ഇരപിടിക്കാൻ കൊളുത്തുന്ന മുദ്രാവാക്യങ്ങൾ


രാത്രിയുടെ മറവിലവർ‍ വന്നപ്പോൾ‍ വീട്ടുകാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. കൂട്ടുകാരുമൊത്ത് നല്ല എരിവുള്ള ബീഫ്‌കറി കൂട്ടി നാടൻ കപ്പ വേവിച്ചത് കഴിക്കുന്നതും സ്വപ്‌നം കണ്ട് ഉറങ്ങുന്പോഴായിരുന്നു വാതിലിൽ‍ മുട്ടു കേട്ടത്. താമസിച്ചെത്തിയ അതിഥികൾ‍ക്ക് കൊടുക്കാനായി ഇത്തിരി പോലും ബാക്കിയില്ലല്ലോ എന്നോർ‍ത്ത് സങ്കടപ്പെട്ട് തിരിഞ്ഞു കിടന്നപ്പോൾ‍ വീണ്ടും കൊട്ടുയർ‍ന്നു. ശബ്‌ദം സ്വപ്‌നത്തിലല്ലെന്ന് ബോധ്യപ്പെട്ട്‌ വേഗത്തിൽ‍ ചാടിയെഴുന്നേറ്റ് ലൈറ്റിട്ട് മറ്റുള്ളവരെയും വിളിച്ചുണർ‍ത്തി. 

വാതിലിന്നരികിൽ‍ മനോഹരമായ കിളിനാദമുയരുന്ന കോളിംഗ്‌ ബെല്ലിന്റെ സ്വിച്ച് ഉണ്ടായിരുന്നിട്ടും വലിയ ശബ്‌ദത്തിലുള്ള മുട്ടലിൽ‍ എന്തോ പന്തികേടു തോന്നി. വെപ്രാളത്തോടെ കണ്ണു തുടച്ച് വാതിൽ‍പ്പലകയിലുള്ള പീപ്പ്ഹോളിലൂടെ നോക്കി. പോലീസ് വേഷധാരികളെ കണ്ട് ഭയം വിറയലായി. 

ബീഫ് കഴിക്കുന്നത് ചെറുപ്പം മുതലുള്ള ശീലമാണ്‍, പഞ്ചായത്തിന്റെ അനുമതിയുള്ള ഇറച്ചിക്കടയിൽ‍ എല്ലാ ഞായറാഴ്‌ചയും ചൊവ്വാഴ്‌ചയും വെട്ടുണ്ടാകും. കരളോ വാരിയെല്ലോ വേണമെങ്കിൽ‍ നേരത്തേ ചെല്ലണം. അവിടെയാരും ജാതിയോ മതമോ ചോദിച്ചിരുന്നില്ല. ബാക്കി വരുന്നതൊക്കെ എല്ലാ വീട്ടിലും തൂക്കിപ്പൊതിഞ്ഞ് എത്തിക്കുമായിരുന്നു. ഈ ഭക്ഷണം കഴിക്കാൻ പാടില്ല, ഇന്ന രീതിയിലുള്ള വസ്‌ത്രമേ ധരിക്കാൻ‍ പാടുള്ളൂ, ഇതേ വായിക്കാവൂ, ഇതേ എഴുതാവൂ എന്നൊക്കെ മറ്റൊരാൾ‍ കർ‍ക്കശമായി നിർ‍ദ്ദേശിക്കുന്ന ദിനങ്ങൾ‍ ആഗതമായിരിക്കുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് ഫാസിസം കടന്നു കയറുന്നു. 

