രണ്ട് ദി­നങ്ങൾ‍­ക്ക് നടു­വിൽ‍


ബാജി ഓടംവേലി

 

ന്നലെ ഭൂമിയിലെ മാലാഖമാരുടെ ദിനമായിരുന്നു. വേദനിക്കുന്ന രോഗികളിലേക്ക് പുഞ്ചിരിയിലൂടെ ആശ്വാസത്തിന്റെ പ്രഭ പകരുന്ന ആതുരസേവന രംഗത്തെ വെള്ളരിപ്രാവുകളുടെ ദിനം. നേഴ്‌സിംഗ് എന്നത് ഒരു ജോലി എന്നതിലുപരിയായി ഒരു വിശുദ്ധ കർ‍മ്മമാണ്‍. ആധുനിക നേഴ്‌സിംഗിന്റെ ഉപജ്ഞാതാവ് ഫ്ളോറൻസ് നൈറ്റിങ്ങേലിന്റെ ജന്മദിനമാണ് ലോക നേഴ്‌സസ് ദിനമായി ആചരിക്കുന്നത്. ടർ‍ക്കിയിലെ തെരുവുകളിൽ‍ അർ‍ത്ഥപ്രാണരായി കിടന്നിരുന്ന സൈനികരെ ശുശ്രൂഷിക്കാൻ രാവും പകലും ഒരു പോലെ അധ്വാനിച്ച, കൈയിൽ‍ വിളക്കുമായെത്തിയ ആ മഹത് വ്യക്തിയുടെ തനി പകർ‍പ്പുകളാണ്‍ ഇന്ന് ലോകം മുഴുവൻ ഇരുപത്തിനാല് മണിക്കൂറും സേവനം അനുഷ്‌ഠിക്കുന്ന നമ്മുടെ നേഴ്‌സുമാർ‍. സമൂഹത്തിനായി ഇവർ‍ നൽ‍കുന്ന വിലമതിക്കാനാവാത്ത സേവന പ്രവർ‍ത്തനങ്ങളെയും ത്യാഗത്തെയും ഓർ‍ക്കാനും ഓർ‍മ്മിപ്പിക്കാനുമാണ്‍ ഈ ദിനാചരണം. 

ഈ ജീവിതത്തിൽ‍ നേഴ്‌സിന്റെ സേവനം ലഭിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അമ്മയുടെ ഉദരത്തിൽ‍ നിന്നും പിറന്നു വീഴുന്നത് ഭൂമിയിലെ മാലാഖമാരുടെ കൈകളിലേക്കാണ്. ജിവിതാവസാ‍‍‍‍നം പ്രാർ‍ത്ഥനയോടെ കണ്ണുകൾ‍ തിരുമ്മിയടയ്‌ക്കുന്നതും ദൈവിക സ്‌പർ‍ശമുള്ള അവരുടെ വിരലുകളായിരിക്കും. ജനന മരണങ്ങൾ‍ക്കിടയിലുള്ള എത്രയോ സന്ദർ‍ഭങ്ങളിൽ‍ ഇക്കൂട്ടരുടെ കാരുണ്യത്തിന് മുന്‍പിൽ‍ നാം നിസ്സഹായരായി കിടന്നിട്ടുണ്ടാകും. എത്ര കേമന്മാരാണെന്ന് പറഞ്ഞാലും പ്രിയപ്പെട്ടവരുടെ സാമിപ്യം പോലുമില്ലാതെ ഒറ്റയ്‌ക്ക് ആശുപത്രികിടക്കയിലെ നിസ്സഹായതയിൽ‍ ആശ്രയമാകുന്നത് ഇവർ‍ മാത്രമാകും. അവരുടെ സ്‌നേഹത്തോടെയുള്ള ഒരു സ്വാന്ത്വന വാക്കോ പ്രവർ‍ത്തിയോ ആകാം നമ്മെ മരണക്കിടക്കയിൽ‍ നിന്ന് ജീവിതത്തിലേക്ക് തിരികെ വിളിച്ചത്. 

ഇക്കൂട്ടരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നമ്മുടെ മനസ്സിൽ‍ നന്ദിയും കടപ്പാടുമൊക്കെ ഉണ്ടെങ്കിലും അതൊക്കെ പ്രകടിപ്പിക്കുന്ന കാര്യത്തിൽ‍ നാം വലിയ പിശുക്കരാണ്‍. നേഴ്‌സസ് ഡേയിൽ‍ പോലും അവരെ ഓർ‍ക്കാൻ നമ്മുടെ തിരക്കുകൾ‍ അനുവദിച്ചില്ലായിരിക്കാം. ഇനിയും താമസിച്ചിട്ടില്ല. നമുക്ക് പരിചയത്തിലുള്ള നേഴ്‌സിന്‍ ഒരു ആശംസാകാർ‍ഡോ പൂച്ചെണ്ടോ കൊടുക്കാൻ സമയം ഇനിയും ബാക്കിയുണ്ട്. കൊടുക്കൽ വാങ്ങലുകളിൽ‍ വിശ്വാസമില്ലെങ്കിൽ‍ നേരിൽ‍ കണ്ടൊരു നന്ദി വാക്കുകളിൽ‍ അറിയിക്കാം. അതിനുമായില്ലെങ്കിൽ‍ ഫോണിലെങ്കിലും വിളിച്ചൊരു ആദരവ് അറിയിച്ചില്ലെങ്കിൽ‍ അത് നന്ദികേടാണ്‍.

