ഇത് ചാകരക്കാലം
രണ്ടാഴ്‌ച മുൻപൊരു ദിവസം ഒരാൾ ഫോണിൽ വിളിച്ച് പ്രവാസികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന ഹൃദയാഘാതത്തേക്കുറിച്ച് എഴുതണമെന്ന് ആവശ്യപ്പെട്ടു. ഹൃദയാഘാതത്തിന്റെ കാരണങ്ങളും പ്രതിവിധികളും എന്തൊക്കെയാണെന്ന് ഗൂഗിൾ സേർച്ചുചെയ്‌ത് പഠിച്ചു കൊണ്ടിരിക്കുന്പോഴാണ്‍ കഴിഞ്ഞ ആഴ്‌ച വീണ്ടും കുറേപ്പേർ ഇതേ കാരണത്താൽത്തന്നെ ഈ ലോകത്തോട് വിടപറഞ്ഞത്. മരണപ്പെട്ടവരിൽ ഒരാൾ അടുത്ത സുഹൃത്തായിരുന്നതിനാൽ വ്യക്തിപരമായി വേദന ഇരട്ടിച്ചു. അടുത്ത സുഹൃത്തുക്കളൊ ബന്ധുക്കളൊ അകാലത്തിൽ വിടപറയുന്നതിന്റെ വേദന കുറേക്കാലത്തേക്ക് വല്ലാതെ അലട്ടിക്കൊണ്ടിരിക്കും. ഹാർട്ടറ്റാക്കിനെക്കുറിച്ച് നേടിയ അറിവും, സുഹൃത്തിന്റെ വേർപാടും ഇടതു നെഞ്ചിലൊരു ഭാരമായി രൂപപ്പെട്ടു. ചിന്തമുഴുവൻ ഹൃദയത്തേക്കുറിച്ചും, ഹൃദയസ്തംഭനത്തേക്കുറിച്ചും, ഹൃദയത്തിലേക്ക് പോകുന്ന രക്തക്കുഴലുകളേക്കുറിച്ചും, അതിന്‍ സംഭവിക്കാവുന്ന ബ്ലോക്കുകളേക്കുറിച്ചുമായപ്പോൾ ഒരു പെരുപ്പ് നെഞ്ചിൽത്തുടങ്ങി ഇടതു കൈയ്യിലേക്ക് പടരുന്നതായി തോന്നി. പല പ്രാവശ്യം നുള്ളി നോക്കുന്പോഴും കൈയുടെ മരവിപ്പ് അതേ പോലെ തുടർന്നു.
തുടരെത്തുടരെയുള്ള മരണവാർത്തകൾ പേടിപ്പെടുത്തുകയാണ്‍. മരിക്കുമെന്നുള്ള ഭയമല്ല. ജീവിച്ചു മതിയായില്ലല്ലോ എന്ന വിഷമം. പ്ലാൻ ചെയ്‌തു വെച്ചിരിക്കുന്നതിൽ പലതും പൂർത്തിയാക്കാൻ ഇനിയും സമയം വേണം. രോഗലക്ഷണം തൂടക്കത്തിലെ കണ്ടെത്തിയാൽ ചികിത്സകൂടുതൽ ഫലപ്രദമാകും എന്നതിനാൽ ആരോഗ്യപ്രശ്‌നങ്ങളൊക്കെ അപ്പപ്പോൾ വീട്ടിലെ ആരോഗ്യമന്ത്രിയെ അറിയിക്കുകയാണ്‍ പതിവ്. കൈയ്യുടെ പെരിപ്പും, പേടിക്കേണ്ടതില്ല എന്ന മുഖവുരയോടെ ആരോഗ്യമന്ത്രിയെ അറിയിച്ചു. മറ്റുള്ളവരുടെ ആരോഗ്യകാര്യങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്യുന്നവൾ സ്വന്തം കണവന്റെ കാര്യത്തിൽ വികാരഭരിതയായി “നിങ്ങൾക്ക് ദേ കിടക്കുന്നു എന്നു പറഞ്ഞങ്ങ് പോയാൽ മതി, പറക്കമുറ്റാത്ത പിള്ളാരെയും കൊണ്ട് ഞാനെന്തു ചെയ്യും” എന്നു പറഞ്ഞ് കണ്ണുനീർ പൊഴിച്ചു. ശരിയാണ്‍..., വീട്ടിലെക്കാര്യങ്ങളെല്ലാം നോക്കി നടത്തിക്കൊണ്ടിരിക്കുന്ന കുടുംബനാഥൻ നഷ്ടപ്പെടുന്ന വിധവകളുടെയും കുട്ടികളുടെയും കാര്യം വിഷമകരമാണ്‍. മരണദിനത്തിൽ ചെന്ന് അനുശോചനം അറിയിച്ചാൽ മരിച്ചവന്റെ കുടുംബത്തോടുള്ള കടപ്പാട് തീരില്ല.
