ജലദി­നചി­ന്തകൾ‍...


ബാജി ഓടംവേലി 

മനുഷ്യശരീരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും, നവജാതശിശുക്കളിൽ എഴുപത്തി ഏഴ്‌ ശതമാനത്തോളവും ജലമാണ്‍. നാം ഈ ലോകത്തിൽ‍ ജനിച്ചു വീഴും മുന്‍പേ ജലത്തെ അറിഞ്ഞു. ദാഹിക്കുന്പോൾ‍ വെള്ളം കുടിക്കണമെന്ന അറിവ് ഓർ‍മ്മ വെച്ച നാൾ‍ മുതലുണ്ട്. കോരിച്ചൊരിയുന്ന മഴയും, മഴ കാത്തിരിക്കുന്ന വേനലും മനസ്സിലെ കാലത്തിന്റ അടയാളങ്ങളാണ്. ആദ്യമായി കടൽ‍ കാണുന്ന കുട്ടിയുടെ മനസ്സിൽ‍ ജലം ഒരത്ഭുതമാണ്, വളരുന്തോറും ജലത്തെക്കുറിച്ചുള്ള അറിവുകളും വർ‍ദ്ധിക്കുന്നു. എന്നിട്ടും നമുക്ക് ജലത്തിന്റെ പ്രാധാന്യത്തേക്കുറിച്ചോ ആവശ്യകതയെക്കുറിച്ചോ ലോക ജലദിനത്തിൽ പോലും ഒട്ടും വിചാരമില്ലെന്നുള്ളതാണ്‍ സങ്കടകരം. 

പ്രാണവായു കഴിഞ്ഞാൽ‍ ജീവന്റെ നിലനിൽപ്പിന് ഏറ്റവും അത്യന്താപേക്ഷിതമായ, ഏറ്റവും സൂക്ഷിച്ചു മാത്രം ഉപയോഗിക്കേണ്ട ഒന്നാണ്‍ ജലം. എന്നാൽ‍ ഇന്നിത് ഏറ്റവും അശാസ്ത്രീയമായാണ് കൈകാര്യം ചെയ്യപ്പെടുന്നത്. മാലിന്യങ്ങളും പ്ലാസ്റ്റിക്കും ഫാക്ടറികളിലെ വിഷവിസർ‍ജ്യങ്ങളും തള്ളാനുള്ള ഇടങ്ങളായി പുഴകളും മറ്റു ജലസ്രോതസ്സുകളും മാറിയിരിക്കുന്നു. ആർ‍ത്തിപൂണ്ട വികസനത്തിന്റെ പേരിൽ‍ തണ്ണീർ‍ത്തടങ്ങളും വയലുകളും മണ്ണിട്ട് നികത്തപ്പെടുന്നു. വേനൽ‍ തുടങ്ങുന്പോഴേയ്ക്കും കിണറുകളും കുളങ്ങളും ഉറവയില്ലാതെ വരണ്ടുണങ്ങുന്നു. കുഴൽ‍ക്കിണറുകളുടെ ആഴം പാതാളത്തോളം എത്തുന്നു. ചുറ്റും മഴ പെയ്യുന്പോൾ‍ നാം ജലത്തേക്കുറിച്ച് ഓർ‍ക്കാറില്ല. അതൊക്കെ കുത്തിയൊലിച്ചങ്ങ് കടലിലെത്തിക്കഴിയുന്പോൾ‍, ദാഹിച്ച് തൊണ്ട വരളുന്പോൾ‍ നാം ജലത്തിനായ് കേഴും. നടുക്കടലിൽ‍ മുങ്ങിത്താഴുന്പോഴും കുടിക്കാനായ് ഒരിറ്റു ശുദ്ധജലമില്ലാതെ വലയുന്ന ജനത്തെ നാം കാണേണ്ടി വരും. 

കിണറ്റിൽ‍ നിന്നും പാളത്തൊട്ടിയിൽ‍ ശുദ്ധജലം മതിയാവോളം കുടിച്ചവരാണ്‍ നാം. അത് ഔഷധ ഗുണമുള്ള ശുദ്ധജലമായിരുന്നു. ഇന്ന് കിണറൊക്കെ കെട്ടിയടച്ച് വലവിരിച്ചിരിക്കുകയാണ്‍. വലിയ നിക്ഷേപമുള്ള മേഖലയായി ജലവ്യവസായം മാറിയിരിക്കുന്നു. കുപ്പിവെള്ളം കുടിക്കുന്നത് അഭിമാനമായി കാണുന്നവരും ഉണ്ട്. ഭൂമിക്കടിയിലെ വെള്ളമൊക്കെ ഊറ്റിയെടുത്ത് കുപ്പിയിലാക്കി പണം കൊയ്യാൻ ആരാണിവർ‍ക്ക് അനുവാദം കൊടുത്തത്? പൈപ്പ് തുറക്കുന്പോൾ‍ സുലഭമായി വെള്ളം ലഭിക്കുന്നിടത്തോളം നമുക്കതിനേക്കുറിച്ചൊന്നും ഓർ‍ക്കേണ്ടതില്ല. മോട്ടറുകേടായി പൈപ്പിൽ‍ വെള്ളമില്ലാതെ വരുന്പോഴെങ്കിലും ജലത്തിന്റെ വില നാം അറിയണം. 

എല്ലാ വർഷവും മാർച്ച് ഇരുപത്തി രണ്ടിനാണ് ലോക ജലദിനം. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേയ്ക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. വ്യവസായ വൽ‍ക്കരണം, കാലാവസ്ഥാമാറ്റം, പ്രകൃതിദുരന്തങ്ങൾ‍, വർ‍ദ്ധിച്ചു വരുന്ന ജനസംഖ്യ എന്നിവയെല്ലാം ജലലഭ്യതയെ ബാധിക്കുന്നുണ്ട്. ഇവയ്‌ക്കെതിരെയുള്ള ബോധവൽ‍ക്കരണമാണ് ഇത്തവണത്തെ ജലദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്തുകൊണ്ട് മലിനജലം? എന്ന ചോദ്യമാണ് ഈ വർഷത്തെ ജലദിനത്തിന്റെ സന്ദേശം. 

ഭൂമിയിലുള്ള ജലത്തിന്റെ 97 ശതമാനവും ഉപ്പുകലർ‍ന്ന് ഉപയോഗശൂന്യമായി കടലിൽ‍ അകപ്പെട്ടിരിക്കുകയാണ്‍. ബാക്കി വരുന്ന വെറും മൂന്ന് ശതമാനം മാത്രമാണ്‍ നമുക്ക് ശുദ്ധജലമായി നിത്യോപയോഗാവശ്യത്തിനായ് കിട്ടുന്നത്. ജലത്തിന്റെ ലഭ്യത കുറയുന്നുവെന്ന് മാത്രമല്ല, അതിലടങ്ങിയിരിക്കുന്ന വിഷാംശങ്ങളുടെ അളവ് കൂടിവരുന്നത് ജലത്തിന്റെ സ്വാഭാവിക മൂല്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. വരണ്ടുണങ്ങിയ നാടുകളുടെ ദാരുണചിത്രങ്ങൾ‍ സോഷ്യൽ‍ മീഡിയയിൽ‍ നാം കാണുന്നുണ്ടെങ്കിലും അതൊന്നും നമ്മുടെ മനസ്സുകളെ പിടിച്ചുലയ്‌ക്കുന്നില്ല.

സംസ്ഥാനം വരൾച്ചയുടെ പിടിയിലേയ്ക്ക് വഴുതി വീഴുന്നതിനിടെയാണ് ജലദിനം കടന്ന് പോകുന്നത്. നാൽപ്പത്തിനാല് നദികൾ, കായലുകൾ, കുളങ്ങൾ, അരുവികൾ ഇവയാൽ സന്പന്നമായിരുന്നു നമ്മുടെ നാട്. ഭൂതകാലത്തിൽ‍ തന്നെയാണ്‍ പറഞ്ഞത്. ഇന്ന് ഇതൊക്കെയും ക്ഷയിച്ചിരിക്കുന്നു. നാളെയെ പറ്റി ചിന്തിക്കാത്ത നമ്മൾ‍ അഹങ്കരിച്ച് ജലദൂർത്ത് നടത്തി. മണലൂറ്റി പുഴകളുടെ ജീവൻ കവ‍ർന്നു. പുഴകളെ മാലിന്യ നിക്ഷേപിക കേന്ദ്രങ്ങളായി. കീടനാശിനികളുട വ്യാപക ഉപയോഗം ഭൂമിക്കടിയിലെ ജലനിക്ഷേപത്തെ മലിനമാക്കി. ഹോട്ടലുകളിൽ‍ വെള്ളം ഇല്ലാത്തതിനാൽ‍ കൈതുടയ്‌ക്കാനായി ടിഷു പേപ്പറു കൊടുത്തതും ഡിസ്‌പോസിബിൽ‍ പ്ലെയിറ്റ് ഉപയോഗിച്ചതും അടുത്തിടെ കേരളത്തിൽ‍ വാർ‍ത്തയായിരുന്നു. അതിനിയും ഒരു ശീലമാകാൻ താമസമുണ്ടാകില്ല. അറിവുണ്ടെന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും ജലത്തിന്‍റെ മൂല്യം അറിയാനുള്ള വിവേകം ഇല്ലാതെ പോയി. ജലം അമൂല്യമാണ്‍ അത് പാഴാക്കരുത്. എന്ന് പരസ്യം നമുക്ക് മനസ്സിന്റെ ചുവരുകളിൽ‍ ഒട്ടിച്ചു വെയ്‌ക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed