കുറെ പട്ടികളെ വീട്ടിൽ വളർത്തുക
വിദേശത്തുനിന്നൊരു പഴയകാല സുഹൃത്ത് വിളിച്ചിരുന്നു. സകല ദൈവങ്ങൾക്കും നേർച്ച നേർന്നിട്ടാണ്‍ അവനെന്നെ വിളിച്ചിരിക്കുന്നത്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലേ അവൻ വിളിക്കുകയുള്ളൂ. ഒരോനയാപൈസയും വിലയറിഞ്ഞ് ചെലവാക്കുന്നവനാണ്‍ സുഹൃത്ത്. അവന്റെ അച്ഛനും ഞാനുമായി നല്ല അടുപ്പത്തിലാണെന്ന് ആരോ പറഞ്ഞവനറിഞ്ഞിരിക്കുന്നു. അവന്റെ അച്ഛനും എന്നെപ്പോലെ നല്ലൊരു വായനക്കാരനും വായനശാലയിൽ സ്ഥിരമായി വരുന്നൊരാളുമാണ്‍. അതുമാത്രമാണ്‍ നാട്ടുകാരനായ ഞാനുമായി അവന്റെ അച്ഛനുള്ള ബന്ധം. നഗരത്തിലുള്ള വീടിനോടു ചേർന്നു കിടക്കുന്ന അന്‍പത്തിയാറ് സെന്റ് സ്ഥലം എങ്ങനെ ലാഭകരമായി ഉപയോഗപ്പെടുത്താം എന്ന് ചിന്തയിലാണ്‍ അവനെന്നെ വിളിച്ചത്. ആ സ്ഥലം ശരിയായി വിനിയോഗിക്കുന്നില്ലെന്ന് ആരൊക്കയോ കുറ്റപ്പെടുത്തുകയും അവന്റെ ഭാര്യയത് പലപ്പോഴായി ഓർമ്മിപ്പിക്കുകയും ചെയ്യാറുണ്ടു പോലും. ഇത്രവിലയുള്ള സ്ഥലം വെറുതെയിടുന്ന സുഹൃത്തൊരു മണ്ടനാണ്‍. ജനിച്ചു വളർന്ന വീട്, ഒരിക്കലും വറ്റാത്ത കിണർ, മുറ്റത്തെ വലിയമാവ് എന്നൊക്കെ നൊസ്റ്റാൾജിയ പറയുന്നവരൊന്നും ഇക്കാലത്തു ജീവിക്കാൻ പറ്റിയവരല്ല. ഇന്നെല്ലാവർക്കും വേണ്ടത് പണമാണ്‍. ഉള്ള വിഭവങ്ങളെയൊക്കെ വേഗത്തിൽ പണമായ് മാറ്റി, അത് ഇരട്ടിപ്പിക്കുന്നവരാണ്‍ മിടുക്കന്മാർ. അതിനായ് ആ പഴയ വീടും സ്ഥലവും അവിടെ നിർത്തിയിട്ട് കാര്യമില്ല. അത് പൊളിച്ചൊരു ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നത് ശിഷ്ടജീവിതം സുഖകരമാക്കാൻ സഹായിക്കും. കണ്ണായ സ്ഥലം ഈടുകൊടുത്താൽ ഏതു ബാങ്കിൽ നിന്നാണെങ്കിലും കൈനിറയെ ലോണും കിട്ടും.
