സ്വപ്‌നങ്ങൾ‍ തി­രി­ച്ചു­പി­ടി­ക്കു­ക...


ഓണമെന്നു കേൾക്കുന്പോൾ ഓർമ്മയുടെ ചില്ലയിൽ ഊഞ്ഞാലാടുന്നത് കുറേ നല്ല ഓർ‍മ്മകളാണ്. ഇത് മലയാളിയുടെ മനസ്സിന്റെ നന്മയെയാണ് കാണിക്കുന്നത്. നമ്മുടെ ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, സങ്കൽപ്പങ്ങൾ, എല്ലാം ഇതിലുണ്ട്. ഇത് ഒരേ സമയം യാഥാർത്ഥ്യവും സങ്കൽപവുമാണ്. ആഘോങ്ങളുടെ നാടാണ് മാവേലിനാട്. ഓണത്തെപ്പറ്റി എഴുതാത്ത കവികളോ പാടാത്ത ഗായകരോ ഉണ്ടാകില്ല. സാർവ്വചരാചരങ്ങൾക്കും പ്രകൃതിയിൽ തുല്യ അവകാശമാണെന്നും, ഒന്നും മറ്റൊന്നിനേക്കാൾ മെച്ചമോ മോശമോ അല്ലെന്നുമുള്ള മനോഭാവം നമ്മിലുണ്ടായാൽ‍ നന്മനിറഞ്ഞൊരു മാവേലിനാട് ഇന്നും സൃഷ്‌ടിക്കാനാകും, അത് ആവശ്യവുമാണ്‍.

പൊന്നോണത്തിന്റെ വർ‍ണ്ണാഭമായ ചിത്രങ്ങളൊക്കെ പൊടിതട്ടിയെടുത്ത് പുതുതലമുറയ്‌ക്ക് നൽ‍കേണ്ടതുണ്ട്. ഇത് വാമൊഴിയായും വരമൊഴിയായും കാഴ്‌ചയായും അനുഭവവേദ്യമാക്കാന്‍ പരിമിധികളുണ്ട്. പൂവിളിയും പൂക്കളവും ഊഞ്ഞാലാട്ടവും തുന്പിതുള്ളലും തിരുവാതിരയും പുലികളിയും കടുവാകളിയും വള്ളംകളിയും ഓണക്കോടിയും ഓണസദ്യയും അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ‍ അനുഭവിച്ചറിയേണ്ടതു തന്നെയാണ്. ഇന്നു നമ്മെ അലട്ടുന്ന വേണ്ടതും വേണ്ടാത്തതുമായ നൂറു നൂറു പ്രശ്‌നങ്ങളിൽ‍ നിന്നൊരു വിടുതലാണ് ആഘോഷങ്ങളിലെ പങ്കാളിത്വം. ആഘോഷങ്ങളിൽ‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും പങ്കെടുക്കുന്പോഴാണ് അത് അനുഭവവേദ്യമാകുന്നത്. ഒരു പന്തു പോലും തട്ടാതെ വർ‍ഷങ്ങളോളം ഗ്യാലറിയിലെ വെറും കാഴ്‌ചക്കാരനായിരിക്കുന്ന നീയൊരു വികലാംഗനാണെങ്കിൽ‍ നിന്നോട്‌ സഹതാപമുണ്ട്, അല്ലെങ്കിൽ‍ നിന്നെയോർ‍ത്ത് ലജ്ജിക്കുകയല്ലാതെ എന്തു ചെയ്യാൻ. വെറു കാഴ്‌ചക്കാരനാകാതെ കളിക്കാരനാവുക.

ആഘോഷങ്ങളെയൊക്കെ ആരൊക്കയോ ചേർ‍ന്ന് ഹൈജാക്ക് ചെയ്‌തിരിക്കുന്നു. തട്ടിക്കൊണ്ടു പോയവരെ കൊള്ളക്കാരനെന്നു തന്നെ വിളിക്കണം. ഓണപ്പെരുമകളൊക്കെ ടിവിയിൽ‍ കണ്ടാസ്വദിച്ചു നാം മടിയന്മാരായിരിക്കുന്നു, വെറും കാഴ്‌ചക്കാരായി ചുരുങ്ങിപ്പോയി. ഏതു ചാനൽ‍ കാണണമെന്ന് സംശയം ബാക്കിയായ്. റിമോട്ടിൽ‍ താളം പിടിച്ച് കാഴ്ചയിൽ‍ നിന്ന് കാഴ്‌ചയിലേക്ക് ചാടി നമുക്കു ചുറ്റുമുള്ള പലതിനേയും കാണാതെപോകുന്നു. ടെക്‌നോളജി വളർ‍ന്നതോടുകൂടി നമ്മെ സഹായിക്കാനായി, സമയം ലാഭിക്കാനായി ധാരാളം ഉപകരണങ്ങൾ‍ വന്നു. നാമൊക്കെ അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. അരയ്‌ക്കാനും പൊടിക്കാനും നനയ്‌ക്കാനും പാചകം ചെയ്യാനും വെള്ളംചൂടാക്കാനും ഒക്കെ വന്ന ഉപകരണങ്ങൾ‍ സമയനഷ്‌ടം കുറച്ചു. അതിനു പിന്നാലെ വന്ന ടിവിയും മൊബൈലും മറ്റുപകരണങ്ങളും നമ്മുടെ സമയം തിരിച്ചെടുത്ത് നമ്മെ അലസന്മാരും അടിമകളുമാക്കിയത് നാം അറിഞ്ഞില്ല. തോണ്ടൽ‍ മൊബൈൽ‍ നമ്മുടെ സമയം എത്രയാണ്‍ അപഹരിക്കുന്നതെന്ന് ബോധവാന്മാരാകുക. അടുത്തിരിക്കുന്നവനോട് സംസാരിക്കാതെ അകലങ്ങളിലേക്ക് ചാറ്റുന്നതിൽ‍ അർ‍ത്ഥമില്ല. യന്ത്രങ്ങളെ നാം നിയന്ത്രിക്കുന്നുവോ അതോ യന്ത്രങ്ങൾ‍ നമ്മെ നിയന്ത്രിക്കുകയാണോ?