എന്റെ ഭാര്യ നേഴ്‌സായതിനാൽ‍ അവളുടെ കൂട്ടരെ പുകഴ്‌ത്തി ഇത്രയുമൊക്കെ എഴുതിക്കഴിഞ്ഞപ്പോഴേക്കും അമ്മ വന്നു. അമ്മ ദേഷ്യത്തിലാണെന്ന് ആ മുഖം കണ്ടാലറിയാം. അല്ലെങ്കിലും നീ കല്യാണം കഴിച്ചതിന് ശേഷമാണെടാ ഇങ്ങനെ പെൺ‍കോന്തനായിപ്പോയത്. നിന്നെ പത്ത് മാസം ചുമന്ന് നൊന്തു പെറ്റ എന്നേക്കുറിച്ച് നിനക്കൊരു വിചാരവും ഇല്ലല്ലോ, ഞങ്ങളേക്കുറിച്ച് നിനക്കൊന്നും എഴുതാനില്ലല്ലോ. നിനക്ക് നിന്റെ ഭാര്യയേക്കുറിച്ചും അവരുടെ കൂട്ടുകാരേക്കുറിച്ചുമൊക്കെ എഴുതാനേ നേരമുള്ളൂ. എനിക്ക് സുഖമാണെന്നോ? ഞാനെങ്ങനെ ജീവിക്കുന്നു? എന്നൊന്നും ചോദിക്കാൻ നിന്റെ തിരക്ക് നിന്നെ അനുവദിക്കുന്നില്ലല്ലോ. അങ്ങനെ തുടരുന്ന അമ്മയുടെ ശകാരവാക്കുകളുടെ അർ‍ത്ഥം എനിക്ക് ആദ്യം പിടി കിട്ടിയില്ല. പിന്നെയാണ്‍ കാര്യം മനസ്സിലായത്. നാളെ അമ്മയുടെ ദിനമാണ്‍, മദേഴ്‌സ് ഡേ. വാണിജ്യവൽ‍ക്കരിക്കാതെ ഏതു ദിനവും ആഘോഷിക്കുന്നതിനോടും എനിക്ക് യോജിപ്പാണ്‍. വലിയ കുഴപ്പമൊന്നും ഉണ്ടാക്കാതെ പ്രധാനപ്പെട്ട രണ്ട് ദിനങ്ങളുടെ ഇടയിൽ‍ ജീവിക്കുന്ന മക്കളെ സമ്മതിക്കണം.

എല്ലാ വർ‍ഷവും മേയ്‌ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ചയാണ്‍ മാതൃത്വത്തിന്റെ മഹത്വം ഓർ‍മ്മിപ്പിക്കുന്ന മദേഴ്‌സ് ഡേ. വർ‍ഷത്തിൽ‍ ഒരു ദിവസം മാത്രമല്ല, എല്ലാ ദിവസവും അമ്മയും ബന്ധവുമൊക്കെ പ്രധാനപ്പെട്ടതാണ്‍. അമ്മയുടെ ഉദരത്തിലാണ്‍ കുഞ്ഞിന്റെ ആദ്യതുടിപ്പ്‌ ആരംഭിക്കുന്നത്. പത്ത് മാസത്തോളം കുഞ്ഞ് കേൾ‍ക്കുന്ന സംഗീതം മാതാവിന്റെ ഹൃദയത്തുടിപ്പാണ്‍. ജനിച്ചു കഴിഞ്ഞാലും വിടാത്ത പൊക്കിൾ‍ക്കൊടി ബന്ധം മുറിച്ചു മാറ്റുന്പോൾ‍ മുലപ്പാലിലൂടെ പുതിയ ബന്ധം തുടങ്ങുകയായി. അമ്മയുടെ താരാട്ട് കേട്ടാൽ‍ ഏതു കുഞ്ഞും ശാന്തനാകും. അമ്മയുടെ സാമിപ്യം, ഗന്ധം, ശബ്‌ദം, സ്‌പർ‍ശം എല്ലാം കുഞ്ഞിന്‍ ആനന്ദം നൽ‍കുന്നതാണ്‍. വാക്കുകളില്ലാത്ത കുഞ്ഞിന്റെ ഭാഷ നമ്മുടെ അമ്മയ്‌ക്ക് നന്നായി മനസ്സിലാകും. നാമൊക്കെ ഇന്ന് ആയിരിരിക്കുന്നതിന്‍ അടിസ്ഥാനം അമ്മയാണ്‍. അമ്മ പകർ‍ന്നു തന്ന ദൈവസ്നേഹവും മൂല്യബോധവുമാണ്‍ നമ്മെ നയിക്കുന്നത്. നേഴ്‌സസ് ദിനാശംസകളും മാതൃദിനാശംസകളും നേരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed