പൊര കൂട വീട്
ബാജി ഓടംവേലി
തന്റെ അകത്തുള്ള ലോകം തിരിച്ചറിയുന്ന നേരമാണ്‍ ഏതൊരു എഴുത്തുകാരന്റെയും ജനന മുഹൂർത്തം. അങ്ങനെ ഒരു എഴുത്തുകാരൻ പിറവികൊള്ളുന്നതിന്റെ സൗഭാഗ്യ ലക്ഷണമാണ്‍ ശംസുദ്ദീൻ വെള്ളികുളങ്ങരയുടെ ‘പൊര കൂട വീട്’ എന്ന കടിഞ്ഞൂൽ കൃതി. എഴുത്തിലൂടെ കൈവിട്ടുപോയ ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണിവിടെ. കയ്‌പ്പും മധുരവുമുള്ള സ്‌മരണകളാണ് പുസ്‌തകത്തിന്റെ പ്രമേയം. വ്യക്തിപരമായ ഈ സ്‌മരണകളുടെ സാമൂഹികതലം വിപുലവും സാർവ്വത്രികവുമായിരിക്കുന്പോഴാണ്‍ വായനക്കാർക്കും ഈ പുസ്‌തകം പ്രിയപ്പെട്ടതാകുന്നത്. ഓർമ്മകളുടെ ഇതളുകൾ ഓരോന്നു വിരിയുന്പോഴും ഗ്രന്ഥകാരന്റെ കളങ്കരഹിതവും സത്യസന്ധ്യവുമായ ഹൃദയത്തിന്റെ വിചാര വികാരങ്ങളുടെ പരിമളം വായനക്കാർക്ക് അനുഭവപ്പെടുന്നു. ഗ്രാമീണ ജീവിതത്തിന്റെ തനിമയും മഹിമയും വികാരോജ്ജലമായിത്തന്നെ വിവരിച്ചിരിക്കുന്നു. എഴുത്തിലെ ആത്മാംശം ആദ്യന്തം നിലനിർത്തുന്ന ഈ രചന നമ്മുടെയൊക്കെ പരിസരങ്ങളുടെ നേർക്കാഴ്‌ചയായിത്തീരുന്നുമുണ്ട്. വായനയുടെ പലഘട്ടങ്ങളിലും സ്വന്തം ഗ്രാമവും ഗ്രാമവാസികളും തൊഴിലും സുഹൃത്തുക്കളുമെല്ലാം വായനക്കാരന്റെ ഉള്ളിൽ തിരിച്ചു വന്നേക്കും.
പാന്പ് പടം പൊഴിച്ചിടും പോലെ ഓരോ കാലഘട്ടത്തിലെ ഓർമ്മകളെ അക്ഷരങ്ങളിലൂടെ പൊഴിച്ചിടുന്പോൾ, കുട്ടിക്കാലം പോലെ ജീവിതത്തിന്റെ മറ്റൊരു ഋതുവും നമ്മെ വീണ്ടും വീണ്ടും മോഹിപ്പിക്കില്ല, അത്രയേറെ ഹരിതാഭമായിരുന്നു അക്കാലം. നെല്ലിക്കപോലെയാണ്‍ ബാല്യകാലം, അനുഭവിക്കുന്ന കാലത്ത് കയ്‌ക്കും, പിന്നീട് ഓർമ്മകളിൽ മധുരിക്കും. ഇതിലെ അനുഭവങ്ങൾ നമ്മുടെ മനസ്സിനെ ബാല്യകാലത്തിലേക്ക് കൈപിടിച്ചു നടത്തും. ആദ്യനോന്പിന്റെ ആത്മ നിർവൃതി, ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം, വിശ്വാസം പരീക്ഷിക്കപ്പെടുന്പോൾ, പ്രവാസം കാലിടറുന്നതിന്റെ അപായ സുചനകൾ, സ്വന്തം പേരുകളിൽ രേഖപ്പെടുത്താതെ പോകുന്നവർ, പ്രവാസികൾ പ്രലോഭനങ്ങൾ അതിജീവിക്കണം, സാന്ത്വനത്തിന്റെ പഞ്ഞിക്കെട്ടുമായി ഓടി നടന്ന മൂസക്ക, മരണത്തെ മുഖാമുഖം കണ്ട ലോഞ്ചുയാത്ര, മരണം രംഗബോധമില്ലാത്ത കോമാളി തുടങ്ങിയ ആദ്ധ്യായങ്ങളുടെ തലക്കെട്ടുകൾത്തന്നെ നമ്മെ വായനയിലേക്ക് ക്ഷണിക്കുന്നതാണ്‍.
ഓലമേഞ്ഞ വീടുകൾ അപ്രത്യക്ഷമായ കാലത്തുതന്നെ കേരളത്തിന്റെ പുരയിടത്തിൽ നിന്നും പലതും പോയ്‌മറഞ്ഞിട്ടുണ്ട്. നഷ്ടങ്ങളെക്കുറിച്ച് ഓർക്കാനുള്ള നല്ലമനസ്സു പോലും നമുക്ക് പാതിവഴിയിൽ നഷ്ടപ്പെട്ട് പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം നിരവധി വാക്കുകളും ഭാഷയ്‌ക്ക് നഷ്ടമായി. പൊരേട്ട് എന്ന വാക്ക് ഇന്നത്തെ കുട്ടികൾക്ക് മനസ്സിലാവില്ല. പുരകെട്ട് എന്നതിന്റെ നാടൻ പ്രയോഗമാണിത്. പുരകെട്ട് എന്താണെന്നറിയാതെ ഈ വാക്ക് എങ്ങനെ അറിയും. സ്വന്തം ഭാഷ നഷ്ടപ്പെടുന്ന ഒരു സമൂഹം നിപതിക്കുക സംസ്‌കാരിക ശൂന്യതയിലേക്കാണ്‍. പുരകെട്ടുമായി ബന്ധപ്പെട്ടുമാത്രം എത്ര വാക്കുകൾ നമ്മുടെ പ്രയോഗത്തിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ടെന്ന് ഒന്നോർത്തു നോക്കുന്പോൾ കൗതുകം തോന്നും. എന്തിനേറെ നിത്യവും കാണുന്ന തെങ്ങുമായി ബന്ധപ്പെട്ട് എത്രവാക്കുകൾ അറിയാമെന്ന് ചോദിച്ചാൽ രണ്ടോ മൂന്നോ വാക്കുകളിലൊതുങ്ങും മിക്കവരുടേയും അറിവ്. തേങ്ങ, തെങ്ങ്, ഓല, കര്യോല, പുത്തോല, ചകിരി, ചിരട്ട, ചേരിച്ചോറ്, കരിക്ക്, വെളിച്ചിൽ, ഇളനീർ, പൊങ്ങ്, മൊത്തി, കൊലച്ചിൽ, കൊലച്ചിക്കണ്ണി, ഉമ്മൻകൊത്തി (മരം കൊത്തി തുളച്ച കരിക്ക്) മച്ച് (തേങ്ങയാകാതെ പോയ ഫലം) കൊതുന്പ്, അരിപ്പാല, ഒണക്കത്തേങ്ങ, കൊട്ടത്തേങ്ങ, കൊരപ്പ (കൊപ്ര) അടന്നൽ (കൊപ്രയുടെ പൊട്ടിയ കക്ഷണം) ആര്‍ (തെങ്ങിന്‍ തടിയുടെ ഭാഗം) ഓലത്തുച്ച്, ഓലക്കടന്പ്, ഓലച്ചീന്ത്, തുഞ്ചാണി, കുരുത്തോല, പൂങ്കുല, വെട്ടോല, മട്ടൽ (മടൽ), പെരുമട്ടൽ, തൊണ്ട്, ഈർക്കിൽ അങ്ങനെ തെങ്ങിൽ തന്നെ എത്രവാക്കുകൾ. അങ്ങനെ മണ്ണടിഞ്ഞു പോകുമായിരുന്ന കുറേ നാട്ടുമൊഴികളെ ഈ പുസ്‌തകത്തിൽ കണ്ടെത്താനാവും. മൃതമായിപ്പോയേക്കാവുന്ന വാക്കുകൾ സമാഹരിക്കാനുള്ള ഭാഷാകുതുകികളുടെ ഗൗരവതരമായ ആലോചനയ്‌ക്ക് ഈ പുസ്‌തകവായന കാരണമായേക്കാം എന്ന് ആമുഖക്കുറിപ്പിൽ എം. ബിജു ശങ്കർ പ്രത്യാശിക്കുന്നു.
