ഒരു­ സി­നി­മയി­ലൊ­ന്നും ഒതു­ങ്ങി­ല്ല...


ബാജി ഓടംവേലി 

 

 

ധവിക്കുട്ടി, കമലാദാസ്, കമലാ സുരയ്യ എന്നൊക്കെ പേരുള്ള ആമിയുടെ ജന്മദിനമായിരുന്നു ഇന്നലെ. 1934 മാർ‍ച്ച് 31നാണ്‍ കമല ജനിച്ചത്. പേരും ഭാവവും മാറ്റി ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ എഴുതി നമ്മെ വിസ്‌മയിപ്പിച്ച നല്ലൊരു സ്‌ത്രീയായിരുന്നു അവർ‍. കവിയും, കഥാകൃത്തും, നോവലിസ്റ്റും, കോളമിസ്റ്റും ഒക്കെയായിരുന്ന ആമി ഇപ്പോഴും വാർ‍ത്തകളിൽ‍ നിറഞ്ഞു നിൽ‍ക്കുകയാണ്‍. ശരിക്കും കഥാവശേഷയായിട്ടും വിവാദങ്ങൾ‍ ഇഷ്ടപ്പെടുന്ന മലയാളി മനസുകളിൽ‍ അവരുടെ കഥകൾ‍ക്ക് പുതിയ ഭാഷ്യങ്ങൾ‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഒരർ‍ത്ഥത്തിൽ‍ കഥ തന്നെയായിരുന്നല്ലോ കഥാകാരി. 

ആമിയുടെ ഓരോ കഥകളും ഒന്നിനൊന്ന് മെച്ചപ്പെട്ടവയായിരുന്നു. ആ കഥകളെന്നും മലയാള സാഹിത്യത്തിന്റെ മുതൽ‍ക്കൂട്ടാണ്‌. എന്റെ കഥയ്‌ക്കു പുറമേ, നീർ‍മാതളം പൂത്തകാലം, ബാല്യകാലസ്‌മരണകൾ‍ എന്നീ മനോഹര പുസ്‌തകങ്ങളും അനേകം ഓർ‍മക്കുറിപ്പുകളും മാധവിക്കുട്ടി എഴുതി. അസാധാരണമായ ലാളിത്യവും ലാവണ്യവും വഴിഞ്ഞൊഴുകുന്ന ഭാഷയിൽ‍ ആ പുസ്‌തകങ്ങളിലൂടെ നാലപ്പാട്ടെ ബുദ്ധി ജീവി ബന്ധുക്കൾ‍ മുതൽ‍ വേലക്കാരായ ജാനുവും നാണുവും വരെ വായനക്കാരന്റെ പരിചിതരായി മാറി. ആത്മകഥാ സാഹിത്യത്തിലും ആമിയുടെ സംഭാവന വിലപ്പെട്ടതാണ്‍. നോവൽ‍ എന്ന മാധ്യമം നന്നേ വഴങ്ങിയിരുന്നില്ല. കടൽ‍മയൂരം, മാനസി പോലെയുള്ള ഏതാനും ലഘുനോവലുകളാണ്‌ ആദ്യകാലത്ത്‌ എഴുതിയത്‌. എന്നാൽ‍, അവരുടെ ശക്തമായ കഥകളെ അപേക്ഷിച്ച്‌ ഏറെ പിന്നിലായിപ്പോയി ആ നോവൽ‍ ശിൽപ്പങ്ങൾ‍. പിൽ‌ക്കാലത്ത്‌ കെ.എൽ‍ മോഹനവർ‍മയുമായിച്ചേർ‍ന്ന്‌ അമാവാസി എന്നൊരു വലിയ നോവൽ‍ എഴുതിയെങ്കിലും അതിനും മാധവിക്കുട്ടിയിൽ‍ നിന്നു വായനക്കാരൻ പ്രതീക്ഷിക്കുന്ന ഗഹനതയുണ്ടായില്ല. പിന്നീട്‌ വണ്ടിക്കാളകൾ‍ എന്നൊരു വലിയ നോവൽ‍ തനിയെ എഴുതി. അതായിരുന്നു അമ്മയുടെ അവസാനകാലത്തെ പ്രധാനരചന. എന്നാൽ‍, വണ്ടിക്കാളകളും പരാജയമായിരുന്നു. അത് ആമിയുടെ മനസിൽ‍ വലിയ ക്ഷതമേൽ‌പ്പിച്ചിരുന്നു. തന്റെ വണ്ടിക്കാളകൾ‍ ശരിക്കും മനോഹരമായ നോവലായിരുന്നെന്നും മലയാളികൾ‍ തന്നോടുള്ള വ്യക്തിവിരോധം കൊണ്ട്‌ അതിനെ വിമർ‍ശിക്കുന്നതാണെന്നും അവർ‍ വിശ്വസിച്ചു. 

