാൽ ആ സംഭവം തന്നെ മുക്കിക്കളഞ്ഞതാകാം. പഞ്ചനക്ഷത്ര ആശുപത്രികളിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ രഹസ്യമായി ഒരു ശരീരം കിട്ടിയത് ലാഭമായി.
മകളുടെ നഷ്ടം സഹിക്കാനാവാതെ മനസ്സിന്റെ സമനില നഷ്ടപ്പെട്ട അമ്മ ദിവസങ്ങൾക്ക് ശേഷം വീടുവിട്ടിറങ്ങി. ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിലൊക്കെ തിരക്കിയെങ്കിലും ഫലമുണ്ടായില്ല. അവരിപ്പോൾ മുഴുഭ്രാന്തിയുടെ വേഷത്തിൽ എവിടെയെങ്കിലും അലയുന്നുണ്ടാകും. പിന്നെ സുബിനെ അച്ഛൻ ഒറ്റയ്‌ക്കാണ്‍ വളർത്തിയത്. ജോലിത്തിരക്കുകൾക്കുള്ളിൽ കുസൃതി ചെക്കനെ അടച്ചിട്ട് വളർത്താനെ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
അവന്റെ കന്പ്യൂട്ടറിൽ ഉണ്ടായിരുന്നതൊക്കെ വെടി വെയ്‌ക്കുകയും, നിഷ്‌ക്കരുണം കൊന്നുതള്ളുകയും ചെയ്യുന്ന ഗെയിമുകളൊക്കെയായിരുന്നു. അവന്റെ കൈയിൽ തോക്കില്ലെങ്കിലും അടച്ചിട്ട ജനാലയുടെ കർട്ടൻ മാറ്റി റോഡിലേയ്ക്കും, മൈതാനത്ത് കളിക്കുന്ന കുട്ടികളിലേയ്ക്കും ഇപ്പോഴുമവൻ ഉന്നം പിടിക്കാറുണ്ട്. അടച്ചിട്ട മുറിയിലിരുന്ന് സോഷ്യൽ മീഡിയകളിലൂടെ സാങ്കൽപ്പിക ശത്രുക്കളെ വെടിവെച്ചിടുന്നുണ്ട്.
കാത്തിരുന്ന രക്ഷകന്മാരൊക്കെ ഇന്നവന്റെ കൂട്ടുകാരായിട്ടുണ്ട്. വെടിയുണ്ടകൾ തീരാത്ത തോക്കുമായി നഗരത്തിൽ കറങ്ങി നടന്ന് കണ്ണിൽ കാണുന്നവരെയെല്ലാം വെടിവെച്ച് വീഴ്‌ത്തുന്നതവൻ സ്വപ്‌നം കാണാറുണ്ട്. അതിനായ് വിലകൂടിയൊരു യന്ത്രത്തോക്ക് രക്ഷകൻ നൂലിൽ കെട്ടി ഇറക്കിക്കൊടുത്തേയ്ക്കും. അവർ എന്തൊക്കയോ ഗൂഢപദ്ധതികൾ തയ്യാറാക്കുന്നുണ്ട്. അവന്റെ അച്ഛൻ വീടിന്റെ ബാൽക്കണിയിൽ നിന്നും കാലുതെന്നി വീഴുന്പോൾ അവന്റെ പദ്ധതികൾ നടപ്പിലായിത്തുടങ്ങും. കാലം അതിനായ് കാത്തിരിക്കുകയാണ്‍.