മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ചവരുടെ ഹൃദയം..


എന്റെ ഹൃദയം മറിച്ചു വിറ്റാൽ‍ എനിക്കെന്ത് കിട്ടും നിനക്കെന്തു കിട്ടും? എന്ന് കടൽ‍ക്കരയിലെ ചാന്പമരത്തിലിരുന്ന കുരങ്ങൻ മുതലച്ചേട്ടനോട് വിലപേശി. എന്നു തുടങ്ങുന്ന ഒരു കഥയെഴുതാനായി തുടങ്ങിയപ്പോഴാണ്‍ ഒരു പഴയകാല സുഹൃത്ത് വീട്ടിൽ‍ വന്നത്. അയാളുടെ ഉള്ളിലിപ്പോഴും ഒരു കടൽ‍ ഇരന്പുന്നുണ്ടെന്ന് ആ മുഖം കണ്ടപ്പോൾ‍ തോന്നി. എല്ലാം ശരിയാകും എന്ന സ്വാന്തനവാക്കുകൾ‍ക്കു മുന്‍പിൽ‍ അയാൾ‍ മെഴുകുതിരി പോലെ അലിഞ്ഞില്ലാതായി. 

അയാളുടെ ഭാര്യ ഹൃദയ സംബന്ധമായ അസുഖം മൂലം ആശുപത്രിയിലാണെന്ന് പറയാനാണ്‍ വന്നത്. അതു നേരത്തെ അറിഞ്ഞിരുന്നെങ്കിലും ആദ്യമായി കേൾ‍ക്കുന്നവനേപ്പോലെ നന്നായി അഭിനയിച്ചു വിഷമവും ദുഃഖവും പങ്കുവെച്ചു. ഹൃദയമാറ്റ ശസ്‌ത്രക്രീയയിലൂടെയെ ഇനിയും ജീവൻ രക്ഷിക്കാനാവൂ. മാറ്റിവെയ്‌ക്കാനൊരു ഹൃദയം ലഭ്യമാകാതിരുന്നത് ചികിത്സയ്‌ക്ക് തടസ്സമായി. അയാളെ സഹായിക്കുന്ന കാര്യം അടുത്ത ചില സുഹൃത്തുക്കളോടൊക്കെ ഫോൺ ‍‍ചെയ്‌ത് പറഞ്ഞു. പിന്നീട് വിളിച്ചപ്പോൾ‍ അവരൊക്കെ തിരക്കിലായിപ്പോയത് മനഃപൂർ‍വ്വമായിരിക്കില്ല. അവന്റെ എല്ലാമെല്ലാമായ ഭാര്യയുടെ ഫോട്ടോ വെച്ച് ഹൃദയം ആവശ്യമുണ്ടെന്നൊരു പോസ്‌റ്റർ‍ തയ്യാറാക്കി ഫേസ്ബുക്കിൽ‍ പോസ്‌റ്റു ചെയ്‌തു. നാൽ‍പ്പത്തി രണ്ട് ഷെയറും നാനൂറ് ലൈക്കും ഒരു മണിക്കൂറിനുള്ളിൽ‍ കിട്ടിയെന്നല്ലാതെ അതു കൊണ്ട് ഒരു മെച്ചവും ഉണ്ടായില്ല. കാലക്കേടിനാലാകാം അയാളുടെ നല്ലപാതി അകാലത്തിൽ‍ പൊലിഞ്ഞു പോയി. അവളുടെ വിയോഗം അയാളെ മാനസ്സികമായി തകർ‍ത്തെങ്കിലും തന്റെ കുടുംബത്തിന്‍ പറ്റിയത് ഇനിയും മറ്റാർ‍ക്കും സംഭവിക്കാതിരിക്കാനായി അവയവദാനത്തെക്കുറിച്ച് ഇനങ്ങളെ ബോധവാന്മാരാക്കണമെന്ന് അയാൾ‍ തീരുമാനിച്ചു. 

മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ സാധിക്കുമെന്ന അറിവ്‌ എന്നെ അതിശയപ്പെടുത്തി. മൂന്നു മാസത്തിലൊരിക്കൽ‍ ആരോഗ്യമുള്ള ഒരാൾ‍ക്ക് രക്തം ദാനം ചെയ്യുവാനാകും. പത്തിൽ‍ ഒന്‍പതു പേർ‍ക്കും ജീവിതത്തിലൊരിക്കലെങ്കിലും രക്തം സ്വീകരിക്കേണ്ടി വരാറുണ്ട്. ജീവിച്ചിരിക്കുന്പോൾ‍ തന്നെ കരളിന്റെ പകുതി മുറിച്ച് മറ്റൊരാൾ‍ക്ക് കൊടുക്കാനാകും, മരണശേഷമാണെങ്കിൽ‍ കരൾ‍ രണ്ടായി പകുത്ത് രണ്ടു പേർ‍ക്ക് കൊടുക്കാനാവും. രണ്ടുള്ള കിഡ്‌ണിയും അതേപോലെ തന്നെ കൊടുക്കാനാവും. സർ‍വ്വസാധാരണമായി മാറ്റിവെയ്‌ക്കുന്നതും കൂടുതൽ‍ ആവശ്യമുള്ളതും കിഡ്‌ണിയാണ്‍. സാധാരണയായി രണ്ടു കിഡ്‌ണിയാണുള്ളത് ജീവിച്ചിരിക്കുന്പോൾ‍ തന്നെ ഒന്ന് ആവശ്യക്കാരന്‍ കൊടുക്കാം മറ്റേത് മരണശേഷവും. 

