പട്ടാ­ള അധി­കാ­രത്തി­ന്റെ­ അഫ്‌സ്‌പ


ബാജി ഓടംവേലി 

അന്നു മുതലാണ്‍ നാലാം ക്ലാസിൽ‍ പഠിക്കുന്ന കുട്ടന്റെ ജീവിതത്തിൽ‍ അനർ‍ത്ഥങ്ങളുടെ പെരുമഴ തുടങ്ങിയത്. അവന്റെ ചെറുതും വലുതുമായ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുത്തിരുന്ന, അവനേക്കുറിച്ച് വലിയ സ്വപ്‌നങ്ങൾ‍ കണ്ടിരുന്ന, സ്വപ്‌നങ്ങൾ‍ നേടാനായി പ്രചോദിപ്പിച്ചു കൊണ്ടിരുന്ന, അവന്റെ അച്ഛനെ പെട്ടെന്നൊരു ദിനം കാണാതായി. അച്ഛന്റെ തിരോധനം ദുരൂഹതകൾ‍ ബാക്കി വെച്ചു. സ്വയമേവ കാണാതായതല്ല, ആരൊക്കയോ ചേർ‍ന്ന് അച്ഛനെ ഇല്ലാതാക്കിയതാകാനാണ്‍ സാധ്യതയെന്നവൻ ഊഹിച്ചെടുത്തു. 

അച്ഛന്റെ തിരോധാനം അറിഞ്ഞിട്ടാകും, കഥകളിലൂടെ ഭാവനയുടെ ലോകത്തേക്ക് കുട്ടനെ കൈപിടിച്ച് നടത്തിയിരുന്ന അവന്റെ മുത്തശ്ശി ഹൃദയംപ്പൊട്ടി മരിച്ചത്. നിശ്ചലമായതാണെങ്കിലും അച്ഛന്റെ മുഖമൊന്നവസാനമായി കാണാൻ മുത്തശ്ശി അതിയായി ആഗ്രഹിച്ചിരുന്നു. മുത്തശ്ശിയ്‌ക്ക് വേണ്ട ശേഷ ക്രിയകളൊക്കെ ഭംഗിയായി നിറവേറ്റിയ ശേഷമാണ്‍ മുത്തച്ഛൻ വീടു വിട്ടിറങ്ങിയത്. മുത്തച്ഛൻ പോയ ദിവസമാണ്‍ വീട്ടിലെ വളർ‍ത്തു നായ വെടിയേറ്റ് ചത്തത്. അതിനെയും കുഴിച്ചിട്ട ശേഷമാണ്‍ മുത്തച്ഛൻ പോയത്. പരിചയക്കാരെ കാണുന്പോൾ‍ വാലാട്ടുകയും പരിചയമില്ലാത്തവരെ കാണുന്പോൾ‍ ഉച്ചത്തിൽ‍ കുരയ്‌ക്കുകയും ചെയ്യുന്ന നായ, കടിയുടെ രസമോ മനുഷ്യരക്തത്തിന്റെ രുചിയോ ഒരിക്കൽ‍ പോലും അറിഞ്ഞിരുന്നില്ല. കടിയുടെ രുചിയറിയാതെ മരിക്കേണ്ടി വരുന്ന നായയുടെ മരണമൊക്കെ സങ്കടകരമാണ്‍. കാണാതായ അച്ഛനെ തേടിയാണ്‍ മുത്തച്ഛൻ പോയതെന്നും, അല്ല കുടുംബത്തിലെ സംഭവ വികാസങ്ങളിൽ‍ മനം നൊന്ത് വീടും നാടും ഉപേക്ഷിച്ച് മോക്ഷം തേടി പോയതാണെന്നും പറയുന്നവരുണ്ട്. ധീരതയോടെ വെടിയേറ്റ് മരിച്ച വളർ‍ത്തു നായയെ ആണോ, ഭീരുവിനെ പോലെ ഓടിയൊളിച്ച മുത്തച്ഛനെയാണോ കാലം നാളെയൊരിക്കൽ‍ ഓർ‍ക്കുകയെന്നറിയില്ല.

കുട്ടന്റെ അച്ഛനെ കാണാതായ ദിവസവും, മുത്തശ്ശി മരിച്ച ദിവസവും, മുത്ത‌ച്ഛൻ വീടു വിട്ടു പോയ ദിവസവും അത്താഴത്തിന്‍ ചൂട് ചപ്പാത്തിയുടെ കൂടെ ചിക്കൻ ‍‌കറിയുമുണ്ടായിരുന്നു. വിരുന്നുകാരുള്ള ദിവസങ്ങളിലെ സൽ‍ക്കാരത്തിനായി കുറേ പൂവൻ‍ കോഴികളെ തീറ്റ കൊടുത്ത് വളർ‍ത്തിയിരുന്നു. ആദ്യകാലങ്ങളിലൊക്കെ കുട്ടൻ കുറുന്പു കാട്ടുന്പോൾ‍ പോലീസിനെ വിളിക്കും എന്ന് പറഞ്ഞാണ്‍ ഭയപ്പെടുത്തിയിരുന്നത്. പിന്നീട് പോലീസിനെ ഭയമില്ലാതെ ആയപ്പോൾ‍ പട്ടാളത്തെ വിളിക്കുമെന്ന് പറഞ്ഞ് അനുസരിപ്പിക്കാൻ ശ്രമിച്ചു. പട്ടാളത്തെ വിളിക്കുമെന്നൊക്കെ വെറും വെറുതേ പറയുന്നതാണെന്ന് വിചാരിച്ചു. രാപ്പകലില്ലാതെ അതിർ‍ത്തിയിൽ‍ കാവൽ‍ക്കിടന്ന് രാജ്യത്തെ ശത്രുക്കളിൽ‍ നിന്നും രക്ഷിക്കുന്ന പട്ടാളം അമ്മയുടെ വിളിയൊന്നും കേൾ‍ക്കുകയില്ലെന്നും വരികയില്ലെന്നുമായിരുന്നു കുട്ടന്റെ മനസ്സിലെ കുഞ്ഞുവിചാരം. പട്ടാളം വിളി കേൾ‍ക്കുകയും വേഗത്തിൽ‍ വരികയും വീട്ടിലാകെ കോലാഹലങ്ങളും നഷ്ടങ്ങളും ഉണ്ടാക്കിയപ്പോൾ‍ കുട്ടന്റെ മനസ്സ് തകർ‍ന്നു.

സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും അമ്മയുടെ മുറിയിൽ‍ നിന്നും അവനെ പുറത്തിറക്കി കിടത്തിയത് അവനൊട്ടും സഹിക്കാനായില്ല. നാട്ടിൽ‍ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അത് പുനഃസ്ഥാപിക്കാനാണ്‍ പട്ടാളം വന്നിരിക്കുന്നതെന്നും കുട്ടനെ പറഞ്ഞ് മനസ്സിലാക്കാൻ‍ അമ്മ കിണഞ്ഞ് ശ്രമിച്ചു. അമ്മയുടെ രാഷ്ട്രീയമൊന്നും കുട്ടന്‍ മനസ്സിലായില്ല. കുട്ടനോടുള്ള പട്ടാളമുറയും ശിക്ഷാ രീതികളും ഓരോ ദിവസം ചെല്ലുംതോറും കഠിനമായി വന്നു. കുട്ടൻ ചെയ്‌ത ഏതോ ചെറിയ തെറ്റിന്‍ അവനെ ഒന്നര മണിക്കൂർ‍ ഒറ്റക്കാലിൽ‍ നിർ‍ത്തി ശിക്ഷിച്ച ദിവസമാണ്‍ എങ്ങനെയെങ്കിലും വീട്ടിലെ പട്ടാളഭരണം അവസാനിപ്പിക്കണമെന്നവൻ തീരുമാനിച്ചത്. വീടിന്റെ പിന്നാന്പുറത്ത് ഉപേക്ഷിക്കപ്പെടിരുന്ന ഉലക്ക കൊണ്ട് അമ്മയുടെ മുറിയിൽ‍ ഉറങ്ങുകയായിരുന്ന പട്ടാളക്കാരനെ ഇല്ലാതാക്കുവാൻ കുട്ടന്റെ മനഃശക്തിയും ആഴത്തിലുള്ള ഒരടിയും ധാരാളമായിരുന്നു. ഒരു ചെറിയ ഞരക്കത്തോടെ ആ പട്ടാളക്കാരന്റെ കഥ അവസാനിച്ചെന്ന് വിചാരിച്ചെങ്കിലും അന്നായിരുന്നു ശരിയായ പട്ടാളക്കഥകൾ‍ തുടങ്ങിയത്. 

നഷ്ടപ്പെട്ട സഹപ്രവർ‍ത്തകനെ തിരക്കി മറ്റു പട്ടാളക്കാർ‍ വന്നു. ഒരു ചെറിയ കുട്ടി അറിയാതെ ചെയ്‌ത അപരാധത്തിന്‍ അവനെ പട്ടാള നിയമത്തിന്‍ വിട്ടു കൊടുക്കരുതെന്ന അമ്മയുടെ അപേക്ഷ അവർ‍ സ്വീകരിച്ചു. കുട്ടന്റെ അടിയേറ്റു മരിച്ച ആ പട്ടാളക്കാരന്റെ ബോഡി രഹസ്യമായി മറവു ചെയ്യാൻ അവരൊക്കെ സഹായിച്ചു. ആ രഹസ്യത്തിന്റെ കാവൽ‍ക്കാരായ പട്ടാളക്കാരൊക്കെ പിന്നീട് ആ വീട്ടിലേക്ക് നിരന്തരം വന്നു കൊണ്ടിരുന്നു. കൊലക്കയറിയിൽ‍ നിന്നും തന്റെ മകനെ രക്ഷിക്കാനായി അമ്മ എല്ലാവർ‍ക്കും ചപ്പാത്തിയും ചിക്കൻ‍ കറിയും വെച്ചു വിളന്പി. അഫ്‌സ്‌പ എന്നൊക്കെ പറഞ്ഞ് പട്ടാളത്തെ വിളിക്കാൻ‍ എളുപ്പമാണ്‍ പക്ഷേ വിളിച്ചു വരുത്തിയവർ‍ക്കൊന്നും അവരെ തിരികെ പറഞ്ഞയയ്‌ക്കാൻ ആയിട്ടില്ലെന്ന ചരിത്രം കുട്ടന്റെ അമ്മയുടെ ജീവിതത്തിലും ആവർ‍ത്തിച്ചു.

You might also like

Most Viewed