വസ്തു സുഹൃത്തിന്റെ തന്നെ പേരിലാണെങ്കിലും ഒരു ചെറിയ കുഴപ്പമുണ്ട്. അവന്റെ അച്ഛൻ ഇപ്പോഴും ആ പഴയ വീട്ടിൽ താമസിക്കുന്നു എന്നതാണ്‍ പ്രശ്‌നം. പഴയതൊക്കെ നല്ലതാണെന്നും പറഞ്ഞ് കെട്ടിപ്പിടിച്ചിരിക്കുന്ന ഗൃഹാതുരത്വത്തിന്റെ ആശാനാണ്‍ അവന്റെ അച്ഛൻ. തന്റെ ഇഷ്‌ടത്തിനനുസരിച്ച് സ്വപ്രയത്നത്താൽ പണിത വീടുതന്നെയാണ്. വീടിന്റെ ഓരോ കട്ടയിലും അച്‌ഛന്റെ വിയർപ്പുണ്ട്. അമ്മ കിടന്നു മരിച്ച വീടാണെന്നു പറഞ്ഞ് ഇത് പുരാവസ്തുവായി എത്രനാൾ നിലനിർത്താനാകും. മനുഷ്യനായാൽ വിവേകം വേണം, പ്രാക്‌ടിക്കലാകണം. എങ്കിലേ ജീവിക്കാനാകൂ.
മകൻ വിദേശത്തുനിന്ന് ഫോൺ വിളിക്കുന്പോൾ പറയുന്നതൊന്നും അച്ഛൻ അനുസരിക്കുന്നില്ല. വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ജന്മദിനത്തിൽ ചോറു കൊടുക്കാനായി അച്ഛനെയവൻ നിർബ്ബന്ധിച്ചയച്ചിരുന്നു. അടുത്ത അവധിയ്‌ക്ക് സുഹൃത്ത് വരും മുന്‍പേ അച്ഛനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി അവിടെ നിന്നും ഇറക്കി ഒരു വാടകമുറിയിലേക്ക് മാറ്റിയാൽ എന്നെയും വേണ്ടതു പോലെ കാണാമെന്ന് അവൻ പറഞ്ഞിരിക്കുന്നു. അവൻ നാട്ടിൽ വരുന്പോൾ മുന്തിയ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയാണ്‍ പതിവ്. കുറച്ചു ദിവസങ്ങളിളേക്ക് താമസിക്കാനായി ഹോട്ടലുകളാണ്‍ നല്ലത്. കുട്ടികൾക്കും അതാണ്‍ താൽപ്പര്യം.
സുഹൃത്ത് നാട്ടിലെത്തുന്ന ദിനം അടുത്തുവരുന്തോറും എനിക്ക് ആധി വർദ്ധിച്ചു കൊണ്ടേയിരുന്നു. സ്വന്തം അച്ഛനെ ഒഴിപ്പിക്കുന്നതിന്റെ ചിലവിലേക്കായി അവൻ പലപ്പോഴയി കുറേ പണം അയച്ചു തന്നിരുന്നു. അതൊക്കെ വായനശാലയുടെ പ്രവർത്തനങ്ങൾക്കായും മറ്റു ചിലവുകൾക്കായും ഞാനെടുത്തു മറിച്ചു എന്നുള്ളതും ശരിയാണ്‍. അത്ര വലിയൊരു തുക പെട്ടെന്ന് ആവശ്യപ്പെട്ടാൽ തിരികെ കൊടുക്കാനായി എന്റെ പക്കലൊട്ടില്ലതാനും. എന്നാലും ആ മനുഷ്യനെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കി വിടുന്നതെങ്ങനെയാണ്‍.
പുരപ്പുറത്തേക്ക് ചാഞ്ഞു നിന്ന മാവ് വെട്ടിയിട്ട് ആ പഴയവീട് പൊളിക്കണമെന്ന് ഞാന്‍ മനസ്സിൽ വിചാരിച്ചിരുന്നതാണ്‍. അങ്ങനെ മനസ്സിൽ വിചാരിച്ചിട്ടേയുള്ളൂ അല്ലാതെ അങ്ങനെ അന്യായം ചെയ്യാനുള്ള ധൈര്യമൊന്നും എനിക്കില്ലെന്ന് നിങ്ങൾക്കറിയരുതോ. ഞാനതു ചെയ്‌തില്ലെങ്കിലും അതു തന്നെ സംഭവിച്ചു. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. അല്ലെങ്കിൽ കഴിഞ്ഞ വെള്ളിയാഴ്‌ച വലിയ മാവ് പുരപ്പുറത്തേക്ക് ഒടിഞ്ഞു വീഴില്ലായിരുന്നു. അവന്റെ അച്ഛൻ അപകടമൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപെട്ടു. ഒരു സേവനം ചെയ്യാനായി കാത്തിരുന്ന ഞങ്ങൾ വായനശാലാപ്രവർത്തകർക്ക് അതൊരു സുവർണ്ണാവസരമായി. വീട് നഷ്‌ടപ്പെട്ട വൃദ്ധനെ വായനശാലയോട് ചേർന്നുള്ള മുറിയിൽ താമസിപ്പിക്കുവാൻ തീരുമാനിച്ച കമ്മറ്റിക്കാരെ നാട്ടുകാരും പത്രക്കാരും അനുമോദിച്ചു.