മനുഷ്യന്റെ ഹാർ‍ട്ടിന്റെ വാൽ‍‌വ് മാറ്റി വെയ്ക്കേണ്ടി വരുന്പോൾ‍ പശുവിന്റെയും പന്നിയുടെയും ഹാൽ‍ട്ട് വാൽ‍‌വ് ഉപയോഗിക്കാറുണ്ടായിരുന്നു. ഈ മൃഗങ്ങളെ രാഷ്‌ട്രീയമതക്കാർ‍ സ്വന്തമാക്കിയതിനാൽ‍ ഇനിയത് സാധ്യമാകുമെന്ന് തോന്നുന്നില്ല. ആർ‍ട്ടിഫിഷ്യൽ‍ വാൽ‍‌വുകളെ ആശ്രയിക്കുകയേ ഇനിയും നിവർ‍ത്തിയുള്ളൂ. ആരോഗ്യമുള്ള സമയത്ത് ബീജാണുക്കളെ ദാനം ചെയ്‌ത് വട്ടച്ചിലവിനുള്ള പണവും പുത്രസന്പത്തും വർ‍ദ്ധിപ്പിക്കുന്ന മിടുക്കന്മാരും ഉണ്ടെന്ന് വളരെ ശബ്‌ദം താഴ്‌ത്തിയാണവൻ പറഞ്ഞത്. വർ‍ഷത്തിൽ‍ പത്തു ലക്ഷം പ്രാവശ്യം തുറന്നടയുന്ന കണ്ണുകളിലുള്ള കോർ‍ണിയ ദാനം ചെയ്യുന്നതിലൂടെ ഈ സുന്ദരലോകം മറ്റൊരാൾ‍ക്കുകൂടി തുറന്നു കിട്ടും എന്ന് പറയുന്പോൾ‍ അവന്റെ കണ്ണുകൾ‍ നന്നായി വിടർ‍ന്നിരുന്നു. അങ്ങനെ ശ്വാസകോശവും, പാൻ‍‌ക്രിയാസും, സ്‌കിൻ ടിഷ്യുവും, ചെറുകുടലും, ഒക്കെ ദാനം ചെയ്യുവാനാകും. 

മനുഷ്യശരീരത്തിന്‍ രൂപവും ചലനവും പ്രധാനം ചെയ്യുന്ന, ആന്തരിക അവയവങ്ങളെ സംരക്ഷിക്കുന്ന മുന്നൂറിലധികം വരുന്ന എല്ലുകളും ദാനം ചെയ്യുവാനാകും. കുട്ടികൾ‍ക്ക് പഠിക്കുവാനായ് വെറും ഡെഡ്‌ബോഡിയായ് കിടക്കുന്നതു പോലും പുണ്യമാണ്‍. കണ്ണാടിക്കൂട്ടിൽ‍ പല്ലിളിക്കുന്ന അസ്തികൂടമായി നെഞ്ചുവിരിച്ചു നിൽ‍ക്കുക ഭാഗ്യമാണ്‍. അങ്ങനെ അനേകം അവയവദാനങ്ങളിൽ‍ ഒന്നു മാത്രമാണ്‍ ഹൃദയദാനം. വർ‍ഷത്തിൽ‍ മുപ്പത്തിയാറ് ദശലക്ഷ്യം പ്രാവശ്യം മിടിക്കുന്ന ഹൃദയം വളരെ വിലപ്പെട്ടതാണ്‍, അതിത്ര വേഗം നിലയ്‌ക്കുമെന്ന് നിനച്ചില്ല. ഈ ഗതി ഇനിയുമാർ‍ക്കും ഉണ്ടാവാൻ പാടില്ല. അവയവദാനത്തേക്കുറിച്ച് എല്ലാവരും ബോധവാന്മാരാവുകയും സർ‍ക്കാരിന്റെ മൃതസഞ്ജീവനി പോലെയുള്ള പദ്ധതികളിൽ‍ എല്ലാവരേയും അംഗങ്ങളാക്കുകയും ചെയ്യണം. 

വളരെ ആവേശത്തോടെയാണ്‍ സുഹൃത്ത് സംസാരിക്കുന്നത്. അവയവദാനം പുണ്യകർ‍മ്മമാണ്‍, അതിനായ് നമുക്ക് ജനങ്ങളെ ബോധവാന്മാരാക്കാം. പക്ഷേ അവയവങ്ങൾ‍ ലഭ്യമായാലും അത് മാറ്റി വെയ്‌ക്കുന്ന കഴുത്തറപ്പൻ ആശുപത്രികൾ‍ക്ക് പത്തും പന്ത്രണ്ടും ലക്ഷങ്ങൾ‍ കൊടുക്കേണ്ടി വരും അത് എങ്ങനെ സംഘടിപ്പിക്കും എന്ന ചോദ്യത്തിനു മുന്‍പിൽ‍ അയാൾ‍ക്ക് ഉത്തരമൊന്നും ഇല്ലായിരുന്നു. പാവപ്പെട്ടവന്റെ ജീവന്റെ വിലയറിയണമെങ്കിൽ‍ ആശുപത്രികളുടെ ക്യാഷ് കൗണ്ടറിൽ‍ പോയി ചോദിച്ചാൽ‍ മതിയാകും. ഒരു ജീവിന്റെ വില സന്പാദിക്കാൻ ഒരു ജീവിതം മതിയാവുകവില്ല.

You might also like

Most Viewed