വണ്ടിപിടിച്ച് വേഗം ആശുപത്രിയിലെത്തി വിരിച്ചിട്ടിരിക്കുന്ന ബെഡ്ഡിൽ നീണ്ടു നിവർന്നു കിടന്നു. അവസാന അദ്ധ്യായവും എഴുതിക്കഴിഞ്ഞെന്ന വിചാരത്തിൽ ആശുപത്രിയുടെ സീലിങ്ങിൽ മാലാഖമാരെ തിരഞ്ഞു. ഡോക്‌ടേഴ്‌സും വെൺപ്രാവുകളും ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്. ഹെഡ്‌നേഴ്‌സ് എന്റെയൊരു സ്ഥിരംവായനക്കാരിയും ആരാധികയുമാണെന്ന് മരണക്കിടക്കിൽ ഞാനറിഞ്ഞു. ബി.പി. കഫ് കെട്ടുന്പോൾ അവരെന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കുകയായിരുന്നു. ഐവി ലൈൻ ഇടുന്പോൾ, കഴിഞ്ഞ ആഴ്‌ച എഴുതിയ പപ്പടക്കാരിപെണ്ണിന്റെ കഥ നന്നായിരുന്നെന്നാണവൾ മറ്റാരും കേൾക്കാതെ പറഞ്ഞത്. നെഞ്ചിലെ രോമക്കാടുകൾക്കിടയിൽ ചെസ്‌റ്റ് ലീഡ് ഘടിപ്പിക്കുന്പോൾ അവരുടെ വീട്ടിൽ ഇനിയും വിഷമുള്ളപപ്പടം വാങ്ങിക്കില്ലെന്നവൾ ചെവിയിൽ സത്യം ചെയ്‌തു. മരിക്കാൻ കിടക്കുന്ന എന്നോട് ഇതൊക്കെ എന്തിനാ പറയുന്നതെന്ന് വിചാരിച്ചെങ്കിലും, എഴുത്തുകൊണ്ട് ആർക്കെങ്കിലുമൊക്കെ ഗുണമുണ്ടെന്നെനിക്ക് മനസ്സിലായി. നീണ്ട പരിശോദനനകൾക്കൊടുവിൽ അസുഖം വെറും മാനസികമാണെന്ന് മെഷ്യനുകളൊക്കെ മൊഴിനൽകി. ടെൻഷൻ കൊണ്ട് ബി.പി ഇത്തിരി കൂടിയെങ്കിലും ഇ.സി.ജിയിൽ വേരിയേഷനൊന്നും ഇല്ലെന്നുറപ്പാക്കി. ആശുപത്രിയിൽ നിന്നും പോരുന്പോൾ, എഴുത്തുകാരൊക്കെ ഇത്രയും ലോല ഹൃദയരാകരുതെന്നൊരു സൗജന്യ ഉപദേശവും പ്രിയവായനക്കാരി തന്നു.
ജീവിതത്തിൽ ഇത്രയും ഉറപ്പുള്ളൊരു കാര്യത്തെ ഓർത്ത് വേവലാതിപ്പെടേണ്ടെന്ന് തീരുമാനിച്ചപ്പോൾ ബി.പിയൊക്കെ നോർമലായി. എന്തായാലും ഇടയ്‌ക്കൊക്കെ ഉണ്ടാകുന്ന മരണഭയം, ജീവിതത്തെ ക്രമപ്പെടുത്താനായി നല്ലതാണ്‍. മനുഷ്യന്‍ എത്ര ഉന്നതനായാലും അഹങ്കരിക്കാൻ ഒന്നുമില്ല. ഉള്ളിലേക്കെടുക്കുന്ന ശ്വാസം പുറത്തേക്ക് വിടാനാകും എന്ന കാര്യത്തിൽ പോലും ഉറപ്പില്ലാത്ത പുഴക്കളാണ്‍ നാം.
ഇനിയുള്ള നാളുകൾ കൂടുതൽ നന്നായി ജീവിക്കാൻ തീരുമാനിച്ചു. ജോലി സ്ഥലത്തെ ടെൻഷന്റെ ഫയൽ അവിടെത്തന്നെ വെച്ചിട്ട് പോരാനുറച്ചു. ആവശ്യത്തിന്‍ ഉല്ലാസവും വിശ്രമവും ഉറക്കവും ശീലിക്കാനുറച്ചു. ഭക്ഷണകാര്യങ്ങളിലൊക്കെ വേണ്ട ക്രമീകരണം ചെയ്യണം. വിഷമില്ലാത്ത പച്ചക്കറിയും പഴങ്ങളും നാരുള്ളഭക്ഷണവും ശീലമാക്കണം. വ്യായാമങ്ങളും മറ്റ് ആരോഗ്യശീലങ്ങളും പാലിക്കണം. വീട്ടുകാരോടും കൂട്ടുകാരോടുമൊപ്പം സന്തോഷകരമായി നിമിഷങ്ങൾ പങ്കിടണം. കൂട്ടുകാരുടെ ലിസ്‌റ്റിൽ നിന്നും രണ്ട് വിശ്വസ്തരായ സുഹൃത്തുക്കളെ കണ്ടെത്തി അവരോട് മനസ്സു തുറന്ന് സംസാരിക്കണം. അങ്ങനെ നന്നാകാനുള്ള നൂറുവഴികൾ കണ്ടെത്തി. അന്നു തന്നെ ഗാർഡന്റെ നടപ്പാതയിലൂടെ അരമണിക്കൂർ നടന്ന്, അതൊരു ശീലമാക്കാനുറച്ചു. മറ്റുരാജ്യക്കാരൊക്കെ ഗാർഡനിൽ പല ഗ്രൂപ്പുകളായി തിരിഞ്ഞിരുന്ന് പാടുന്നതും പൊട്ടിച്ചിരിക്കുന്നതും കണ്ട്, എഴുത്തുകാരായ സുഹൃത്തുക്കളെയൊക്കെ വിളിച്ച് ആൻഡലസ് ഗാർഡനിൽ ഇന്നലെ ഉച്ചയ്‌ക്ക് സ്‌നേഹസംഗമം എന്ന പേരിൽ ഒന്നിച്ചു കൂടി. മനസ്സിന്റെ ആകുലതകളെ അലിയിച്ചു കളയുവാനുള്ള മാർഗ്ഗങ്ങൾ നാം ഓരോരുത്തരും കണ്ടെത്തണം.
ചിരിച്ചാലും മരിക്കും കരഞ്ഞാലും മരിക്കും. എന്നാൽ പിന്നെ ചിരിച്ചു കൊണ്ട് മറ്റുള്ളവരുടെ ചുണ്ടിൽ ചിരി പകരാൻ ശ്രമിച്ച് ജീവിക്കാനുറച്ചു. ഈ ലോകത്തിൽ നിന്നു പോയാലും ചില മനസ്സുകളിലെങ്കിലും സ്‌നേഹത്തോടെ ജീവിക്കാനാവുക വലിയ കാര്യമാണെന്നറിയുന്നു. പത്രങ്ങളിലെ മരണവാർത്തയും ഫേസ്‌ബുക്കിലെ ആദരാഞ്‌ജലി ഫോട്ടോയും വെറുതേ വായിച്ചു തള്ളുവാനുള്ളതല്ല. അത് ജീവിതത്തിന്റെ ക്ഷണികതയേ ഓർമ്മിപ്പിച്ച് നമ്മെ ഉത്തരവാദിത്വങ്ങളിലേക്ക് നയിക്കുന്നതാകണം. മരിച്ചു ജീവിക്കാതെ അവസാനംനിമിഷം വരെ ജീവിച്ചു മരിക്കുന്നവരാണ്‍ ഭാഗ്യവാന്മാർ.