ക്ലി­ക്കു­ന്നവരു­ടെ­ മൂ­ല്യബോ­ധം


ബാജി ഓടംവേലി 

തിരാവിലെ അലാറം കേട്ടുണർ‍ന്ന് ആദ്യം ചെയ്‌തത് മുഖപുസ്‌തകം തുറന്നു നോക്കുകയായിരുന്നു. ആദരാഞ്ജലികൾ‍ എന്ന അടിക്കുറിപ്പോടെ പല വർ‍ണ്ണപ്പൂക്കൾ‍ ചേർ‍ത്തുവെച്ച അയാളുടെ പുഞ്ചിരിക്കുന്ന ചിത്രത്തിന്‍ അപ്പോൾ‍ത്തന്നെ എണ്ണൂറിലധികം ലൈക്കും, പതിനാറ് കൂപ്പുകൈകളും, ഇരുപത്തിനാല്‍ നിത്യശാന്തിയും കിട്ടിയിരിക്കുന്നു. ലിസ്റ്റിലുള്ള രണ്ടായിരത്തോളം വരുന്ന ഫ്രണ്ട്സുകളൊന്നും സുഹൃത്തുക്കളാകാൻ വഴിയില്ല, അല്ലെങ്കിൽ‍ മരണത്തിനാരെങ്കിലും ലൈക്കടിക്കുമോ? 

അയാളൊരു മൈബൈൽ‍ ഫോട്ടോഗ്രാഫറായിരുന്നു. അപൂർ‍വ കാഴ്‌ചകൾ‍ക്കു നേരെ മൊബൈൽ‍ കണ്ണുകൾ‍ എപ്പോഴും തുറന്നിരിക്കും. അയാളുടെ ക്യാമറ ഒപ്പിയെടുക്കുന്ന കാഴ്‌ചകൾ‍ കാണാനും ലൈക്കടിക്കാനും ലോകത്തിന്റെ എല്ലാ കോണിലും ആളുകൾ‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാത്തിരുന്നു. കൂടുതൽ‍ ലൈക്കും കമന്റും കിട്ടാൻ വേണ്ടി അയാൾ‍ എന്തു ചെയ്യുമായിരുന്നു. ലൈക്കുകൾ‍ കുറയുന്പോൾ‍ മനസിനു നേരിടുന്ന പിരിമുറുക്കം പറഞ്ഞറിയിക്കാനാവില്ല. താൻ അകപ്പെട്ടിരിക്കുന്ന ലൈക്കഡീക്ഷൻ ഒരു രോഗമാണെന്ന് പറഞ്ഞുകൊടുക്കാനോ, അയാളെ ഒരു ഡോക്‌ടറെ കാണിച്ച് ചികിത്സിക്കാനോ സമൂഹം വളർ‍ന്നിരുന്നില്ല. 

മുന്‍പൊക്കെ മൂല്യബോധമുള്ള ഫോട്ടോഗ്രാമറന്മാരുണ്ടായിരുന്നു. ഇന്ന് എല്ലാവരുടെയും കൈയിൽ‍ ക്യാമറ വന്നതോടു കൂടി, എല്ലാം ഓട്ടോമാറ്റിക്ക് ആയതോടുകൂടി, ക്ലിക്ക് ബട്ടനിൽ‍ വെറുതെ വിരലമർ‍ത്തുന്നവരൊക്കെ ഫോട്ടോഗ്രാഫറന്മാരായി. കാലത്തിന്റെ ഓർ‍മ്മയെ ഫ്രീസു ചെയ്‌തു നിർ‍ത്താൻ ഒരു ക്ലിക്ക് മതിയാകും. ഇരുവായിത്തലയുള്ള വാളാണ്‍ കൈയിലെ ക്ലിക്ക് ബട്ടണെന്ന് ആരും ഓർ‍ക്കാറില്ല. സദാസമയവും കൊണ്ടു നടക്കുന്ന മൊബൈൽ‍ ക്യാമറയുടെ അപകടത്തെക്കുറിച്ച് ആരും ബോധവാന്മാരല്ല. ഒരു ബട്ടൺ അമർ‍ത്തിയാൽ‍ നിങ്ങളുടെ സ്വകാര്യത ലോകം മുഴുവൻ ലൈവായി കാണാനുള്ള സാഹചര്യം ഗുണത്തേക്കാളേറെ ദോഷം തന്നെ ഉണ്ടാക്കും. നിങ്ങളുടെ കുളി സീനും കിടപ്പറക്കേളികളും ലോകം ലൈവായി കാണുന്ന നിമിഷം അതിവിദൂരമല്ല.

