കുറെ പട്ടികളെ വീട്ടിൽ വളർത്തുക
വിദേശത്തുനിന്നൊരു പഴയകാല സുഹൃത്ത് വിളിച്ചിരുന്നു. സകല ദൈവങ്ങൾക്കും നേർച്ച നേർന്നിട്ടാണ്‍ അവനെന്നെ വിളിച്ചിരിക്കുന്നത്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലേ അവൻ വിളിക്കുകയുള്ളൂ. ഒരോനയാപൈസയും വിലയറിഞ്ഞ് ചെലവാക്കുന്നവനാണ്‍ സുഹൃത്ത്. അവന്റെ അച്ഛനും ഞാനുമായി നല്ല അടുപ്പത്തിലാണെന്ന് ആരോ പറഞ്ഞവനറിഞ്ഞിരിക്കുന്നു. അവന്റെ അച്ഛനും എന്നെപ്പോലെ നല്ലൊരു വായനക്കാരനും വായനശാലയിൽ സ്ഥിരമായി വരുന്നൊരാളുമാണ്‍. അതുമാത്രമാണ്‍ നാട്ടുകാരനായ ഞാനുമായി അവന്റെ അച്ഛനുള്ള ബന്ധം. നഗരത്തിലുള്ള വീടിനോടു ചേർന്നു കിടക്കുന്ന അന്‍പത്തിയാറ് സെന്റ് സ്ഥലം എങ്ങനെ ലാഭകരമായി ഉപയോഗപ്പെടുത്താം എന്ന് ചിന്തയിലാണ്‍ അവനെന്നെ വിളിച്ചത്. ആ സ്ഥലം ശരിയായി വിനിയോഗിക്കുന്നില്ലെന്ന് ആരൊക്കയോ കുറ്റപ്പെടുത്തുകയും അവന്റെ ഭാര്യയത് പലപ്പോഴായി ഓർമ്മിപ്പിക്കുകയും ചെയ്യാറുണ്ടു പോലും. ഇത്രവിലയുള്ള സ്ഥലം വെറുതെയിടുന്ന സുഹൃത്തൊരു മണ്ടനാണ്‍. ജനിച്ചു വളർന്ന വീട്, ഒരിക്കലും വറ്റാത്ത കിണർ, മുറ്റത്തെ വലിയമാവ് എന്നൊക്കെ നൊസ്റ്റാൾജിയ പറയുന്നവരൊന്നും ഇക്കാലത്തു ജീവിക്കാൻ പറ്റിയവരല്ല. ഇന്നെല്ലാവർക്കും വേണ്ടത് പണമാണ്‍. ഉള്ള വിഭവങ്ങളെയൊക്കെ വേഗത്തിൽ പണമായ് മാറ്റി, അത് ഇരട്ടിപ്പിക്കുന്നവരാണ്‍ മിടുക്കന്മാർ. അതിനായ് ആ പഴയ വീടും സ്ഥലവും അവിടെ നിർത്തിയിട്ട് കാര്യമില്ല. അത് പൊളിച്ചൊരു ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നത് ശിഷ്‌ടജീവിതം സുഖകരമാക്കാൻ സഹായിക്കും. കണ്ണായ സ്ഥലം ഈടുകൊടുത്താൽ ഏതു ബാങ്കിൽ നിന്നാണെങ്കിലും കൈനിറയെ ലോണും കിട്ടും.
വസ്തു സുഹൃത്തിന്റെ തന്നെ പേരിലാണെങ്കിലും ഒരു ചെറിയ കുഴപ്പമുണ്ട്. അവന്റെ അച്ഛൻ ഇപ്പോഴും ആ പഴയ വീട്ടിൽ താമസിക്കുന്നു എന്നതാണ്‍ പ്രശ്‌നം. പഴയതൊക്കെ നല്ലതാണെന്നും പറഞ്ഞ് കെട്ടിപ്പിടിച്ചിരിക്കുന്ന ഗൃഹാതുരത്വത്തിന്റെ ആശാനാണ്‍ അവന്റെ അച്ഛൻ. തന്റെ ഇഷ്‌ടത്തിനനുസരിച്ച് സ്വപ്രയത്നത്താൽ പണിത വീടുതന്നെയാണ്. വീടിന്റെ ഓരോ കട്ടയിലും അച്‌ഛന്റെ വിയർപ്പുണ്ട്. അമ്മ കിടന്നു മരിച്ച വീടാണെന്നു പറഞ്ഞ് ഇത് പുരാവസ്തുവായി എത്രനാൾ നിലനിർത്താനാകും. മനുഷ്യനായാൽ വിവേകം വേണം, പ്രാക്‌ടിക്കലാകണം. എങ്കിലേ ജീവിക്കാനാകൂ.
