ക്രൈസ്തവലോകം വിശുദ്ധവാരത്തിൽ
ബാജി ഓടംവേലി
ലോകമെങ്ങുമുള്ള ക്രൈസ്‌തവ വിശ്വാസികൾക്ക് ഇത് വലിയ നോന്പിന്റെ കാലമാണ്. ശരീരവും മനസും ശുദ്ധീകരിച്ച് കാൽവരിപ്പാതയിലൂടെ ഉയിർപ്പിലേയ്ക്കുള്ള യാത്രയാണ് വലിയ നോന്പ്. ഏറ്റവും പവിത്രവും പരിപാവനവുമായ കാലഘട്ടമാണ് വലിയ നോന്പിന്റെ അന്‍പത് ദിനങ്ങൾ. പാപത്തിന്റെ അടിമത്വത്തിൽനിന്നുള്ള മോചനമാണ് സന്പൂർണ്ണവുമായ വിമോചനമെന്ന് തിരിച്ചറിയുന്ന സമയമാണിത്. ത്യാഗത്തിന്റെയും പ്രാർത്ഥനയുടേയും ചൈതന്യം കൊണ്ട് തന്നെത്തന്നെ ധന്യമാക്കാൻ ഒരുവനെ ശക്തിപ്പെടുത്തുന്ന നോന്പുകാലം അനുതാപത്തിന്റെയും അനുരജ്ഞനത്തിന്റെയും കാലമാണ്. ഇന്നലെ നാൽപ്പതാം വെള്ളിയായിരുന്നു. യേശു നാൽപ്പത് ദിവസം ഉപവസിച്ചതിന്റെ അവസാന ദിവസത്തിന്റെ ഓർമ്മയാണ് നാൽപ്പതാം വെള്ളി. എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച് യേശു സാത്താന്റെ മേൽ ആധിപത്യം സ്ഥാപിച്ചതിന്റെ ഓർമ്മ. വലിയ നോന്പിന്റെ ആദ്യഘട്ടം ഇന്നലെ അവസാനിച്ചു.
ഇന്ന് മുതലാണ് വിശുദ്ധവാരമായി കരുതുന്നത്. ലാസറിന്റെ ശനി എന്ന് ഈ ദിനം അറിയപ്പെടുന്നു, ചിലയിടങ്ങളിൽ കൊഴുക്കട്ട ശനിയെന്നും പറയാറുണ്ട്. കൊഴുക്കട്ട എന്ന പ്രത്യേക പലഹാരം ഈ ദിവസം ഭവനങ്ങളിൽ ഉണ്ടാക്കുന്നതിനാലാണ് ഈ പേര് വന്നത്. ഈസ്റ്ററിന് മുന്‍പുള്ള ഒരാഴ്‌ച അതായത് നോന്പുകാലത്തിന്റെ അവസാനത്തെ ഒരാഴ്‌ചയാണ് വിശുദ്ധവാരം. ഓശാന ഞായർ, പെസഹ വ്യാഴം, ദുഃഖ വെള്ളി, വലിയ ശനി എന്നിവ അടങ്ങുന്നതാണ് വിശുദ്ധ വാരം. കഷ്ടാനുഭവ ആഴ്‌ച, ഹാശാ ആഴ്‌ച എന്നും പറയാറുണ്ട്. ഉയിർപ്പുദിനമായ ഈസ്റ്റർ ഞായറാഴ്ച ആദ്യ ഞായർ ആകയാൽ വിശുദ്ധ വാരത്തിൽ ഉൾപ്പെടുന്നില്ല.
ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ, കുരിശിലേറ്റപ്പെടുന്നതിന് മുൻപ് ജറുസലേമിലേയ്ക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവ് മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, ‘ഓശാന ഓശാന ദാവീദിന്റെ പുത്രൻ ഓശാന’ എന്ന് പാടി ജനക്കൂട്ടം വരവേറ്റതിനെ അടിസ്ഥാനമാക്കിയാണ് ആചരിക്കുന്നത്. യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓർമ്മയാണ് പെസഹ വ്യാഴം. ഈ ദിനം പുളിപ്പില്ലാത്ത പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കി കഴിക്കുകയും അയൽവീടുകളിൽ വിതരണം ചെയ്യുകയും ചെയ്യാറുണ്ട്.
ലോകത്തിന്റെ പാപങ്ങൾക്ക് പരിഹാരമായി യേശു കുരിശിലേറിയ ദിനത്തിന്റെ ഓർമ്മയാണ് ദുഃഖവെള്ളിയെന്നും ഗുഡ് ഫ്രൈഡേ എന്നുമൊക്കെ പറയുന്ന ദിനം. അന്നേ ദിവസം എല്ലാ ക്രിസ്ത്യാനികളും പള്ളിയിൽ പോകും. ഗാഗുൽത്താമലയിലേയ്ക്ക് കുരിശുമായി പീഡനങ്ങൾ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കലാണിത്. യേശുവിന്റെ ശരീരം കല്ലറയിൽ ശയിച്ച മണിക്കൂറുകളാണ് വലിയശനിയിൽ അനുസ്‌മരിക്കുന്നത്. കാൽവരിയിലെ മരണം അല്ല ഉയർപ്പാണ് ഒരു ക്രിസ്ത്യാനിയുടെ പ്രത്യാശ. ക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റർ ഞായർ. ഉയിർപ്പുതിരുനാൾ ആചരിക്കുന്പോൾ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിർത്തെഴുന്നേൽക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവർക്കുള്ളത്. അനുതാപത്തിന്റെയും പുണ്യപ്രവർത്തികളുടേതുമായ നോന്പുകാലം ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും കാലം കൂടിയാണ്. ജീവിതവും, ജീവിതത്തിന്റെ നന്മകളും ദൈവത്തിന്റെ ദാനമാണ്. നമുക്ക് ലഭിച്ചിരിക്കുന്ന നന്മകളും, വിഭവശേഷിയും സ്വയം അനുഭവിച്ച് തീർക്കുവാനുള്ളതല്ല. മറിച്ച് പങ്കുവെയ്‌ക്കുവാനുള്ളതാണ്. ധൂർത്തിന്റെയും, ആഡംബരത്തിന്റെയും, അധിനിവേശത്തിന്റെയും സംസ്‌കാരം നമ്മുടെ കാലഘട്ടത്തെ വിഷലിപ്‌തമാക്കുന്പോൾ വ്രതശുദ്ധിയോടെയുള്ള നോന്പ് അപരനിലേയ്ക്ക് തിരിയുന്ന കരുണയുടെ വാതിലാക്കാം. അപരന്റെ വിശപ്പ് എന്റെ വിശപ്പും, അപരന്റെ ദാഹം എന്റെ ദാഹവുമായി മാറുന്ന നല്ല സമരിയാക്കാരനെയാണ് നോന്പ് ഉറ്റുനോക്കുന്നത്. നമ്മുടെ ബന്ധങ്ങളിൽ വന്നുപോയ മുറിവുകൾ സുഖപ്പെടുത്തേണ്ട സമയമാണിത്. ദൈവത്തോടുള്ള ബന്ധത്തിൽ മാത്രമല്ല, സുഹൃത്തുക്കളോടും സഹോദരങ്ങളോടും, നമ്മോടുതന്നെയും, പ്രപഞ്ചത്തോടൊക്കെയുമുള്ള സകലമാന ബന്ധങ്ങളിലും വന്ന മുറിവുകൾ ഈ നോന്പുകാലാചരണം വഴി നാം സുഖപ്പെടുത്തണം.