ക്ലിക്ക് ബട്ടനിൽ‍ വിരലമർ‍ത്തും മുന്‍പ് ചിന്തിക്കേണ്ട ഓർ‍ത്തിരിക്കേണ്ട പത്തുനൂറായിരം കാര്യങ്ങളെക്കുറിച്ച് ആരും ബോധവാന്മാരല്ല. ഏത് ഫോട്ടോ എടുക്കാം, ഏന്തൊക്കെ എടുക്കാൻ പാടില്ല എന്നു പോലും അറിയില്ല. അനുവാദം ഇല്ലാതെ മറ്റൊരാളുടെ ഫോട്ടോ എടുക്കാൻ പാടില്ലെന്നുള്ള സാമാന്യ പാഠം പോലും അറിയാതെയാണ്‍ ക്ലിക്കുന്നത്. മറ്റുള്ളവരുടെതെന്നല്ല സെൽ‍ഫിയാണെങ്കിലും എടുക്കാൻ‍ പാടില്ലാത്ത ആഗിളുകൾ‍ തീർ‍ച്ചയായും അറിഞ്ഞിരിക്കണം. ഓരോ ദിവസവും ഇരുപത്തിനാലു മണിക്കൂറും നാം ഓരോരുത്തരും അനേകം ക്യാമറകളുടെ നിരീഷണത്തിലാണെന്ന് ഓർ‍ക്കുക. നമ്മുടെ ഓരോ വാ‍‍ക്കുകളും പ്രവർ‍ത്തിയും നമ്മെ തിരിഞ്ഞു കൊത്താതിരിക്കാനായി വളരെ സൂക്ഷ്‌മത പാലിക്കണം. ചോരുന്ന, ചോർ‍ത്തിയ ചിത്രങ്ങളും, ഒളിക്യാമറകളിൽ‍ പതിഞ്ഞ ദൃശ്യങ്ങളും ഓരോ ദിവസവും കവരുന്ന ജീവനുകളുടെ എണ്ണം അനുദിനം കൂടിവരികയാണ്‍. നമുക്ക് അറിയാവുന്ന ചില കുരുന്നുകളെങ്കിലും സ്വകാര്യ ദൃശ്യം പരസ്യമായതിന്റെ മാനക്കേടിൽ‍ ജീവിതം അവസാനിപ്പിച്ചിരിക്കാം. എന്തെങ്കിലും അബന്ധം പിണഞ്ഞു പോയാലും അതിന്‍ പരിഹാരം മരണമല്ലെന്നുറപ്പിച്ചു പറഞ്ഞ് ഇരകൾ‍ക്ക് അഭയം നൽ‍കാൻ നമുക്കാവണം. ദൈവം തന്ന ജീവനെടുക്കാൻ‍ നമുക്ക് അധികാരമില്ല. തെറ്റുകൾ‍ മാനുഷികമാണ്‍ അത് ക്ഷമിക്കുന്നത് ദൈവീകവും. നിങ്ങളുടെ കൈയിലിരിക്കുന്ന ക്യാമറ നിങ്ങളെയെയോ നിങ്ങളുടെ ചുറ്റും ഉള്ളവരെയോ ഈ നല്ല ജീവിതം പാതി വഴിയിൽ‍ അവസാനിപ്പിക്കാൻ‍ പ്രേരിപ്പിക്കാതിരിക്കട്ടെ.