ർഇന്ന് മഹാബലി വിൽ‍പ്പനക്കാരുടെ ഏജന്റുമാരായാണ് എത്തുന്നത്. ലോട്ടറി ടിക്കറ്റ് വിൽ‍ക്കാനായി മാവേലി എത്തുന്നു. ‘എടുത്താൽ‍ കുടുങ്ങും ലോട്ടറി’. തുണിക്കടയുടെ പരസ്യങ്ങളിലൊക്കെ അർ‍ത്ഥനഗ്നൻ രാജാവ് നിറഞ്ഞു നിൽ‍ക്കുകയാണ്, ‘അലക്കിയാൽ‍ ചുരുങ്ങും ടെക്‌സ്‌റ്റയിൽ‍‌സ്‌’. ഫ്രിഡ്‌ജും വാഷിംഗ് മിഷനും ഏസിയുമൊക്കെ വിൽ‍ക്കുന്നത് കൊന്പൻ ‍‌മീശക്കാരനാണ് ‘തൊട്ടാൽ‍ ഷോക്കടിക്കും ഇലക്‌ട്രോണിക്‌സ്’. കുടവയറും കാണിച്ച് സ്വാഗതമരുളുന്നു ‘കിടക്കും പറന്പിൽ‍ ഹോട്ടൽ‍’. ഓലക്കുടയും ചൂടി ചിരിച്ചു കൊണ്ട് ‘കഴുത്തറക്കും കത്തി ഫൈനാൻ‍സിൽ‍’ നിന്ന് കടമെടുത്തായാലും കുടിയിൽ‍ നമ്മുടെതന്നെ റെക്കോർഡ് ഭേദിക്കാനായ് മത്സരമാണ്. സുവർ‍ണ്ണ കിരീടം വെച്ച് ‘ഓടയിൽ‍ കിടക്കും ബാർ‍’ നമ്മെയും കാത്തിരിക്കുന്നു. ഈ വാണിജ്യലഹരിക്കിടയിൽ‍ ഓർ‍ക്കേണ്ടത് ചിലത് ഓർ‍ക്കാതെ പോകുന്നുണ്ട്, കാണേണ്ടത് ചിലത് കാണാതെ പോകുന്നുണ്ട്, ചെയ്യേണ്ടത് ചിലത് ചെയ്യാനാവാതെ പോകുന്നുണ്ട്.

“മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ” എന്നു തുടങ്ങുന്ന പാട്ടിൽ‍ കുറേ നല്ലസ്വപ്‌നങ്ങൾ‍ വാരിവിതറിയിട്ടുണ്ട്. നമ്മുടെ ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, സങ്കൽപ്പങ്ങൾ, എല്ലാം അതിലുണ്ട്. എല്ലാവരും സന്തോഷത്തോടെ വസിക്കുന്ന കാലം. ആപത്തും അല്ലലും രോഗവും അകാലമരണവും ഇല്ലാത്തകാലം. കൃഷിയിടങ്ങൾ‍ നൂറുമേനി വിളയുന്ന കാലം. ദുഷ്ടന്മാരില്ലാത്ത കള്ളവും ചതിവും ഇല്ലാത്ത നീതികാലം. ഓർ‍മ്മകളിൽ‍ ഉറങ്ങുന്ന ആ നല്ല കാലത്തെ തിരികെപ്പിടിക്കുവാൻ നമുക്ക് ശ്രമിക്കാം.

“ഹോ... ഇപ്പോഴൊക്കെ എന്തോണം? ഞങ്ങളുടെ കുട്ടിക്കാലത്തല്ലായിരുന്നോ ഓണം” എന്നു പരിഭവപ്പെട്ട് ഇന്നലെകളിൽ‍ മയങ്ങാതെ, ഇന്നിനെ അർ‍ത്ഥപൂർ‍ണ്ണമാക്കാൻ നമ്മുക്കെന്തു ചെയ്യാനാകുമെന്ന് സ്വയം ചോദിക്കുക. നമുക്കും ക്രിയാത്‌മകമായി ചിലത് ചെയ്യാനാകും. ഓണാശംസകൾ‍ നേരുന്നു.

You might also like

Most Viewed