സുഹൃത്ത് നാട്ടിലെത്തും മുന്‍പേ അവന്റെ ആവശ്യം സാധ്യമാക്കികൊടുക്കാനായതിൽ എനിക്കും സന്തോഷം തോന്നി. അച്ഛൻ വായനശാലാമുറിയിൽ ഒറ്റയ്‌ക്കായിരുന്നില്ല. കൂട്ടിനായ് വീട്ടിൽ വളർത്തിയ പട്ടിയും ഉണ്ടായിരുന്നു. മകന്റെ മനസ്സറിയുന്നതിൽ അച്ഛൻ വിജയിച്ചിരിക്കുന്നു. അടിച്ചിറക്കുന്നതിലും ദേദം സ്വയം ഇറങ്ങുന്നതാണ്‍. അച്ഛൻ സ്വയമായി മരം മുറിച്ച് വീടിന്റെ പുറത്തേക്കിട്ടതാണെന്ന് രഹസ്യമായി എന്നോട് പറയുന്പോൾ അയാൾ എല്ലാവരെയും തോൽപ്പിക്കുകയായിരുന്നു. എല്ലാവരും ആകുന്ന കാലത്ത് ചോറുകൊടുത്ത് കുറെ പട്ടികളെ വീട്ടിൽ വളർത്തുന്നത് നല്ലതാണ്‍.
വർണ്ണക്കണ്ണടയിലെ കാഴ്ചകൾ
അങ്ങനെ ചിന്താഭാരത്താലിരിക്കുന്പോഴാണ്‍ ഈട്ടിത്തടികൊണ്ടുള്ള കാലിപ്പെട്ടിയുടെ താക്കോൽ അമ്മ എന്നെ ഏൽപ്പിക്കുന്നത്. കാലിപ്പെട്ടിയിൽ വസ്ത്രങ്ങളോടോപ്പം കുറേയധികം വെള്ളാരംകല്ലുകളുണ്ടായിരുന്നു. അച്‌ഛന്റെ യാത്രകളെക്കുറിച്ച് അറിയാമായിരുന്നെങ്കിലും വെള്ളാരംകല്ലുകളുടെ കഥ രഹസ്യമായിരുന്നു. എപ്പോഴും പൂട്ടി സൂക്ഷിക്കുന്ന കാലിപ്പെട്ടിയിൽ തൊടാൻ പോലും മറ്റുള്ളവരെ അമ്മ അനുവദിച്ചിരുന്നില്ല. അതിനുള്ളിലെന്താ നിധിയുണ്ടോ എന്നൊക്കെ കളിയാക്കി ചോദിച്ചിട്ടുണ്ട്.