ഫോട്ടോഗ്രാഫിയെക്കുറിച്ച് ഇത്രയും പറയാൻ‍ കാരണം ഫോട്ടോഗ്രാഫറായ ഫേസ്‌ബുക്ക് സുഹൃത്തിന്റെ മരണമാണ്‍. അയാൾ‍ റോഡരികിലുണ്ടായിരുന്ന ഒരു മരം ഒടിഞ്ഞു വീണാണ്‍ മരണപ്പെട്ടത്. ആ മരത്തിൽ‍ ചുണ്ടുരുമ്മിയിരിക്കുന്ന ഇണക്കുരുവികളുടെ ചിത്രം ആ‍യാൾ‍ ആ കിളികളുടെ അനുവാദമില്ലാതെ പകർ‍ത്തി ലോകരെക്കാണിച്ച് കുറേ ലൈക്കുകൾ‍ നേടി. 

ആ മരത്തിൽ‍ വേരുകൾ‍ ഭൂമിക്കടിയിൽ‍ കെട്ടിപ്പിടിക്കുന്നത് ചിത്രത്തിലാക്കാൻ‍ സാധിക്കാത്തതിന്റെ വിഷമം അയാൾ‍ ലോകരോട് പങ്കുവെച്ചിരുന്നു. ഈ മരം അടുത്തു നിൽ‍ക്കുന്ന മറ്റൊരു മരത്തിലേക്ക് പ്രേമപാരവശ്യത്തൊടെ ചായുന്നത്, അർ‍ത്ഥം നൽ‍കി പകർ‍ത്തുന്പോഴാണ്‍ അയാൾ‍ മരമൊടിഞ്ഞു വീണ്‍ മരണപ്പെട്ടത്. പ്രകൃതി എല്ലാം അറിഞ്ഞു പ്രവർ‍ത്തിക്കുന്നു. അയാളിലെ സദാചാരവാദി ബീച്ചിലും പാർ‍ക്കിലും ഒക്കെ അന്യർ‍ക്ക് ശല്യമില്ലാതെ സമയം ചിലവഴിച്ച കുറേ യുവ മിഥുനങ്ങളുടെ വീഡിയോ അനുവാദമില്ലാതെ പകർ‍ത്തി സൂക്ഷിച്ചിരുന്നു. അസൂയയോടെ ലോകരെയത് കാണിക്കും മുന്‍പ് അവനങ്ങ് പോയതിനാകും എണ്ണായിരത്തിലധികം ഫ്രണ്ട്‌സ് ലൈക്ക് അടിച്ചത്. എന്റെ ലൈക്കില്ലാതെ അയാളുടെ ആത്മാവിന്‍ ശാന്തി ലഭിക്കാതെ പോകരുതെന്ന വിചാരത്തിൽ‍ ഞാനും അയാളുടെ ശവപ്പെട്ടിയിൽ‍ സ്‌നേഹത്തോടെ ആണിയടിച്ചു.

ഇത്തിരി കടത്തിപ്പറഞ്ഞാൽ‍ അനുവാദമില്ലാതെ ഒരു പുൽ‍നാന്പിന്റെ പോലും ചിത്രം പകർ‍ത്താൻ നമുക്ക് അവകാശമില്ല. പ്രകൃതിയോടും സർ‍വ്വചരാചങ്ങളോടും അനുവാദം വാങ്ങിയ ശേഷമേ അതിനെപ്പോലും ചിത്രത്തിലാക്കാവൂ. ജീവനില്ലാത്തവയോടും മിണ്ടാപ്രാണിയോടും എങ്ങനെയാ അനുവാദം വാങ്ങുകയെന്നറിയണമെങ്കിൽ‍ ആദ്യം നല്ലൊരു മനുഷ്യനാവുക.

You might also like

Most Viewed