വീട്ടിലെങ്ങും ബീഫില്ലെന്നുറപ്പുവരുത്തി വേണം വാതിൽ‍ തുറക്കാൻ. എന്താടാ വാതിൽ‍ തുറക്കാൻ താമസമെന്ന് ചോദിച്ച് കൊണ്ടവർ‍ വാതിൽ‍ തല്ലിപ്പൊളിച്ച് അകത്ത് കയറി. എന്തിനും അധികാരമുള്ളവരെപ്പോലെ എല്ലായിടവും പരിശോധിച്ചു. ഈ വീട്ടിൽ‍ ഒരു മാസം മുന്‍പ് തന്നെ ബീഫ് വാങ്ങലും തീറ്റയുമൊക്കെ നിർ‍ത്തിയിരുന്നു. യു.പിയിലെ ഒരു അടുക്കളയിലെ ഫ്രിഡ്‌ജിൽ‍ ബീഫുണ്ടെന്ന് കളവുപറഞ്ഞ് രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന പട്ടാളക്കാരന്റെ ബാപ്പയെ അടിച്ചുകൊന്ന അന്നുതന്നെ മിക്ക വീടുകളിൽ‍ നിന്നും ബീഫ് പടിയിറങ്ങിയിരുന്നു. അതിന് മുന്‍പേ ചട്ടിയിലായ ബീഫ് റോസ്റ്റിന്റെ ഒരിത്തിരി ബാക്കി കൊതിക്ക് വേണ്ടി ഫ്രിഡ്‌ജിൽ‍ സൂക്ഷിച്ചിരുന്നതു പോലും വേഗത്തിലെടുത്ത് ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്‌തു. ബക്കറ്റിൽ‍ കരുതിയിരുന്ന വെള്ളം വീണ്ടുമൊഴിച്ച് ക്ലോസറ്റ് നന്നായി വൃത്തിയാക്കി. ബീഫിന്റെ മണമെങ്ങാ‍‍നും കിട്ടിയാൽ‍ അതുമതി പിടിച്ചുകൊണ്ടു പോകാനും അടിച്ചു കൊല്ലാനും. അവർ‍ക്കിനിയും രക്തക്കൊതിമാറിയിട്ടില്ലെങ്കിലും, സുന്ദരജീവിതം ജീവിച്ച് കൊതി തീർ‍ന്നിട്ടില്ലാത്തതിനാൽ‍ ഭക്ഷണത്തിന് വേണ്ടി മരിക്കാനൊന്നും വയ്യ. ദൈവത്തിന്റെ പേരിൽ‍ എന്ത് ചെയ്‌താലും ചോദിക്കാൻ മനുഷ്യന്മാർ‍ക്ക് അവകാശമില്ലല്ലോ!

ഈ ദിനങ്ങളിൽ‍ ബീഫാണ്‍ മനസ്സിനെ ഭേദിക്കുന്നത്. എല്ലാ ചിന്തകളും ചെന്നവസാനിക്കുന്നത് ബീഫിലാണ്‍. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ‍ നിന്ന് കേൾ‍ക്കുന്ന വാർ‍ത്തകൾ‍ മനസ്സിൽ‍ ഭയം വിതച്ചിരിക്കുന്നു. ജനങ്ങളെ വിഭജിക്കാൻ ഏറ്റവും നല്ല മുദ്രാവാക്യം ബീഫാണെന്നവർ‍ തിരിച്ചറിഞ്ഞിരിക്കുന്നു. അടുക്കളയിലെ ഫ്രിഡ്‌ജിൽ‍ ബീഫുണ്ടെന്ന സംശയത്തിൽ‍ ആരെയും അടിച്ചുകൊല്ലാം എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ‍ നിങ്ങി. തലസ്ഥാനത്തെ മലയാളി വീട്ടിൽ‍ പോലീസ് റെയ്ഡ് നാടകം അരങ്ങേറി. വാർ‍ത്തകളിലൂടെയും വാർ‍ത്താചിത്രങ്ങളിലൂടെയും വാർ‍ത്താമണിക്കൂറിലെ നീണ്ട ചർ‍ച്ചകളിലൂടെയും ബീഫ് പ്രധാനവിഷയമായി വേവിച്ചു കൊണ്ടേയിരുന്നു. സോഷ്യൽ‍ മീഡിയകളിലൊക്കെ വെച്ചു വിളന്പിയത് ബീഫ് മാത്രമായിരുന്നു. ഫെസ്റ്റ് നടത്തി വിഷയം ആഘോഷമാക്കി. ബീഫിനെ മലയാളി കഴിച്ചാൽ‍ പശുവാണോ കാളയാണോ പോത്താണോ എന്നൊന്നും ഇപ്പോഴും ആർ‍ക്കും ഉറപ്പില്ല. 