‘ജീവിതം ഞെരുങ്ങിയതിന്റെ മെലിഞ്ഞ ഓർമ്മകൾ’ എന്ന ശീർഷകം മതിയാകും തന്റെ തീവ്രാനുഭവങ്ങളെ അതേ അളവിൽ അനുഭവിപ്പിക്കാന്‍. തനിക്ക് അപരിചിതമായ മേഖലകളിലേയ്ക്ക് കടന്നു ചെല്ലാതെ നേരിട്ടറിഞ്ഞ ജീവിതമെഴുതുന്പോൾ അതിൽ തെളിയുന്ന നന്മ തിരിച്ചറിയപ്പെടതെ പോവില്ല. മറ്റുള്ളവർ കാണുന്ന സ്വപ്‌ന ലോകമല്ല സ്വന്തം ജീവിതത്തെ നിർണയിക്കുന്നതെന്ന വാസ്‌തവികതയിലേക്ക് ഈ തിരിച്ചറിയൽ നമ്മെ നയിക്കുമെന്ന് ആമുഖക്കുറിപ്പിൽ പി. ഹരീദ്രനാഥ് നിരീക്ഷിക്കുന്നു. മലയാളിയുടെ വായനാപരിസരത്ത് നറുമണം ചൊരിയാൻ ഈ പുസ്‌തകത്തിന് കഴിയട്ടെയെന്ന് പാണക്കാട് സയ്യിദ മുനവ്വറലി ശിഹാബ് തങ്ങൾ ആശംസിക്കുന്നു. ഗൃഹാതുരവും വികാര സാന്ദ്രവുമായ ഒരു ലോകവും കാലവും ആവിഷ്‌കരിക്കാൻ തന്റെ ആദ്യ കൃതിയിലൂടെ സാധിച്ചത് ഒരു യുവ എഴുത്തുകാരനെ സംബന്ധിച്ചിച്ച് നേട്ടമാണെന്ന് അവതാരികയിൽ എം.പി അബ്‌ദുസമദ് സമദാനി അഭിപ്രായപ്പെടുന്നു.
കോഴിക്കോട് ജില്ലയിൽ വടകരക്കടുത്ത് വെള്ളികുളങ്ങരയാണ്‍ ശംസുദ്ദീന്റെ സ്വദേശം. ബഹ്‌റിനിൽ പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹം മികച്ചൊരു സംഘാടകനും മത രാഷ്‌ട്രീയ സാമൂഹ്യ മേഖലകളിലെ സജീവ സാന്നിദ്ധ്യവുമാണ്‍. ഇപ്പോൾ ബഹ്‌റിൻ കെ.എം.സി.സിയുടെ ഓർഗനൈസിം
ഗ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ആപ്പിൾ തങ്കശ്ശേരിയുടെ വരയോടുകൂടി ഒലിവ് ബുക്സാണ്‍ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇനിയും ഒട്ടേറെ നല്ല പുസ്‌തകങ്ങൾ ഈ തുടക്കക്കാരനിൽ നിന്നും പ്രതീക്ഷിക്കാനാവുമെന്ന് ഈ പുസ്‌തകം വായിക്കുന്പോൾ നമുക്ക് ബോധ്യമാകും.