പരുവപ്പെടലിന്റെ പുണ്യമാസം
ബാജി ഓടംവേലി
എന്റെ മാതാപിതാക്കൾ എന്നെ തിരഞ്ഞെടുത്തതല്ല, ഞാൻ അവരെയും. ഈ ഭൂമിയിൽ അതിനുള്ള അവകാശം ഇനിയും ആർക്കും ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചാലും വേണ്ട. രാജകുമാരനാക്കാം എന്ന് പറഞ്ഞാലും എനിക്കെന്റെ പ്രീയപ്പെട്ട മാതാപിതാക്കളെ തള്ളിപ്പറയാനാവില്ല, അവർ അത്രയ്‌ക്ക് നല്ലവരാണ്‍. ദൈവീക നിയോഗത്തിന്റെ ഭാഗമായി നാമോരുത്തരും ഓരോയിടങ്ങളിൽ പിറക്കുന്നു. മതം ദേശം തുടങ്ങിയവ ജന്മനാൽ ലഭിക്കുന്നതാണ്‍, അതിൽ അഭിമാനിക്കുക. സത്യവിശ്വാസികളുടെ ഉള്ളിൽ സന്തോഷത്തിന്റെ ആത്മനിർവൃതിയുടെ കൊച്ചോളങ്ങൾ സൃഷ്ടിച്ചുകൊണ്ട് റമദാൻ ഒരിക്കൽകൂടി സമാഗതമായിരിക്കുന്നു. വിശുദ്ധ ഖുർആൻ അവതരിച്ച പുണ്യമാസമാണിത്. മനുഷ്യ ജീവിതത്തിന്റെ ദിശനിർണയിച്ച മഹത്ഗ്രന്ഥമാണ് ഖുർആൻ.
മനുഷ്യവർഗ്ഗം ഒറ്റ കുടുംബം എന്ന ആശയമാണ്‍ ഖുർആൻ പ്രഖ്യാപിക്കുന്നത്. ‘നിങ്ങളെയെല്ലാം ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണ് നാം സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങളെ വ്യത്യസ്ത ജനതകളും ഗോത്രങ്ങളുമായി തരം തിരിച്ചത് പരസ്പരം അറിയാൻ വേണ്ടി മാത്രം.’, ‘നിങ്ങൾ ഒറ്റ സമുദായം; ഞാൻ നിങ്ങളുടെ ദൈവവും’ എന്നീ വചനങ്ങൾ ഒരു ദൈവം ഒരു ജനത എന്ന ആശയമാണ് വ്യക്തമാക്കുന്നത്. ലോകത്ത് മനുഷ്യനിർമ്മിതമായ മതങ്ങൾ പലതുണ്ടെങ്കിലും ദൈവം ഒന്നേയുള്ളൂ. ആ ദൈവത്തിന്റെ മുന്‍പിൽ നാമെല്ലാം ഒന്നാണ്‍, സമന്മാരാണ്‍. റമദാൻ ഒരുപാട് സന്ദേശങ്ങളുമായാണ് കടന്നുവരുന്നത്. പരലോകത്ത് വിളവെടുക്കാനായി നന്മകളുടെ വിത്തുകൾ വാരിവിതറേണ്ട മാസം. പുണ്യങ്ങളുടെ പൂക്കാലം. തിരിച്ചറിവിന്റെ കാഹളമുത്താണീ മാസം. മാറ്റത്തിന്റെ പ്രഖ്യാപനമാണീ പുണ്യമാസം. ഒരു സംസ്‌കാരത്തിന്റെ വിളംബരമാണിത്. വൃതശുദ്ധിയുടെ പരിശുദ്ധ ദിനങ്ങൾ. ഉപവാസത്തിലൂടെ ശരീരത്തെയും ഉപാസനയിലൂടെ മനസിനേയും കീഴടക്കാനുള്ള മാസം. മതസൗഹാർദ്ദത്തിന്റെയും പാരസ്‌പര്യത്തിന്റെയും ദിനങ്ങൾ. അതുകൊണ്ടുതന്നെ ഈ പുണ്യമാസം ഒരു ഉണർത്തുപാട്ടാണ്.
എല്ലാ മതങ്ങളും മഹാകാരുണ്യത്തിന്റെ മഹത്വം വിളിച്ചോതുന്നു. വിവേചനങ്ങളോ വേർതിരിവുകളോ ഇല്ലാതെ കാരുണ്യങ്ങൾ ചൊരിയണം. ഈ വക പ്രവർത്തനങ്ങൾക്ക് അർപ്പണബോധത്തിന്റെ ഒരംശം കൂടിയേതീരൂ. ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ദരിദ്രനും സ്വന്തം സന്പാദ്യത്തിന്റെ വ്യാപ്തി നിർണ്‍ണയിക്കാൻ കഴിയാത്ത നിലയിൽ സാന്പത്തിക ശേഷിയുള്ളവനും ഒരുപോലെ വിശപ്പിന്റെ വിളി ആസ്വദിക്കുന്ന കാലമാണ് പുണ്യ റമദാൻ. ചില ഉപേക്ഷിക്കലുകളാണ്‍ മറ്റ് ചിലത് നേടാൻ നമ്മെ സഹായിക്കുന്നത്. പരമ കാരുണ്യവാനായ ദൈവത്തെ ആരാധിക്കുന്ന മനുഷ്യൻ സഹജീവികളെ മാനിക്കാതെ ജീവിക്കാനാവില്ല. സഹോദരനെ കാണാതെ എങ്ങനെയാണ്‍ ദൈവത്തെ ദർശിക്കാനാവുക. സാർവ്വലൗകികമായ സാഹോദര്യമാണ് ഏറ്റവും വലിയ സിദ്ധാന്തം. മനുഷ്യ സ്നേഹമാണ് ഏറ്റവും വലിയ ആദർശം. വേര് ചേറിലാണെങ്കിലും താമരയുടെ ഇതളിന്റെ തുന്പിൽ പോലും ചേറിന്റെ സാന്നിദ്ധ്യമോ ഗന്ധമോ ഉണ്ടാകില്ല. ആർദ്രതയും അനുകന്പയും സഹാനുഭൂതിയുമുള്ള ഒരു സമൂഹമാണ്‍ നമുക്ക് വേണ്ടത്. സഹതപിച്ചും സഹകരിച്ചും സഹായിച്ചും പരസ്പരം മനസ് കൈമാറേണ്ടവരാണ്‍ നാം. അതാണ്‍ ഈ ദിനങ്ങൾ നാം പരിശീലിക്കുന്നത്. മാനവൻ മാനിക്കപ്പെടണമെന്ന വീക്ഷണത്തിന് പ്രസക്തിയേറുകയാണ്.
ഈ മഹാപ്രപഞ്ചത്തിലെ ഗോളങ്ങളും ഗ്രഹങ്ങളുമെല്ലാം പരസ്പരം കൂട്ടിമുട്ടാതെ സഞ്ചരിക്കുന്നത് ആകർഷണശക്തി എന്ന കാണാച്ചരട് കൊണ്ട് അവയെ പരസ്പരം ബന്ധിച്ചതിനാലാണ്. ഇത് പോലെ മനുഷ്യരെയും സ്നേഹം എന്ന സ്വർണ്ണച്ചങ്ങലയിൽ അവൻ കോർത്തിണക്കിയിരിക്കുന്നു. നമ്മുടെ ഉള്ളിൽ തീർച്ചയായും സ്‌നേഹം ഉണ്ട്, സ്‌നേഹം പ്രകടിപ്പിക്കാൻ നാം എന്തിനാണ്‍ മടിക്കുന്നത്. നന്മമനസ്സുകൾ സംസാരിക്കുന്നത് സ്‌നേഹത്തിന്റെ ഭാഷയിലാണ്‍. നമ്മുടെ ചുറ്റുവട്ടത്തുള്ള വൃക്ഷലതാദികളും പക്ഷിമൃഗാദികളും നക്ഷത്രകോടികളും മാനവ ജീവിതത്തെ സുഗമവും സുഖകരവുമാക്കുന്നു. മനുഷ്യന് ജീവിക്കാൻ ആവശ്യമായ വായു, വെള്ളം, വെളിച്ചം, ആഹാരം എല്ലാം എല്ലാവർക്കും ആവശ്യമായത് ഇവിടെയുണ്ട്. ഈ മനോഹരമായ നീലാകാശം എല്ലാവർക്കുമായുള്ളതാണ്‍. പ്രകൃതി വിഭവങ്ങൾ പൊതുസ്വത്താണ്‍. അത് അടുത്ത തലമുറകൾക്ക് കൂടിയുള്ളതാണ്‍. മനുഷ്യന്റെ ആർത്തിയെ ഒരിക്കലും ശമിപ്പിക്കാനാവില്ല. ആ ആർത്തിയാണ്‍ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതും.
അമിതാഗ്രഹങ്ങളും അഭിലാഷങ്ങളും അടക്കി നിർത്താനുള്ള വേളയാണ് റമദാൻ. വാക്കിലും നോക്കിലും നടപ്പിലും ഇരിപ്പിലും ചിരിയിലും ചിന്തയിലും നിയന്ത്രണം പാലിക്കേണ്ട കാലം. ആഹാരത്തിലും സന്പത്ത് ചിലവാക്കുന്നതിലും മിതത്വം പാലിക്കേണ്ട സന്ദർഭം. സമസൃഷ്ടി ബന്ധവും സാഹോദര്യവും കുടുംബബന്ധവും ഊട്ടിയുറപ്പിക്കേണ്ട പുണ്യമാസം. മൂശാരി തന്റെ ആലയിൽ കാഠിന്യമേറിയ ഇരുന്പുദണ്ധിനെ ചുട്ടുപഴുപ്പിച്ച് ശക്തിയായി അടിച്ചു പരത്തിയാണ്‍ ഉപയോഗപ്രദമായ ഉപകരണമാക്കി മാറ്റുന്നതെന്നോർക്കുക. നമ്മെ നന്മയിലേക്ക് നയിക്കാനായുള്ള ചെറിയ പരിശീലനങ്ങളിലൂടെയാണ്‍ നാം കടന്നു പോകുന്നത്. വരും മാസങ്ങളിൽ ഓടുവാനായുള്ള ഇന്ധനം നിറയ്‌ക്കുകയാണ്‍ ഈ ദിനങ്ങളിൽ. തിന്മയുടെ ലോകത്തിൽ നന്മയുടെ പൂവായ് വിരിയണമെങ്കിൽ നാം ഇത്തരം നോയന്പുകളിലൂടെ പരുവപ്പെടേണ്ടതുണ്ട്. യഥാർത്ഥത്തിലുള്ള സന്തോഷവും ആനന്ദവും വിശ്വാസികൾക്ക് റമദാൻ മാസത്തിലാണ് ഉണ്ടാകുന്നത്.