സ്‌നേഹിക്കാൻ മാത്രമറിയാവുന്ന അമ്മയൊരു പാവം സ്‌ത്രീയാണ്‍. റെയ്ഞ്ച് ഓഫീസിന്നടുത്തുള്ള മലയിലെ ദൈവത്തോട് പ്രാർത്ഥിക്കാനായി അച്ഛനെ നിർബ്ബന്ധിച്ച് പറഞ്ഞയക്കാറുള്ളത് അമ്മയാണ്‍. അച്ഛന് കടുക് മണിയോളം പോലും വിശ്വാസമില്ലായിരുന്നെങ്കിലും അമ്മയുടെ നിർബ്ബന്ധത്തിന് വഴങ്ങുകയായിരുന്നു. പ്രാർത്ഥിച്ച് മടങ്ങുന്പോൾ മലയടിവാരത്തുള്ള അരുവിൽ കുളിച്ച് ഓരോ വെള്ളാരംകല്ല് കൊണ്ടുവന്ന് ആരോരുമറിയാതെ അമ്മയ്‌ക്ക് സമ്മാനമായി നൽകുന്നത് അച്ഛന്റെ പതിവായിരുന്നു. വെള്ളാരംകല്ലുകളുടെ എണ്ണം കൂടിവരുന്തോറും അവരുടെ പ്രാർത്ഥന ഫലം കാണുന്നദിനം അടുത്തെന്ന് ഇരുവരും വിശ്വസിച്ചിരുന്നു.
അമ്മ നിർദ്ദേശിച്ച പ്രത്യേക വ്രതാനുഷ്‌ഠാനങ്ങളോടെയാണ്‍ കഴിഞ്ഞ പതിനഞ്ചുവർഷമായി മാസത്തിലൊരിക്കൽ മുടങ്ങാതെ അച്ഛൻ മലമുകളിലേയ്ക്ക് തീർത്ഥയാത്ര പോയിരുന്നത്. ഉത്തരം നോക്കി ഒരേ കിടപ്പിലായിരിക്കുന്പോഴും അമ്മയുടെ വാക്കുകൾക്ക് അനുസരിപ്പിക്കുവാനുള്ള ശക്തിയുണ്ടായിരുന്നു. അമ്മയെ മറ്റാരു ശുശ്രൂഷിച്ചാലും അച്ഛന്‍ തൃപ്തിയാകില്ല. അമ്മയുടെ പ്രത്യേകയിഷ്ടങ്ങൾ അച്ഛന് മാത്രമേ അറിയൂവെന്നാണ്‍ ഭാവം. മാറി നിൽക്കേണ്ടിവരുന്ന ഒന്നോ രണ്ടോ ദിവസങ്ങളിൽ അമ്മയെ എങ്ങനെയാണ്‍ നോക്കേണ്ടതെന്ന് പലവട്ടം പറഞ്ഞ് ഓർമ്മിപ്പിച്ചാകും ഓരോ പോക്കും. അവരുടെ സ്‌നേഹം കണ്ടാൽ ആർക്കും അസൂയ തോന്നിപ്പോകും.
പ്രകൃതിയോടും കാടിനോടും കുന്നിനോടും അരുവിയോടുമൊക്കെ ഞങ്ങൾക്കും പ്രണയമായി. ഒരിക്കലും കണ്ടിട്ടില്ലെങ്കിൽ പോലും അച്ഛന്റെ വാക്കുകളിലെ മലദൈവം എനിക്കും പ്രിയപ്പെട്ടതായി. അമ്മയുടെ വിശ്വാസങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടി, വെള്ളാരംകല്ല് തേടിയാണ്‍ അച്ഛൻ പോയ വഴിയിലൂടെ ആദ്യമായി ഞാനും പോകാൻ നിർബന്ധിതനായത്. അവിടെ കണ്ട കാഴ്‌ച എന്നെ ആശ്ചര്യപ്പെടുത്തി. അച്ഛനും അമ്മയും പറഞ്ഞു വിശ്വസിപ്പിച്ച മലയിലൊന്നും ദൈവമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ഇപ്പോളവിടെ മലപോലുമില്ല.