വീടിനുള്ളിലെ വിശദമായ പരിശോധനയിലും അവർ‍ക്കൊന്നും കണ്ടെത്താനായില്ല. പിന്നെ ഞങ്ങൾ‍ കണ്ട സ്വപ്‌നങ്ങളെക്കുറിച്ചായിരുന്നു അവർ‍ക്ക് അറിയേണ്ടിയിരുന്നത്. ബീഫിനെ പടിക്കു പുറത്താക്കിയതിനുശേഷം മിക്ക ദിവസങ്ങളിലും ബീഫ് ഉലത്തിയതും ഫ്രൈ ചെയ്‌തതും കറിവെച്ചതും മസാലയാക്കിയതുമൊക്കെ സ്വപ്‌ത്തിൽ‍ കടന്നുവരാറുണ്ട്. ഞങ്ങൾ‍ ബീഫിനെ സ്വപ്‌നത്തിൽ‍ പോലും കാണാറില്ലെന്ന് കളവു പറഞ്ഞത് ഓഫീസർ‍ക്ക് പിടിച്ചില്ല. ലാത്തികൊണ്ട് അടിവയറിന്‍ കുത്തിയപ്പോൾ‍ അയ്യോ എന്ന് വലിയ വായിൽ‍ നിലവിളിപുറപ്പെട്ടു. ഗൃഹനാഥന്റെ നിലവിളികേട്ടു കൊണ്ട് ഇളയകുട്ടി എന്തോ പറയാൻ തുടങ്ങിയപ്പോൾ‍ അവളുടെ വായപൊത്തിയത് ഭാഗ്യമായി. എങ്കിലും ആണിയുള്ള ബൂട്ട്സ് കൊണ്ടുള്ള തൊഴി ഇളയകുട്ടിയെ ഭിത്തിയിൽ‍ പതിപ്പിക്കാൻ മതിയായതായിരുന്നു.

‘ഫാസിസത്തിന്റെ ലക്ഷണങ്ങൾ‍ നോക്കിയാൽ‍ ഇന്ത്യയുടെ അവസ്ഥയിൽ‍ എത്രത്തോളം മാരകമായി ഫാസിസം കടന്നു കൂടിയെന്ന് മനസ്സിലാക്കാനാകും. ഇറ്റലിയിൽ‍ ഹിറ്റ്ലറുടെ നേതൃത്വത്തിലും, സ്പെയിനിൽ‍ മുസ്സോളിനിയുടെ നേതൃത്വത്തിലും, ഇന്തോനേഷ്യയിൽ‍ സുഹോർ‍ത്തയുടെ നേതൃത്വത്തിലും നടന്നതുമായ ഫാസിസ്റ്റ് സംഭവങ്ങളുമായി ഇന്ത്യൻ അവസ്ഥയെ താരതമ്യം ചെയ്‌തു പഠിക്കുകയും പ്രതിരോധിക്കുകയും ചെയ്യാൻ‍ ഇനിയും താമസിക്കരുത്. കേരളക്കരയ്‌ക്കൊരു മതനിരപേക്ഷ സംസ്‌കാരമുണ്ട് അതിനെ തച്ചുടയ്‌ക്കാൻ ആരെയും അനുവദിക്കരുത്. ഓരോരുത്തരുടെയും ആരാധനാ രീതികളും ആഹാരരീതികളും പിന്തുടരാൻ അവരവർ‍ക്ക് അവകാശമുണ്ട്. മറ്റുള്ളവരുടെ അവകാശങ്ങളിലേക്ക് കടന്നുകയറാതിരുന്നാൽ‍ ഈ കൊച്ചുജീവിതം സുന്ദരമായി മുന്നോട്ടുകൊണ്ടു പോകാം എന്ന് തുടങ്ങുന്നൊരു ലേഖനം എഴുതിയത് മേശപ്പുറത്തിരിപ്പുണ്ട്. കഴിഞ്ഞ ദിവസം എഴുതാൻ തുടങ്ങിയ കഥകളിലൊക്കെ ബീഫ് വിഷയമായി വന്നതിനാൽ‍ ഒന്നും മുഴുമിക്കാൻ ആയില്ല. വന്നവരൊക്കെ അക്ഷരവിരോധികളായതിനാൽ‍ അതൊന്നും ചികഞ്ഞു നോക്കിയില്ല.

അവർ‍ ഒന്നും കണ്ടെത്താനാവാതെ നിരാശയോടെ മടങ്ങിയെങ്കിലും പുതിയ കാരണങ്ങളുമായ് വീണ്ടും വരുമെന്നുറപ്പാണ്‍. ചൊവ്വാഴ്‌ച തലമുടിവെട്ടാനോ ഷേവ് ചെയ്യാനോ പാടില്ലെന്നോ, ഉണരുന്പോൾ‍ കിഴക്കോട്ടു നോക്കിയെ ഉണരാവൂവെന്നോ, യോഗ പഠിച്ചിട്ടെ ശ്വാസം എടുക്കാൻ പാടുള്ളൂ എന്നൊക്കെ പറഞ്ഞു വന്നാൽ‍ എല്ലാവരേയും കുടുക്കുവാനാകും. അതിനായ് അവർ‍ വരും.

You might also like

Most Viewed