അതിനിടയിൽ‍ ആമിയമ്മയൊരു രാഷ്‌ട്രീയ പാർ‍ട്ടിയുണ്ടാക്കി. ഇലക്ഷനിൽ‍ സ്ഥാനാർ‍ത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. സ്ഥാനാർ‍ത്ഥിയാകാനുള്ള പ്രായം തികയാത്ത കൗമാരക്കാരെയാണ് സ്ഥാനാർ‍ത്ഥികളായി കണ്ടെത്തിയത്‌. പത്രലേഖകർ‍ ചോദിച്ചപ്പോഴാണ്‌ സ്ഥാനാർ‍ത്ഥിയാകാൻ 25 വയസു വേണമെന്ന് അമ്മ മനസിലാക്കുന്നത്‌. അങ്ങനെയൊരു മനസായിരുന്നു അത്‌. സങ്കൽ‌പത്തിന്റെ ലോകത്തു മാത്രം ഒരു മഞ്ഞുമേഘം പോലെ പാറിപ്പോയൊരു മനസ്‌. ആത്മരക്ഷാർ‍ത്ഥം കൈയിൽ‍ തോക്കും പിടിച്ചുള്ള ആമിയമ്മയുടെ ഇരിപ്പ് കണ്ടിട്ടുള്ളവർ‍ക്കൊന്നും മറക്കാനാവില്ല. നാമത് ടി.വിയിലും പത്രത്തിലും മറ്റും കണ്ടതാണ്‍. ആ തോക്കിൽ‍ തിരയില്ലായിരുന്നുവെന്ന് അറിയുന്പോൾ‍ മാത്രമേ ആ കഥയുടെ ക്ലൈമാക്‌സ് ആവുകയുള്ളൂ.

ദൈവത്തെയും മതത്തെയും രണ്ടായിക്കാണാൻ‍ അറിയാവുന്നവളായിരുന്നു അമ്മ. ഇവിടുത്തെ നന്പർ‍ വൺ വ്യവസായമാണ്‍ മതമെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാത്തിന്റെയും അടിസ്ഥാനം മതമായി മാറുകയും ദൈവം മതത്തിന്‍ പുറത്താവുകയും ചെയ്യുന്പോളും താൻ ദൈവത്തോടൊപ്പം ഉണ്ടാകുമെന്ന് പറയുകയും, ദൈവം സ്‌നേഹമാണെന്ന് അനുഭവിച്ചറിയുകയും ചെയ്‌ത് അമ്മയുടെ 65 വയസ്സിലെ ഇസ്ലാമിലേക്കുള്ള മാറ്റത്തിന്റെ അലയൊലികൾ‍ ഇനിയും മാഞ്ഞിട്ടില്ല. മതം‌ മാറ്റത്തിന്റെ പിന്നാന്പുറകഥകൾ‍ പൊടിപ്പും തൊങ്ങലും ചേർ‍ത്ത് ഇന്നും പറഞ്ഞു കൊണ്ടേയിരിക്കുന്നു. ശരീരം മണ്ണായി വർ‍ഷങ്ങൾ‍ക്ക് ശേഷവും തുടരുന്ന ജീവിതകഥയുടെ പുതിയ അദ്ധ്യായം വായിച്ച് ആമിയമ്മ സ്വർ‍ഗത്തിലിരിരുന്ന് ഊറിച്ചിരിക്കുന്നുണ്ടാകും. അത് എന്തായിരുന്നാലും അത് ആമിയുടെ ശരിയായിരുന്നു. 

ജീവിച്ചിരിക്കുന്പോൾ‍, ഇത്രയേറെ വിമർ‍ശിക്കപ്പെടുകയും, ചർ‍ച്ച ചെയ്യപ്പെടുകയും ചെയ്ത മറ്റൊരെഴുതുകാരി മലയാള സാഹിത്യ ലോകത്തുണ്ടാവില്ല. സ്‌നേഹം പ്രേമം എന്നൊക്കെ പറഞ്ഞപ്പോൾ‍ മലയാളി കേട്ടത് കാമം കാമം എന്നായിരുന്നു. “ശാരീരികമായ പ്രേമം അതിസുന്ദരമാണെന്ന്” പറഞ്ഞപ്പോൾ‍ നാമത് ഇണചേരലുമായി കൂട്ടിക്കെട്ടി. വിഷമുനയുള്ള കൂരന്പുകൾ‍ ഹൃദയത്തിൽ‍ തുളഞ്ഞു കയറുന്പോഴും സഹിഷ്ണതയോടും, ശാന്തതയോടും സ്‌നേഹത്തോടും കൂടിയാണ്‍ അതിനെ നേരിട്ടത്. ഒരു കഥയിലൊന്നും ഒതുക്കുവാനാകാതെ ഒരു നോവലായി ഇന്നും വളർ‍ന്നു കൊണ്ടേയിരിക്കുന്നു ആ ജീവിതം. ആ ജീവിതത്തെ ഒരു സിനിമയിലൊന്നും ഒതുക്കാനാവില്ല. വായനക്കാരുടെ മനസിലുള്ള ആമിയാകാൻ ഒരു നടിക്കുമാവില്ല. വിവാദങ്ങളിലൊക്കെ നിറഞ്ഞു നിൽ‍ക്കുന്പോഴും ആമിയെത്തേടി കൂടുതൽ‍ വായനക്കാ‍ർ എത്തുന്നു എന്നത് സന്തോഷകരമാണ്.

You might also like

Most Viewed