മലയൊക്കെ എതോ വലിയ കന്പനിക്കാർ വാങ്ങി തുരന്നെടുത്തു കൊണ്ടു പോയിരിക്കുന്നു. മലമുകളിൽ അങ്ങനെയൊരു ദൈവമുണ്ടായിരുന്നതായി ആ നാട്ടുകാർക്കു പോലും അറിവുണ്ടായിരുന്നില്ല. അടിവാരത്തിൽ മുന്‍പൊരു പുഴയുണ്ടായിരുന്നെങ്കിലും അത് എന്നേ വറ്റിവരണ്ടിരുന്നു. ഇന്ന് വായിക്കപ്പെടുന്ന കഥകളിൽ പോലും വെള്ളാരംകല്ല് ഉണ്ടാവില്ല.
മലമുകളിൽ താമസിച്ചിരുന്നൊരു സ്‌ത്രിയെയും കുട്ടിയേയും കഴിഞ്ഞ ദിവസം അവിടെ നിന്നും നിർബ്ബന്ധപൂർവ്വം കന്പനിക്കാർ ഇറക്കിവിട്ടെന്ന് ചായക്കടക്കാരൻ നൽകിയ അറിവ് പിടിവള്ളിയായി. ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും അവരെ കണ്ടെത്താനായി എന്നത് ആശ്വാസകരമാണ്‍. പറയാതെ തന്നെ അവർക്കെന്നെ മനസ്സിലായി. അവരുടെ പിന്നിൽ ഒളിച്ചു നിന്ന കുട്ടിയെന്നിൽ അച്ഛന്റെ ഓർമ്മകളുണർത്തി. നമ്മുടെ വീട്ടിലേയ്ക്ക് വരുന്നോയെന്ന് കേഴുന്ന കണ്ണുകളോട് ചോദിക്കാനുള്ള ധൈര്യമെനിക്കുണ്ടായി. മറുത്തൊന്നും പറയാതെ കുട്ടിയേയും കൂട്ടി ഭാണ്ധവുമെടുത്ത് അവരെന്നോടൊപ്പം വന്നു. അമ്മയ്‌ക്കൊരു കൂട്ടായല്ലോ എന്നോർത്ത് എനിക്ക് ആശ്വാസമായി. അവരുടെ ഭാണ്ധക്കെട്ടിനുള്ളിൽ തീർച്ചയായും എല്ലാമറിയുന്ന ദൈവത്തിന്റെ ഒരു ഫോട്ടോയെങ്കിലുമുണ്ടാകും.
ഒരു ജീവൻ രക്ഷിക്കാനാവുക വലിയകാര്യമാണ്...
ഒരു അദ്ധ്യാപികയെ സ്‌കൂളിൽ നിന്നും പിരിച്ചു വിടുന്നതൊന്നുമൊരു വാർത്തയല്ല. നമ്മുടെ ടീച്ചറിനെ പിരിച്ചു വിടുന്പോഴും ടെർമിനേഷൻ ലെറ്ററിൽ കാരണമൊന്നും കാണിച്ചിരുന്നില്ല. എന്തോ മൊബൈൽ മോഷണക്കേസാണെണ്‍ ആകാംക്ഷയുള്ള ചുണ്ടുകൾ വട്ടംപിടിച്ച ചെവികളിൽ മന്ത്രിച്ചു. ഇപ്പോഴൊരു മൊബൈൽ മോഷണമെന്ന നീചപ്രവൃത്തി ചെയ്‌തിരിക്കുന്നു. മോഷണശീലം വിട്ടുമാറാൻ പ്രയാസമുള്ളൊരു അസുഖമാണ്. ഇതിലും വലിയത് വല്ലതും സംഭവിച്ച് നാലാളറിഞ്ഞ് സ്‌കൂളിന്‍ മോശക്കേടാകുന്നതിന് മുന്‍പേ പറഞ്ഞുവിട്ടാൽ കാര്യം കഴിഞ്ഞല്ലോ. വലിയയൊരു ബിസ്സിനസ്സുകാരന്റെ മകളുടെ സ്‌മാർട്ട് ഫോണാണ്‍ തട്ടിയെടുത്തത്. പോലീസിൽ പരാതികൊടുക്കുകയും ജയിലിലാക്കുകയും ചെയ്യാതിരുന്നത