മകൻ വിദേശത്തുനിന്ന് ഫോൺ വിളിക്കുന്പോൾ പറയുന്നതൊന്നും അച്ഛൻ അനുസരിക്കുന്നില്ല. വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ജന്മദിനത്തിൽ ചോറു കൊടുക്കാനായി അച്ഛനെയവൻ നിർബ്ബന്ധിച്ചയച്ചിരുന്നു. അടുത്ത അവധിയ്‌ക്ക് സുഹൃത്ത് വരും മുന്‍പേ അച്ഛനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി അവിടെ നിന്നും ഇറക്കി ഒരു വാടകമുറിയിലേക്ക് മാറ്റിയാൽ എന്നെയും വേണ്ടതു പോലെ കാണാമെന്ന് അവൻ പറഞ്ഞിരിക്കുന്നു. അവൻ നാട്ടിൽ വരുന്പോൾ മുന്തിയ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയാണ്‍ പതിവ്. കുറച്ചു ദിവസങ്ങളിളേക്ക് താമസിക്കാനായി ഹോട്ടലുകളാണ്‍ നല്ലത്. കുട്ടികൾക്കും അതാണ്‍ താൽപ്പര്യം.
സുഹൃത്ത് നാട്ടിലെത്തുന്ന ദിനം അടുത്തുവരുന്തോറും എനിക്ക് ആധി വർദ്ധിച്ചു കൊണ്ടേയിരുന്നു. സ്വന്തം അച്ഛനെ ഒഴിപ്പിക്കുന്നതിന്റെ ചിലവിലേക്കായി അവൻ പലപ്പോഴയി കുറേ പണം അയച്ചു തന്നിരുന്നു. അതൊക്കെ വായനശാലയുടെ പ്രവർത്തനങ്ങൾക്കായും മറ്റു ചിലവുകൾക്കായും ഞാനെടുത്തു മറിച്ചു എന്നുള്ളതും ശരിയാണ്‍. അത്ര വലിയൊരു തുക പെട്ടെന്ന് ആവശ്യപ്പെട്ടാൽ തിരികെ കൊടുക്കാനായി എന്റെ പക്കലൊട്ടില്ലതാനും. എന്നാലും ആ മനുഷ്യനെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കി വിടുന്നതെങ്ങനെയാണ്‍.
പുരപ്പുറത്തേക്ക് ചാഞ്ഞു നിന്ന മാവ് വെട്ടിയിട്ട് ആ പഴയവീട് പൊളിക്കണമെന്ന് ഞാന്‍ മനസ്സിൽ വിചാരിച്ചിരുന്നതാണ്‍. അങ്ങനെ മനസ്സിൽ വിചാരിച്ചിട്ടേയുള്ളൂ അല്ലാതെ അങ്ങനെ അന്യായം ചെയ്യാനുള്ള ധൈര്യമൊന്നും എനിക്കില്ലെന്ന് നിങ്ങൾക്കറിയരുതോ. ഞാനതു ചെയ്‌തില്ലെങ്കിലും അതു തന്നെ സംഭവിച്ചു. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. അല്ലെങ്കിൽ കഴിഞ്ഞ വെള്ളിയാഴ്‌ച വലിയ മാവ് പുരപ്പുറത്തേക്ക് ഒടിഞ്ഞു വീഴില്ലായിരുന്നു. അവന്റെ അച്ഛൻ അപകടമൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപെട്ടു. ഒരു സേവനം ചെയ്യാനായി കാത്തിരുന്ന ഞങ്ങൾ വായനശാലാപ്രവർത്തകർക്ക് അതൊരു സുവർണ്ണാവസരമായി. വീട് നഷ്‌ടപ്പെട്ട വൃദ്ധനെ വായനശാലയോട് ചേർന്നുള്ള മുറിയിൽ താമസിപ്പിക്കുവാൻ തീരുമാനിച്ച കമ്മറ്റിക്കാരെ നാട്ടുകാരും പത്രക്കാരും അനുമോദിച്ചു.
സുഹൃത്ത് നാട്ടിലെത്തും മുന്‍പേ അവന്റെ ആവശ്യം സാധ്യമാക്കികൊടുക്കാനായതിൽ എനിക്കും സന്തോഷം തോന്നി. അച്ഛൻ വായനശാലാമുറിയിൽ ഒറ്റയ്‌ക്കായിരുന്നില്ല. കൂട്ടിനായ് വീട്ടിൽ വളർത്തിയ പട്ടിയും ഉണ്ടായിരുന്നു. മകന്റെ മനസ്സറിയുന്നതിൽ അച്ഛൻ വിജയിച്ചിരിക്കുന്നു. അടിച്ചിറക്കുന്നതിലും ദേദം സ്വയം ഇറങ്ങുന്നതാണ്‍. അച്ഛൻ സ്വയമായി മരം മുറിച്ച് വീടിന്റെ പുറത്തേക്കിട്ടതാണെന്ന് രഹസ്യമായി എന്നോട് പറയുന്പോൾ അയാൾ എല്ലാവരെയും തോൽപ്പിക്കുകയായിരുന്നു. എല്ലാവരും ആകുന്ന കാലത്ത് ചോറുകൊടുത്ത് കുറെ പട്ടികളെ വീട്ടിൽ വളർത്തുന്നത് നല്ലതാണ്‍.