ഫ്രൊഫൈലുകളുടെ ശവപ്പറമ്പ്


ബാജി ഓടംവേലി 

രണ്ട് വർ‍ഷം മുന്‍പ് മരിച്ചു പോയൊരു ഫേ‌സ്‌ബുക്ക് സുഹൃത്ത് ഇന്നലെ വീണ്ടും ചാറ്റിങ്ങിൽ‍ വന്നിരുന്നു. മോർ‍ച്ചറിയിൽ‍ ചെന്ന് മൃതശരീരം കണ്ടതിനാൽ‍ അവൻ മരിച്ചെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആ ഉറപ്പിൻമേലാണ്‍ അവന്റെ കൈയിൽ‍ നിന്നും കടം വാങ്ങിയ പണത്തിന്റെ നാലിലൊന്ന് തുക വീട്ടുകാർ‍ക്ക് തിരികെക്കൊടുത്ത് കടം വീട്ടിയത്. അവന്റെ പ്രൊഫൈലിന് പിന്നിൽ‍ അവനാകാൻ വഴിയില്ലെന്ന വിചാരത്തിൽ‍ ചാറ്റിങ്ങ് തുടർ‍ന്നു. പാസ്സ് വേർ‍ഡ് അറിയാവുന്ന അവന്റെ ഭാര്യയോ, സഹോദരിയോ, അടുത്ത കൂട്ടുകാരോ വല്ലവരും ആകുമെന്നായിരുന്നു വിചാരം. ഞങ്ങൾ‍ക്ക് മാത്രം അറിയാവുന്ന ചില രഹസ്യങ്ങൾ‍ പങ്കുവെച്ചപ്പോൾ‍ അത് അവൻ തന്നെയാണെന്ന് നെഞ്ചിടിപ്പോടെ ഞാനുറപ്പിച്ചു. മരിച്ചവർ‍ക്കെന്തിനാ പണമെന്ന് ചോദിച്ച്, കൊടുക്കാനുള്ളതൊന്നും കൊടുക്കേണ്ടെന്ന് പറഞ്ഞപ്പോൾ‍ എനിക്കാശ്വാസമായി. പണത്തിന്റെ ഇടപാടില്ലെങ്കിൽ‍ ആനയേക്കുറിച്ചോ ചേനയേക്കുറിച്ചോ ഏത് പിശാചിനോട് സംസാരിക്കാനും മടിയുണ്ടായിരുന്നില്ല. അവന്റെ ആവശ്യം നിസ്സരമായിരുന്നു. ഒരു കവിത പ്രസിദ്ധീകരിച്ച് കാണണം. സാമാന്യം ഭേതപ്പെടൊരു കവിതയും അയച്ചു തന്നു. കൊള്ളാം എന്നുള്ള ഒറ്റവരി കൊണ്ടൊന്നും അവന്‍ തൃപ്തിയായില്ല. വിശദമായ അഭിപ്രായം ചോദിച്ചറിഞ്ഞു.

ജീവിച്ചിരുന്നപ്പോൾ‍ കവിതകളൊന്നും എന്തേ അയച്ചില്ല എന്ന ചോദ്യം അവനെ സങ്കടപ്പെടുത്തി. എന്നും അവന് ജോലിത്തിരക്കിലായിരുന്നു. ജീവിതം അറബിമുതലാളിയ്‌ക്ക് പണയം വെച്ച് നാട്ടിൽ‍ സ്ഥലം വാങ്ങി, വീടുണ്ടാക്കി, പെങ്ങന്മാരെ കെട്ടിച്ചു വിട്ടു, കല്ല്യാണം കഴിച്ചു, കുട്ടികളുടെ അച്ഛനായി, എങ്കിലും മരിക്കുന്പോഴും ജീവിതം പണയത്തിലായിരുന്നു. പണയം വെച്ച ജീവിതം തിരിച്ചെടുക്കാനാവാതെ വെറും പണയപ്പണ്ടമായ് ജീവിക്കാൻ മറന്നൊരു പാവം പ്രവാസി. 

മനാമയിലെ സൂപ്പർ‍മാർ‍ക്കറ്റിലാണ്‍ അവന്റെ ജീവിതം ഹോമിച്ചത്. തോളിലേറ്റിയ കടങ്ങൾ‍ വീട്ടാൻ ദിവസം പതിനാല് മണിക്കൂർ‍ വരെ ഓവർ‍ടൈം ചെയ്‌തിട്ടും മതിയായില്ല. സൂപ്പർ‍മാർ‍ക്കറ്റിലെ സാധനങ്ങൾ‍ സമയാസമയങ്ങളിൽ‍ അടുക്കി വെയ്‌ക്കുകയും എക്‌സ്‌പയറി ഡെയ്‌റ്റ് കഴിഞ്ഞവ ഒഴിവാക്കുകയുമായിരുന്നു ജോലി. ചില സാധനങ്ങൾ‍ക്ക് മൂന്ന് ദിവസമാകും കാലാവധി, ചിലത് ഏഴ്, മറ്റുചിലത് ഒരു മാസം. വർ‍ഷങ്ങളോളം എക്‌സ്‌പെയറി ഉള്ള സാധനങ്ങളും ഉണ്ട്. കാലാവധി കഴിയും മുന്‍പേ സാധനങ്ങൾ‍ ഉപയോഗിച്ചു തീർ‍ക്കണമെന്ന് സൂപ്പർ‍മാർ‍ക്കറ്റ് സന്ദർ‍ശിക്കുന്ന സുഹൃത്തുക്കളെ ഓർ‍മ്മിപ്പിക്കുമായിരുന്നു. സാധനങ്ങളുടെ എക്‌സ്‌പയറി നോക്കി സ്വന്തം ജീവിതം വേണ്ടവിധം ഉപയോഗിക്കുവാനാകാതെ ചീഞ്ഞു പോയതറിഞ്ഞില്ല. കന്പ്യൂട്ടറിനുള്ളിൽ‍ ഏതൊക്കെ പ്രോഗ്രാമുകൾ‍ ഇൻ‍‌സ്റ്റാൾ‍ ചെയ്‌താലും അതൊക്കെ ഉപയോഗിക്കാനായില്ലെങ്കിൽ‍ പിന്നെന്തു കാര്യം. കണ്ണുണ്ടായാൽ‍ പോര, കാണേണ്ടത് കാണണം. ചെവിയുണ്ടായാൽ‍ പോര, കേൾ‍ക്കേണ്ടത് കേൾ‍ക്കണം. നാവുണ്ടായാൽ‍ പോര, രുചിയ്‌ക്കുകയും പറയേണ്ടത് പറയുകയും വേണം. മൂക്കു കൊണ്ട് മണക്കണം, ത്വക്കുകൊണ്ട് സ്‌പർ‍ശിച്ചറിയണം. നമുക്ക് എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അതൊന്നും ഉപയോഗിക്കുന്നില്ലെങ്കിൽ‍ ഒരു കാര്യവുമില്ല. 

തിരക്കേറിയ ജീവിത പ്രാരാബ്ദങ്ങൾ‍ക്കിടയിലും അവനൊരു കവിയായിരുന്നു. ആദ്യവരി എഴുതും മുന്‍പേ താനൊരു കവിയാണെന്ന് സ്വയം ഉത്തമബോധ്യം ഉണ്ടായിരുന്നു. എങ്കിലും പണയം വെച്ച അടിമജീവിതത്തിൽ‍ നിന്നും കവിയുടെ ജന്മം വീണ്ടെടുക്കാനാവാതെ പോയതിനാൽ‍ അവന്റെ ആത്മാവ് ഗതി കിട്ടാതെ അലയുകയാണ്‍. ഭൂരിപക്ഷം നോക്കി കാര്യങ്ങളൊക്കെ തീരുമാനിക്കുന്ന നാട്ടിൽ‍ അവരുടെ മാവും പൂക്കുമെന്ന് പറഞ്ഞു. ഫേ‌സ്‌ബുക്കിൽ‍ മരിച്ചവരുടെ എണ്ണം അനുനിമിഷം കൂടി വരികയാണ്. എല്ലാവരുടെയും ഫ്രെണ്ട്സ്‌ ലിസ്റ്റിൽ‍ മരിച്ചുപോയ കുറേപ്പേരിപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നുണ്ടാകും. ഫേ‌സ് ബുക്കൊരു ശവപ്പറന്പാകുന്ന കാലം അതി വിദൂരമല്ല. മരിച്ചവർ‍ ഭൂരിപക്ഷമാവുന്പോൾ‍ പിന്നെ അവരുടെ കൂടെയാകും ടെക്നോളജി നിൽ‍ക്കുക. ജീവിച്ചിരിക്കുന്നെന്ന് അഭിമാനിക്കുന്നവരെയൊക്കെ ഫ്രീസ്സു ചെയ്‌ത് മരിച്ചവരുടെ ഭൂരിപക്ഷം മുഖപുസ്‌തകത്തിൽ‍ വിളയാടും കാലം ഭാവനയിൽ‍ കണ്ടു നോക്കി. നമുക്ക് കാണാനാകില്ലെങ്കിലും മരിച്ചവരുടെ പ്രൊഫൈലിലും സുഗന്ധം പരത്തി കഥകൾ‍ വിടരുന്നുണ്ടാകും. കളകരാവം മുഴക്കി കവിതകൾ‍ ഒഴുകുന്നുണ്ടാകും. അതിനൊന്നും ലൈക്ക് കൊടുക്കാനായില്ലെങ്കിലും അതൊക്കെ കാണാനാവുന്നൊരു നാൾ‍ അതിവിദൂരമല്ല.

തോട്ടക്കാരൻ‍ മുല്ലച്ചെടിയിൽ‍ നിന്ന് മുല്ലപ്പൂവും റോസാച്ചെടിയിൽ‍ നിന്ന് റോസാപ്പൂവും തുന്പയിൽ‍ നിന്ന് തുന്പപ്പൂവുമാണ്‍ പ്രതീക്ഷിക്കുന്നത്. നമ്മെ നട്ടവനറിയാം നമുക്ക് എന്തു ഫലം നൽ‍കാനാകുമെന്ന് അത് നൽ‍കുവാനായി ആത്മാർ‍ത്ഥമായി പരിശ്രമിക്കുക. പറക്കാൻ പറ്റിയില്ലെങ്കിൽ‍ ഓടണം. ഓടാൻ പറ്റിയില്ലെങ്കിൽ‍ നടക്കണം. നടക്കാനും പറ്റിയില്ലെങ്കിൽ‍ മുട്ടുകാലിൽ‍ ഇഴയണം. ജീവിതം സാധ്യമായ രീതിയിൽ‍ ഫലപ്രദമായി ജീവിക്കണം. സൃഷ്ടാവ് നമ്മിൽ‍ നിന്നും സാധ്യമായതേ പ്രതീക്ഷിക്കുന്നുള്ളു. ജീവിച്ചിരിക്കുന്പോൾ‍ നന്നായി ജീവിക്കുക, മരിച്ചതിന് ശേഷമുള്ള ടെക്‌നോളജിയൊക്കെ അപ്പോൾ‍ നോക്കാം.

You might also like

Most Viewed